ബൈബിളിലെ സെന്നാക്കെരിബ് രാജാവിന്റെ കൊട്ടാരം കണ്ടെത്തി
മൊസൂള്‍: വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമത്തില്‍ വിവരിക്കുന്ന അസീറിയന്‍ രാജാവായ സെന്നാക്കെരിബിന്റെ കൊട്ടാരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യോനാപ്രവാചകന്റെ കബറിടത്തിന് താഴെയാണ് സെന്നാക്കെരിബിന്റെ കൊട്ടാരം ഗവേഷകര്‍ കണ്ടെത്തിയത്. ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത യോനായുടെ കബറിടം പരിശോധിക്കാനായി എത്തിയ പുരാവസ്ഥുഗവേഷക സംഘം അവിചാരിതമായാണ് കൊട്ടാരം കണ്ടെത്തിയത്. ലൈല സാലിഹിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് കൊട്ടാരം കണ്ടെത്തിയത്.
ഇസ്രായേല്‍ സമൂഹത്തെ ആക്രമിച്ച അസ്സീറിയന്‍ രാജാവാണ് സെന്നാക്കെരിബ്. പഴയനിയമത്തിലെ 2 ദിനവൃത്താന്തം 32 ാം അധ്യായത്തിലാണ് സെന്നക്കെരിബിനെപ്പറ്റി പറയുന്നത്.
‘ഐഎസ് തീവ്രവാദികള്‍ നശിപ്പിച്ചിട്ടുപോയ ഈ പ്രദേശത്തുനിന്നും ഇത്തരമൊരു ചരിത്രപ്രാധാന്യംമുള്ള കൊട്ടാരം കണ്ടെത്തുമെന്നു കരുതിയിരുന്നില്ല. വിലപിടിപ്പുള്ള സാധനങ്ങളും ചരിത്രരേഖകളും ഭീകരവാദികള്‍ കവര്ന്നിട്ടുണ്ടാവണം. ഇതുസംബന്ധിക്കുന്ന കണക്കുകള്‍ പറയാനായിട്ടില്ല. എന്നാല്‍ തീവ്രവാദികള്‍ ഇവിടെ ഉപേക്ഷിച്ചിട്ടുപോയ നിരവധി വസ്തുക്കളുണ്ട്. കൊട്ടാരവുമായി ബന്ധപ്പെട്ട് തുടര്‍പഠനത്തിന് അവ ധാരാളമാണ്.’ ലൈല സാലിഹ് പറഞ്ഞു.
2014 മുതല്‍ സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം ഐഎസ് ഉറപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്നെല്ലാം നിരവധി ചരിത്ര സ്ഥലങ്ങളും, രേഖകളും കെട്ടിടങ്ങളുമെല്ലാം അവര്‍ നശിപ്പിച്ചിരുന്നു.