രക്തസാക്ഷിയായ ഒരു പതിനാലുകാരന്‍ വിശുദ്ധന്റെ വീരകഥ
1913 മാർച്ച് 28ന് മെക്സിക്കോയിലെ സാഹ്വായോയിൽ വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ഡെൽ റിയോ ജനിച്ചു. കുഞ്ഞുനാൾ മുതലേ അടിയുറച്ച ക്രിസ്തീയവിശ്വാസം ജോസിന് ഉണ്ടായിരുന്നു. 1924ൽ അധികാരത്തിലേറിയ പ്രസിഡന്റ് പ്ലൂട്ടാർക്കോ ഏലിയാസ് കല്ലസ് ക്രൈസ്തവ വിരോധി ആയിരുന്നു.റോമൻ കത്തോലിക്കാ പള്ളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും പള്ളിവക സ്ഥാപനങ്ങൾ ഗവൺമെന്റ്നോട് ചേർക്കുകയും ചെയ്തു ക്രൈസ്തവരുടെ പ്രാധാന്യം കുറയ്ക്കാൻ അയാൾ ഉത്തരവിട്ടു.
ഇതിനെതിരെ സ്വരം ഉയർത്താൻ ക്രൈസ്തവ യുവാക്കൾ ‘ക്രിസ്റ്റേറോ’ എന്ന ഒരു പ്രസ്ഥാനം ആരംഭിക്കുകയും ഗവൺമെന്റ്നെതിരെ ആഭ്യന്തരയുദ്ധം ആരംഭിക്കുകയും ചെയ്തു.ഇവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി വെറും 13 വയസ്സുള്ള ജോസ് ക്രിസ്റ്റേറോയിൽ ചേർന്നു.അവന്റെ മാതാപിതാക്കൾ ഇതിന് അനുവാദം നൽകിയിരുന്നില്ല.മാത്രമല്ല, ക്രിസ്റ്റേറോ ജനറലായിരുന്ന മെൻഡോസയും ജോസിന്റെ പ്രായക്കുറവിന്റെ പേരിൽ എതിർത്തു.എന്നാൽ ഈ ആൺകുട്ടിയുടെ വിശ്വാസം ശക്തമായിരുന്നു. യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിക്കാൻ തന്നെ അനുവദിക്കണമെന്ന് അവൻ നിർബന്ധം പിടിച്ചു. തന്മൂലം പതാകവാഹകൻ ആയി അവനെ ക്രിസ്റ്ററോയിൽ ചേർത്തു.
1928 ജനുവരി 25 ന് ഉണ്ടായ പോരാട്ടത്തിൽ മെൻഡോസയുടെ കുതിരയ്ക്ക് വെടിയേറ്റു. ഉടനെ ജോസ് തന്റെ കുതിരയെ മെൻഡോസയ്ക്ക് നൽകി നിങ്ങളുടെ സേവനം ഇനിയും ക്രിസ്റ്ററോയ്ക്ക് വേണമെന്നും എന്റെ ജീവൻ കാര്യമാക്കേണ്ടെന്നും പറഞ്ഞു.
മെൻഡോസ ജോസിന്റെ കുതിരപ്പുറത്തു കയറി രക്ഷപ്പെട്ടപ്പോൾ ഗവൺമെന്റ് പട്ടാളക്കാർ ജോസിനെ പിടികൂടി അടുത്തുള്ള തങ്ങളുടെ അധീനതയിലുള്ള പള്ളിയിൽ തടവിലിട്ടു.ഈ പള്ളിയിലാണ് ജോസ് മാമോദീസ മുങ്ങിയത്. ജലത്താൽ ഉള്ള മാമോദീസ മുങ്ങിയ സ്ഥലത്തുതന്നെ രക്തത്താൽ ഉള്ള മാമോദീസയും ജോസ് സ്വീകരിച്ചു.
യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാൻ പട്ടാളക്കാർ നിർബന്ധിച്ചു. ജോസ് വഴങ്ങിയില്ല. അവനെ അന്വേഷിച്ചെത്തിയ പിതാവിനോട് പട്ടാളക്കാർ മോചനദ്രവ്യമാവശ്യപ്പെട്ടു. പണം തന്നാൽ കുട്ടി ആയതുകൊണ്ട് ജോസിനെ മോചിപ്പിക്കാം എന്നു പറഞ്ഞു.ഇതുകേട്ട് ജോസ് “ഞാൻ എന്റെ വിശ്വാസം വില്പനയ്ക്ക് വച്ചിട്ടില്ല” എന്ന് ഉറക്കെ പ്രഖ്യാപിച്ചു.ഇതോടെ മോചന ശ്രമം പരാജയപ്പെട്ടു.
1928 ഫെബ്രുവരി പത്തിന് കാൽപ്പത്തിയിൽ കത്തികൊണ്ട് മുറിച്ച് സെമിത്തേരിയിലേക്ക് നടക്കാൻ അവനോട് പട്ടാളക്കാർ ആവശ്യപ്പെട്ടു. നടക്കുന്ന വഴിയിൽ പലതവണ വടിവാളാൽ വെട്ടിപ്പരിക്കേൽപ്പിച്ചു.സെമിത്തേരിയിൽ എത്തിയപ്പോൾ തലയ്ക്കടിയേറ്റു വീഴുന്നതിനിടെ അവൻ വിളിച്ചു പറഞ്ഞു:”ക്രിസ്തുരാജൻ ജയിക്കട്ടെ… ഗ്വഡലൂപ്പെ മാതാവ് ജയിക്കട്ടെ…” ഉടനെ പട്ടാളക്കാർ വെടിയുതിർത്തു. അങ്ങനെ രക്തസാക്ഷികളുടെ നിരയിലേക്ക് ഒരു പതിനാലുകാരൻ കൂടി ചേർക്കപ്പെട്ടു.
2005ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ജോസിനെ വാഴ്ത്തപ്പെട്ടവനായും 2016 ഒക്ടോബർ 16ന് ഫ്രാൻസിസ് പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ക്രിസ്തുമത വിശ്വാസത്തിനായി പീഡനം ഏൽക്കുന്ന കുട്ടികളുടെ മധ്യസ്ഥൻ ആണ് വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.