നമ്മുടെ എല്ലാ സുകൃതങ്ങളും മറിയത്തിന്റെ വിമലഹൃദയത്തില്‍ നിക്ഷേപിക്കുക എന്നു പറയുന്നതിന്റെ കാരണമെന്താണ്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 57

നാം സമര്‍പ്പിക്കുന്നതെന്തും ഈ നല്ല അമ്മ ദൈവസ്‌നേഹത്താല്‍ പ്രചോദിതയായി സ്വീകരിക്കും. സൂക്ഷിക്കുവാനായി ആയിരം രൂപാ ഞാന്‍ ആരെയെങ്കിലും ഏല്പിച്ചാല്‍ അത് നഷ്ടപ്പെടാതെ എനിക്കുവേണ്ടി സംരക്ഷിക്കുവാന്‍ സൂക്ഷിപ്പുകാരന്‍ ദീക്ഷിക്കേണ്ട വ്യവസ്ഥയനുസരിച്ച് അവന്‍ ബാദ്ധ്യസ്ഥനാണ്. ഉപേക്ഷ മൂലം അതു നഷ്ടപ്പെട്ടാല്‍ നീതിപ്രകാരം അവന്‍ നഷ്ടത്തിന് ഉത്തരവാദിയായിരിക്കും. അതുപോലെ, എന്തെങ്കിലും സ്വീകരിച്ചാല്‍ അത് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ മറിയം നീതിപ്രകാരം ബാദ്ധ്യസ്ഥയാണ്. അതിനാല്‍ വിശ്വസ്തയായ മറിയത്തെ നാം ഏല്പിക്കുന്നതൊന്നും അനാസ്ഥമൂലം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല. മറിയം തന്നില്‍ ശരണപ്പെടുന്നവരെ തള്ളിക്കളയുക എന്നതിനെക്കാള്‍ എളുപ്പത്തില്‍ ആകാശവും ഭൂമിയും കടന്നുപോകും.

മറിയത്തിന്റെ പാവപ്പെട്ട മക്കളേ , നിങ്ങളുടെ ബലഹീനത അപാരമാണ് ; നിങ്ങളുടെ ചാഞ്ചല്യം ഏറെ വലുതും, നിങ്ങളുടെ ആന്തരിക സ്വഭാവംതന്നെ ദുഷിച്ചുപോയിരിക്കുന്നു. ആദത്തിന്റെയും ഹവ്വായുടെയും മക്കളെന്ന നിലയില്‍ ദുഷിച്ച മനുഷ്യഗണത്തില്‍ നിന്നാണ് , നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ട് നിങ്ങള്‍ നിരാശപ്പെടേണ്ട . ഞാന്‍ പഠിപ്പിക്കാന്‍ പോകുന്ന രഹസ്യം ഓര്‍ത്ത് സമാശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുവിന്‍. ഇത് മിക്ക ക്രിസ്ത്യാനികള്‍ക്കു , ഏറ്റവും വലിയ ഭക്തര്‍ക്കുപോലും , അജ്ഞാതമത്രേ. സ്വര്‍ണ്ണവും വെള്ളിയും നിന്റെ പണിപ്പെട്ടിയിലിടരുത് . എന്തെന്നാല്‍ നിന്നെ കൊള്ളയടിച്ച ദുരാത്മാക്കള്‍ പണ്ടതന്നെ അത് കുത്തിത്തുറന്നിരിക്കുന്നു . മാത്രമല്ല, ഇത് അമൂല്യവും മഹത്തരവുമായ നിക്ഷേപങ്ങള്‍ സൂക്ഷിക്കുവാന്‍ കഴിയാത്തവണ്ണം ചെറുതും ബലഹീനവും പഴയതുമാണ് ആ പെട്ടി. നിര്‍മ്മലമായ അരുവിയിലെ ശുദ്ധജലം പാപപങ്കിലമായ പാത്രങ്ങളില്‍ ഒഴിക്കരുത്; പാപം കഴുകിക്കളഞ്ഞതാണെങ്കിലും അതിന്റെ ദുര്‍ഗന്ധം നിലനില്‍ക്കും. തന്‍മൂലം വെള്ളം അശുദ്ധമാകും. മോശമായ വീഞ്ഞ് സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്ന പഴയ പാത്രങ്ങളില്‍ പുതിയ വീഞ്ഞ് ഒഴിക്കരുത് ; അത് ചീത്തയാകും. ഒരു പക്ഷേ , ആ പാത്രത്തെ തന്നെ തകര്‍ക്കുകയും അതു ചോര്‍ന്ന് തറയില്‍ വീണുപോകുകയും ചെയ്യും.

തെരഞ്ഞെടുക്കപ്പെട്ടവരെ, നിങ്ങള്‍ എന്നെ വളരെ നന്നായി മനസ്സിലാക്കുന്നു . എങ്കിലും, ഞാന്‍ ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ . നിന്റെ സ്‌നേഹമാണു സ്വര്‍ണ്ണം; ശുദ്ധതയാണു വെള്ളി, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളാണു ശുദ്ധജലം ; പുണ്യയോഗ്യതകള്‍ വീഞ്ഞും. അവ കീറിയ തുകല്‍സഞ്ചിക്കും പഴകി ബലഹീനമായ പണപ്പെട്ടിക്കും ദുഷിച്ചു മലിനമായ പാത്രത്തിനും സമാനമായ നിന്നില്‍ നിക്ഷേപിക്കരുത്. രാത്രിയും പകലും തക്കം നോക്കിയിരിക്കുന്ന പിശാചുക്കള്‍ അവ നിന്നില്‍നിന്ന് തട്ടിയെടുത്തേക്കും; സ്വാര്‍ത്ഥസ്‌നേഹവും സ്വാശ്രയവും ആത്മവിശ്വാ സവുമാകുന്ന ദുര്‍ഗന്ധംകൊണ്ട്, ദൈവം നിനക്കു നല്കിയ പരമപരിശുദ്ധമായ എല്ലാ നിക്ഷേപങ്ങളും നീ മലിനമാക്കും.

നിന്റെ എല്ലാ നിക്ഷേപങ്ങളും അനുഗ്രഹങ്ങളും സുകൃതങ്ങളും മറിയത്തിന്റെ വിമലഹൃദയത്തില്‍ നിക്ഷേപിക്കുക. അവളാണ് ആദ്ധ്യാത്മികപേടകം – ബഹുമാനത്തിന്റെ പാത്രം , അദ്ഭുതകരമായ ഭക്തിയുടെ പാത്രം. ദൈവം , വ്യക്തിപരമായി , തന്റെ എല്ലാ പൂര്‍ണ്ണതയോടുംകൂടി അവളില്‍ നിഗൂഢമായി വസിച്ചു. അതോടെ അവള്‍ പരിപൂര്‍ണ്ണമായും ആദ്ധ്യാത്മികയായി . വലിയ ആത്മീയസമ്പന്നരുടെ വാസഗേഹമായി . സ്വര്‍ഗ്ഗീയ രാജകുമാരന്മാരുടെ മഹത്ത്വപൂര്‍ണ്ണമായ സിംസഹാസനവും എല്ലാ മഹത്ത്വങ്ങളുടെയും ഇരിപ്പിടവുമായി, ഭക്തിയില്‍ ഒരു അത്ഭുതമായി മാറിയ അവള്‍ പുണ്യങ്ങളുടെയും കൃപാവരങ്ങളുടെയും മാധുര്യങ്ങളുടെയും വലിയ അഭിഷേകമുള്ള നികേതനമായി. സ്വര്‍ണാലയം പോലെ സമ്പന്നയും ദാവീദിന്റെ കോട്ടപോലെ സുശക്തവും നിര്‍മ്മിതമായ ഗോപുരം പോലെ നിര്‍മ്മലയുമായി അവള്‍.

എല്ലാം മറിയത്തിനു സമര്‍പ്പിക്കുകയും എല്ലാത്തിലും, എല്ലാറ്റിനുവേണ്ടിയും അവളില്‍ ആശ്രയിക്കുകയും അവളില്‍ പരിപൂര്‍ണ്ണമായി നിര്‍ലീനയാകുകയും ചെയ്യുന്നവന്‍, ഓ, എത്രയോ സന്തോഷവാന്‍! അവന്‍ മുഴുവന്‍ മറിയത്തിന്റേതാണ്; മറിയം മുഴുവന്‍ അവന്റേതും . നിശ്ചയമായും ദാവീദിനോടൊപ്പം അവന് പറയാം: ‘അവള്‍ ( മറിയം ) എന്റേതായി’ (സങ്കീ . 118 : 56) . വി . യോഹന്നാനോടുകൂടി അവന് അവ കാശപ്പെടാം . ‘അവളെ ( സ്വന്തം ഭവനത്തില്‍ ) ഞാന്‍ സ്വീകരിച്ചു’ ( യോഹ.19 : 27 ). അവന് ഈശോയോടൊന്നിച്ചു ഉദീരണം ചെയ്യാം: ‘എനിക്കു ള്ളതെല്ലാം അങ്ങയുടേതാണ് ; അങ്ങേക്കുള്ളതെല്ലാം എന്റേതും ‘ (യോഹ. 17:10) എന്ന്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles