വിശുദ്ധര്‍ പരിശുദ്ധ മറിയത്തെ നങ്കൂരത്തോട് ഉപമിച്ചിരിക്കുന്നത് എന്തു കൊണ്ട് ?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 56
‘ മറിയം താങ്ങുമ്പോള്‍ നീ വീഴുകയില്ല ; അവള്‍ സംരക്ഷിക്കുമ്പോള്‍ നീ ഭയപ്പെടേണ്ട; അവള്‍ നയിക്കുമ്പോള്‍ നീ ക്ഷീണിക്കുകയില്ല. അവള്‍ അനുകൂലയായിരിക്കുമ്പോള്‍ നീ നിത്യസൗഭാഗ്യ ത്തിന്റെ തുറമുഖത്തു ചെന്നെത്തും.’ വി. ബര്‍ണാഡിന്റെ വാക്കുകള്‍ മരിയ ഭക്തി അഭ്യസിക്കുന്നതിനു പ്രേരകമാണ്.
ഇതുതന്നെ വി.ബൊനവഞ്ചര്‍ കുറെക്കൂടെ വ്യക്തമായിപ്പറയുന്നു: ‘പരിശുദ്ധ കന്യക, വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ വിശുദ്ധരെ സൂക്ഷിക്കുക മാത്രമല്ല , വിശുദ്ധര്‍ പുണ്യപൂര്‍ണ്ണതയില്‍നിന്നു വീണുപോകാതിരിക്കാന്‍ അവരെ അതിന്റെ സമൃദ്ധിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. നഷ്ടപ്പെടാതിരിക്കത്തക്കവണ്ണം അവരുടെ സുകൃതങ്ങളെയും, നിഷ്ഫലമാകാതിരിക്കത്തക്കവിധം അവരുടെ യോഗ്യതകളെയും, കൈവിട്ടു പോകാതിരിക്കത്തക്കവിധം അവര്‍ക്കു ലഭിക്കുന്ന കൃപാവരങ്ങളെയും അവള്‍ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല, പിശാചിന്റെ ഉപദ്രവങ്ങളില്‍നിന്നും സംരക്ഷിക്കുന്നു. വല്ല കാരണത്താലും പാപത്തില്‍ വീണുപോയാല്‍ തന്റെ ദിവ്യസുതന്റെ ശിക്ഷയില്‍നിന്നുപോലും അവരെ രക്ഷിക്കുന്നു.’
അവിശ്വാസിയായ ഹവ്വായുടെ അവിശ്വസ്തത മൂലമുണ്ടായ നഷ്ടങ്ങള്‍ ദൈവത്തോടുള്ള തന്റെ വിശ്വസ്തതകൊണ്ട് പരിഹരിച്ച ഏറ്റവും വിശ്വാസയോഗ്യയായ കന്യകയാണ് പരിശുദ്ധമറിയം. അവള്‍ തന്റെ ഭക്തര്‍ക്ക് ദൈവത്തോടുള്ള വിശ്വസ്തതയും പുണ്യസ്ഥിരതയും സമ്പാ ദിച്ചുകൊടുക്കുന്നു. ഒരു പുണ്യവാന്‍ അവളെ ഉറപ്പാര്‍ന്ന നങ്കൂരത്തോട് ഉപമിക്കുന്നതിന്റെ കാരണം ഇതാണ്. ലോകമാകുന്ന സമുദ്രത്തിലെ കോളിളക്കത്തില്‍പ്പെട്ട് തന്റെ ദാസര്‍ നശിക്കാതിരിക്കുവാന്‍ അവള്‍ അവരെ മുറുകെപ്പിടിക്കുന്നു; ഇളകിമറിയുന്ന ഈ ലോകമാകുന്ന സമു ദ്രത്തില്‍ മുങ്ങിനശിക്കാതെ രക്ഷിക്കുന്നു. ഈ ബലവത്തായ നങ്കൂരത്തോടു ബന്ധിതരല്ല എന്ന ഒറ്റക്കാരണത്താല്‍ എത്രയോപേര്‍ ലോക സമുദ്രത്തില്‍ മുങ്ങിനശിക്കുന്നു.
ആ വിശുദ്ധന്‍ പറയുന്നു: ‘ ഉറച്ച നങ്കൂരത്തോടെന്നതുപോലെ ആത്മാക്കളെ ഞങ്ങള്‍ നിന്നോടു ബന്ധിക്കുന്നു’. സകലവിശുദ്ധരും സ്വയം പുണ്യത്തില്‍ നിലനില്ക്കുവാന്‍ വേണ്ടി തങ്ങളെയും, മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി അവരെയും അവളോടു ചേര്‍ത്തു ബന്ധിച്ചവരാണ് . ആകയാല്‍, ഉറച്ച ഒരു നങ്കുരത്തോടെന്നതുപോലെ മറിയമാകുന്ന ഉറപ്പേറിയ നങ്കൂരത്തോട് തങ്ങളെത്തന്നെ വിശ്വസ്തതയോടെ പരിപൂര്‍ണ്ണമായി ബന്ധിക്കുന്ന ക്രിസ്ത്യാനികള്‍ സന്തോഷിക്കുവിന്‍ ; ഒരായിരം പ്രാവശ്യം സന്തോഷിക്കുവിന്‍!
ഈ ലോകസാഗരത്തിലെ ശക്തിയായ കൊടുങ്കാറ്റുകളുടെ നശീകരണശക്തി അവരെ കിടിലം കൊള്ളിക്കുകയില്ല; അവരുടെ ആദ്ധ്യാത്മിക നിക്ഷേപങ്ങള്‍ മുക്കിക്കളയുകയുമില്ല : നോഹിന്റെ പേടകത്തിലെന്നപോലെ, മറിയമാകുന്ന പേടകത്തില്‍ പ്രവേശിക്കുന്നവര്‍ ആഹ്‌ളാദിക്കുവിന്‍! ഈ ലോകത്തിലെ ഒട്ടേറെപ്പേരെ മുക്കിക്കൊന്ന പാപജലം അവരെ ഉപദ്രവിക്കുകയില്ല. ദൈവികജ്ഞാനത്തോടുകൂടി മറിയം പറയുന്നു: ‘ഞാന്‍വഴി പ്രവര്‍ത്തി ക്കുന്നവര്‍ പാപം ചെയ്യുകയില്ല ‘ (പ്രഭാ . 24:30).
നിര്‍ഭാഗ്യയും അസന്തുഷ്ടയുമായ ഹവ്വായുടെ അവിശ്വസ്തമക്കള്‍ വിശ്വസ്തകന്യകയും മാതാവുമായ മറിയത്തോടു തങ്ങളെത്തന്നെ ബന്ധിക്കുമെങ്കില്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ ഒരിക്കലും വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാത്ത(2 തിമോ . 2:13 )വളാണ് മറിയം. ‘തന്നെ സ്‌നേഹിക്കുന്ന വരെ അവള്‍ എല്ലായ്‌പ്പോഴും സ്‌നേഹിക്കും’ (സുഭാ .8 : 17). ആ സ്‌നേഹത്തിന്റെ സ്വഭാവം അതു വാത്സല്യമേറിയതു മാത്രമല്ല ഫലം ഉത്പാദിച്ചേ അടങ്ങൂ എന്നുള്ളതും കൂടിയാണ്. സുകൃതാഭ്യാസത്തില്‍ പുറകോട്ടുപോകാതിരിക്കുവാനും തന്റെ ദിവ്യസുതന്റെ കൃപാവരം നഷ്ടപ്പെടുത്തി തളര്‍ന്നു വീഴാതിരിക്കുവാനും വേണ്ടി അനുഗ്രഹങ്ങള്‍ സമൃദ്ധമായി വര്‍ഷിച്ചുകൊണ്ട് അവള്‍ അവരെ കാത്തുരക്ഷിക്കുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.