അന്ത്യംവരെ നിലനില്ക്കുവാന്‍ മരിയഭക്തി അത്യുത്തമമായ ഒരു മാര്‍ഗ്ഗമാണെന്നു പറയുന്നത് എന്തു കൊണ്ട്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 55

അവസാനമായി, പുണ്യത്തില്‍ വിശ്വസ്തതയോടെ നിലനില്‍ക്കുവാന്‍ സഹായിക്കുന്ന പ്രശംസനീയമായ ഒരു മാര്‍ഗ്ഗമാണ് ഈ ഭക്തി. അതുകൊണ്ടു കൂടിയാണ് പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തിയിലേക്ക് നാം കൂടുതല്‍ ശക്തിമത്തായി ആകര്‍ഷിക്കപ്പെടുന്നത്.

ബഹുഭൂരിപക്ഷം പാപികളുടെ മാനസാന്തരങ്ങള്‍ എന്തുകൊണ്ട് ശാശ്വതമല്ല? നാം ഇത് എളുപ്പം പാപത്തിലേക്കു വഴുതിവീഴാനുള്ള കാരണമെന്ത്? പുണ്യത്തില്‍ ഒന്നിനൊന്ന് അഭിവൃദ്ധിപ്പെട്ട് കൂടുതല്‍ സമ്പാദിക്കുന്നതിനുപകരം വിശ്വാസികളില്‍ ബഹുഭൂരിഭാഗവും തങ്ങള്‍ക്കുള്ള അല്‍പം പുണ്യവും കൃപാവരവും നഷ്ടപ്പെടു ത്തുകയാണ് പലപ്പോഴും ചെയ്യുന്നത് . ഇതെന്തുകൊണ്ടാണ് ? ഈ ദൗര്‍ഭാഗ്യത്തിനു കാരണം മുമ്പു ഞാന്‍ വ്യക്തമാക്കിയതാണ്. ബലഹീനനും ചഞ്ചലചിത്തനുമായ അധഃപതിച്ച മനുഷ്യന്‍ തന്നില്‍ത്തന്നെ ആശ്രയിക്കുന്നു എന്നതാണ് ഇതിനുള്ള കാരണം. തനിക്കു ലഭിച്ചിട്ടുള്ള കൃപാവരങ്ങളും പുണ്യങ്ങളും യോഗ്യതകളും സ്വന്തം ശക്തികൊണ്ടു കാത്തുസൂക്ഷിക്കുവാന്‍ കഴിയുമെന്നാണ് അവന്‍ വിശ്വസിച്ചുവശാകുന്നത്.

നാം ഈ ഭക്തിവഴി നമുക്കുള്ളതെല്ലാം വിശ്വസ്തയായ മറിയത്തിനു സമര്‍പ്പിക്കുന്നു; നമ്മുടെ സ്വാഭാവികവും അതിസ്വാഭാവികവുമായ എല്ലാ സമ്പാദ്യങ്ങളും സൂക്ഷിക്കുവാന്‍ നാം സാര്‍വത്രിക ഭണ്ഡാഗാരമായ അവളെ തെരഞ്ഞെടുക്കുന്നു. അവളുടെ വിശ്വാസ്യതയിലാണു നാം ശരണം ഗമിക്കുന്നത്, അവളുടെ ശക്തിയിലാണു നാം ആശ്രയിക്കുന്നത് ; അവളുടെ കാരുണ്യത്തിലും സ്‌നേഹത്തിലുമാണു നാം പടുത്തുയര്‍ത്തുന്നത്. നമ്മുടെ പുണ്യങ്ങളും പുണ്യയോഗ്യതകളും അപഹരിക്കുവാന്‍ തക്കം നോക്കിയിരിക്കുന്ന പിശാചിനെയും ലോകത്തെയും ജഡത്തെയും വകവയ്ക്കാതെ, അവള്‍ അവയെ കാത്തുസൂക്ഷിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഒരു കുഞ്ഞ് തന്റെ അമ്മയോടെന്ന തുപോലെ , ഒരു വിശ്വസ്തദാസി തന്റെ നാഥയോടെന്നതുപോലെ, നാം അവളോടപേക്ഷിക്കുന്നു: ‘നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക’ ( 1 തിമോ . 6:20 ). എന്റെ സ്‌നേഹനിധിയായ അമ്മേ, നാഥേ , അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നിന്റെ മാദ്ധ്യസ്ഥ്യംവഴി ഞാന്‍ ദൈവത്തില്‍നിന്നു സ്വീകരിച്ചിട്ടുണ്ട് എന്ന് ഞാന്‍ സമ്മതിച്ചു പറയുന്നു. ഏറ്റവുമെളുപ്പം ഉടഞ്ഞുപോകുന്ന ഒരു പാത്രത്തിലാണ് ഞാന്‍ അവയെ വഹിക്കുന്നത്. എന്നും അവയെ സൂക്ഷിക്കുവാന്‍ കഴിയാത്ത വിധം നികൃഷ്ടനും ബലഹീനനുമാണ് ഞാനെന്ന് എന്റെ ദുഃഖകരമായ അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു.

‘ഞാന്‍ അല്പനും നിന്ദ്യനുമാകുന്നു ‘ (സങ്കീ 118 : 141). ആകയാല്‍ , ഞാന്‍ നിന്നോടപേക്ഷിക്കുന്നു. വിശ്വസ്തയും സുശക്തയുമായ നീ എന്റെ എല്ലാ സമ്പാദ്യങ്ങളും സ്വീകരിക്കുകയും എനിക്കുവേണ്ടി കാത്തുസൂക്ഷിക്കുകയും ചെയ്യണമെ! നീ അതു കാത്തുസൂക്ഷിക്കുമെങ്കില്‍ എനിക്കൊന്നുംതന്നെ നഷ്ടപ്പെടുകയില്ല ; നീ എന്നെ താങ്ങിയാല്‍ ഞാന്‍ വീഴില്ല; നീ എന്നെ സംരക്ഷിക്കുന്നെങ്കില്‍ എല്ലാ ശത്രുക്കളില്‍നിന്നും ഞാന്‍ സുരക്ഷിതനാകും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles