മറിയം ഉള്ളിടത്ത് പിശാചില്ല എന്ന് പറയുന്നതിന്റെ കാരണമെന്ത്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 52
പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും സഹനങ്ങളിലും വ്യക്തവും സ്പഷ്ടവുമായല്ലെങ്കിലും, അവ്യക്തവും സാമാന്യവുമായ രീതിയിലെങ്കിലും മറിയത്തെ എത്രയധികം കാണുന്നുവോ, അത്ര ഉത്തമമാംവിധം നീ ഈശോയെ കണ്ടെത്തും. സ്വര്‍ഗത്തിലോ ലോകത്തില്‍ മറ്റേതെങ്കിലും സൃഷ്ടിയിലോ എന്നതിനേക്കാള്‍ മറിയത്തിലും മറിയത്തോടു കൂടെയും ആയിരിക്കുമ്പോഴാണ് ഈശോ മിശിഹാ കൂടുതല്‍ വലിയവനും ശക്തനും പ്രവര്‍ത്തന നിരതനുമായ കാണപ്പെടുക. ദൈവത്തില്‍ നിര്‍ലീനമായ പരിശുദ്ധ മറിയം പുണ്യപൂര്‍ണത ലക്ഷ്യമാക്കി ചരിക്കുന്നവര്‍ക്ക് ഒരു തടസ്സമാകുമെന്ന് ആരും പറയാതിരിക്കട്ടെ. പ്രത്യുത, അതിനു നമ്മെ സഹായിക്കുവാന്‍ അവളെപ്പോലെ ഇതുവരെ ഒരു സൃഷ്ടിക്കും കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല.
ദൈവൈക്യത്തിനായി മറിയം കൃപാവരങ്ങള്‍ ധാരാളമായി നമുക്ക് പകര്‍ന്നു തരുന്നു. ‘നീ വഴിയല്ലാതെ ആരും ദൈവചിന്തയാല്‍ പരിപൂരിതനാക ന്നില്ല’ എന്ന് ഒരു വിശുദ്ധന്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പിശാചിന്റെ കെണികളിലും ചതികളിലും നിന്ന് അവള്‍ നമ്മെ കാത്തുരക്ഷിച്ചു കൊണ്ടുകൂടിയും ഈ ഐക്യത്തിലേക്കാനയിക്കുന്നു.
മറിയം ഉള്ളിടത്ത് പിശാചില്ല. നാം മറിയത്തിന്റെ യഥാര്‍ത്ഥ ഭക്തരായിരിക്കുകയും പലപ്പോഴും അവളെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നെങ്കില്‍, ദൈവചൈതന്യമാണ് നമ്മെ നയിക്കുന്നതെന്നതിന്റെ ഏറ്റവും അപ്രമാദമായ ലക്ഷണങ്ങളില്‍ ഒന്നാണത്. ഒരു വിശുദ്ധന്റെ അഭിപ്രായമാണിത്. ശരീരം മരിച്ചിട്ടില്ല എന്നതിന്റെ നിസ്സന്ദേഹമായ അടയാളമാണ് ശ്വാസോച്ഛ്വാസം, അതുപോലെ മറിയത്തെപ്പറ്റി എപ്പോഴുമുള്ള ചിന്തയും അവളോടുള്ള സ്‌നേഹപൂര്‍വ്വകമായ പ്രാര്‍ത്ഥനയും ആത്മാവ് പാപത്തില്‍ മരിച്ചിട്ടില്ല എന്നതിന്റെ സംശയരഹിതമായ അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മറിയം മാത്രമേ എല്ലാ പാഷണ്ഡതകളെയും തകര്‍ത്തിട്ടുള്ളൂ. പരിശുദ്ധാത്മാവു നയിക്കുന്ന തിരുസഭ ഇത് നമ്മെ പഠിപ്പിക്കുന്നു. ‘ലോകമെമ്പാടുമുള്ള സകല പാഷണ്ഡതകളെയും നശിപ്പിച്ചത് അവിടുന്ന് മാത്രമാണ്’. വിമര്‍ശകര്‍ എത്ര മുറുമുറുത്താലും നമുക്ക് തീര്‍ച്ചയാണ് മറിയത്തിന്റെ വിശ്വസ്തഭക്തന്‍ ഒരിക്കലും അറിഞ്ഞുകൊണ്ട് പാഷണ്ഡതയില്‍ ഒരുവിധത്തിലും ഉള്‍പ്പെടുകയില്ല എന്ന്. അസത്യത്ത സത്യമെന്നും ദുഷ്ടാരൂപിയെ സത്യാരൂപിയെന്നും തെറ്റിദ്ധരിച്ച് അവന്‍ തെറ്റില്‍ വീണുപോയെന്നുവരാം. (മറ്റുള്ളവരെപ്പോലെ അത്ര എളുപ്പത്തില്‍ വീഴില്ല). വല്ലപ്പോഴും വീണുപോയാല്‍ത്തന്നെയും ഉടന്‍തന്നെയോ കുറേകഴിഞ്ഞാ അവന്‍ സത്യം ഗ്രഹിക്കാതിരിക്കുകയില്ല. സത്യമെന്നു വിശ്വസിച്ചിരുന്ന അസത്യത്തെ , നിര്‍ബന്ധബുദ്ധിയോടെ വിശ്വസിക്കുകയോ അതിനെ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുകയില്ല.
പ്രാര്‍ത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്‌നമാണല്ലോ താന്‍താന്‍ തട്ടിപ്പില്‍ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യപൂര്‍ണ്ണതയുടെ മാര്‍ഗ്ഗത്തില്‍ പുരോഗമിക്കുവാനും അങ്ങനെ സംശയരഹിതമായും പൂര്‍ണ്ണമായും ഈശോയെ കണ്ടെത്തുവാനും വേണ്ടി അവര്‍ ‘ വിശാലഹൃദയത്തോടും ദൃഢചിത്തതയോടുംകൂടി ‘ ( 2 മക്ക. 1 : 3 ) പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തി ആശ്ലേഷിക്കട്ടെ. ഇതുവരെ അജ്ഞാതമായിരുന്നതും ഞാന്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നതുമായ ഈ ഉത്തമമാര്‍ഗ്ഗത്തിലേക്ക് അവന്‍ പ്രവേശിക്കട്ടെ. ‘ഉത്തമമായ മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം’ ( 1 കോറി 12: 31). മാംസം ധരിച്ച ദിവ്യജ്ഞാനവും നമ്മുടെ ഏക ശിരസ്സുമായ ഈശോമിശിഹാ നടന്നുനീങ്ങിയ വഴിയാണിത്. ഈ പാത തെരഞ്ഞെടുക്കുന്നതില്‍ അവിടുത്തെ അവയവങ്ങളായ നാം വഞ്ചിക്കപ്പെടുക സാദ്ധ്യമല്ല.
ഇതൊരെളുപ്പവഴിയാണ്; എന്തുകൊണ്ടെന്നാല്‍ , പരിശുദ്ധാത്മാവിന്റെ കൃപാവരസമൃദ്ധിയും വലിയ അഭിഷേകവും നിറഞ്ഞുകവിഞ്ഞാ ഴുകുകയാണിവിടെ. ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ നാം ക്ഷീണിക്കുകയോ പിന്‍വാങ്ങുകയോ ഇല്ല. അല്പം സമയംകൊണ്ടു നമ്മെ ഈശോയുടെ പക്കലേക്കു നയിക്കുന്ന ഹ്രസ്വവും ഉത്തമവുമായ മാര്‍ഗ്ഗം. അവിടെ ചെളിയില്ല, പൊടിയില്ല, പാപത്തിന്റെ ലാഞ്ചനപോലുമില്ല. നമ്മെ ഇരു വശങ്ങളിലേക്കും വ്യതിചലിപ്പിക്കാതെ ഭദ്രമായി നേരെ ഈശോയുടെ പക്കലേക്കും നിത്യജീവനിലേക്കും നയിക്കുന്ന മാര്‍ഗ്ഗമാണിത്. നമുക്കീ വഴിയിലൂടെ യാത്രതിരിക്കാം. ദിനരാത്രങ്ങള്‍ നമുക്ക് അതിലൂടെ സഞ്ചരിക്കാം. ക്രിസ്തുവിന്റെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ചു പക്വമതി കള്‍ ( എഫേ . 4:13 ) ആകുന്നതുവരെ പ്രയാണം തുടരാം.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.