പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ മറിയത്തെ ആവശ്യമുണ്ടോ?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 51

ഈ ഭക്തിയെ അംഗീകരിച്ച പല മാര്‍പ്പാപ്പമാരെയും ഇതു പരിശോധിച്ച ദൈവശാസ്ത്രജ്ഞന്മാരെയുംപറ്റി ഫാ. ബുഡോന്റെ പുസ്തകത്തില്‍ പ്രസ്താവിക്കുന്നുണ്ട്. പല പ്രതിബന്ധങ്ങളെയും ഈ ഭക്തിക്കു നേരിടേണ്ടിവന്നു. എന്നാലിത് അവയെ എല്ലാം അതിജീവിച്ചു. ആയിരങ്ങള്‍ ഇതിനെ ആശ്ലേഷിച്ചു. ഒറ്റ മാര്‍പ്പാപ്പപോലും ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ ഭക്തിയെ കുറ്റപ്പെടുത്തുന്നവര്‍ ക്രിസ്തുമതത്തിന്റെ അടിത്തറ മാന്തുകതന്നെയാണ് ചെയ്യുന്നത്.

ആകയാല്‍, ഈ മാര്‍ഗ്ഗം നവീനമല്ലെന്നു വ്യക്തം. എന്നാല്‍ , ഇത് അത് സര്‍വ്വസാധാരണമല്ല ; കാരണം , എല്ലാവര്‍ക്കും ആസ്വദിക്കുന്നതിനും അഭ്യസിക്കുന്നതിനും കഴിയാത്തവിതം അത്ര ഉയര്‍ന്ന തരത്തിലുള്ളതാകുന്നു ഇത്

നമ്മെ പരമപിതാവിന്റെ പക്കലേക്കു നയിക്കുക ഈശോ മിശിഹായ്ക്ക് സ്വാഭാവികമായിരിക്കുന്നതുപോലെ, ഈശോയുടെ പക്കലേക്കു നയിക്കുക മാതാവിനു സ്വാഭാവികമാണ്. ഇതാണ്, ഈ ഭക്തി ഈശോയുടെ പക്കലേക്കു പോകുവാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗമാണെന്നു പറഞ്ഞതിനു മറ്റൊരു കാരണം.

ദൈവൈക്യം പ്രാപിക്കുവാന്‍ മറിയം തടസമാണെന്ന് ആധ്യാത്മിക മനുഷ്യര്‍ തെറ്റിദ്ധരിക്കാതിരക്കട്ടെ. ദൈവത്തില്‍ നിന്ന് എല്ലാവര്‍ക്കും വേണ്ടി പൊതുവായും പ്രത്യേമായും അനുഗ്രഹങ്ങള്‍ സമ്പാദിച്ചവളാണു മറിയം. എങ്കില്‍ ദൈവൈക്യമാകുന്ന മഹത്തായ അനുഗ്രഹം സമ്പാദിക്കുന്നതിന് ഒരാത്മാവിനെ തടയുവാന്‍ അവള്‍ക്ക് എങ്ങനെ കഴിയും?

കൃപാവരങ്ങള്‍ കവിഞ്ഞൊഴുകുകയാണ് അവളില്‍. ദൈവം തന്നില്‍ മാംസം ധരിക്കത്തക്കവണ്ണം അവള്‍ അവിടുത്തോട് ഐക്യംപ്രാപിക്കുകയും അനുരൂപയാവുകയും ചെയ്തു. അപ്പോള്‍പ്പിന്നെ അവള്‍ക്കെങ്ങനെയാണ്, പരിപൂര്‍ണ്ണമായ ദൈവൈക്യത്തിനുള്ള ഒരാത്മാവിന്റെ ശ്രമങ്ങളില്‍ മാര്‍ഗ്ഗതടസ്സമാകുവാന്‍ കഴിയുക?

വിശുദ്ധവസ്തുക്കളോടുപോലുമുള്ള സംസര്‍ഗ്ഗം ചിലപ്പോള്‍ ദൈവൈക്യത്തെ മന്ദീഭവിപ്പിച്ചെന്നുവരാം. പക്ഷേ , മാതാവിനെ സംബന്ധിച്ച് അങ്ങനെയല്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞുവച്ചതാണ്. ഈ യാഥാര്‍ത്ഥ്യം എത്രപ്രാവശ്യം വേണമെങ്കിലും ആവര്‍ത്തിക്കുന്നതില്‍ എനിക്ക് മടുപ്പ് അനുഭവപ്പെടുന്നില്ല. മറിയം എന്നും ദൈവപുത്രന്റെ മാതാവും പരിശുദ്ധാത്മാവിന്റെ ഫലദായികയായ മണവാട്ടിയുമാണ്. എന്നാല്‍ , അധികംപേരും ക്രിസ്തുവിനോടു പൂര്‍ണ്ണമായി ഐക്യം പ്രാപിക്കാത്തതിന് ഒരു കാരണം ഇതാണ്. പരിപക്വവും പരിപൂര്‍ണ്ണവുമായ ഫലം ആഗ്രഹിക്കുന്നവന്, അതുല്പ്പാദിപ്പിക്കുന്ന വൃക്ഷമുണ്ടായിരിക്കണം.

ആകയാല്‍, ഈശോമിശിഹാ ആകുന്ന ജീവന്റെ ഫലം ആഗ്രഹിക്കുന്നവന്, ജീവന്റെ വൃക്ഷമാകുന്ന മറിയത്തെ ആവശ്യമുണ്ട്. മറിയം , പരിശുദ്ധാത്മാവിന്റെ വിശ്വസ്തയും വേര്‍പിരിയാത്ത മണവാട്ടിയുമാണ്. മുമ്പുപറഞ്ഞതുപോലെ ‘അവള്‍ വഴിയാണ് അവിടുന്ന് ആത്മാവിനെ ഫലപുഷ്ടമാക്കുന്നതും, അതിനെ ഉത്തമഫലങ്ങള്‍കൊണ്ടു നിറയ്ക്കുന്നതും. അതിനാല്‍, പരിശുദ്ധാത്മാവ് തന്നില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവനും മറിയത്തെ ആവശ്യമുണ്ട്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles