പ്രതിബന്ധങ്ങളെ തരണം ചെയ്തു മരിയഭക്തി വിജയം കൈവരിച്ചതെങ്ങനെ?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 50
പോളണ്ടില്‍ വിസ്മയനീയമാംവിധം ഈ ഭക്തി ഈശോസഭാം ഫാ. സ്റ്റനിസ്ലാവൂസ് ഫലാഷിയൂസ് പ്രചരിപ്പിച്ചു. പല രാജ്യങ്ങളിലേയും രാജാക്കന്മാരും രാജ്ഞിമാരും പ്രഭുക്കന്മാരും കര്‍ദ്ദിനാളന്മാരും ഈ ഭക്തിയെ ആശ്ലേഷിച്ചുവെന്ന് അവരുടെ പേരുകള്‍ സഹിതം ഫാ. ഡി. ലോസ് റിയോസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധിയിലും പാണ്ഡിത്യത്തിലും വിശുതനാണ്, കൊര്‍ണേലിയൂസ് ആ ലപ്പിദെ. ഈ ഭക്തിയെ പരിശോധിക്കുവാന്‍ പല മെത്രാന്മാരും ദൈവശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ നിയമിച്ചു. പുണ്യചരിതനായ അദ്ദേഹം സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം, ഈ ഭക്തിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്. സുപ്രസിദ്ധരായ മറ്റു പലരും അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കുകയുണ്ടായി.
നമ്മുടെ ദിവ്യനാഥയുടെ ശുശ്രൂഷയില്‍ ഏറ്റവും ദത്തശ്രദ്ധരാണ് ഈശോ സഭാംഗങ്ങള്‍. ഈ ഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചെറുപുസ്തകം കൊളോണിലെ മരിയസംഖ്യാംഗങ്ങളുടെ പേരില്‍ അവര്‍ അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന ഫെര്‍ഡിനാന്‍ഡ് തിരുമേനിക്കു സമ്മാനിച്ചു. അദ്ദേഹം അത് അംഗീകരിക്കുകയും അതിനു പ്രസിദ്ധീകരണാനുവാദം നല്കുകയുമുണ്ടായി. തന്റെ രൂപത മുഴുവനിലും ഈ ഭക്തി പ്രചരിപ്പിക്കുവാന്‍ എല്ലാ വൈദികരെയും സന്യാസികളെയും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സുപ്രസിദ്ധനായ കര്‍ദ്ദിനാള്‍ ഡി. ബെഹുല്ല തിരുമേനി ഫ്രാന്‍സിലെങ്ങും ഈ ഭക്തി പ്രചരിപ്പിക്കുവാന്‍ ഏറ്റവും തീക്ഷണതയോടെ ശ്രമിച്ചവരില്‍ ഒരാളാണ്. അദ്ദേഹത്തെ ഇന്നും ആ ജനത സംപൂജ്യതയോടെ സ്മരിക്കുന്നു. അദ്ദേഹത്തിനെതിരായി അപവാദങ്ങളും പീഡനങ്ങളും പൊട്ടിപുറപ്പെട്ടു. വിമര്‍ശകര്‍ അദ്ദേഹത്തില്‍ നവീകരണവും അന്ധവിശ്വാസവും ആരോപിച്ചു. അദ്ദേഹത്തിനെതിരായി ഒരു കുറ്റപത്രം പ്രസിദ്ധീകരിക്കുകയായിരുന്നു, അവരുടെ അടുത്ത നടപടി. ഫ്രാന്‍സില്‍ ഈ ഭക്തിയുടെ പ്രചാരത്തെ തടയുവാന്‍ അവര്‍ ഒരായിരം കൗശലങ്ങള്‍ പ്രയോഗിച്ചു. അതിനവരെ പിശാച് ഉപരണമാക്കി എന്നു പറയുകയാണ് കൂടുതല്‍ ശരി.
പക്ഷേ, വിശുദ്ധനും വിഖ്യാനം സി കര്‍ദ്ദിനാള്‍ അപവാദങ്ങളെയെല്ലാം ക്ഷമയോടെ നേരിട്ടു. ദൂഷണപത്രികയിലെ ആക്ഷേപങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ഒരു ലഘുഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഈ ഭക്തി , ഈശോമിശിഹയുടെ മാതൃകയെയും മാമ്മോദീസായിലെടുക്കുന്ന വതങ്ങളെയും അടിസ്ഥനപ്പെടുത്തിയുള്ളതാണെന്നു പ്രസ്തുത ഗ്രന്ഥത്തില്‍ വ്യക്തമാക്കിക്കൊണ്ട് , ആരോപണങ്ങളെ തകര്‍ക്കുന്നുണ്ട്, പരിശുദ്ധ കന്യകയ്ക്കും, അവളുടെ കരങ്ങള്‍വഴി ഈശോയ്ക്കുള്ള സമര്‍പ്പണം, മാമ്മോദീസായില്‍ നാമെടുക്കുന്ന വ്രതങ്ങളുടെയും, വാഗ്ദാനങ്ങളുടെയും ഉത്തമമായ ഒരു നവീകരണമാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
ഒടുവില്‍ പറഞ്ഞ സുപ്രധാന മാര്‍ഗ്ഗത്തിലൂടെയാണ് അദ്ദേഹം ശത്രുക്കളെ നിശ്ശബ്ദരാക്കിയത്. ഈ ഭക്തിയെക്കുറിച്ചു ധാരാളം വിവരങ്ങള്‍ അദ്ദേഹമെഴുതിയ പുസ്തകങ്ങളില്‍ കാണാം.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.