മരിയഭക്തര്‍ അവഹേളിക്കപ്പെടുന്നത് എന്തു കൊണ്ട്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 46
ഇവിടെ ചില വിശ്വസ്ത ദാസരില്‍നിന്ന് ഒരു ചോദ്യമുദിച്ചേക്കാം: ഈ വിമലജനനിയുടെ വിശ്വസ്തദാസര്‍ക്ക്, മറിയത്തോട് വലിയ ഭക്തി യില്ലാത്തവരെക്കാള്‍ കൂടുതല്‍ സഹിക്കേണ്ടിവരുന്നതെന്തുകൊണ്ടാണ്?
അന്യര്‍ ഇവരോടെതിര്‍ക്കുന്നു; ഇവരെ പീഡിപ്പിക്കുന്നു, അധിക്ഷേപിക്കുന്നു – പോരാ, അവര്‍ക്ക് ഇവരുടെ സാന്നിദ്ധ്യം സഹിച്ചുകൂടാ. ‘അല്ലെങ്കില്‍, ഇവര്‍ സ്വര്‍ഗ്ഗീയ വെണ്‍മഞ്ഞിന്റെ ഒരു തുള്ളിപോലും ആസ്വദിക്കുവാന്‍ സാധിക്കാത്ത ആന്തരിക അന്ധകാരത്തിലും ആദ്ധ്യാത്മിക മരുഭമികളിലും തപ്പിത്തടയുന്നു. പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തി ഈശോയുടെ പക്കലേക്കുള്ള എളുപ്പവഴിയെങ്കില്‍, ഇവര്‍ ഏറ്റവുമധിക അവഹേളിതനാകുന്നത് എന്തുകൊണ്ട് ?
ഇതാണ് മറുപടി : പരിശുദ്ധ കന്യകയുടെ ഏറ്റവും വിശ്വസ്ത ദാസന്മാര്‍, അവള്‍ക്ക് അത്യധികം പ്രിയപ്പെട്ടവരാണ് എന്നതു പരമസത്യം. അക്കാരണത്താല്‍ അവളില്‍നിന്ന് ഏറ്റവുമധികം സ്വര്‍ഗ്ഗീയ സഹായങ്ങളും ആനുകൂല്യങ്ങളും അവര്‍ സ്വീകരിക്കുന്നുണ്ട്; അവ കുരിശുകളാണെന്നു മാത്രം. കൂടുതല്‍ കുരിശുകള്‍ പ്രയാസം കൂടാതെ വഹിക്കുന്നതും അവയില്‍നിന്നു കൂടുതല്‍ യോഗ്യതയും മഹത്ത്വവും സമ്പാ ദിക്കുന്നതും അവര്‍ തന്നെയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. സാധാരണക്കാരന്റെ അഭിവൃദ്ധിയെ ഒരായിരത്തിലേറെ പ്രാവശ്യം തടയുകയും , ചിലപ്പോള്‍ അവനെ വീഴ്ത്തുകയും ചെയ്യുന്നവ ഒരിക്കല്‍പ്പോലും മരിയഭക്തനെ തടസ്സപ്പെടുത്തുകയില്ല.
പ്രത്യുത കൂടുതല്‍ ശക്തിയോടെ മുന്നേറാനാണ് അവ സഹായിക്കുക. കാരണം, പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകമുള്ളവളും അവിടുത്തെ കൃപാവരങ്ങളാല്‍ പരിപൂരിതയുമായ മറിയം, തന്റെ ആശ്രിതര്‍ക്കു പരിശുദ്ധമായ സ്‌നേഹവും മാധുര്യവും കലര്‍ത്തി, കൈപ്പേറിയ കുരിശുകള്‍ ആണെങ്കിലും പാകപ്പെടുത്തിയാണു സമ്മാനിക്കുക. തന്മൂലം അവയെ സസന്തോഷം സ്വീകരിക്കുവാന്‍ അവര്‍ സന്നദ്ധരാകുന്നു.
യേശുക്രിസ്തുവിന്റെ വലിയ ഭക്തനായി അവിടുത്തോടു വിശ്വസ്തനുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്, ആവശ്യം പിന്നിടേണ്ടി വരുന്ന പീഡനവും അനുദിനം വഹിക്കേണ്ടിവരുന്ന കുരിശുകളും നിരവധിയാണല്ലോ. അമ്മയോടുള്ള ആര്‍ദ്രമായ സ്‌നേഹം കൂടാതെ ഒന്നുകില്‍ വലിയ കുരിശുകള്‍ ഒരിക്കലും വഹിക്കുകയില്ല, അഥവാ സന്തോഷത്തോടും സ്ഥിരതയോടുംകൂടി അവ വഹിക്കില്ല . അവളുടെ സ്‌നേഹമാണ് കുരിശുകളെ മാധുര്യപൂര്‍ണ്ണമാക്കുക. പഞ്ചസാര ചേര്‍ത്ത്, അരുചികരമായ പഴുക്കാത്ത ഫലങ്ങള്‍ ഭക്ഷ്യ യോഗ്യമാക്കുന്നതു പോലെയാണിത്.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.