നമ്മുടെ സത്പ്രവര്‍ത്തികള്‍ പരിശുദ്ധ അമ്മയെ ഭരമേല്‍പിച്ചാല്‍ എന്തു സംഭവിക്കും?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 41

ചില ആക്ഷേപങ്ങള്‍ക്കുള്ള മറുപടി

ഈ ഭക്താഭ്യാസം നവീനമെന്നോ അവഗണനാര്‍ഹമെന്നോ പറഞ്ഞ് നിരസിക്കാവുന്നതല്ല. ഈശോയ്ക്ക് ആത്മാര്‍പ്പണം ചെയ്യുന്നതും ജ്ഞാനസ്‌നാന വാഗ്ദാനങ്ങളെ നവീകരിക്കുന്നതും ഒക്കെ പുരാതനകാലം മുതല്‍ക്കേ പ്രചാരത്തിലിരുന്നുവെന്നാണ് സൂനഹദോസുകളും പിതാക്കന്മാരും പ്രാചീനരും ആധുനികരുമായ ഗ്രന്ഥകാരന്മാരും പ്രസ്താവിക്കുന്നത്. ഈ ഭക്തകൃത്യങ്ങളനുഷ്ഠിക്കുവാന്‍ അവര്‍ ഉപ ദേശിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇതൊരു നവീനമായ ഭക്ത്യാഭ്യാസമല്ല. എല്ലാ അസ്സന്മാര്‍ഗ്ഗികതയുടെയും നിത്യനാശത്തിന്റെയും മൂലകാരണം ഈ ഭക്തിയെ വിസ്മരിക്കുന്നതും അതിനോട് നിസ്സംഗത പുലര്‍ത്തുന്നതുമാണ്. ആകയാല്‍ ഈ ഭക്താഭ്യാസം അവഗണിച്ചു തള്ളേ ണ്ടതല്ല.

നമ്മുടെ സകല സത്പ്രവൃത്തികളും – പ്രാര്‍ത്ഥനകളോ , ത്യാഗങ്ങളോ , ദാനധര്‍മ്മങ്ങളോ എന്തായാലും ശരി – മാതാവുവഴി ഈശോയ്ക്കു സമര്‍പ്പിക്കുന്നതിനാല്‍ നമ്മുടെ മാതാപിതാക്കള്‍, സ്‌നേഹിതര്‍, ഉപകാരികള്‍ മുതലായവരുടെ ആത്മാക്കളെ സഹായിക്കുവാന്‍ നാം അപ്രാപ്തരായിത്തീരുന്നു എന്നു ചിലര്‍ വാദിച്ചേക്കാം.

അതിനുള്ള എന്റെ മറുപടികള്‍ : നാം നമ്മെ പരിപൂര്‍ണ്ണമായി മറിയത്തിനും ക്രിസ്തനാഥനും സമര്‍പ്പിച്ചതുകൊണ്ട്, നമ്മുടെ ബന്ധുക്കളും സ്‌നേഹിതരും സഹായികളും നഷ്ടം സഹിക്കേണ്ടി വരുമെന്നു പറയുന്നതു ശരിയല്ല. അവരെ നമ്മുടെ ചുരുങ്ങിയ ആദ്ധ്യാത്മിക സമ്പത്തുകൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ സഹായിക്കുവാന്‍ നന്നായി അറിയാവുന്ന ഈശോയുടെയും മറിയത്തിന്റെയും നേരെ തൊടുത്തുവിടുന്ന ഒരു അപഹാസ്യ ശരമാണിത്.

നമ്മുടെ സത്പ്രവൃത്തികള്‍ ആര്‍ക്കുവേണ്ടി കാഴ്ചവയ്ക്കണമെന്നതു മറിയത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, ജീവിക്കുന്നവരും മരിച്ചവരുമായ  ആര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതിന് ഈ ഭക്താഭ്യാസം നമ്മെ തടയുന്നില്ല . നേരെമറിച്ച്, കൂടുതല്‍ വിശ്വാസത്തോടുകൂടി പ്രാര്‍ത്ഥിക്കുവാന്‍ അതു നമ്മെ പ്രേരിപ്പിക്കും. രാജാവിനെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഒരു പ്രഭു തന്റെ സമ്പത്തെല്ലാം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നുവെന്നു കരുതുക. ആ പ്രഭുവിന്, തീര്‍ച്ചയായും കൂടുതല്‍ ശരണത്തോടുകൂടി തന്റെ സ്‌നേഹിതനുവേണ്ടി രാജസമക്ഷം മാദ്ധ്യസ്ഥ്യം വഹിക്കാം. അപ്രകാരം യാചിക്കുന്നവ സാധിച്ചുകൊടുക്കുക രാജാവിനു തികച്ചും പ്രീതികരമായിരിക്കുകയില്ലേ ?

തന്നെ സമ്പന്നനാക്കി മഹത്ത്വപ്പെടുത്തുവാന്‍ സ്വയം ദരിദ്രനായ ഉത്തമസ്‌നേഹിതനോട് കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ അവസരം ലഭിക്കുന്നത് ആ രാജാവിനു എത്ര സന്തോഷകരമായിരിക്കുകയില്ല! ഈശോയെയും മാതാവിനെയുംപറ്റി ഇതുതന്നെ പറയാം. മറ്റാരേയുംകാള്‍ കൃതജ്ഞരാണവര്‍ .

എല്ലാ സത്പ്രവൃത്തികളുടെയും ഫലം ഇഷ്ടാനുസരണം വിതരണം ചെയ്യുവാന്‍ മറിയത്തെ ഏല്പ്പിച്ചാല്‍ ഒരുപക്ഷേ കൂടുതല്‍ കാലം ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവരികയില്ലേ എന്നാണ് ചിലരുടെ സംശയം. സ്വാര്‍ത്ഥസ്‌നേഹവും ദൈവത്തിന്റെയും ദൈവമാതാവിന്റെയും ഔദാര്യത്തെപറ്റിയുമുള്ള അജ്ഞതയുമാണ് ഈ സംശയത്തിനു നിദാനം. തീക്ഷണമതിയും ഔദാര്യശീലനുമായ ഒരു ക്രിസ്ത്യാനി തീര്‍ച്ച യായും സ്വഹിതത്തെക്കാള്‍ ഉപരിയായി ദൈവഹിതത്തെ പരിഗണിക്കും. മറിയം വഴി ക്രിസ്തുനാഥനെ മഹത്ത്വപ്പെടുത്തുവാനും അവിടുത്തെ രാജ്യം വിസ്തൃതമാക്കുവാനും മാത്രം ആഗ്രഹിക്കുന്ന തീക്ഷ്ണതയും ഔദാര്യവുമുള്ള ഒരുവന്‍ സ്വന്തമായി ഒന്നും സൂക്ഷിക്കാതെ എല്ലാം ദൈവത്തിനു സമര്‍പ്പിക്കും. മറ്റുള്ളവരെക്കാള്‍ ഉദാരമതിയും നിസ്സ്വാര്‍ത്ഥനുമായതുകൊണ്ട് അയാള്‍ പരലോകത്തില്‍ ശിക്ഷിക്കപ്പെടുമെന്നോ ? അതൊരിക്കലുമില്ല . നേരെമറിച്ച്, ഈ ആത്മാവിലായിരിക്കും ഈശോയും അവിടുത്തേ വിമലാംബികയും, ഇഹത്തിലും പരത്തിലും പ്രകൃതിയുടെയും കൃപയുടെയും മഹത്ത്വത്തിന്റെയും അനുഗ്രഹങ്ങള്‍ അധികമായി വര്‍ഷിക്കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles