ജീവന്റെ വൃക്ഷത്തിലേക്ക് നയിക്കാനുള്ള വഴി പരി. മറിയമാണ്.

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

ആത്മാവ് മറിയത്തിലൂടെ ഈശോയുടെ പ്രതിച്ഛായയായി രൂപാന്തരപ്പെടുന്നു

ജീവന്റെ വൃക്ഷമാണു മറിയം. പ്രസ്തുത ഭക്താഭ്യാസങ്ങള്‍ വഴി ഈ വൃക്ഷം നമ്മില്‍ വളര്‍ത്തുന്നെങ്കില്‍ യഥാസമയം അതു ഫലം പുറപ്പെടുവിക്കും. ഈശോയല്ലാതെ മറ്റൊന്നുമല്ല ആ ഫലം. മറിയത്തില്‍ പാപമില്ല. പാപത്തിന്റെ ഏറ്റവും ചെറിയ നിഴല്‍ പോലും ഇല്ലാത്തതിനാല്‍ അവളില്‍ അന്ധകാരമില്ല. മറിയം ഒരു വിശുദ്ധ സ്ഥലമാകുന്നു. വിശുദ്ധര്‍ക്ക് രൂപം കൊടുക്കുന്ന ഏറ്റവും വിശുദ്ധമായ സ്ഥലമാണ് അവള്‍.

വിശുദ്ധര്‍ മറിയത്തില്‍ വാര്‍ത്തെടുക്കപ്പെടുന്നു. ഉളിയും ചുറ്റികയും ഉപയോഗിച്ച് പ്രതിമ നിര്‍മ്മിക്കകുന്നതും മൂശയില്‍ വാര്‍ത്തെടുക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ആദ്യം പറഞ്ഞ വിധത്തില്‍ പ്രതിമ നിര്‍മ്മിക്കുവാന്‍ ശില്പികള്‍ വളരെ പ്രയത്‌നിക്കുകയും അധികസമയം ചെലവഴിക്കുകയും വേണം. രണ്ടാമത്തെ വിധത്തിലാണെങ്കില്‍ അവര്‍ക്ക് അല്‍പം ജോലിയേ ഉള്ളൂ. വളരെ കുറച്ച് സമയത്തിനുള്ളില്‍ പണി തീരുകയും ചെയ്യും.

വി. അഗസ്തീനോസ് ദിവ്യനാഥയെ ‘ദൈവത്തിന്റെ മൂശ’ എന്നു വിളിക്കുന്നു. ദൈവത്തെ കരുപ്പിടിപ്പിക്കാന്‍ പോരുന്ന മൂശയാണവള്‍. ഈ ദിവ്യ മൂശയില്‍ നിക്ഷേപിക്കപ്പെടുന്നവന്‍ ഈശോയിലും ഈശോ അവനിലും രൂപം പ്രാപിക്കും. ദൈവത്തിനു രൂപം കൊടുത്ത അതേ മൂശയില്‍ ഇടുന്നതുകൊണ്ട്, ഏറ്റവും കുറഞ്ഞ ചെലവിലും വളരെക്കുറച്ചു സമയത്തിനുള്ളിലും അവന്‍ ദൈവമായി മാറുന്നു.

ദൈവത്തിന്റെ ഉപരിമഹത്വം

മരിയഭക്തി വിശ്വസ്തതയോടെ അഭ്യസിച്ചാല്‍ ക്ലേശകരമായ മറ്റേതു ഭക്തിയും വളരെക്കൊല്ലങ്ങള്‍ അഭ്യസിക്കുന്നതിലുമധികം നീ ഇശോയെ മഹത്വപ്പെടുത്തും. മറിയംവഴി എല്ലാ പ്രവൃത്തികളും ചെയ്യുമ്പോള്‍ നിന്റെ നല്ല നിയോഗങ്ങള്‍ പോലും നീ വിസ്മരിക്കുന്നു; മറിയത്തിന്റെ അജ്ഞാതമായ നിയോഗങ്ങള്‍ക്കു നിന്നെത്തന്നെ സമര്‍പ്പിക്കുന്നു. അപ്പോള്‍ അവളുടെ ഉത്കൃഷ്ടനിയോഗങ്ങളില്‍ ഭാഗഭാക്കാവുകയാണു നീ. ഏറ്റവും നിസാരമായ പ്രവൃത്തികള്‍ക്കൊണ്ട് എല്ലാ വിശുദ്ധരെയുംകാള്‍ അധികം ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ മറിയത്തിനു കഴിഞ്ഞു. തന്മൂലം ഐഹികജീവിതത്തിലെ ചുരുങ്ങിയ കാലം കൊണ്ട് അവാച്യമായ കൃപാവരങ്ങളുടെയും യോഗ്യതകളുടെയും ഒരു വലിയ ശേഖരത്തിന് അവള്‍ ഉടമയായി. അവയെ എണ്ണിത്തിട്ടപ്പെടുത്തുക എന്നതിനേക്കാള്‍ ആകാശത്തിലെ നക്ഷത്രങ്ങളെയോ സമുദ്രത്തിലെ വെള്ളത്തുള്ളികളേയോ കടല്‍ത്തീരത്തെ മണല്‍ത്തരികളേയോ എണ്ണുകയാണ് എളുപ്പം. അങ്ങനെ എല്ലാ മാലാഖമാരും വിശുദ്ധരും നല്‍കിയതും ഇനി നല്‍കാനിരിക്കുന്നതുമായ മഹത്വത്തെക്കാള്‍ അധികം മഹത്വം അവള്‍ ദൈവത്തിനു നല്‍കി.

മരിയഭക്തി അഭ്യസിക്കുന്നവന്‍ തന്റെ വിചാരങ്ങളെയും പ്രവൃത്തികളെയും നിസാരമായാണ് എണ്ണുക. ഈശോയെ സമീപിക്കുവാനോ അവിടുത്തോടു സംസാരിക്കുവാനോ മറിയത്തിന്റെ യോഗ്യതകളെ മാത്രമേ അവന്‍ ആശ്രയിക്കുന്നുള്ളൂ. അവയിലേ അവന്‍ സന്തോഷം കണ്ടെത്തുന്നുള്ളൂ. അങ്ങനെ, സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കുകയും തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും ചെയ്യുന്ന മറ്റുള്ളവരേക്കാളധികം എളിമ അവന്‍ സമ്പാദിക്കുന്നു. തന്നിമിത്തം അവനാണു ദൈവത്തെ കൂടുതല്‍ മഹത്വപ്പെടുത്തുന്നത്. കാരണം, ഹൃദയത്തില്‍ എളിമയുള്ളവര്‍ക്കും ചെറിയവര്‍ക്കും താഴ്മയുള്ളവര്‍ക്കും മാത്രമേ ദൈവത്തെ പരിപൂര്‍ണ്ണമായി മഹത്വപ്പെടുത്തുവാന്‍ കഴിയൂ.

അവാച്യമായ സ്‌നേഹവായ്‌പോടെ ദിവ്യനാഥ നമ്മുടെ പ്രവൃത്തികളാകുന്ന കാഴ്ചവസ്തുക്കളെ തന്റെ വിമലകരങ്ങളില്‍ സ്വീകരിച്ച് അനുപമമായ അഴകും ശോഭയും അവയ്ക്കു നല്‍കുന്നു. അവള്‍തന്നെ അവ ഈശോയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു. അവള്‍ സമര്‍പ്പിച്ചാല്‍ കുറ്റങ്ങള്‍ ചെയ്ത നമ്മുടെ കരങ്ങള്‍ക്കൊണ്ട് അവ സമര്‍പ്പിക്കുന്നതിനേക്കാള്‍ അധികം മഹത്വം ദൈവത്തിനു ലഭിക്കും.
മറിയം ദൈവത്തോട് പരിപൂര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. അവളെ ദൈവത്തിന്റെ ബന്ധുവെന്ന് ധൈര്യപൂര്‍വം വിളിക്കാം. അവള്‍ ഉണ്ടായിരിക്കുന്നത് ദൈവത്തിനുവേണ്ടി മാത്രം. അവള്‍ ദൈവത്തിന്റെ പ്രതിധ്വനിയാണ്. ദൈവം എന്നല്ലാതെ അവള്‍ ഒന്നും പറയുന്നില്ല, ആവര്‍ത്തിക്കുന്നില്ല. നീ ‘മറിയം’ എന്നു പറഞ്ഞാല്‍ അവള്‍ ദൈവം എന്നു പറയും. മറിയം വിശ്വസിച്ചതുകൊണ്ട് വി. എലിസബത്ത് അവളെ അനുഗ്രഹീത എന്നു വിളിച്ചു. അപ്പോള്‍ ദൈവത്തിന്റെ യഥാര്‍ത്ഥപ്രതിനിധിയായ മറിയം പാടി: ‘ എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു’ എന്ന് (വി.ലൂക്ക 1.46).

അന്ന് മറിയം ചെയ്തത് ഇന്നും അവള്‍ അനുദിനം വീണ്ടും ആവര്‍ത്തിക്കുന്നു. നാം അവളെ സ്തുതിക്കുകയോ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ എന്തെങ്കിലും അവള്‍ക്ക് നല്‍കുകയോ ചെയ്യുമ്പോള്‍ മറിയം വഴിയും മറിയത്തിലൂടെയും ദൈവമാണ് സ്തുതിക്കപ്പെടുക. സ്‌നേഹിക്കപ്പെടുക. ബഹുമാനിക്കപ്പെടുക. അവിടുത്തേക്കാണ് നാം എല്ലാം നല്‍കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles