ആത്മാക്കളുടെ വിശുദ്ധീകരണത്തിനു മറിയത്തെ ദൈവത്തിന് ആവശ്യമാണ്

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 3

 

മനുഷ്യാവതാരത്തിലും യേശുവിന്റെ ആദ്യാഗമനത്തിലും പരിശുദ്ധ ത്രിത്വം ഏതു മാര്‍ഗ്ഗം സ്വീകരിച്ചുവോ അതേ രീതിയില്‍ത്തന്നെ ഓരോ ദിവസവും കാഴ്ചയ്ക്കതീതമായ വിധത്തില്‍ തിരുസഭയില്‍ ഇപ്പോഴും പ്രവര്‍ത്തനനിരതരാണ് അവര്‍. കാലത്തിന്റെ അവസാനത്തില്‍ യേശുക്രിസ്തു വീണ്ടും ആഗതനാകുന്നതുവരെ അവര്‍ അതു തുടരുകതന്നെ ചെയ്യും.

പിതാവായ ദൈവം വെള്ളത്തെ മുഴുവനും ഒരുമിച്ചുകൂട്ടി അതിനു കടല്‍ എന്നു പേരിട്ടു. അതുപോലെ അവിടുന്നു തന്റെ കൃപാവരം മുഴുവനും സമാഹരിച്ച് അതിനു മറിയം എന്നു പേരു വിളിച്ചു. ഉന്നതനായ ദൈവത്തിനു തന്റെ എല്ലാ സൗന്ദര്യവും സമൃദ്ധിയും, വിലയുറ്റവയും അപൂര്‍വ്വമായവയുമായ നിധികളൊക്കെയും- അല്ല, തന്റെ പുത്രനേപ്പോലും – സൂക്ഷിക്കുന്ന സമ്പന്നമായ ഒരു ഭണ്ഡാഗാരമുണ്ട്. ആ അതിവിശാലമായ ഭണ്ഡാഗാരം മറിയമല്ലാതെ മറ്റാരുമല്ല. തന്റെ ഐശ്വര്യസമൃദ്ധിയില്‍നിന്നും സകലരെയും സമ്പന്നരാക്കുന്ന ദൈവിക ഭണ്ഡാഗാരം എന്നു വിശുദ്ധര്‍ അവളെ സംബോധന ചെയ്യുന്നതിനു കാരണം ഇതത്രേ.
പുത്രനായ ദൈവം തന്റെ ജീവിതംകൊണ്ടും മരണം കൊണ്ടും സമ്പാദിച്ച എല്ലാ സ്തുത്യര്‍ഹമായ പുണ്യങ്ങളും അനന്തമായ യോഗ്യതകളും തന്റെ മാതാവിനെ ഏല്‍പിച്ചു. പിതാവില്‍നിന്നും തനിക്ക് അവകാശമായി ലഭിച്ച സകലത്തിന്റെയും സംരക്ഷകയായി മറിയത്തെ നിയോഗിച്ചു. മറിയംവഴിയാണ് അവിടുന്നു ഭൗതികശരീരത്തിലെ മറ്റവയവങ്ങള്‍ക്ക് തന്റെ യോഗ്യതകള്‍ ഉപയുക്തമാക്കുന്നതും തന്റെ പുണ്യങ്ങള്‍ പകരുന്നതും. അവള്‍ അവിടുത്തേ കൃപയുടെ സംഭരണിയാണ്; നിഗൂഢ നീര്‍ച്ചാലാണ്. അത് മനുഷ്യര്‍ക്ക് അനുയോജ്യമാംവിധം നിര്‍മ്മിതമാകയാല്‍ അതിലൂടെ തന്റെ കാരുണ്യം സൗമ്യമായും സമൃദ്ധമായും ഒഴുക്കുക എളുപ്പമത്രേ.

പരിശുദ്ധാത്മദാനങ്ങള്‍ മാതാവിലൂടെ

പരിശുദ്ധാത്മാവായ ദൈവം അനിര്‍വചനീയമായ തന്റെ ദാനങ്ങള്‍ മണവാട്ടിയായ മറിയത്തിലേക്കു പകര്‍ന്നു. അവിടുത്തേക്കു സ്വന്തമായതെല്ലാം വിതരണം ചെയ്യാന്‍ അവളെ തെരഞ്ഞെടുത്തിരിക്കുന്നു. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമായവിധത്തില്‍, ഇഷ്ടമുള്ളവര്‍ക്ക്, ഇഷ്ടമുള്ളിടത്തോളം വിതരണം ചെയ്യത്തക്കവിധത്തില്‍ തന്റെ ദാനങ്ങളും കൃപകളും അവിടുന്ന് അവള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. കന്യകാമറിയത്തിന്റെ പരിശുദ്ധമായ കരങ്ങളിലൂടെ അല്ലാതെ സ്വര്‍ഗ്ഗീയദാനങ്ങള്‍ മനുഷ്യര്‍ക്ക് പരിശുദ്ധാത്മാവ് നല്‍കുന്നില്ല. അതായിരുന്നു ദൈവഹിതം. ഒരിക്കല്‍ വിനയംമൂലം ജീവിതകാലം മുഴുവന്‍ ദരിദ്രയും വിനീതയും ഇല്ലായ്മയുടെ അഗാധങ്ങളില്‍ മറഞ്ഞിരുന്നവളുമായ മറിയം ഇപ്പോള്‍ അത്യുന്നതനാല്‍ സമ്പന്നയും പ്രശംസനീയയും ബഹുമാനിതയുമായി. അതുതന്നെയാണ് സഭയുടെയും സഭാപിതാക്കന്മാരുടെയും അഭിപ്രായവും.

ഇന്നത്തെ യുക്തിവാദികളോടാണ് ഞാന്‍ സംസാരിക്കുന്നതെങ്കില്‍, വളരെ സരളമായി ഇപ്പോള്‍ത്തന്നെ പറഞ്ഞുവച്ചവയെ, വേദപുസ്തകത്തില്‍നിന്നും സഭാപിതാക്കന്മാരുടെ പഠനങ്ങളില്‍നിന്നും ദീര്‍ഘവും വ്യക്തവുമായ അനവധി ന്യായങ്ങള്‍കൊണ്ട് തെളിയിക്കുമായിരുന്നു. ഫാദര്‍ പോയിറേയുടെ ‘മറിയത്തിന്റെ ത്രിവിധ കിരീടം’ എന്ന ഗ്രന്ഥത്തില്‍ എല്ലാ തെളിവുകളും വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ സംസാരിക്കുന്നത് പാവങ്ങളും സാധരണക്കാരും വിനീതരുമായവരോടാണ്. പണ്ഡിതഗണത്തോടുവച്ചുനോക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ വിശ്വാസമുള്ളതിനാല്‍ അവര്‍ നിഷ്പ്രയാസം വിശ്വസിക്കുന്നു, യോഗ്യതകള്‍ നേടുന്നു. അതുകൊണ്ട് സത്യങ്ങള്‍ സരളമായി അവതരിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്യൂ. അവര്‍ക്ക് ഒട്ടും മനസിലാക്കാനാവാത്ത ഉദ്ധരണികളൊന്നും നിരത്താന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും സാന്ദര്‍ഭികമായി ചില വാക്യങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യാം.

കൃപാവരം പ്രകൃതിയെയും മഹത്വം കൃപാവരത്തെയും പരിപൂര്‍ണ്ണമാക്കുന്നു. അതുപോലെതന്നെ ക്രിസ്തുനാഥന്‍ ഭൂമിയിലെന്നപോലെ സ്വര്‍ഗ്ഗത്തിലും മറിയത്തിന്റെ സുതന്‍തന്നെയെന്ന് തീര്‍ച്ച. ഒരു നല്ല മകന്‍ ഉത്തമയായ മാതാവിനെ എന്നപോലെ, അവിടുന്ന് ഇപ്പോഴും അവളോടുള്ള വിധേയത്വവും അനുസരണവും നിലനിര്‍ത്തി പോരുന്നു. എന്നാല്‍ ഈ അനുസരണം ക്രിസ്തുവിനെ ഒരിക്കലും അപൂര്‍ണ്ണനോ തരംതാഴ്ന്നവനോ ആക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെയായ പുത്രനോട് തുലനം ചെയ്യുമ്പോള്‍ മറിയം അനന്തമായ വിധത്തില്‍ താഴ്ന്നവളാണ്. ഒരു സാധാരണമാതാവ് തന്റെ മകനോട് എന്നതുപോലെ കല്‍പിക്കുകയല്ല അവള്‍ ചെയ്യുന്നത്. കൃപാവരത്താലും മഹത്വത്താലും വിശുദ്ധര്‍ ദൈവത്തിലേക്കു രൂപാന്തരം പ്രാപിച്ചതുപോലെ മറിയം ദൈവത്തിലേക്കു പൂര്‍ണ്ണമായി രൂപാന്തരം പ്രാപിച്ചു. അവള്‍ ദൈവത്തിന്റെ അനന്തവും അചഞ്ചലവുമായ ഹിതത്തിനെതിരായി ഒന്നും ആഗ്രഹിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്കയില്ല. ‘സ്വര്‍ഗത്തിലും ഭൂമിയിലിമുള്ളതെല്ലാം, ദൈവം തന്നെയും മറിയത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. വി. ബര്‍ണ്ണാര്‍ദ്, വി. ബര്‍ണ്ണാര്‍ഡിന്‍, വി. ബൊനവഞ്ചര്‍ ആദിയായ വിശുദ്ധരുടെ ഗ്രന്ഥങ്ങളില്‍ ഇങ്ങനെയാണ് കാണുക. ദൈവം മറിയത്തിനു നല്‍കുവാന്‍ തിരുച്ചിത്തമായ അധികാരം ഏറ്റവും ഉന്നതമായതിനാല്‍ മറിയത്തിനുള്ള ശക്തി ദൈവത്തിന്റെ ശക്തിക്കു സമാനമെന്നു തോന്നും. അവിടുന്നു തന്റെ പ്രിയമാതാവിന്റെ യാചനകള്‍ ഒരിക്കലും തിരസ്‌കരിക്കില്ല. പ്രത്യുത, ഒരു കല്‍പന എന്നപോലെ സ്വീകരിക്കും. കാരണം അതെപ്പോഴും വിനീതമാണ്. ദൈവഹിതത്തിന് അനുരൂപമാണ്.

ദൈവത്തെ ധിക്കരിക്കുകയും അവിടുത്തെ കല്പന ലംഘിക്കുകയും ചെയ്ത ഇസ്രയേല്‍ ജനതയുടെമേല്‍ പതിച്ച ദൈവകോപം പിന്‍വലിക്കുവാന്‍ മോശ പ്രാര്‍ത്ഥിച്ചു. തന്റെ എളിയ ദാസന്റെ പ്രാര്‍ത്ഥന അത്യുന്നതനും അനന്തകാരുണ്യവാനുമായ ദൈവത്തിനു നിരാകരിക്കാനാവാത്തവിധം ശക്തമെങ്കില്‍ വിനീതയും ദൈവത്തിന് ഏറ്റവും അനുയോജ്യയുമായ മറിയത്തിന്റെ പ്രാര്‍ത്ഥന – സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും സകലപ്രാര്‍ത്ഥനകളെയും മാദ്ധ്യസ്ഥതകളെയും അതിശയിക്കുന്ന അവളുടെ യാചന എങ്ങനെ നിരാകരിക്കാനാവും?

മറിയം സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കും വിശുദ്ധര്‍ക്കും ആജ്ഞകള്‍ നല്‍കുന്നു. അഹങ്കാരം കൊണ്ട് അധ:പതിച്ച വാനവദൂതന്മാരുടെ സിംഹാസനങ്ങള്‍ വിശുദ്ധരെക്കൊണ്ടു നിറയ്ക്കുവാനുള്ള അധികാരവും ചുമതലയും തന്റെ അഗാധമായ എളിമയ്ക്കു പ്രതിഫലനമെന്നോണം ദൈവം അവള്‍ക്കു നല്‍കി. വിനീതരെ ഉയര്‍ത്തുന്ന അത്യുന്നതന്റെ ദിവ്യഹിതം സ്വര്‍ഗവും ഭൂമിയും നരകവും നല്ല മനസ്സോടെയോ അല്ലാതെയോ വിനീതയായ മറിയത്തിന്റെ ആജ്ഞകളുടെ മുമ്പില്‍ മുട്ടുകള്‍ മടക്കണമെന്നാണ്. കാരണം, അവിടുന്നവളെ ഭൂസ്വര്‍ഗങ്ങളുടെ രാജ്ഞിയും തന്റെ സൈന്യങ്ങളുടെ നായികയും അനര്‍ഘനിക്ഷേപങ്ങളുടെ കാവല്‍ക്കാരിയും കൃപാവരങ്ങളുടെ വിതരണക്കാരിയും ദൈവികാത്ഭുതങ്ങളുടെ പ്രവര്‍ത്തകയും മനുഷ്യരാശിയുടെ പുനരുദ്ധാരകയും അവരുടെ മധ്യസ്ഥയും ദൈവത്തിന്റെ ശത്രുക്കളെ സംഹരിക്കുന്നവളും തന്റെ മഹത്വത്തിലും വിജയത്തിലും വിശ്വസ്ത സഹകാരിണിയുമാക്കി.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭാരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles