നിങ്ങള്‍ യഥാര്‍ത്ഥ മരിയഭക്തനാണോ? എങ്കില്‍ ഈ പ്രത്യേകതകള്‍ ഉണ്ടായിരിക്കും
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി 29
1. ആന്തരികം
യഥാര്‍ത്ഥമരിയഭക്തി ആന്തരികമാണ്. ഹൃദയവും മനസ്സുമാണ്, അതിന്റെ ഉറവിടങ്ങള്‍. മറിയത്തെപ്പറ്റിയുളള മതിപ്പിലും അവളുടെ മഹത്വത്തെപ്പറ്റിയുളള വലിയ ആദരവിലും അവളോടുളള സ്‌നേഹത്തിലും നിന്നാണ് അതു പൊട്ടിപ്പുറപ്പെടുന്നത്.
2. മൃദുലം
ഒരു കുഞ്ഞിനു തന്റെ പ്രിയമാതാവിലുളളതുപോലെ സുദൃഢമാണ, യഥാര്‍ത്ഥ ഭക്തര്‍ക്കു മറിയത്തിലുളള പ്രത്യാശയും ആശ്രയവും. വലിയ വിശ്വാസത്തോടും നിഷ്‌കളങ്കമായ ശരണത്തോടും കൂടി ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളിലും നിഷ്പ്രയാസം മറിയത്തെ സമീപിക്കുവാന്‍ അതു നമുക്ക് പ്രചോദനം നല്‍കും. തന്നിമിത്തം, എവിടെവെച്ചും എപ്പോഴും എന്തിനും നാം മാതാവിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു. സംശയങ്ങളില്‍ പ്രബോധനവും മാര്‍ഗ്ഗഭ്രംശങ്ങളില്‍ നേര്‍വഴിയും പരീക്ഷകളില്‍ താങ്ങും ബലഹീനതകളില്‍ ശക്തിയും അധ:പതനത്തില്‍ സമുദ്ധാരണവും അധൈര്യത്തില്‍ ധീരതയും മന:ചാഞ്ചല്യങ്ങളില്‍ ദൃഢചിത്തതയും അവള്‍ തരും. അതിനാല്‍, ജീവിതത്തിെ കുരിശുകള്‍, വിഷമതകള്‍, നിരാശകള്‍ എന്നിവയില്‍ ആശ്വാസം തേടി നാം മാതൃസമക്ഷം അണയുന്നു. ആദ്ധ്യാത്മികമോ ശാരീരികമോ ആയ എല്ലാ കഷ്ടതകളിലും മറിയമാണ് നമ്മുടെ ആശ്രയം. ഇപ്രകാരം ചെയ്യുന്നത് അവളെ അലട്ടുമെന്നോ, ക്രിസ്തുവിനെ അപ്രീതിപ്പെടുത്തുമെന്നോ യാതൊരു ഭയവും അവരില്‍ ഉളവാക്കുന്നില്ല.
3. വിശുദ്ധം
യഥാര്‍ത്ഥ മരിയഭക്തി വിശുദ്ധമാണ്. ഈ ഭക്തി നമ്മെ പാപത്തില്‍ നിന്നു ദൂരെയകറ്റും. മാത്രമല്ല, പരിശുദ്ധ കന്യകയുടെ പുണ്യങ്ങളെ അനുകരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. അവളുടെ അഗാധമായ എളിമയും സജീവവിശ്വാസവും അന്ധമായ അനുസരണവും നിരന്തരമായ പ്രാര്‍ത്ഥനയും എല്ലാറ്റിലുമുളള ആശാനിഗ്രഹവും ദൈവിക പരിശുദ്ധിയും ഊഷ്മളമായ സ്‌നേഹവും വീരോചിതമായ ക്ഷമയും മാലാഖയെ പോലുളള മാധുര്യവും ദിവ്യജ്ഞാനവും നമ്മിലേക്ക് അവള്‍ പകരുന്നു. പരിശുദ്ധ കന്യകയില്‍ പ്രശോഭിച്ചിരുന്ന പത്തു പ്രധാന പുണ്യങ്ങളാണിവ.
4. സുസ്ഥിരം
യഥാര്‍ത്ഥ ഭക്തിയുടെ മറ്റൊരു ലക്ഷണം സ്ഥിരതയാണ്. നന്മയില്‍ അതു നമ്മെ ഉറപ്പിക്കും. ഭക്തകൃത്യങ്ങള്‍ അത്രപെട്ടെന്നു ഉപേക്ഷിച്ചു കളയാന്‍ അനുവദിക്കുന്നില്ല. ലോകത്തെയും ലൗകായതികത്വത്തെയും ജഡികപ്രവണതകളെയും പ്രകോപനങ്ങളെയും പൈശാചിക പരീക്ഷകളെയും നേരിടുവാന്‍ വേണ്ട ധൈര്യം അതു നമുക്കു പ്രദാനം ചെയ്യും. ആകയാല്‍, ഒരു യഥാര്‍ത്ഥ മരിയഭക്തന്‍ ചഞ്ചലമനസ്‌ക്കനോ സംശയാലുവോ ഭീരുവോ അസ്ഥിരനോ അസ്വസ്ഥനോ അല്ല. പക്ഷേ അവന്‍ ഒരിക്കലും പാപത്തില്‍ വീഴുകയില്ലെന്നോ, അവന്റെ ഭക്തവികാരങ്ങള്‍ എന്നെന്നും ഒന്നുപോലെ നിലനില്‍ക്കുമെന്നോ വരുന്നില്ല. പാപത്തില്‍ നിപതിക്കുന്നെങ്കില്‍, തന്റെ നല്ല മാതാവിന്റെ പക്കലേക്ക് ഇരുകരങ്ങളും നീട്ടി സഹായാഭ്യര്‍ത്ഥനയുമായി അവനണയും. ഭക്തകൃത്യങ്ങളില്‍ ഒരഭിരുചിയും തോന്നാതിരുന്നാലും അവന്‍ കുലുങ്ങുകയില്ല. കാരണം, വിശ്വസ്ഥനും ഉത്തമനുമായ
മരിയഭക്തന്‍ ഇന്ദ്രിയാനു ഭൂതിവഴിയല്ല, പ്രത്യുത, മറിയത്തിലും ക്രസ്തുവിലുമുളള വിശ്വാസം വഴിയാണു ജീവിക്കുന്നത് (ഹെബ്രാ 10:38).
5. നിസ്വാര്‍ത്ഥം
ഇതാണ് ഈ ഭക്തിയുടെ പ്രധാന ചിഹ്നം. നമ്മുടെ താത്പര്യങ്ങളെ അന്വേഷിക്കാതെ, ദൈവത്തെ മാത്രം അന്വേഷിക്കുവാനും, ദൈവത്തെ അവിടുത്തെ പരിശുദ്ധ അമ്മയില്‍ തേടുവാനും അതു നമ്മെ പ്രേരിപ്പിക്കുന്നു. താത്കാലികമോ നിത്യമോ ശാരീരികമോ ആയ, സ്വാര്‍ത്ഥലാഭത്തെ ലാക്കാക്കിയ, അവളത് അര്‍ഹിക്കുന്നതുകൊണ്ടും അവള്‍ വഴി ദൈവം ശുശ്രൂഷിക്കപ്പെടേണ്ടതുകൊണ്ടുമാണ്, യഥാര്‍ത്ഥ മരിയഭക്തര്‍ ഈ മഹാരാജ്ഞിയെ ശുശ്രൂഷിക്കുക. അനുഗ്രഹങ്ങള്‍ ലാഭിക്കുന്നതുകൊണ്ടോഇനിയും ധാനങ്ങള്‍ പ്രതീക്ഷിക്കാവുന്നതുകൊണ്ടോ അല്ല അവര്‍ മറിയത്തെ സ്‌നേഹിക്കുന്നത്. അവള്‍ സ്‌നേഹ യോഗ്യയാണ്; അതുമാത്രമാണ്, അവര്‍ അവളെ സ്‌നേഹിക്കാന്‍ കാരണം. ആദ്ധ്യാത്മികക്ലേശങ്ങളിലും ആദ്ധ്യത്മികാനന്ദങ്ങളിലും ഒന്നു പോലെ അവര്‍ അവളെ സ്‌നേഹിക്കകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിന്റെ ഹേതുവുമിതാണ്. കാനായിലെ കല്ല്യാണവിരുന്നിലും, കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലും അവര്‍ ഒന്നുപോലെ അവളെ സ്‌നേഹിക്കും.
ഓ! നിസ്സ്വാര്‍ത്ഥമായി മാതൃശശ്രൂഷചെയ്യുന്ന ഭക്തര്‍ ദൈവത്തിന്റെയും അവിടുത്തെ പരിശുദ്ധമാതാവിന്റെയും ദൃഷ്ടിയില്‍ എത്ര പ്രിയങ്കരരും വിലയുളളവരുമല്ല! എന്നാല്‍, ആധുനിക കാലത്ത് അപ്രകാരമുളളവര്‍ എത്ര വിരളം! അങ്ങനെയുളളവരുടെ സംഖ്യ വര്‍ദ്ധിക്കുവാന്‍ വേണ്ടിയാണ് രഹസ്യമായും പരസ്യമായും ഞാന്‍ പഠിപ്പച്ചിട്ടുളളവ ഇവിടെ രേഖപ്പെടുത്തുക. എന്റെ സുദീര്‍ഘമായ മിഷന്‍ പ്രര്‍ത്തനത്തില്‍ അവ ഒത്തിരിയേറെ ഫലം പുറപ്പെടുവിച്ചു.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.