എല്ലാ മരിയഭക്തരും നല്ല മരിയഭക്തരല്ല

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 28

 

ചഞ്ചലമനസ്‌ക്കര്‍

ഭക്തിയില്‍ സ്ഥിരതയില്ലാത്തവരാണവര്‍. ഈ നിമിഷം അവര്‍ തീക്ഷണഭക്തരെങ്കില്‍, അടുത്തനിമിഷം അവര്‍ മന്ദഭക്തരാകും. ചിലപ്പോള്‍ മാതാവിനുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന അവരുടെ തനിനിറം കാണുവാന്‍ അധികം താമസിക്കേണ്ടിവരുകയില്ല. സര്‍വ്വവിധ ഭക്തകൃത്യങ്ങളും അവര്‍ ചെയ്തു തുടങ്ങും. എല്ലാം സഖ്യങ്ങളിലും അംഗത്വം സ്വീകരിക്കും. പക്ഷേ, വിശ്വസ്തതയോടെ അവയുടെ നിയമങ്ങള്‍ അവര്‍ അനുസരിക്കുകയില്ല. ചന്ദ്രനെപ്പോലെ അവര്‍ നിരന്തരം പരിവര്‍ത്തനവിധേയരാണ്. ആകയാല്‍, ചന്ദ്രനെ പാദപീഠമാക്കി വാഴുന്ന ഈ രാജ്ഞി അവര്‍ക്കു നല്കുന്ന സ്ഥാനം ചന്ദ്രനോടൊപ്പം പാദത്തിന്‍ കീഴിലായിരിക്കും. മറിയത്തിന്റെ വിശ്വസ്തതയിലും സ്ഥിരതയിലും ഓഹരിപറ്റുന്ന വിശ്വസ്ത ദാസരുടെ കൂട്ടത്തില്‍ എണ്ണപ്പെടുവാന്‍ ചഞ്ചമനസ്‌ക്കരായ അവര്‍ തികച്ചും അയോഗ്യരാണ്. പലവിധ ഭക്തകൃത്യങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ഭാരം പേറുന്നതിലും ഭേദം, പിശാചിന്റെയും ജഡത്തിന്റെയും ലോകത്തിന്റെയും എതിര്‍പ്പുകളെ വകവയ്ക്കാതെ വിശ്വസ്തതയോടും സ്‌നേഹത്തോടും കൂടി ചുരുക്കം ചിലതു മാത്രം ചെയ്യുകയാണ് അവര്‍ക്കു നല്ലത്.

കപടഭക്തി

മാതാവിന്റെ മേലങ്കിയുടെ കീഴില്‍ തങ്ങളുടെ പാപങ്ങളും ദുസ്വഭാവങ്ങളും മറച്ചുവെച്ചു മറ്റുളളവരുടെ മുമ്പില്‍ മാന്യരായും ഭക്തരായും പ്രത്യക്ഷപ്പെടുവാനാണ് ഇവരുടെ ശ്രമം.

 സ്വാര്‍ത്ഥതത്പരര്‍

അപകടങ്ങളെ അകറ്റുവാനും അസുഖങ്ങള്‍ മാറുവാനും കേസുകളില്‍ ജയിക്കുവാനും മറ്റും, മാതൃസമക്ഷം അഭയംതേടുന്ന സ്വാര്‍ത്ഥമതികളാണിവര്‍. സ്വകാര്യലാഭമില്ലെന്നായാല്‍ അവിടം കൊണ്ടവസാനിച്ചു, ഇവരുടെ മരിയഭക്തി. ഇവരാരും യഥാര്‍ത്ഥ ഭക്തരല്ല; ദൈവത്തിനും അവിടുത്തേ മാതാവിനും സ്വീകാര്യരുമല്ല.

നമുക്കു വിമര്‍ശകരുടെ ഇനത്തില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. അവര്‍ ഒന്നും വിശ്വസിക്കുന്നില്ല. എല്ലാറ്റിനെയും വിമര്‍ശിക്കുന്നു. കര്‍ത്താവിനോടുണ്ടാകേണ്ട ഭക്തിയെ മറിയത്തോടുളള അതിരുകടന്ന ഭക്തി കുറയ്ക്കുമോ എന്ന ഭയപ്പാടില്‍ കഴിയുന്ന സംശയപ്രകൃതക്കാരോടും നമുക്കു വേഴ്ച വേണ്ട. ബാഹ്യഭക്തരുടെ ഭക്തിയെല്ലാം പുറമേ കാണുന്ന അനുഷ്ഠാനങ്ങള്‍ മാത്രമാണെങ്കില്‍ സ്വയം വഞ്ചകര്‍ ഏതാനും ഭക്തകൃത്യങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ട് പാപച്ചേറ്റില്‍ മുങ്ങിത്തുടിക്കുന്നു. എന്നാല്‍ ചഞ്ചലമനസ്‌ക്കര്‍ തങ്ങളുടെ ഭക്തകൃത്യങ്ങള്‍ ലാഘവബുദ്ധിയോടെ എപ്പോഴും മാറ്റുകയോ ഏറ്റവും നിസ്സാരമായ പ്രലോഭനത്താല്‍പ്പോലും പൂര്‍ണ്ണമായി നിറുത്തിവയ്ക്കുകയോ ചെയ്യും. കപടഭക്തരാകട്ടെ പല സംഘടനകളിലും അംഗത്വം സ്വീകരിക്കും. അമ്മയുടെ പ്രത്യേക വസ്ത്രം ധരിച്ചു മാന്യത ഭാവിക്കുകയും ചെയ്യും. രോഗവിമുക്തിക്കു വേണ്ടിയോ എന്തെങ്കിലും ലൗകിക കാര്യസാദ്ധ്യത്തിനു വേണ്ടിയോ മാത്രമായിരിക്കും സ്വാര്‍ത്ഥതത്പരര്‍ മരിയഭക്തി അഭ്യസിക്കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles