മരിയഭക്തിയുടെ ദുരുപയോഗം വലിയ ദൈവദോഷമാണ്

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 27

ബാഹ്യഭക്തര്‍

മാതാവിനോടുളള ഭക്തിയെല്ലാം ബാഹ്യകൃത്യങ്ങളില്‍ ഒതുക്കി നിറുത്തി തൃപ്തിപ്പെടുന്നവരാണ് ഇവര്‍. ആന്തരിക ചൈതന്യമില്ലാത്ത ഇവര്‍ക്കു ബാഹ്യശക്തി പ്രകടനങ്ങളില്‍ മാത്രമേ അഭിരുചിയുളളൂ. കൊന്തകള്‍ പലതും തിടുക്കത്തില്‍ ഇവര്‍ ചൊല്ലിക്കൂട്ടും, യാതൊരു ശ്രദ്ധയും കൂടാതെ ധാരാളം ദിവ്യബലികളില്‍ സംബന്ധിക്കും. ഭക്തിലേശമെന്നിയേ മരിയന്‍ പ്രദക്ഷിണങ്ങളില്‍ അവര്‍ പങ്കെടുക്കും. എല്ലാ സഖ്യങ്ങളിലും അവര്‍ അംഗങ്ങളായിരിക്കും. പക്ഷേ, ജീവിത നവീകരണത്തിനു അല്പംപോലും അവര്‍ ശ്രമിക്കുകയില്ല. ദുഷ്പ്രവണതകളെ അമര്‍ത്തുവാന്‍ ചെറുവിരല്‍പോലും അനക്കാത്തവരാണ് ഇക്കൂട്ടര്‍.

പരിശുദ്ധകന്യകയുടെ സുകൃതങ്ങള്‍ ഒന്നു പോലും അനുകരിക്കുവാന്‍ അവര്‍ തയ്യാറല്ല. ഇന്ദ്രിയഗോചരമായ ഭക്തിപ്രകടനങ്ങള്‍ മാത്രമാണ് അവര്‍ക്കിഷ്ടം. ആന്തരികമായ ഭക്തകൃത്യങ്ങളില്‍ അവര്‍ക്കു പ്രതിപത്തിയില്ല. ഭക്തകൃത്യങ്ങളില്‍ ഇന്ദ്രിയപരമായ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ അവര്‍ അസ്വസ്ഥരാകും. തങ്ങള്‍ യാതൊന്നും ചെയ്യുന്നില്ലെന്നാണ് അപ്പോള്‍ അവരുടെ വിചാരം. തന്നിമിത്തം, ഒന്നുകില്‍ അവയെല്ലാം, ഉപേക്ഷിക്കും, അല്ലെങ്കില്‍ ഒരു വ്യവസ്ഥയും ക്രമവും കൂടാതെ അവ അനുഷ്ഠിക്കും. ഇത്തരം ബാഹ്യഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണു ലോകം. ആന്തരികഭക്തി കാതലായി കരുതുന്നതോടൊപ്പം ബാഹ്യാചാരങ്ങളെയും വേണ്ടവിധം പരിഗണിക്കുന്ന യഥാര്‍ത്ഥഭക്തരെ ദോഷൈകദൃഷ്ട്യാ വിമര്‍ശിക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ ഇവരാണ്.

സ്വയം വഞ്ചിക്കുന്നവര്‍

ദുഷ്പ്രവണതകള്‍ക്ക് അടിപ്പെട്ടു ജീവിക്കുന്ന പാപികള്‍ അഥവാ ലൗകായതികരാണ് അവര്‍. ക്രിസ്ത്യാനികളെന്നും മരിയഭക്തരെന്നുമുളള മനോഹരനാമങ്ങളില്‍ തങ്ങളുടെ അഹങ്കാരം, ദ്രവ്യാഗ്രഹം, അശുദ്ധത, മദ്യപാനം, കോപം, ഈശ്വരനിന്ദ, അനീതി, അപവാദം, ആദിയായ പാപങ്ങളെ മറയ്ച്ചുവയ്ക്കുന്നു അവര്‍. തങ്ങളെത്തന്നെ തിരുത്തുന്നതിന് ആത്മാര്‍ത്ഥമായി പ്രയത്‌നിക്കാതെ അവര്‍ മരിയഭക്തരെന്ന പേരും പേറി ദുഷിച്ച തഴക്കങ്ങളുടെ ചെളിക്കുണ്ടില്‍ ശാന്തമായി ഉറങ്ങുന്നു. ദൈവം എല്ലാം ക്ഷമിച്ചുകൊളളും എന്നാണ് അവരുടെ ഭാവം. അവര്‍ കൊന്ത ജപിക്കുകയും ശനിയാഴ്ച തോറും ഉപവസിക്കുകയും ഉത്തരീയസഖ്യത്തിലോ ജപമാല സഖ്യത്തിലോ സൊഡാലിറ്റിയിലോ ചേരുകയും ഉത്തരീയമോ ചങ്ങലയോ ധരിക്കുകയും ചെയ്യുുണ്ടാവാം. മരണാവസരത്തില്‍ പാപമോചനം പ്രാപിക്കുന്നതിനും, നിത്യഭാഗ്യം ലഭിക്കുന്നതിനും അതുമതിയെന്നാണ് അവരുടെ വിശ്വാസം.

ഇത്തരം ഭക്തി പിശാചിന്റെ ജാലവിദ്യയും വിനാശകരമായ സാഹസികതയുമാണെന്നു പറഞ്ഞാല്‍ അവരതു വിശ്വസിക്കുകയില്ല. അവര്‍ക്കു ചില മറുപടികള്‍ പറയുവാനുണ്ടാകും. ‘ദൈവം നല്ലവനും കാരുണ്യവാനുമാണ്. നശിപ്പിക്കുന്നതിനല്ല അവിടുന്നു നമ്മെ സൃഷ്ടിച്ചത്. പാപം ചെയ്യാത്ത ഒരു മനുഷ്യനുമില്ല. കുമ്പസാരം കൂടാതെ ഞങ്ങള്‍ മരിക്കുക അസാധ്യം. മരണസമയത്ത് ഒരു പരിപൂര്‍ണ്ണാനുപാതം മതിയാകും സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍’. ഇങ്ങനെ നൂറു നൂറു ന്യായങ്ങള്‍ അവര്‍ ഉന്നയിക്കും. തങ്ങള്‍ മരിയഭക്തരാണ്, മാതാവിന്റെ ഉത്തരീയം ധരിക്കുന്നുണ്ട്, അനുദിനം മാതാവിനോട് പ്രാര്‍ത്ഥിക്കുന്നു. ചിലപ്പോഴൊക്കെ ജപമാലയും ഒപ്പീസും ചൊല്ലാറുണ്ട്, ഉപവസിക്കാറുണ്ട്, എന്നെല്ലാം അവര്‍ പറയും. കേട്ടിട്ടുളളതോ വായിച്ചിട്ടുളളതോ ആയ കഥകളെല്ലാം പറഞ്ഞു തുടങ്ങും, തങ്ങളെത്തന്നെ ന്യായീകരിക്കുവാന്‍. അതു വാസ്തവമാണോ അല്ലയോ എന്നത് അവര്‍ക്കു ചിന്താവിഷയമേയല്ല.

ചാവുദോഷത്തോടെ മരിച്ചവര്‍, പാപമോചനം നേടുവാന്‍ പുനര്‍ജീവിച്ചതും, കുമ്പസാരം കഴിയുന്നതുവരെ വിസ്മയകരമാംവിധം ആത്മാവ് അവരില്‍ നിന്നു പിരിയാതിരുന്നതും അവര്‍ വിവരിക്കും. ജീവിതകാലത്തു മാതാവിന്റെ സ്തുതിക്കായി ചില പ്രാര്‍ത്ഥനകള്‍ ചൊല്ലുകയോ ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്തിരുന്നതിനാല്‍, മാതാവിന്റെ പ്രത്യേക കാരുണ്യം വഴി മരണസമയത്തു പൂര്‍ണ്ണ മന:സ്താപവും പാപപ്പൊറുതിയും, അങ്ങനെ നിത്യരക്ഷയും പ്രാപിച്ചതും, മറ്റും തന്മയത്വത്തോടെ അവര്‍ വിവരിച്ചു കേള്‍പ്പിക്കും. ഇപ്രകാരം തങ്ങള്‍ക്കു രക്ഷപ്പെടാമെന്നാണു അവരുടെ പ്രതീക്ഷ.

ക്രൈസ്തവരുടെ ഇടയില്‍, പൈശാചികമായ ഈ സ്വയം വഞ്ചനയെക്കാള്‍ ശാപാര്‍ഹമായി മറ്റൊന്നില്ല. മറിയത്തിന്റെ അരുമസുതനായ ക്രിസ്തുവിനെ നാം നിഷ്‌കരുണം പാപങ്ങളാല്‍ കുത്തിമുറിപ്പെടുത്തി ക്രൂശിച്ചവമാനിക്കുക വഴി, മറിയത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണെന്ന് എങ്ങനെ നമുക്ക് അവകാശപ്പെടുവാന്‍ കഴിയും? അത്തരക്കാരെ തന്റെ കാരുണ്യം വഴി മറിയം രക്ഷിക്കുന്നെങ്കില്‍, പാതകത്തിന് അനുവാദം നല്കുകയും തന്റെ തിരുക്കുമാരനെ ക്രൂശിക്കുവാന്‍ സഹായിക്കുകയുമായിരിക്കും ചെയ്യുക. ഇപ്രകാരം മറിയം പ്രവര്‍ത്തിക്കുമെന്നു ചിന്തിക്കുവാന്‍ ആരു ധൈര്യപ്പെടും?

ദിവ്യകാരുണ്യഭക്തി കഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധവും ഉത്കൃഷ്ടവുമാണ് മരിയഭക്തി. എന്നാല്‍, അതിന്റെ ദുരുപയോഗം വലിയ ദൈവദോഷമാണ്; അയോഗ്യമായ ദിവ്യകാരുണ്യ സ്വീകരണമൊഴിച്ചാല്‍ ഇത് ഏറ്റവും ഗൗരവമേറിയ പാപമാണ്.

പരിശുദ്ധ കന്യകയോട് യഥാര്‍ത്ഥത്തില്‍ ഭക്തിയുളളവരായിരിക്കുവാന്‍ സര്‍വ്വ പാപങ്ങളിലും നിന്ന് ഒഴിഞ്ഞിരിക്കത്തക്കവണ്ണം വിശുദ്ധിയുണ്ടാകുകയെന്നത് സ്തുത്യര്‍ഹമാണെങ്കിലും അത് വേണമെന്നത് ഒരു നിര്‍ബന്ധഘടകമല്ല. എന്നാല്‍, മരിയഭക്തര്‍ ആവശ്യം അനുഷ്ഠിക്കേണ്ട ചില കൃത്യങ്ങളുണ്ട്.

1. ക്രിസ്തുനാഥനെയും ദിവ്യജനനിയെയും കഠിനമായി ദ്രോഹിക്കുന്ന ചാവുദോഷങ്ങള്‍ ഒരിക്കലും ചെയ്യുകയില്ലെന്നു ഹൃദയപൂര്‍വ്വം ദൃഢപ്രതിജ്ഞ ചെയ്യുക.

2. പാപം ഒഴിവാക്കുവാന്‍ തന്നോടു തന്നെ കാര്‍ക്കശ്യം കാണിക്കുക.

3. മരിയ സഖ്യത്തില്‍ ചേരുക, ജപമാലയോ മറ്റു പ്രാര്‍ത്ഥനകളോ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക മുതലായവ.

കഠിനഹൃദയരായ പാപികളെപ്പോലും വിസ്മയകരമാംവിധം മാനസാന്തരപ്പെടുത്തുവാന്‍ കഴിവുളളവയാണ്, ഇപ്പറഞ്ഞവ. എന്റെ വായനക്കാരന്‍ ഈ ഇനത്തില്‍പ്പെട്ടവനാണെങ്കില്‍, അവന്റെ ഒരു പാദം നരകത്തിന്റെ
അഗാധഗര്‍ത്തത്തില്‍ ആണെങ്കില്‍പോലും അവന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കട്ടെ. പക്ഷേ, അവന് ഉദ്ദേശ്യശുദ്ധി ഉണ്ടായിരിക്കണം. മാതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവത്തില്‍ നിന്നു മന:സ്താപത്തിന്റെയും പാപമോചനത്തിന്റെയും അനുഗ്രഹവും, ദുഷിച്ച തഴക്കങ്ങളെ ജയിക്കുവാന്‍ ആവശ്യമായ കൃപയും ലഭിക്കുവാന്‍ വേണ്ടിയായിരിക്കണം, അവന്‍ ഈ ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കേണ്ടത്. നേരെ മറിച്ച്, മനസ്സാക്ഷിയുടെ നിരന്തരമായ ശാസനകള്‍ക്കും, ക്രിസ്തുവിന്റെയും വിശുദ്ധരുടെയും സന്മാത്യകകള്‍ക്കും സദുപദേശങ്ങള്‍ക്കും എതിരായി പാപത്തില്‍തന്നെ കഴിഞ്ഞു കൂടാനാണു ശ്രമമെങ്കില്‍ ഈ ഭക്തകൃത്യങ്ങളെല്ലാം അവനു നിഷ്ഫലങ്ങളായിരിക്കും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles