ദൈവദാനങ്ങള്‍ സൂക്ഷിക്കുവാന്‍ നമുക്കു പരി. മറിയത്തെ ആവശ്യമാണ്
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി 24
ദൈവത്തില്‍നിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാല്‍ , അവയെ അഭംഗം കാത്തുസൂക്ഷിക്കുക അത്ര എളുപ്പമല്ല . കാരണം , നാം ബലഹീനരാണ്. ഇതു വിശദമാക്കാം.
കൃപാവരം ഭൂസ്വര്‍ഗ്ഗങ്ങളെക്കാള്‍ അമൂല്യമാണ്. തീര്‍ത്തും നശ്വരമായ പേടകത്തിലാണ് ഈ നിധി നാം സൂക്ഷിക്കുക . ഈ പേടകം നമ്മുടെ അധഃപതിച്ച ശരീരവും ദുര്‍ബലവും ചഞ്ചലമായ ആത്മാവുമാ ണ് . ഒരു കഥയില്ലാത്ത കാര്യം പോലും അതിനെ തകിടം മറിയ്ക്കുകയും ദുഃഖപൂര്‍ണ്ണമാക്കുകയും ചെയ്യും. ‘ഈ നിധി മണ്പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്’ ( 2 കോറി . 4 : 7 ).
പിശാചുക്കള്‍ കുടിലതയില്‍ അതിനിപുണരായ കള്ളന്മാരാണ്. നാം നിനച്ചിരിക്കാത്തപ്പോള്‍ ആയിരിക്കും അവര്‍ നമ്മെ കൊള്ളയടിക്കുന്നത് . അനുകൂല സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച് അവര്‍ ദിനരാത്രങ്ങള്‍ കാത്തിരിക്കുന്നു. ആ ലക്ഷ്യപ്രാപ്തിക്കായി നമ്മെ വട്ടമിട്ടു നടക്കുന്നു . നമ്മെ നിരന്തരം വിഴുങ്ങുവാന്‍ കാത്തിരിക്കുകയാണവര്‍ . ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു പാപം ചെയ്യിച്ച് പല വര്ഷങ്ങള്ക്കൊണ്ടു നാം നേടിയ കൃപാവരങ്ങളും യോഗ്യതകളും തട്ടിയെടുക്കും. അവരുടെ എണ്ണവും വിദ്വേഷവും പരിചയസമ്പത്തും സൂത്രവും മൂലം അതിദാരുണമായ വിധത്തില്‍ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്ന ഭയം നമ്മില്‍ ഉണ്ടാകണം. നമ്മെക്കാള്‍ സുകൃതസമ്പന്നരും കൃപാവരപൂരിതരും അനുഭവപാഠങ്ങളാല്‍ ദൃഢചിത്തരും , വിശുദ്ധിയുടെ പരകോടി യില്‍ എത്തിയവരും അതിദയനീയമായി കവര്‍ച്ചക്കടിപ്പെട്ടു; കൊള്ള ചെയ്യപ്പെട്ടു. ഇതു നമ്മെ അദ്ഭുതപരതന്ത്രരാക്കേണ്ടതല്ലേ.
ഹാ! എത് എത്ര ലബനോനിലെ കാരകില്‍ വൃക്ഷങ്ങള്‍ ദാരുണമായി നിലം പതിച്ചു! നഭോമണ്ഡലത്തില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ഉജ്ജ്വലങ്ങളായ താരങ്ങള്‍ എത്രയാണ് കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് അവയുടെ ഔന്നത്യവും ശോഭയുമറ്റു തിരോഭവിച്ചത്! എപ്പോഴാണ് ഈ ദുഃഖകരവും അപ്രതീക്ഷിതവുമായ മാറ്റം സംഭവിച്ചത് ? കൃപാവരത്തിന്റെ അഭാവമാണോ കാരണം? അല്ല, അതു സകലര്‍ക്കും നല്കപ്പെടുന്നുണ്ട് . എളിമ കൈമോശം വന്നതിന്റെ തിക്തഫലം! തങ്ങളുടെ നിധി സൂക്ഷിക്കുവാന്‍ തങ്ങള്‍ ശക്തരാണെന്നവര്‍ വ്യാമോഹിച്ചുപോയി . അവര്‍ തങ്ങളെ വിശ്വസിച്ചു ; തങ്ങളില്‍ തന്നെ ആശ്രയിച്ചു.
കൃപാവരമാകുന്ന നിധി സൂക്ഷിക്കുവാന്‍ മാത്രം തങ്ങളുടെ ഭവനം സുരക്ഷിതമെന്നും നിക്ഷേപപാത്രം ബലവത്താണെന്നും അവര്‍ കരുതി . കൃപാവരത്തില്‍ ആശ്രയിച്ചു തങ്ങള്‍ മുന്നേറുന്നുവെന്ന് അവര്‍ നിനച്ചു. എന്നാല്‍ സത്യത്തില്‍ , തങ്ങളില്‍ത്തന്നെയാണ് ആശ്രയിച്ചതെന്നത് അവരൊട്ടു തിരിച്ചറിഞ്ഞതേയില്ല . അപ്പോള്‍ ഏറ്റവും നീതിമാനായ ദൈവം, അവരെ തങ്ങള്‍ക്കു തന്നെ വിട്ടുകൊടുത്തുകൊണ്ടു ദയനീയമായി കൊള്ളയടിക്കപ്പെടാന്‍ അനുവദിക്കുന്നു.
കഷ്ടം ! ഞാന്‍ വിശദമാക്കുവാന്‍ പോകുന്ന, അദ്ഭുതകരമായ ഭക്തകൃത്യത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കില്‍, സുശക്തവും വിശ്വസ്തയുമായ പരിശുദ്ധ കന്യകയെ അവര്‍ ആ നിധി ഏല്പിക്കുമായിരുന്നു. അവള് അതു സ്വന്തമെന്നോണം സൂക്ഷിക്കുകയും ചെയ്യും. പോരാ, താന്‍ നീതിപൂര്‍വ്വം സംരക്ഷിക്കുവാന്‍ കടപ്പെട്ടവളാണെന്ന ബോദ്ധ്യത്താല്‍ അവര്‍ക്കുവേണ്ടി അതു കാത്തു സൂക്ഷിക്കുകയും ചെയ്തേനെ.
വളരെ ദാരുണമായി അധഃപതിച്ച ഈ ലോകത്തില്‍ നീതി നിര്‍വ്വഹിച്ചു ജീവിക്കുക ദുഷ്ക്കരമത്രേ. ആകയാല്‍ ലോകത്തിന്റെ ചെളി പുരണ്ടിട്ടില്ലെങ്കില്‍ തന്നെയും അതിലെ ധൂളിയേറ്റുപോലും എത്ര അടിയുറച്ച ആത്മീയതയുള്ളവരായാലും കറപറ്റാതിരിക്കുക അസാദ്ധ്യം. അതിശക്തമായി ഇരമ്പി ആര്‍ക്കുന്ന ഈ ലോകമാകുന്ന അഗാധജലധിയില്‍ മുങ്ങി നശിക്കാതെയും അതിന്റെ കുത്തിയൊഴുക്കില്‍പെടാതെയും കടല്‍ക്കൊള്ളക്കാരാല്‍ ആക്രമിക്കപ്പെടാതെയും വിഷക്കാറ്റടിയേറ്റു നശിക്കാതെയും ഇരിക്കുക ഒരത്ഭുതം തന്നെ. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ വിവരിക്കാന്‍ പോകുന്ന മാധുര്യമേറിയ വഴിയിലൂടെ വിശ്വസ്തയായ കന്യകാമറിയത്തെ ശുശ്രൂഷിച്ചാല്‍ പിശാച് ഒരിക്കല്‍ പോലും എത്തിനോക്കാന്‍ ധൈര്യപ്പെടാത്ത അവള് ഈ അദ്ഭുതം നമ്മില്‍ പ്രവര്‍ത്തിക്കും.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.