ക്രിസ്തുവിനെ സമീപിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗം മറിയമായിരിക്കണം
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 21
ക്രിസ്തുവിനെപ്പറ്റി പറഞ്ഞവ ഒരു വിധത്തില്‍ മാതാവിനെ പറ്റിയും പറയാവുന്നതാണ്. ക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും മഹത്വത്തിലും ഭൂസ്വര്‍ഗ്ഗങ്ങളുടെ മേലുള്ള സര്‍വ്വാധിപത്യത്തിലും പങ്കുകൊള്ളുവാന്‍ മറിയത്തെ തെരഞ്ഞെടുത്തു. ക്രിസ്തു, സ്വാഭാവികമായി അനുഭവിക്കുന്ന സകല അധികാരങ്ങളിലും ആനുകൂല്യങ്ങളിലും കൃപാവരത്താല്‍ മറിയത്തിനു ഭാഗഭാഗിത്വം നല്കി. അതേ, വിശുദ്ധര്‍ സാക്ഷിക്കുന്നതു പോലെ ദൈവത്തിന് സ്വാഭാവികമായുള്ളതെല്ലാം കൃപാവരം വഴി മറിയത്തിന്റെതുമായി. വിശുദ്ധരുടെ അഭിപ്രായത്തില്‍ ക്രിസ്തുവിനും മറിയത്തിനും ഒരേ മനസ്സു ശക്തിയും മാത്രമേയുള്ളൂ. അതു പോലെ ക്രിസ്തുവിന്റെ പ്രജകളും ദാസരും അടിമകളും മറിയത്തിന്റേതുമാണ്.
ആകയാല്‍, വലിയ വിശുദ്ധരോടും മഹാന്മാരോടും ചേര്‍ന്നു നമ്മെ ക്രിസ്തുവിന്റെ ഉത്തമരായ അടിമകളാക്കുവാന്‍ മറിയത്തിനു നമ്മെത്തന്നെ അടിമകളായി സമര്‍പ്പിക്കാം; ഈ സമര്‍പ്പണത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാം. ദൈവം മനുഷ്യത്വം സ്വീകരിക്കാന്‍ അവലം ബിച്ച മാര്‍ഗ്ഗം മറിയമാണ് . അതുപോലെ , ക്രിസ്തുവിനെ സമീപിക്കുവാന്‍ നാം സ്വീകരിക്കേണ്ട മാര്‍ഗ്ഗവും മറിയം തന്നെയായിരിക്കണം. സൃഷ്ടവസ്തുക്കളോടുള്ള ബന്ധം ചിലപ്പോള്‍ നമ്മെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതിനു പകരം അകറ്റുകയേയുള്ളൂ. എന്നാല്‍, മറിയം ഇതിനൊരപവാദമാണ്. അവളുടെ തീവമായ അഭിനിവേശം തന്റെ പ്രിയ പുത്രനായ ക്രിസ്തുവുമായി നമ്മെ സംയോജിപ്പിക്കുകയത്രേ. അതു പോലെ, മറിയം വഴി മനുഷ്യര്‍ തന്നെ സമീപിക്കണമെന്നാണ് , ക്രിസ്തുനാഥന്റെ അഭിലാഷവും.
ഒരു രാജാവിന്റെ കൂടുതല്‍ അനുയോജ്യനായ പ്രജയും അടിമയും ആകുന്നതിനുവേണ്ടി ഒരാള്‍ രാജ്ഞിയുടെ അടിമയാകുമ്പോള്‍ അത് രാജാവിന് ബഹുമാനപ്രദവും പ്രീതിജനകവുമാണ് . എന്നതുപോലെ, നാം മറിയത്തിന്റെ അടിമകളാകുന്നതു ക്രിസ്തുനാഥനു പ്രിയങ്കരമാണ്. ഇക്കാരണത്താലാണ് , സഭാപിതാക്കന്മാരും വി ബൊനവഞ്ചര്‍ തുടങ്ങിയ വിശുദ്ധരും പരിശുദ്ധകന്യക നമ്മെ ക്രിസ്തു വിലേക്കു നയിക്കുന്ന മാര്‍ഗ്ഗം എന്നു പ്രഖ്യാപിക്കുന്നത്. ‘ക്രിസ്തുവിലേക്ക് വരുവാനുള്ള വഴി മറിയത്തിലേക്ക് അടുക്കുകയാണ്.
കൂടാതെ ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ പരിശുദ്ധ കന്യക ഭൂസ്വര്‍ഗ്ഗങ്ങളുടെ രാജ്ഞിയെങ്കില്‍ സൃഷ്ടികളെല്ലാം അവളുടെ ദാസരും അടിമകളുമല്ലേ? വി . ആന്‍സലം, വി . ബര്‍ണ്ണഡിന്‍, വി . ബൊനവബര്‍ തുടങ്ങിയ വിശുദ്ധരും പറയുന്നു ‘മറിയം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ദൈവരാജ്യത്തിന്റെ ആധിപത്യത്തിനു വിധേയമായിരിക്കുന്നതു പോലെ എല്ലാ വസ്തുക്കളും ദൈവം ഉള്‍പ്പെടെ മറിയത്തിന്റെ ആധിപത്യത്തിനു വിധേയമാണ്. എല്ലാ സൃഷ്ടികളും ഒരു പ്രകാരത്തില്‍ മറിയത്തിന്റെ അടിമകളാണെങ്കിലും അവരില്‍ കുറെപ്പേരെങ്കിലും യഥാര്‍ത്ഥ സ്‌നേഹം നിമിത്തം അവളുടെ അടിമത്തം സ്വയം സ്വീകരിച്ച് അവളെ തങ്ങളുടെ നാഥയും രാജ്ഞിയുമായി അംഗീകരിക്കുകയില്ലെന്നോ? മനുഷ്യനെന്നല്ല, പിശാചിനുപോലും അടിമകളാകുവാന്‍ പലര്‍ക്കും സങ്കോചമില്ലാതിരിക്കെ മറിയത്തിന്റെ അടിമത്തം സ്വീകരിക്കുവാന്‍ ആരുമില്ലെന്നോ? തന്റെ സന്തതസഹചാരിയായ രാജ്ഞിക്ക് ജീവന്റെയും മരണത്തിന്റെയും മുകളിലുള്ള അധികാരങ്ങളോടു കൂടി അടിമകളുണ്ടാകുന്നത് രാജാവിന് എത്ര അഭിമാനകരമാണ്. രാജ്ഞിയുടെ മഹത്ത്വവും ശക്തിയും രാജാവിന്റെയും, രാജാവിന്റേത് രാജ്ഞിയുടേതുമാണ്. മറിയത്തിന്റെ ഉത്തമപുത്രനാണ്
ക്രിസ്തു. അവിടുന്ന് അവളെ തന്റെ മഹത്ത്വത്തിലും ശക്തിയിലും ഓഹരിക്കാരിയാക്കി. എങ്കില്‍, അവള്‍ക്ക് അടിമകളുണ്ടാവുക അവിടുത്തേക്കു അതൃപ്തികരമെന്നോ?
അസ്വേരൂസ് എസ്തറിനെയും, സോളമന്‍ ബത്ഷബായെയും , നിസ്സീമമായി സ്‌നേഹിച്ചിരുന്നുവെന്നു വേദപുസ്തകത്തില്‍ നിന്നു മനസ്സിലാക്കാം. മറിയം പഴയനിയമത്തിലെ ഈ സ്ത്രീകളോളമെങ്കിലും സ്‌നേഹയോഗ്യയല്ലെന്നോ? അവള്‍ ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നില്ലെന്നോ? ആര്‍ക്കാണ് അങ്ങനെ പറയുവാനോ ചിന്തിക്കുവാന്‍ പോലുമോ കഴിയുക? എന്നാല്‍ എങ്ങോട്ടേക്കാണ് എന്റെ തൂലിക എന്നെ അതിവേഗം നയിക്കുന്നത് ? സ്പഷ്ടമായതിനെ തെളിയിക്കുന്നതിന് ഞാന്‍ എന്തിനിവിടെ നിറുത്തുന്നു ? മറിയത്തിന്റെ അടിമകളെന്നു വിളിക്കപ്പെടുവാന്‍ ഇഷ്ടപ്പെടാത്തവര്‍ ക്രിസ്തുവിന്റെ അടിമകള്‍ എന്ന പേര്‍ സ്വീകരിച്ചു കൊള്ളട്ടെ ; അതനുസരിച്ചു ജീവിക്കുകയും ചെയ്യട്ടെ. അതു മറിയത്തിന്റെ അടിമകളാകുന്നതിനു തുല്യമാണ്. കാരണം, ക്രിസ്തു മറിയത്തിന്റെ ഉദരഫലവും മഹത്ത്വവുമാണ് .
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.