അത്ഭുതം ആരംഭിച്ചതു മറിയം വഴി
~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 2
നമ്മുടെ കര്‍ത്താവിന്റെ തുടര്‍ന്നുള്ള ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മറിയംവഴി വേണം തന്റെ അത്ഭുതങ്ങള്‍ ആരംഭിക്കാന്‍ എന്നുള്ളതായിരുന്നു അവിടുത്തെ തിരുമനസ്സെന്നു മനസിലാകും. അവിടുന്നു യോഹന്നാനെ തന്റെ അമ്മയായ എലിസബത്തിന്റെ ഉദരത്തില്‍വച്ചു വിശുദ്ധീകരിച്ചു. പക്ഷേ അതു സംഭവിച്ചത് മറിയത്തിന്റെ മധുരമൊഴികള് വഴിയാണ്. അവള് സംസാരിച്ചു തീരുംമുമ്പേ യോഹന്നാന് ശുദ്ധീകരിക്കപ്പെട്ടു. ഇതായിരുന്നു അവിടുത്തേ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം.
കാനായിലെ കല്യാണത്തില്‍ അവിടുന്ന് വെള്ളം വീഞ്ഞാക്കി. അതിനു കാരണം മറിയത്തിന്റെ വിനീതമായ പ്രാര്‍ത്ഥന മാത്രമാണ്. പ്രകൃതിയുടെ തലത്തിലെ ആദ്യത്ഭുതമിതത്രേ. അവിടുന്ന് മറിയം വഴി അത്ഭുതങ്ങള്‍ ആരംഭിച്ചു; മറിയം വഴി അതു തുടര്‍ന്നു; കാലത്തിന്റെ അവസാനം വരെ മറിയം വഴി അതു തുടരുക തന്നെ ചെയ്യും.
പരിശുദ്ധാത്മാവായ ദൈവത്തിന്, ദൈവികപിതൃത്വം അവകാശപ്പെടാനാവില്ലെങ്കിലും – എന്നുവച്ചാല്‍ മറ്റൊരു ദൈവവ്യക്തിയെ പുറപ്പെടുവിച്ചില്ലെങ്കിലും അവിടുന്ന് മണവാട്ടിയായ മറിയത്തില്‍ ഫലമണിഞ്ഞു. അവളോടുകൂടിയും, അവളിലും, അവളുടേതുമായി പരിശുദ്ധാത്മാവ് തന്റെ മാസ്റ്റര്‍ പീസ് (നായകശില്പം) മെനഞ്ഞു. അതാണ് മനുഷ്യനായിത്തീര്‍ന്ന ദൈവം. അവിടുന്നു ലോകാവസാനം വരെ അനുദിനം തെരഞ്ഞെടുക്കപ്പെട്ടവരെയും ശിരസ്സായ ക്രിസ്തുവിന്റെ ഭൗതികശരീരത്തിലെ അംഗങ്ങളെയും ഉല്പാദിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് തനിക്കേറ്റവും പ്രീയപ്പെട്ടവളും തന്നില്‍ നിന്ന് ഒരിക്കലും വേര്‍പിരിയാത്ത വധുവുമായ മറിയത്തെ ഒരാത്മാവില്‍ എത്ര കൂടുതലായി കാണുന്നുവോ അത്രയ്ക്കധികമായ ശക്തിയോടും നിരന്തരവുമായി ആ ആത്മാവില്‍ പ്രവര്‍ത്തിച്ച്, യേശുക്രിസ്തുവിനെ ആത്മാവിലും ആത്മാവിനെ യേശുക്രിസ്തുവിലും രൂപപ്പെടുത്തുത്.
പരിശുദ്ധാത്മാവിനു സ്വയമായി ഫലദായകത്വം ഇല്ലാതിരിക്കേ പരിശുദ്ധ കന്യക അവിടുത്തേക്ക് അതു നല്കി എന്ന് ഇവിടെ ധ്വനിക്കുന്നില്ല. അവിടുന്ന് ദൈവമാകയാല്‍ പിതാവിനും പുത്രനും ഒപ്പമുള്ള ഒരു ഫലദായകത്വം അല്ലെങ്കില്‍ ഉല്പാദകശക്തി അവിടുത്തേക്കുമുണ്ട്. അവിടുന്ന് മറ്റൊരു ദൈവികവ്യക്തിയെ പുറപ്പെടുത്താത്തതുകൊണ്ട് തന്റെ കഴിവിനെ ഉപയോഗിച്ചില്ലെന്നു മാത്രം. തനിക്ക്, അവളേ കൂടിയേതീരു എന്നില്ലാതിരുന്നിട്ടും അവിടുന്ന് തന്റെ ഫലദായകത്വത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ അവളെ ഉപയോഗിച്ചു. അങ്ങനെ അവളിലും അവള് വഴിയും അവിടുന്ന് യേശുക്രിസ്തുവിനും അവിടുത്തേ അവയവങ്ങള്‍ക്കും രൂപം നല്കി. ക്രിസ്ത്യാനികളില്‍ ഏറ്റവും ആത്മീയരും ജ്ഞാനികളായവര്‍ക്കുപോലും അജ്ഞാതമായ കൃപാവരത്തിന്റെ രഹസ്യം.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭാരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.