യേശു തന്നെയാണ് പരിശുദ്ധ മറിയത്തില്‍ ജീവിക്കുന്നത്
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 16
ഓ! മാധുര്യവാനായ യേശുവേ, സ്‌നേഹപൂര്‍വ്വമായ ആവലാതിയുമായി ഞാന്‍ ഇവിടെ ഒരുമാത്രനേരം അങ്ങയുടെ ദിവ്യമഹത്വത്തെ അഭയംഗമിക്കട്ടയോ. ക്രിസ്ത്യാനികളില്‍ ഒരു വലിയ വിഭാഗം അഭ്യസ്തവിദ്യര്‍ പോലും അങ്ങും അങ്ങേ മാതാവുമായുള്ള ഗാഢമായ ഐക്യം എന്തെന്ന് അറിയുന്നില്ല. ഓ! നാഥാ അങ്ങെപ്പോഴും മറിയത്തോടുകൂടിയാണ്. മറിയം അങ്ങയോടുകൂടിയും. അവള്‍ക്കു അങ്ങയെക്കൂടാതെ ജീവിക്കാനാവില്ല. അപ്പോള്‍ അവള്‍ അവളല്ലാതായിത്തീരും. കൃപാവരം വഴി അവള്‍ അങ്ങിലേക്കു ഗാഢമായി രൂപാന്തരപ്പെട്ടതിനാല്‍ അവള്‍ ജീവിക്കുന്നേയില്ല. അവള്‍ ഇല്ലാതായതുപോലെയായി. യേശുവേ അങ്ങു മാത്രമാണ് അവളില്‍ ജീവിക്കുന്നതും ഭരണം നടത്തുന്നതും. മാലാഖമാരിലും വിശുദ്ധരിലും എന്നതിനേക്കാള്‍ അങ്ങു പൂര്‍ണ്ണമായി അവളില്‍ ജീവിക്കുന്നു.
ഹാ! നാം ഈ അത്ഭുതസൃഷ്ടിയില്‍ അവിടുത്തേക്കു ലഭിക്കുന്ന മഹത്വവും സ്‌നേഹവും അറിഞ്ഞിരുന്നെങ്കില്‍. അപ്പോള്‍ അവിടുത്തേപ്പറ്റിയും മറിയത്തെപ്പറ്റിയും വളരെ വ്യത്യസ്തമായി ചിന്തിച്ചേനെ. പ്രകാശത്തെ സൂര്യനില്‍നിന്നും ചൂടിനെ അഗ്നിയില്‍ നിന്നും വേര്‍പെടുത്തുകയാണ് മറിയത്തെ അങ്ങില്‍ നിന്നു അകറ്റുന്നതിലും എളുപ്പം. മറ്റെല്ലാ വിശുദ്ധരെയും മാലാഖമാരെയും അങ്ങില്‍ നിന്നു വേര്‍പെടുത്താന്‍ സാധിച്ചാലും മറിയത്തെ അങ്ങില്‍ നിന്നു അകറ്റുക അസാധ്യമാണ്. കാരണം, സകല സൃഷ്ടികളും അങ്ങയെ സ്‌നേഹിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലും ഉപരി തീക്ഷ്ണമായും സമ്പൂര്‍ണ്ണമായും മറിയം അങ്ങയെ സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
ആകയാല്‍, പ്രിയനാഥാ അങ്ങേ പ്രിയ മാതാവിനെപ്പറ്റി മനുഷ്യര്‍ക്കുള്ള അജ്ഞതയും അന്ധതയും എത്ര ദയനീയമാണ്. വിസ്മയകരമാണ്! അക്രൈസ്തവരേയോ വിഗ്രഹാരാധകരെയോ പറ്റിയല്ല വിവക്ഷ. കാരണം അങ്ങയെ അറിയാത്തവര്‍ എങ്ങനെയാണ് മറിയത്തെ അറിയാന്‍ ആഗ്രഹിക്കുക. പാഷണ്ഡികളെയും ശീശ്മക്കാരെയും കുറിച്ചുമല്ല പറയുന്നത്. അങ്ങില്‍ നിന്നും അങ്ങേ തിരുസഭയില്‍നിന്നും വേര്‍പെട്ടുപോയവര്‍ അങ്ങേ വിശുദ്ധ മാതാവിനെ അറിയുന്നതെങ്ങനെ. കത്തോലിക്കരെയാണു ഞാന്‍ ഉദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം വഹിക്കേണ്ട കത്തോലിക്കരെയും അതിലെ ഡോക്ടറേറ്റെടുത്തവരെയും പറ്റിയാണ് ഞാന്‍ പറയുന്നത്. സത്യത്തിന്റെ പ്രഘോഷണം തൊഴിലായെടുത്ത അവര്‍ക്ക് അങ്ങേ മാതാവിനെയാകട്ടെ അറിയില്ല. അവര്‍ വല്ലപ്പോഴും സംസാരിച്ചാല്‍തന്നെ അത് വളരെ ശുഷ്‌കമായിട്ടും അരോചകമായിട്ടും വളരെ നിസംഗവുമായിട്ടുമത്രേ. നന്നേ അപൂര്‍വ്വമായേ അവര്‍ മറിയത്തെപ്പറ്റിയും മരിയഭക്തിയെപ്പറ്റിയും പറയുക. അതും വലിയ ഭയത്തോടുകൂടി മാത്രം. അങ്ങേ മാതാവിനേയും അവളോടുണ്ടാകേണ്ട ഭക്തിയെപ്പറ്റിയും വിരളമായേ അവര്‍ സംസാരിക്കാറുള്ളൂ. അത് ദുരൂപയോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നും അങ്ങേ മാതാവിനോടുള്ള ബഹുമാനാധിക്യംമൂലം അങ്ങ് അവമാനിതനാകുമെന്നുമാണ് അവര്‍ ഉന്നയിക്കുന്ന ന്യായം.
ഒരു മരിയഭക്തന്‍, മരിയഭക്തി വഞ്ചനയ്ക്കിടമില്ലാത്ത സുരക്ഷിത വഴിയെന്നോ ഹ്രസ്വവും അപകടരഹിതവുമായ വഴിയെന്നോ അപൂര്‍ണ്ണതകളില്ലാത്ത പരിശുദ്ധമായ വഴിയെന്നോ അങ്ങയെ നന്നായി അറിയുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള അദ്ഭുതരഹസ്യമെന്നോ ശക്തമായും ആര്‍ദ്രമായും കേള്‍വിക്കാര്‍ക്ക് പ്രചോദനമേകുന്ന വിധത്തിലും പറഞ്ഞാല്‍ അവര്‍ അതിനെതിരായി സ്വരമുയര്‍ത്തും. പരിശുദ്ധ കന്യകയെപ്പറ്റി ഇത്രമാത്രം പുകഴ്ത്തിപ്പറയാതിരിക്കുവാന്‍ നൂറു നൂറു കുയുക്തികള്‍ അവര്‍ ഉന്നയിക്കും. ഈ ഭക്താഭ്യാസത്തില്‍ വളരെയേറെ അപാകതകളുണ്ടെന്നും അവ അവസാനിപ്പിക്കുക ആവശ്യമാണെന്നും അവര്‍ ആക്രോശിക്കും. മാനവവംശത്തെ മാതൃഭക്തിയിലേക്ക് ആനയിക്കുകയല്ല, അങ്ങയോടുള്ള ഭക്തിയില്‍ ഉപര്യുപരി വളര്‍ത്തുകയാണ് ആവശ്യമെന്ന് അവര്‍ വിധിയെഴുതും. ജനങ്ങള്‍ ആവശ്യത്തിനു മാത്രം മറിയത്തെ സ്‌നേഹിക്കുന്നുണ്ടെന്നാണ് അവരുടെ ഭാവം.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.