മരിയഭക്തിയുടെ പരമാന്ത്യം ക്രിസ്തുവാകുന്നു
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 15
സത്യദൈവവും സത്യമനുഷ്യനുമായ നമ്മുടെ രക്ഷകനായ ക്രിസ്തുവാണ് സകല ഭക്തകൃത്യങ്ങളുടെയും പരമാന്ത്യം. ഈ അന്ത്യത്തില്‍നിന്നു നമ്മെ അകറ്റുന്ന സകലതും അബദ്ധജടിലവും അസത്യപൂര്‍ണ്ണവുമാണ്. ക്രിസ്തുവാണ് എല്ലാത്തിന്റെയും ‘ആല്‍ഫയും ഒമേഗയും’ അഥവാ ‘ആദിയും അന്ത്യവും’ പൗലോസ് അപ്പസ്തോലന് പറയുന്നു: ക്രിസ്തുവില്‍ എല്ലാവരെയും പരിപൂര്‍ണ്ണരാക്കുവാനാണല്ലോ നമ്മുടെ പ്രയത്നം. കാരണം, ദൈവത്തിന്റെ പൂര്‍ണ്ണത അവിടുത്തേക്കു മാത്രമാണുള്ളത്. കൃപാവരത്തിന്റെയും വിശുദ്ധിയുടെയും സുകൃതങ്ങളുടെയും പൂര്‍ണ്ണതയും വിളനിലവുമാണ് അവിടുന്ന്. ആദ്ധ്യാത്മിക അനുഗ്രഹങ്ങളാല്‍ നാം സമ്പന്നരാകുന്നതു ക്രിസ്തുവില്‍ മാത്രമാണ്. അവിടുന്നൊരുവനാണ് നമ്മെ പഠിപ്പിക്കേണ്ട ദിവ്യഗുരു. നാം ആശ്രയിക്കേണ്ട ഒരേയൊരു നാഥന്. നമ്മുടെ ശിരസ്സാണ് അവിടുന്ന്. നാം അനുകരിക്കേണ്ട ഏക മാതൃകയും നമ്മെ സുഖപ്പെടുത്തേണ്ട ഏക ഭിഷഗ്വരനും തീറ്റിപ്പോറ്റേണ്ട ഏക ഇടയനും നമ്മെ നയിക്കേണ്ട ഏക വഴിയും നാം വിശ്വസിക്കേണ്ട ഏക സത്യവും നമ്മെ ഉത്തേജിപ്പിക്കേണ്ട ഏക ജീവനും ക്രിസ്തുവാണ്. നമ്മെ തൃപ്തരാക്കാന്‍ എല്ലാറ്റിലും എല്ലാമായ അവിടുത്തേക്കു മാത്രമേ കഴിയൂ.
ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. യേശുക്രിസ്തുവിനെയല്ലാതെ നമ്മുടെ രക്ഷയ്ക്കും പുണ്യപൂര്‍ണ്ണതയ്ക്കും മഹത്വത്തിനും അടിസ്ഥാനക്കല്ലായി മറ്റാരെയും ദൈവം നമുക്ക് തന്നിട്ടില്ല. ആ ഉറപ്പേറിയ കല്ലില്‍ കെട്ടിപ്പടുക്കാത്ത സകല സൗധങ്ങളും അത്ര വിദൂരമല്ലാത്ത ഭാവിയില്‍ നിലംപതിക്കുക തന്നെ ചെയ്യും. കാരണം, ഇളകുന്ന പൂഴിയിലാണ് അവയുടെ അടിത്തറ കെട്ടപ്പെട്ടിരിക്കുന്നത്. അവിടുത്തോടു ചേര്‍ന്നു നില്‍ക്കാത്ത സകല വിശ്വാസികളും തായ്ത്തണ്ടില്‍നിന്നു വേര്‍പെട്ട ശിഖിരം പോലെ വാടിത്തളര്‍ന്നുപോകും. ഉണങ്ങി നിലംപതിക്കും. അഗ്നിയാല്‍ ദഹിപ്പിക്കുവാന്‍ മാത്രമേ അതുപകരിക്കുകയുള്ളൂ. അവിടുത്തേ സഹായമില്ലെങ്കില്‍തെറ്റുകളും അസത്യവും അലച്ചിലും ദൂഷണവും വഷളത്തരവും വ്യര്‍ത്ഥതയും പരാജയവും മരണവും നിത്യനാശവുമേ ശേഷിക്കൂ.
ക്രിസ്തു നമ്മിലും നാം ക്രിസ്തുവിലുമെങ്കില്‍ നിത്യനാശത്തെ നാം ഒരിക്കലും ഭയപ്പെടേണ്ട. മനുഷ്യര്‍ക്കോ പിശാചിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മെ ഉപദ്രവിക്കുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ യേശുക്രിസ്തുവിലൂടെയുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്പെടുത്തുവാന് അവര്‍ അപര്യാപ്തരാണ്. ക്രിസ്തു വഴിയും ക്രിസ്തുവിനോടുകൂടിയും ക്രിസ്തുവിലും എന്തു ചെയ്യുവാന്‍ നമുക്കു കഴിയും. പരിശുദ്ധാത്മാവിന്റെ ഐക്യത്തില്‍ പിതാവിനു സകല പുകഴ്ചയും മഹത്വവും സമര്‍പ്പിക്കുവാനും പുണ്യപൂര്ണത പ്രാപിക്കുവാനും സഹോദരര്‍ക്കു നിത്യജീവന്റെ പരിമളമായി മാറുവാനും നാം ശക്തരാകും.
ആകയാല്‍ യഥാര്‍ത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള ഭക്തിയും വണക്കവും പൂര്‍ണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗ്ഗം നാം തുറന്നിടുകയാണ്. മരിയഭക്തി നമ്മെ ക്രിസ്തുവില്‍നിന്ന് അകറ്റുന്നെങ്കില്‍ അതിനെ പിശാചിന്റെ തട്ടിപ്പായി കരുതി തിരസ്കരിക്കുകയാണു വേണ്ടത്. എന്നാല്‍, ഈ ഭക്തിയെ സംബന്ധിച്ചിടത്തോളം ഇതുവരെ വിവരിച്ചവയില്‍നിന്നും തുടര്‍ന്നു വിശദമാക്കാനിരിക്കുന്നവയില്‍നിന്നും മനസിലാക്കാം, ക്രിസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നതിനും ആര്‍ദ്രമായി സ്നേഹിക്കുന്നതിനും വിശ്വസ്തതയോടെ സേവിക്കുന്നതിനും നമ്മെ സഹായിക്കുകയാണ് മരിയഭക്തി ചെയ്യുന്നത്.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.