പരിശുദ്ധ മറിയവും പിശാചും തമ്മിലുള്ള യുദ്ധം
~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~
മരിയഭക്തി – 11
പിശാചിനെതിരായ യുദ്ധത്തില്‍
അന്തിക്രിസ്തുവിന്റെ ആഗമനം വരെ പിശാചിന്റെ മര്‍ദ്ദനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുതന്നെവരും. ദൈവം ഭൗമിക പറുദീസായില്‍വച്ചു സര്‍പ്പത്തിനെതിരായി ഉച്ചരിച്ച പ്രഥമവും പ്രധാനവുമായ ആ പ്രവചനവും ശാപവും ഇതിനെപ്പറ്റി യാണെന്നു നാം മനസ്സിലാക്കണം. മഹത്ത്വപൂര്‍ണ്ണയായ നിത്യകന്യകയുടെ മഹിമപ്രതാപത്തിനു മാറ്റുകൂട്ടുവാനും, അവളുടെ അരുമസുതരുടെ നിത്യരക്ഷ സാധിക്കുവാനും, പിശാചു തന്റെ തന്ത്രങ്ങളില്‍നിന്ന് ലജ്ജിച്ചു പിന്‍വാങ്ങുവാനും, ഇവിടെ അതു വിവരിക്കുന്നതു തികച്ചും അവസരോചിതം തന്നെ.
”നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവള്‍ നിന്റെ തല തകര്‍ക്കുകയും നീ അവളുടെ കുതികാലില്‍ പരുക്കേല്പ്പിക്കുകയും ചെയ്യും.” (ഉത്പ 3:15).
ഒരു ശത്രുതയെ മാത്രമേ ദൈവം ഉളവാക്കിയുള്ളൂ. എന്നാല്‍, അതു രഞ്ജിപ്പു സാധ്യമല്ലാത്തതും അവസാനിക്കാത്തതുമാണ്. അനുദിനം അതു വളര്‍ന്നുകൊണ്ടേയിരിക്കും. അതു മറിയവും പിശാചും തമ്മിലും, അവളുടെ ദാസരും സന്താനങ്ങളും, ലൂസിഫെറിന്റെ അനുയായികളും സന്താനങ്ങളും തമ്മിലാണ്. അപ്രകാരം പിശാചിനെതിരായി ദൈവം സൃഷ്ടിച്ച വന്‍ ശത്രുവാണ് അവിടുത്തേ മാതാവായ പരിശുദ്ധ മറിയം. ദൈവത്തിന്റെ ചിന്തയില്‍ മാത്രമായി വസിച്ചിരുന്ന പരിശുദ്ധ മറിയത്തില്‍, ഏദന്‍ തോട്ടത്തിന്റെ കാലത്തുതന്നെ, ദൈവത്തിന്റെ ശപിക്കപ്പെട്ട ശത്രുവിനോടു കടുത്ത അമര്‍ഷവും, പഴയ സര്‍പ്പത്തിന്റെ കാപട്യത്തെ പുറത്തുകൊണ്ടുവരുവാന്‍ പറ്റുന്ന നിഷ്ങ്കളങ്കതയും, അഹങ്കാരിയും ധിക്കാരിയുമായ അവനെ അടിപ്പെടുത്തി കടപുഴക്കി എറിയുവാനുള്ള ശക്തിയും, അന്നേ അവിടുന്ന് അവളില്‍ നിക്ഷേപിച്ചു.
തന്നിമിത്തം, പിശാച് മാലാഖമാരെയും മനുഷ്യരെയുംകാള്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ദൈവത്തെക്കാളും അധികമായി പരിശുദ്ധ മറിയത്തെ ഭയപ്പെടുന്നു.
എന്നാല്‍, ദൈവത്തിന്റെ ശക്തിയും കോപവും വെറുപ്പും പരിശുദ്ധ മറിയത്തിന്റെതിനെക്കാള്‍ അനന്തമാംവിധം വലിയതല്ലെന്ന് ഇതുകൊണ്ടു വിവക്ഷിക്കുന്നില്ല. മറിയത്തിന്റെ പരിപൂര്‍ണ്ണത പരിമിതമാണ്. എന്നാല്‍ പിശാച് ഒരുവിധത്തില്‍ ദൈവത്തെക്കാള്‍ കൂടുതല്‍ അവളെ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ ഒരു വിനീതദാസിയാല്‍ തോല്പിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും, അഹങ്കാരിയായ അവന് അത്യന്തം വേദനാജനകമാണ്. ദൈവത്തിന്റെ ശക്തിയെക്കാള്‍ പരിശുദ്ധ മറിയത്തിന്റെ വിനയമാണ് അവനെ ഭീതിപ്പെടുത്തുന്നത്.
കൂടാതെ, പിശാചുക്കളുടെമേല്‍ വലിയ ശക്തി അവിടുന്നു പരിശുദ്ധ മറിയത്തിനു നല്കിയിട്ടുണ്ട്. സന്മനസ്സോടെയെങ്കിലും, അശുദ്ധാത്മാവു ബാധിച്ചവരുടെ അധരങ്ങള്‍ വഴി അവര്‍ സമ്മതിച്ചിട്ടുള്ള സത്യമാണിത്. പരിശുദ്ധ മറിയത്തിന്റെ ഒരു നെടുവീര്‍പ്പിനെയാണ് സകല വിശുദ്ധരുടെയും പ്രാര്‍ത്ഥനയെക്കാള്‍ അവര്‍ ഭയപ്പെടുന്നത്. അവളുടെ ഒരു ഭീഷണിപ്പെടുത്തല്‍ മറ്റു സകല പീഡനങ്ങളെയുംകാള്‍ അവര്‍ക്കു ഭീതിജനകമാണ്.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.