തെങ്ങോ വാഴയോ, ആരാണ് വലിയവൻ?

ഒരേ സമയത്താണ് വാഴയും തെങ്ങും ഒരു കൃഷിക്കാരൻ നട്ടത്.
തെങ്ങിനേക്കാൾ വേഗത്തിൽ വാഴയ്ക്ക് മുളവന്നു.
ഭൂമിക്കു മുകളിൽ ഇലകൾ വീശി അത് നൃത്തമാടി.
അരികിൽ നിൽക്കുന്ന തെങ്ങിൻ തൈയോട് വാഴ പറഞ്ഞു:
”ഒരില വരാൻ നിനക്ക് എത്ര മാസം വേണം?
എന്നെ നോക്കു, എത്ര പെട്ടന്നാണ് ഞാൻ വളരുന്നത്.
ഇപ്പോൾ തന്നെ എനിക്ക് നിന്നെക്കാൾ ഉയരമായി.
എന്നെക്കാണാനും ചേലാണെന്നാണ് ആളുകൾ പറയുന്നത്.!”
വാഴയെ നോക്കി തെങ്ങിൻത്തൈ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
മാസങ്ങൾ കഴിഞ്ഞപ്പോൾ വാഴയ്ക്ക് കുല വന്നു.
കുല കൂടി ആയപ്പോൾ വാഴയുടെ അഹങ്കാരം ഇരട്ടിയായി.
അത് തെങ്ങിനോട് പറഞ്ഞു:
“നോക്കൂ, കർഷകന് എന്നോടാണ് സ്നേഹം;
അവന് ഞാൻ ഫലം നൽകുന്നതിനാൽ അവനെന്നെ നന്നായ് പരിചരിക്കുന്നു.
നീയോ? വളർച്ച മുരടിച്ച്,
ഭൂമിയ്ക്കൊരു പാഴ് വസ്തുവായ് മാറിയിരിക്കുന്നു.”
അപ്പോഴും തെങ്ങിൻത്തൈ പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കർഷൻ ഒരു വാക്കത്തിയുമായ് വന്ന്
വാഴ വെട്ടി തെങ്ങിൻ ചുവട്ടിലിട്ട് കുലയുമായ് പോയി.
തൻ്റെ ചുവട്ടിൽ വെട്ടേറ്റ് നിലവിളിക്കുന്ന വാഴയെ നോക്കി
തെങ്ങിൻ തൈ പറഞ്ഞു:
“ഓരോരുത്തർക്കും ദൈവം ഓരോ ദൗത്യം നൽകിയിട്ടുണ്ട്.
യജമാനന് ഒരു കുല നൽകുകയെന്നതാണ് നിൻ്റെ ദൗത്യം. അതിന് നിനക്ക്
അധികനാൾ വേണ്ട. അതറിയാവുന്നതിനാൽ
നിൻ്റെ പെട്ടന്നുള്ള വളർച്ചയിൽ എനിക്കസൂയ തോന്നുകയോ,
പരിഹാസങ്ങളിൽ ഞാൻ നൊമ്പരപ്പെടുകയോ ചെയ്തില്ല.
എൻ്റെ ദൗത്യത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്.
ഞാൻ അനേകം ഫലം നൽകാൻ വിളിക്കപ്പെട്ടവളാണ്.
ഒരുപാട് വേനലും വർഷവും അനുഭവിച്ച് സാവകാശം വളരേണ്ടവളാണ് ഞാൻ.
സാരമില്ല….. നിൻ്റെ മക്കളെങ്കിലും അഹങ്കരിക്കാതിരിക്കാൻ
നിൻ്റെ കഥ ഞാനവർക്ക് വിവരിച്ചു കൊടുക്കാം…”
തോട്ടത്തിലേക്ക് കണ്ണോടിച്ചപ്പോൾ
മനസിലുദിച്ച കഥയാണിത്.
നമ്മുടെ ജീവിതത്തിൽ
ചിലരുടെ വളർച്ചയിൽ നാം അസൂയാലുക്കളാവുകയും
ചിലരുടെ വീഴ്ചയിൽ നാം
സന്തോഷിക്കുകയും ചെയ്യാറില്ലെ?
ഒരിക്കൽ യോഹന്നാൻ്റെ ശിഷ്യന്മാർ
വന്ന് പറഞ്ഞു.
“ഗുരോ, ജോര്‍ദാന്റെ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവന്,
നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന് , ഇതാ, ഇവിടെ സ്നാനം നല്കുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്.”
മറുപടിയായി യോഹന്നാൻ പറഞ്ഞതിങ്ങനെയാണ്:
“സ്വര്‍ഗത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില് ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല”
(യോഹ 3 : 26- 27).
ഓർക്കുക;
സ്വന്തം വളർച്ചയും അപരൻ്റെ വളർച്ചയും ദൈവിക ദാനമാണെന്ന് തിരിച്ചറിയുന്നിടത്താണ്
ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.