കാത്തിരിപ്പ്
– ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs
മരക്കൊമ്പില്‍ വിളഞ്ഞുനില്ക്കുന്നത്
മണ്ണും,മഴയും,ആകാശവും ഒരുമിച്ച സങ്കലനം .
എന്നും അപ്പമായി ഉള്ളില്‍വരുന്ന തമ്പുരാനും ഒരു സങ്കലനത്തെപറ്റി ഓര്‍മ്മപെടുത്തുന്നു .
ദൈവവും ഞാനും സമാഗമിക്കുന്ന ആത്മീയ അനുഭവത്തിന്റെു സങ്കലനം.
ഞാനും ക്രിസ്തുവും ഒന്നായി പുതിയ ആകാശവും ഒരു പുതിയ ഭുമിയും തീര്‍ക്കുന്ന ആത്മീയ നിമിഷം .
ഇന്നും അവന് കാത്തിരിക്കുകയാണ് …
നഷ്ട്ടപെട്ട എന്നെ …
വീടുവിട്ടുപോയ എന്നെ …
തള്ളിപറയാന്‍ തയ്യാറാകുന്ന എന്നെ …
ഒറ്റികൊടുക്കാന്‍ തുട്ടുകള്‍കൂട്ടിയ എന്നെ …
ജീവിതം മുഴുവന്‍ സ്നേഹം എന്ന ഒറ്റവാക്കിലുടെ ക്രിസ്തു എനിക്കായി അവതരിപ്പിച്ചിട്ടും-
ഞാന്‍ മറന്നുപോകുന്നു,
അവന് കാത്തിരിക്കുന്നത് ….
എന്റെ കാലുകഴുകി മുത്താന്‍ …
അവസാന തുള്ളിപോലും പങ്കുവയ്ക്കാന്‍.
മനുഷ്യനായി അവതരിക്കാന്‍ അവിടുന്ന് ഒരു സ്ത്രീയില്‍ ഒതുങ്ങി-
പിന്നെ അവിടുന്ന് പാപികള്ക്കിടയില് ഒതുങ്ങി-
ഒടുവില്‍ ഒരു കല്ലറയിലും .
പിന്നെ ഇന്നവന് നമ്മുക്കിടയില്‍ ഒതുങ്ങിയിരിക്കുന്നു…
ഒരു കുഞ്ഞപ്പത്തോളം ചെറുതായി …
ആരെയും ഒതുക്കാതെ സ്വയം ഒതുങ്ങനുള്ള ക്ഷണമാണിത് .
തീക്കനലില്‍ എരിയുന്ന ജീവിതംപേറുന്ന നമുക്കൊക്കെ
ഈ അപ്പം ഒരു ആശ്വാസമാണ് …
എന്റെ മനസ്സില്‍ ഒരുകടലിരമ്പുമ്പോള്‍ ഈ അപ്പം ആശ്രയമാണ് …
അനുഭവങ്ങളുടെ മുര്‍ച്ച വാളുകള്‍ ചങ്ക് തുളയ്ക്കുമ്പോള്‍
വന്നിരിക്കാന്‍ പറ്റിയ സന്നിധി.
വേദനിക്കുന്ന കുഞ്ഞിന് പറ്റിച്ചേര്‍ന്നു കരയാന്‍ ഒരമ്മയുടെ നെഞ്ചുണ്ട്!
കുഞ്ഞിളം പ്രായം കഴിഞ്ഞാല്‍ പിന്നെ കരയാനും പരിഭവം പറയാനും ആശ്വാസം തേടാനും പറ്റിയ ഒരിടം മാത്രമേ ഉള്ളു-
അത് ഈ അപ്പത്തിന്റെ ചുവട്ടിലാണ് …
സ്നേഹിക്കുന്ന അമ്മയുടെ സാന്നിധ്യത്തില്‍ നാം എല്ലാം മറക്കില്ലേ,
അമ്മയോട് എല്ലാം പറയില്ലേ …
അതുപോലെ അമ്മയേക്കാളും സ്നേഹം നിറഞ്ഞ സന്നിധി.
തന്റെ മക്കള്‍ക്ക് വേണ്ടി ചങ്ക് കൊത്തിപറിച്ച് ജീവരക്തം കൊടുക്കുന്ന പക്ഷിയെപോലെ അമ്മയുടെ ചോരയാണ് കുഞ്ഞുങ്ങള്‍ക്ക് ഔഷധി .
കുഞ്ഞിന് ജീവന് വയ്ക്കുമ്പോള്‍ തള്ളപക്ഷി പിടഞ്ഞു മരിക്കുന്നു .
ഇങ്ങനെ ഒരു ജീവിതം മുഴുവന്‍ സഹനത്തിന്റെ ചൂളയിളുടെ കടന്നുപോയി എനിക്കുവേണ്ടി പിടഞ്ഞു മരിച്ചവനാണ് എന്നും അപ്പത്തില്‍ വരുന്ന തമ്പുരാന്.
ദൈവമേ നിന്റെ കാത്തിരിപ്പിലേക്ക് ഇനി എന്റെ യാത്ര.
എന്റെ പിതാവിനോട് ഒന്നേ ചോദിക്കാനുള്ളൂ..,ജീവിത വഴികളിൽ പ്രാർത്ഥനവെളിച്ചം നഷ്ടമാകാതെ സദാ അങ്ങയോടോത്തു വസിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ..
ആരെന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കും . (യോഹ.15,5)
ദൈവമേ നിന്റെ കാത്തിരിപ്പിലേക്ക് ഇനി എന്റെ യാത്ര.