വെളിപാടിന്റെ കന്യക പ്രത്യക്ഷപ്പെട്ടപ്പോള്‍
മാതാവിന്റെ കന്യകാത്വത്തെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്ന സമയം. അന്ന് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് എതിരെ സംസാരിക്കുകയും പരിശുദ്ധ അമ്മയെ ചേർത്തു പിടിച്ചു എന്ന പേരിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പായെ വധിക്കുവാൻ ആഗ്രഹിക്കുകയും ചെയ്ത ഒരു സാഹസീകനായിരുന്നു ബ്രൂണോ കോർനാച്ചിയോള. എന്നാൽ അദ്ദേഹത്തിന്റെ സംശയങ്ങൾക്ക് ഉത്തരം നൽകുവാൻ പരിശുദ്ധ കന്യകാ മറിയം നേരിട്ട് പ്രത്യക്ഷപ്പെട്ടതോടെ കത്തോലിക്കാ സഭയിലേക്കുള്ള ബ്രൂണോ കോർനാച്ചിയോളയുടെ പരിവർത്തനത്തിന്റെ യാത്ര ആരംഭിക്കുകയായിരുന്നു.
സംഭവം നടന്നത് 1947 ഏപ്രിൽ 12-നാണ്. അന്ന് ബ്രൂണോ തന്റെ മൂന്ന് മക്കളായ ഐസോള, 10വയസ്സ്, കാർലോ, 7വയസ്സ്, 4വയസ്സുള്ള ജിയാൻ ഫ്രാങ്കോ എന്നിവരെ പാർക്കിലേക്ക് കൊണ്ടുപോയി. കുട്ടികൾ കളികളിൽ ഏർപ്പെടുന്ന സമയം ബ്രൂണോ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സഭയുടെ പഠനങ്ങൾക്കെതിരെ ലേഖനങ്ങൾ എഴുതുന്ന തിരക്കിൽ മുഴുകി.
34-കാരനായ ബ്രൂണോ, ‘മേരി എല്ലായിപ്പോഴും കന്യകയും കുറ്റമറ്റവളുമായിരുന്നില്ല’ എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കുകയായിരുന്നു. തിരക്കുകൾക്കിടയിലാണ് അദ്ദേഹം ശ്രദ്ധിച്ചത് കുട്ടികൾ കളിക്കുവാൻ പോയിട്ട് ഇതുവരെ തിരികെ എത്തിയില്ല എന്നത്. അദ്ദേഹം അവരെ അന്വേഷിക്കുവാൻ പോയി. കുഞ്ഞുങ്ങളെ അന്വേഷിച്ചുചെന്ന ബ്രൂണോ കണ്ടത് ഒരു ഗ്രോട്ടോയ്ക്കു മുന്നിൽ നിന്ന് സുന്ദരിയായ യുവതി എന്ന് ആവർത്തിക്കുന്ന കുട്ടികളെയാണ്.
അവിടെചെന്ന ബ്രൂണോയ്ക്ക് വെളുത്ത മേലങ്കിയിൽ പച്ച നിറത്തിലുള്ള മേൽക്കുപ്പായവും പിങ്ക് നിറത്തിലുള്ള അരപ്പട്ടയും ധരിച്ച ഒരു സ്ത്രീയെ കാണുവാൻ കഴിഞ്ഞു. ആ സ്ത്രീയുടെ കയ്യിൽ വിശുദ്ധ ഗ്രന്ഥവും ഉണ്ടായിരുന്നു. അതീവ സുന്ദരിയായി കാണപ്പെട്ട ആ സ്ത്രീ ബ്രൂണോയോട് സംസാരിച്ചു. “ഞാൻ വെളിപാടിന്റെ കന്യകയാണ്. ഇപ്പോൾ തന്നെ നിങ്ങൾ എന്നെ പിന്തുടരുക”. കത്തോലിക്കാ സഭയിലേക്ക് മടങ്ങുവാൻ ഉള്ള വലിയ ഒരു ആഹ്വാനമാണ് ആ സ്ത്രീ ബ്രൂണോയ്ക്ക് നൽകിയത്. ഈ അനുഭവം പെട്ടെന്നുതന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് ബ്രൂണോയെ സഹായിച്ചു. ഏതാനo നാളുകൾക്കുശേഷം പാപ്പായെ കണ്ടു അദ്ദേഹത്തെ കൊല്ലാൻ തീരുമാനമെടുത്തതിൽ ക്ഷമാപണം നടത്തണം എന്ന് തോന്നി.അതിനുള്ള അവസരം ലഭിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മാനസാന്തരം കണ്ട് പീയൂസ് പന്ത്രണ്ടാമൻ പാപ്പ പറഞ്ഞു. “എന്നെ കൊലപ്പെടുത്തിയാൽ ആ കൊലപാതകത്തിലൂടെ തിരുസഭയ്ക്ക് ഒരു രക്തസാക്ഷിയെ ലഭിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ക്രിസ്തുവിന് സ്നേഹത്തിന്റെ വിജയം മാത്രമേ അപ്പോഴും സംഭവിക്കുമായിരുന്നുള്ളൂ. അതിനാൽ മകനെ, ഏറ്റവും നല്ല പാപ മോചനം മാനസാന്തരമാണ്.”
1982 ഫെബ്രുവരി 23-ന് അവസാനിച്ച പരിശുദ്ധ അമ്മയുടെ മറ്റ് ദർശനങ്ങൾക്കും ബ്രൂണോ സാക്ഷ്യം വഹിച്ചു. ദൈവമാതാവ് ബ്രൂണോയോട് അവളുടെ ബഹുമാനാർത്ഥം ഒരു ദേവാലയം പണിയാൻ ആവശ്യപ്പെട്ടു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് റോമിലെ ട്രെ ഫോണ്ടാനിലെ ട്രാപ്പിസ്റ്റ് ആബിക്ക് സമീപം ഒരു ചാപ്പൽ നിർമ്മിക്കുവാൻ മാർപാപ്പ അനുമതി നൽകി 1997-ൽ വി. ജോൺ പോൾ രണ്ടാമൻ ഈ സ്ഥലത്തിന്റെ പേര് ‘സാന്താ മരിയ ഡൽ ടെർസർ മിലേനിയോ എ ലാസ് ട്രെസ് ഫ്യൂന്റസ്’ എന്ന് അംഗീകരിച്ചു. ഇന്ന് മിഷണറീസ് ഓഫ് ഡിവൈൻ റെവലേഷൻ സന്യാസ സമൂഹത്തിന്റെ മേൽനോട്ടത്തിലാണ് ഈ ദേവാലയം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.