പരിശുദ്ധ കുര്‍ബാനയില്‍ അല്‍മായര്‍ക്ക് എത്രത്തോളം പങ്കുണ്ടെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത്?

അധ്യായം രണ്ട്
പരമപരിശുദ്ധ കുർബാനരഹസ്യം

ഖണ്ഡിക – 47
പരിശുദ്ധ കുർബാനയും പെസഹാരഹസ്യവും

നമ്മുടെ രക്ഷകൻ, താൻ ഒറ്റിക്കൊടുക്കപ്പെടാനിരുന്ന രാത്രിയിലെ അന്തിമഭോജനത്തിൽ തന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പരിശുദ്ധ കുർബാനബലി സ്ഥാപിച്ചു. അതുവഴി കുരിശിലെ ബലി തന്റെ ആഗമനംവരെ ശ്വാശ്വതീമാക്കാനും തന്റെ പ്രിയ മണവാട്ടിയായ സഭയ്ക്ക് തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്മാരകം ഭരമേല്പിക്കാനും ഭക്തിയുടെകൂദാശയും ഐക്യത്തിന്റെ അടയാളവും സ്നേഹത്തിന്റെ ബന്ധവും’ മിശിഹായെ ഉൾക്കൊള്ളുന്ന, കൃപാവരത്താൽ ഹൃദയം നിറയ്ക്കുന്ന, ഭാവിമഹത്ത്വത്തിന്റെ അച്ചാരം നമുക്കു നല്കുന്ന പെസഹാഭക്ഷണവുമാണ് അവിടന്നു സ്ഥാപിച്ചത്.

ഖണ്ഡിക – 48
പരിശുദ്ധ കുർബാനയിലെ അല്ലായ പങ്കാളിത്തം

തന്നിമിത്തം ക്രിസ്തീയവിശ്വാസികൾ വിശ്വാസത്തിന്റെ ഈ രഹസ്യത്തിൽ അന്യരെപ്പോലെയോ മൂകരായ കാഴ്ചക്കാരെപ്പോലെയോ സംബന്ധിക്കാതെയിരിക്കാൻ സഭ സോത്കണ്ഠമായ ശ്രദ്ധ ചെലുത്തുന്നു. മറിച്ച്, തിരുകർമങ്ങളും പ്രാർത്ഥനകളുംവഴി അവ ശരിയായി മനസ്സിലാക്കി വിശുദ്ധ പരികർമത്തിൽ ബോധപൂർവവും ഭക്തിപുരസ്സരവും സജീവവുമായി സംബന്ധിക്കുകയും ദൈവവചനത്താൽ നവീകൃതരാകുകയും കർത്തൃ ശരീരത്തിന്റെ മേശയാൽ നവോന്മേഷം പ്രാപിക്കുകയും ദൈവത്തിനു നന്ദിപറയുകയും ചെയ്യേണ്ടിയിരിക്കുന്നു. നിർമ്മലമായ ബലിവസ്ത പുരോഹിതന്റെ കരങ്ങൾ വഴി മാത്രമല്ല, അദ്ദേഹത്തോടൊന്നിച്ച് അർപ്പിച്ചുകൊണ്ട്, “ദൈവജനം തങ്ങളത്തന്നെ അർപ്പിക്കാൻ പഠിക്കുന്നതിനും ദൈവത്തോടും തമ്മിൽത്തമ്മിലുമുള്ള ഐക്യത്തോടെ അവസാനം ദൈവം എല്ലാറ്റിലും എല്ലാമാകുന്നതിനും മദ്ധ്യസ്ഥനായ മിശിഹായിൽ’ ദിനംതോറും അലിഞ്ഞുചേരുന്നതിനും വേണ്ടിയാണിത്.

ഖണ്ഡിക – 49
അതുകൊണ്ട്, കുർബാനയർപ്പണവും അതിന്റെ കർമാനുഷ്ഠാനങ്ങളുടെ രീതിയും അവയുടെ സമ്പൂർണമായ അജപാലനലക്ഷ്യം നേടാൻ വേണ്ടി, ഈ പരിശുദ്ധസൂനഹദോസ്, സമൂഹത്തിന്റെ സഹകരണത്തോടെ അർപ്പിക്കപ്പെടുന്ന, പ്രത്യേകിച്ച് ഞായറാഴ്ചകളിലും കടപ്പെട്ടതിരുനാളുകളിലും ആഘോഷിക്കപ്പെടുന്ന പരിശുദ്ധ കുർബാനയെപ്പറ്റി പരിചിന്തിച്ച് താഴെവരുന്ന കാര്യങ്ങൾ കല്പിക്കുന്നു:

ഖണ്ഡിക – 50
പരിശുദ്ധ കുർബാനയുടെ സാധാരണക്രമത്തിന്റെ നവീകരണം

കുർബാനയുടെ ക്രമം ഓരോ ഭാഗത്തിന്റെയും ശരിയായ അർത്ഥവും പരസ്പര ബന്ധവും കൂടുതൽ വ്യക്തമാകത്തക്കവിധം പ്രത്യവലോകനം ചെയ്യേണ്ടിയിരിക്കുന്നു. അതുവഴി വിശ്വാസികളുടെ ഭക്തിപൂർവകവും സജീവവുമായ ഭാഗഭാഗിത്വം സുകരമാക്കണം. അതുകൊണ്ട്, കർമവിധികൾ, അവയുടെ സാരാംശം വേണ്ടവിധം സംരക്ഷിച്ചുകൊണ്ടുതന്നെ, കൂടുതൽ ലളിതമാക്കണം. കാലത്തിന്റെ പ്രയാണത്തിൽ കടന്നുകൂടിയിട്ടുള്ള ആവർത്തനങ്ങളും കാര്യപ്രസക്തമല്ലാത്ത കൂട്ടിച്ചേർക്കലുകളും മാറ്റിക്കളയേണ്ടിയിരിക്കുന്നു. കാലഗതിയുടെ നീതിരഹിതമായ ആഘാതമേറ്റ് ലുപ്തപ്രചാരമായ ചിലതെല്ലാം ഉചിതവും ആവശ്യവുമാണെന്നു കണ്ടാൽ വിശുദ്ധപിതാക്കന്മാരുടെ മാനദണ്ഡമനുസരിച്ച് പുനഃസ്ഥാപിക്കപ്പെടണം.

ഖണ്ഡിക – 51
വിശുദ്ധലിഖിതത്തിന്റെ സമ്പന്നത

വിശ്വാസികൾക്ക് ദൈവവചനത്തിന്റെമേശ കൂടുതൽ സമൃദ്ധമാകുന്നതിനുവേണ്ടി, വിശുദ്ധഗ്രന്ഥ ഭണ്ഡാഗാരം കൂടുതൽ തുറക്കപ്പെടണം. അങ്ങനെ വിശുദ്ധലിഖിതങ്ങളുടെ മുഖ്യഭാഗങ്ങളെല്ലാം നിശ്ചിതവർഷങ്ങൾക്കൊണ്ട് ജനങ്ങൾക്കായി വായിക്കപ്പെടണം.

ഖണ്ഡിക – 52
വചനപ്രസംഗം

ആണ്ടുവട്ടമുള്ള ആരാധനക്രമഗതിയിൽ വിശുദ്ധപുസ്തകത്തിൽനിന്ന് വിശ്വാസത്തിന്റെ രഹസ്യങ്ങളും ക്രിസ്തീയജീവിതനിയമങ്ങളും വ്യാഖ്യാനിക്കുന്ന സുവിശേഷ പ്രഘോഷണം ആരാധനക്രമത്തിന്റെ ഭാഗമായിത്തന്നെ ശക്തമായി ശിപാർശചെയ്യുന്നു. മാത്രമല്ല, ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ജനങ്ങളുടെ ഭാഗഭാഗിത്വത്തോടെ ആഘോഷിക്കപ്പെടുന്ന കുർബാനകളിൽ ഗൗരവാവഹമായ കാരണത്താലല്ലാതെ അത് ഉപേക്ഷിച്ചുകൂടാ.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles