സന്ന്യാസസമര്‍പ്പണത്തിന്റെ മാഹാത്മ്യം
46) സന്ന്യാസസമര്‍പ്പണത്തിന്റെ മാഹാത്മ്യം
മലമുകളില്‍ പ്രാര്‍ത്ഥിക്കുകയും ജനക്കൂട്ടത്തോടു ദൈവരാജ്യം വിളംബരം ചെയ്യുകയും രോഗികളെയും വ്രണിതരെയും സുഖപ്പെടുത്തുകയും പാപികളെ ധാര്മികമേന്മയിലേക്കു മാനസാന്തരപ്പെടുത്തുകയും ശിശുക്കളെ ആശീര്‍വദിക്കുകയും എല്ലാവര്ക്കും നന്മ ചെയ്യുകയും തന്നെ അയച്ച പിതാവിന്റെ ഇച്ഛയ്ക്ക് സദാ കീഴ്വഴങ്ങുകയും ചെയ്ത മിശിഹായെ തിരുസഭ സന്ന്യാസിമാര്‍ വഴി വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഉത്തരോത്തരം വ്യക്തമായി പ്രദര്‍ശിപ്പിക്കാന്‍ തക്കവിധം അവര്‍ ഉത്സാഹപൂര്‍വ്വം ശ്രദ്ധിക്കണം.
അവസാനമായി, സുവിശേഷങ്ങളുടെ വ്രതവാഗ്ദാനം വിലപ്പെട്ടതായി പരിഗണിക്കപ്പെടേണ്ട സമ്പത്തുകളുടെ പരിത്യാഗം അര്‍ത്ഥമാക്കുന്നുണ്ടെങ്കിലും മനുഷ്യ വ്യക്തിവികസനം തടസ്സപ്പെടുത്തുന്നില്ല. മറിച്ച്, സ്വഭാവത്താല്‍ത്തന്നെ അതിനെ അങ്ങേയറ്റം വളര്‍ത്തുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കട്ടെ. കാരണം, ഓരോരുത്തരുടെയും പ്രത്യേകമായ ദൈവവിളിക്കനുസരിച്ച് സ്വമനസ്സാ സ്വീകരിക്കുന്ന സുവിശേഷോപദേശങ്ങള്‍ മനസ്സിന്റെ ശുദ്ധീകരണത്തിനും ആത്മികസ്വാതന്ത്ര്യത്തിനും അനല്പമായി ഉപകരിക്കുന്നു. സ്നേഹത്തിന്റെ തീക്ഷ്ണത നിരന്തരം ഉജ്ജ്വലിപ്പിക്കുന്നു. പ്രത്യേകിച്ച് മിശിഹാ കര്‍ത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്തതും അവിടത്തെ കന്യകാമാതാവ് ആശ്ലേഷിച്ചതുമായ വിരക്തിയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതരീതിയോട്, വിശുദ്ധരായ ഇത്രയധികം സഭാസ്ഥാപകരുടെ മാതൃക തെളിയിക്കുന്നതുപോലെ, ക്രിസ്ത്യാനികളുടെ ജീവിതം പൊരുത്തപ്പെടുത്താന്‍ ഇവ ഉപകരിക്കുന്നു.
സന്ന്യാസിമാര്‍ തങ്ങളുടെ സമര്‍പ്പണം വഴി മനുഷ്യരില്‍നിന്ന് അന്യവത്കരിക്കപ്പെട്ടവരോ ഭൗതികസമൂഹത്തില്‍ ഉപയോഗശൂന്യരോ ആയിത്തീരുന്നുവെന്ന് ആരും വിലയിരുത്താതിരിക്കട്ടെ. സ്വന്തം സമകാലികര്‍ക്ക് നേരിട്ടു സേവനം ചെയ്യാത്തപ്പോഴും, കൂടുതല്‍ അഗാധമായ രീതിയില്‍ മിശിഹായുടെ ശരീരത്തിനുള്ളില്‍ സന്നിഹിതരെന്നവണ്ണം അവരെ കണ്ടുകൊണ്ട്, അവരോട് ആത്മികമായി സഹകരിച്ചുകൊണ്ട് ഭൗതികസമൂഹസൃഷ്ടി എപ്പോഴും കര്‍ത്താവില്‍ അടിസ്ഥാനമിടാനും അവനിലേക്കു ലക്ഷ്യംവയ്ക്കാനും അതിന്റെ നിര്‍മാതാക്കള്‍ നിരര്‍ത്ഥകമായി അധ്വാനിക്കാതിരിക്കാനും ഇടയാകുന്നു.
അതിനാല്‍, സ്ഥിരവും വിനയാന്വിതവുമായ വിശ്വസ്തതയോടെ മേല്പറഞ്ഞ സമര്‍പ്പണം ചെയ്തുകൊണ്ട് ആശ്രമങ്ങളിലും വിദ്യാലയങ്ങളിലും ആതുരാലയങ്ങളിലും പ്രേഷിതരംഗങ്ങളിലും മിശിഹായുടെ മണവാട്ടിയെ അലങ്കരിക്കുകയും സകലമനുഷ്യര്‍ക്കും ഉദാരമായ വൈവിധ്യമാര്‍ന്നതുമായ സേവനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും സന്ന്യാസസഹോദരന്മാരെയും കന്യാസ്ത്രീകളെയും ഈ പരിശുദ്ധ സുനഹദോസ് പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
47) നിലനില്പിനുവേണ്ടിയുള്ള ആഹ്വാനം
സുവിശേഷോപദേശങ്ങളുടെ വ്രതവാഗ്ദാനത്തിനു വിളിക്കപ്പെടുന്ന ഓരോ വ്യക്തിയും ദൈവം വിളിച്ച വിളിയാല്‍ അതില്‍ സ്ഥിരതയോടെ നിലനില്ക്കുന്നതിനും കൂടുതല്‍ ഉന്നിത പ്രാപിക്കുന്നതിനും തിരുസഭയുടെ കൂടുതല്‍ സമൃദ്ധമായ വിശുദ്ധിക്കുവേണ്ടിയും മിശിഹായിലും മിശിഹാ വഴിയുമുള്ള എല്ലാ വിശുദ്ധിയുടെയും നീരരുവിയും ഉറവിടവുമായ ഏകവും അവിഭക്തവുമായ ത്രിത്വത്തിന്റെ ഉപരിമഹത്വത്തിനു വേണ്ടിയും ഉത്സാഹപൂര്‍വ്വം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
(തുടരും)