രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 16

20) മെത്രാന്മാര്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികള്‍

മിശിഹാ ശ്ലീഹന്മാരെ ഭരമേല്‍പിച്ച ഈ ദിവ്യദൗത്യം യുഗാന്തത്തോളം തുടരാനുള്ളതാണ് (മത്താ 28:20). എന്തെന്നാല്‍, അവര്‍വഴി നല്കപ്പെട്ട സുവിശേഷം എക്കാലത്തേക്കും സഭയ്ക്ക് അവളുടെ ജീവിതം മുഴുവന്റെയും മൂലതത്വമാണ്. ‘അതുകൊണ്ട് ഹയരാര്‍ക്കിക്കല്‍ക്രമവത്കരണമുള്ള ഈ സമൂഹത്തില്‍ പിന്‍ഗാമികളെ നിയമിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.

അവര്‍ക്ക് ഈ ശുശ്രൂഷയില്‍ വിവിധതരം സഹായികളുടണ്ടായിരുന്നുവെന്നുമാത്രമല്ല, തങ്ങള്‍ക്ക് ഏല്പിക്കപ്പെട്ട ദൗത്യം തങ്ങളുടെ മരണശേഷം തുടരേണ്ടതിനായി തൊട്ടടുത്ത സഹപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ തുടങ്ങിവച്ച ജോലി പൂര്‍ത്തിയാക്കുന്നതിനും ഉറപ്പിക്കുന്നതിനും മരണശാസനമെന്നപോലെ, അവര്‍ കല്പന കൊടുത്തു. ദൈവത്തിന്റെ സഭയെ മേയ്ക്കാന്‍, പരിശുദ്ധാത്മാവ് തങ്ങളെ ഭരമേല്പിച്ച (അപ്പ 20:28) അജഗണങ്ങളെ മുഴുവന്‍ പരിപാലിക്കാന്‍ അവരെ നയിക്കുകയും ചെയ്തു. അതിനാല്‍ താദൃശരായ ആളുകളെ നിയമിച്ചാക്കുക മാത്രമല്ല, തുടര്‍ന്ന് അവരെ തിരുപ്പട്ടം നല്കി അഭിഷിക്തരാക്കുകയും ചെയ്തു. തങ്ങളുടെ കാലശേഷവും അവരുടെ ശുശ്രൂഷ യോഗ്യരായ മറ്റുള്ളവര്‍ നിര്‍വഹിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്.

ആരംഭകാലം മുതല്‍ സഭയില്‍ പ്രയോഗത്തിലിരുന്ന വിവിധ ശുശ്രൂഷകളില്‍ പാരമ്പര്യം തെളിയിക്കുന്നതനുസരിച്ച് പ്രഥമസ്ഥാനമര്‍ഹിക്കുന്നത് മെത്രാന്‍സ്ഥാനത്ത് അവരോധിതരായി, ആദ്യകാലം മുതല്‍ ഇടമുറിയാതെ ശുശ്രൂഷചെയ്ത്, ശ്ലൈഹികവിത്ത് കൈമാറുന്നവരുടെ സേവനമാണ് വിശുദ്ധ ഇരനേവൂസ് സാക്ഷ്യപ്പെടുത്തുന്നതുപോലെ, ശ്ലീഹന്മാരാല്‍ മെത്രാന്മാരായി നിയമിക്കപ്പെട്ടവരും അവരുടെ പിന്തുടര്‍ച്ചക്കാരും വഴി നമ്മുടെ കാലം വരെ ശ്ലൈഹികപാരമ്പര്യം ലോകംമുഴുവന്‍ വെളിപ്പെടുത്തുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

അതിനാല്‍, മെത്രന്മാര്‍ ദൈവത്തിന്റെ സ്ഥാനത്ത് അജഗണത്തിന്റെ മേലദ്ധ്യക്ഷന്മാരും ഇടയന്മാരുമായി, സത്യത്തിന്റെ പ്രബോധകന്മാരും ദൈവാരാധനയുടെ പുരോഹിതന്മാരും ഭരണത്തിന്റെ നായകന്മാരുമെന്ന നിലയില്‍ വൈദികരുടെയും ഡീക്കന്മാരുടെയും സഹായത്തോടെ സമൂഹത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നു. ശ്ലീഹന്മാരില്‍ ഒന്നാമനായ പത്രോസിന് വ്യക്തിഗതമായി കര്‍ത്താവു നല്കിയ ധര്‍മം ശാശ്വതമായി നിലനില്‌ക്കേണ്ടതും പിന്‍ഗാമികള്‍ക്കു ഭരമേല്പിക്കപ്പെടേണ്ടതുമാണ്. അതുപോലെതന്നെ, ശ്ലീഹന്മാര്‍ക്ക് സഭയെ മേയ്ക്കാനുള്ള ധര്‍മ്മവും മെത്രാന്‍പട്ടംവഴി ശാശ്വതമായി നിലനില്‍ക്കുന്നു. അതിനാല്‍, ഈ പരിശുദ്ധ സുനഹദോസ് പഠിപ്പിക്കുന്നു: ‘മെത്രാന്മാര്‍ ദൈവികനിയമനത്താല്‍ ശ്ലീഹന്മാരുടെ പിന്തുടര്‍ച്ചയുടെ പദവിയില്‍ സഭയുടെ ഇടയന്മാരാണ്. അവരെ അനുസരിക്കുന്നവര്‍ മിശിഹായെ അനുസരിക്കുന്നു. അവരെ നിഷേധിക്കുന്നവര്‍ മിശിഹായെയും അവനെ അയച്ചവനെയും നിഷേധിക്കുന്നു (ലൂക്ക 10:16).

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles