രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 15

അധ്യായം മൂന്ന്

സഭയിലെ ഹയരാര്‍ക്കിക്കല്‍ (അധികാര ശ്രേണി) ഘടന; പ്രത്യേകിച്ച് മെത്രാന്‍സ്ഥാനം

 

18)   പ്രാരംഭം

ദൈവജനത്തെ മേയ്ക്കാനും അതിനെ സദാ വളര്‍ത്താനും മിശിഹാകര്‍ത്താവ് സഭയില്‍ തന്റെ ശരീരത്തിന്റെ മുഴുവന്‍ നന്മയ്ക്കുപകരിക്കുന്ന വിവിധ ശുശ്രൂഷാപദവികള്‍ സ്ഥാപിച്ചു. വിശുദ്ധമായ അധികാരം കൈയാളുള്ള ശുശ്രൂഷികള്‍ തങ്ങളുടെ സഹോദരര്‍ക്ക് സേവനം ചെയ്യുകയാണ്. ദൈവജനത്തില്‍ ഉള്‍പ്പെട്ടവരും അക്കാരണത്താല്‍ യഥാര്‍ത്ഥ ക്രിസ്തീയമഹത്വം അനുഭവിക്കുന്നവരുമായ എല്ലാവരും ഒരേ ലക്ഷ്യത്തിനുവേണ്ടി സ്വതന്ത്രമായും ക്രമാനുസൃതമായും സഹകരിച്ചു നീങ്ങി രക്ഷപ്രാപിക്കാന്‍ വേണ്ടിയാണിത്.

ഈ പരിശുദ്ധ സുനഹദോസ് ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാലടികള്‍ പിന്തുടര്‍ന്നുകൊണ്ട്, അതിനോടു ചേര്‍ന്നു പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഇതാണ്: നിത്യപുരോഹിതനായ ഈശോമിശിഹാ താന്‍തന്നെ പിതാവാല്‍ അയയ്ക്കപ്പെട്ടതുപോലെ (യോഹ 20:21) ശ്ലീഹന്മാരെ അയച്ചുകൊണ്ട് തിരുസഭയെ സ്ഥാപിച്ചു. അവരുടെ പിന്‍ഗാമികള്‍ അതായത്, മെത്രാന്മാര്‍ തന്റെ സഭയില്‍ സമയത്തിന്റെ സമാപ്തിവരെ ഇടയന്മാരായിരിക്കണമെന്ന് അവിടന്ന് തിരുമനസ്സായി. മെത്രാന്‍സ്ഥാനം ഏകവും അവിഭാജ്യവുമായിരിക്കാന്‍വേണ്ടി ഭാഗ്യപ്പെട്ട പത്രോസിനെ മറ്റു ശ്ലീഹന്മാരുടെ അദ്ധ്യക്ഷനാക്കുകയും അദ്ദേഹത്തില്‍ത്തന്നെ ശാശ്വതവും ദൃശ്യവുമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ആരംഭവും അടിസ്ഥാനവും സ്ഥാപിക്കുകയും ചെയ്തു.

റോമാ മാര്‍പ്പാപ്പയുടെ പരമാധികാരത്തിന്റെ സ്ഥാപനം, ശാശ്വതസ്വഭാവം, ശക്തി, വിശുദ്ധമായ പ്രാബല്യം എന്നിവയെപ്പറ്റിയും അദ്ദേഹത്തിന്റെ അപ്രമാദമായ പ്രബോധനാധികാരത്തെപ്പറ്റിയുമുള്ള ഈ വിശ്വാസസത്യം ഉറപ്പായി വിശ്വസിക്കാന്‍ എല്ലാ വിശ്വാസികളോടും ഈ സുനഹദോസ് ആവര്‍ത്തിച്ചു നിര്‍ദ്ദേശിക്കുന്നു. ഈ നിര്‍ദ്ദേശത്തിന്റെ തുടര്‍ച്ചയായിത്തന്നെ, പത്രോസിന്റെ പിന്‍ഗാമിയും മിശിഹായുടെ വികാരിയും സഭമുഴുവന്റെയും ദൃശ്യ തലവനുമായ അദ്ദേഹത്തോടു ചേര്‍ന്ന്, മറ്റു ശ്ലീഹന്മാരുടെ പിന്‍ഗാമികളായി ജീവനുള്ള ദൈവത്തിന്റെ ഭവനം ഭരിക്കുന്നവരായ മെത്രാന്മാരെപ്പറ്റിയുള്ള പ്രബോധനവും എല്ലാവരുടെയും മുമ്പാകെ ഏറ്റുപറയുന്നതിനും പ്രഖ്യാപിക്കുന്നതിനും ഈ സുനഹദോസ് തീരുമാനിക്കുന്നു.

19)   പന്ത്രണ്ടു ശ്ലീഹന്മാരുടെ വിളിയും ശ്ലൈഹികസ്ഥാപനവും

കര്‍ത്താവായ ഈശോ പിതാവിനോടു പ്രാര്‍ത്ഥിച്ചശേഷം തനിക്ക് ഇഷ്ടപ്പെട്ടവരെ അടുത്തേക്കു വിളിച്ച്, തന്നോടുകൂടെ ആയിരിക്കുന്നതിനും ദൈവരാജ്യം പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനുമായി പന്ത്രണ്ടുപേരെ നിയമിച്ചു (മാര്‍ക്കോ 3:13-19; മത്താ 10:1-42). ഈ ശ്ലീഹന്മാരെ (ലൂക്ക 6:13) ഒരു സംഘം അഥവാ, സുസ്ഥിരമായ ഒരു സമൂഹമായി സ്ഥാപിക്കുകയും അവരുടെ മേലദ്ധ്യക്ഷനായി അവരില്‍നിന്നുതന്നെ തിരഞ്ഞെടുത്ത പത്രോസിനെ നിയമിച്ചാക്കുകയും ചെയ്തു (യോഹ 21:15-17). അവരെ ആദ്യമായി ഇസ്രയേല്‍ മക്കളുടെ അടുത്തേക്കും പിന്നീട് എല്ലാ മക്കളുടെ പക്കലേക്കും അയച്ചു (റോമ 1:16). തന്റെ അധികാരത്തില്‍ പങ്കുകാരെന്ന നിലയില്‍, എല്ലാ മനുഷ്യരെയും അവിടത്തെ ശിഷ്യരാക്കിക്കൊണ്ട് അവരെ വിശുദ്ധീകരിക്കുകയും ഭരിക്കുകയും ചെയ്യേണ്ടതിനുതന്നെ (മത്താ 28:16-20; മാര്‍ക്കോ 16:15; ലൂക്കാ 24:45-48; യോഹ 20:21-23).

അങ്ങനെ സഭ പ്രചരിപ്പിക്കുകയും അവളെ കര്‍ത്താവിന്റെ നായകത്വത്തില്‍ സമയത്തിന്റെ സമാപ്തിവരെയുള്ള എല്ലാ ദിനങ്ങളിലും ശുശ്രൂഷിച്ചു മേയ്ക്കുകയും ചെയ്യുന്നതിനുവേണ്ടിയാണിത് (മത്താ 28:20). ഈ ദൗത്യത്തില്‍ പന്തക്കുസ്താദിനം അവര്‍ സമ്പൂര്‍ണ്ണമായി ഉറപ്പിക്കപ്പെട്ടു (അപ്പ 2:1-36). ഇതു നിറവേറ്റിയത് കര്‍ത്താവിേെന്റ വാഗ്ദാനമനുസരിച്ചാണ്: ‘എന്നാല്‍, പരിശുദ്ധാത്മാവില്‍ നിന്ന് നിങ്ങളുടെമേല്‍ ശക്തി നിങ്ങള്‍ സ്വീകരിക്കും. അപ്പോള്‍ ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തിയോളവും നിങ്ങള്‍ എന്റെ സാക്ഷികളായിരിക്കും (അപ്പ 1:8). ശ്ലീഹന്മാര്‍ എല്ലായിടത്തും സുവിശേഷം പ്രസംഗിച്ചു (മാര്‍ക്കോ 16:20). അത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനംവഴി ശ്രോതാക്കള്‍ സ്വീകരിച്ചു. അങ്ങനെ ശ്ലീഹന്മാരില്‍ സ്ഥാപിക്കുകയും അവരുടെ തലവനായ ഭാഗ്യപ്പെട്ട പത്രോസില്‍ പ്രധാനമൂലക്കല്ലായ മിശിഹായാല്‍ പടുത്തുയര്‍ത്തപ്പെടുകയും ചെയ്ത സാര്‍വത്രിക സഭയെ അവര്‍ സംഘടിപ്പിച്ചു (വെളി 21:14; മത്താ 16:18; എഫേ 2:20)

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles