വത്തിക്കാന്‍ സ്ഥാനപതി മരിയന്‍ തീര്ത്ഥാടനകേന്ദ്രകമായ കൃപാസനം സന്ദര്‍ശിച്ചു
ആലപ്പുഴ: മാര്‍പ്പാപ്പയുടെ പ്രതിനിധി നുണ്‍ഷിയോ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് പ്രസിദ്ധ ധ്യാനകേന്ദ്രമായ കൃപാസനം സന്ദര്‍ശിച്ചു. തന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ത്രിദിന പരിപാടികള്‍ക്കായി കേരളത്തില്‍ എത്തിയപ്പോഴാണ് വത്തിക്കാന്റെ ജപ്പാന് അംബാസിഡര്‍ ആയ ഡോ. ചേന്നോത്ത് കൃപാസനത്തിലെത്തിയത്.
പരി. അമ്മയുടെ പ്രത്യക്ഷീകരണം ഉണ്ടായ സ്ഥലം എന്ന് ബന്ധുക്കളില്‍ നിന്ന് കേട്ടറിഞ്ഞ് കൃപാസനം പ്രാര്‍ത്ഥനാ സമ്മേളനം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കൃപാസനത്തില്‍ വച്ച് ബഹു. നുണ്‍ഷ്യോ ദിവ്യകാരുണ്യ ആരാധനാ മധ്യേ വചനസന്ദേശം നല്കി. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കൃപാസനത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഉടമ്പടി പ്രാര്‍ത്ഥനയുടെ ഉണ്മയും ഉടലുമായ ‘അവന് പറയുന്നതു പോലെ ചെയ്യുവിന്‍’ (യോഹ. 2.5) എന്ന പരിശുദ്ധ അമ്മയുടെ സന്ദേശ വചനമാണ് ആരാധന മധ്യേ അദ്ദേഹം പങ്കുവച്ചത്.
കൃപാസനം ഡയറക്ടര്‍ ഫാ. വി. പി. ജോസഫ് വത്തിക്കാന്‍ സ്ഥാനപതിക്ക് മത്സ്യതൊഴിലാളികളായ അപ്പസ്തോലന്മാരുടെ കടലോര മത്സ്യ ബന്ധന വഞ്ചിയുടെയും വലയുടെയും മാതൃക ഉപഹാരമായി സമര്‍പ്പിച്ചു. മാതാവിന്റെ പ്രത്യക്ഷീകരണത്തെ കുറിച്ചുള്ള രേഖകള്‍ സഭയുടെ അംഗീകാരത്തിനായി സമര്പ്പിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കായി ക്ഷമാപൂര്‍വം കാത്തിരിക്കാന്‍ പിതാവ് നിര്‍ദേശിച്ചു.