ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പരസഹായം നാം ഇപ്പോള്‍ ഈ ആത്മാക്കള്‍ക്ക് ചെയ്തു കൊടുക്കുന്നതിന്‍റെ തോതനുസരിച്ചേ ലഭിക്കുകയുള്ളൂ.
ശുദ്ധീകരണാത്മാക്കളെ സംബന്ധിച്ചിടത്തോളം തുച്ഛമായ സഹായം ചെയ്തു കൊടുത്തിട്ട് പിന്നീട് അതിനു പ്രതിഫലമായി വലിയ സഹായം ലഭിക്കുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ഏറ്റം അടുത്ത ഉപകാരികള്‍, സ്നേഹിതര്‍, മുതലായവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ ഉഗ്രപീഡ അനുഭവിക്കുന്ന നേരത്ത് അവര്‍ക്കല്‍പമെങ്കിലും ആശ്വാസം വരുത്തുന്നതിന് നാം ശ്രമിച്ചിട്ടില്ലെങ്കില്‍ നാം കഠിന ഹൃദയരാണെന്നു നിസംശയം പറയാം. ആകയാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ കഷ്ടപ്പാടുകളെപ്പറ്റി മനസ്സലിഞ്ഞ് അവരെ സഹായിക്കുന്നതില്‍ അല്പംപോലും ഉദാസീനത കാണിക്കരുത്. അല്ലാത്തപക്ഷം കഷ്ടപ്പാടിന്‍റെ കാലം നേരിടുമ്പോള്‍ നമ്മെ സഹായിക്കുന്നതിന് ഒരുത്തരും ഉണ്ടാകുന്നതല്ല. മരിച്ചവരെ സംസ്ക്കരിക്കുന്നത് ഒരു കാരുണ്യ പ്രവര്‍ത്തി തന്നെ. അതിലെത്രയോ ഉപരിയായിട്ടുള്ളതാണ് മരിച്ചവരുടെ ആത്മാക്കളെ മോക്ഷത്തില്‍ ചേര്‍ക്കുന്നതും ശുദ്ധീകരണ സ്ഥലത്തില്‍ അവരുടെ പീഡകളെ കുറയ്ക്കാന്‍ അവരെ സഹായിക്കുന്നതും.
ജപം
മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യജീവന്‍ നല്‍കുകയും അവരുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുകയും ചെയ്യുന്ന ദൈവമേ! പാപികളെ അനുഗ്രഹിക്കുവാന്‍ അവിടുന്ന് തിരുമനസ്സായിരിക്കുന്നുവല്ലോ. മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് പാപികളായ ഞങ്ങള്‍ ചെയ്തുവരുന്ന ജപങ്ങളും ചിന്തുന്ന കണ്ണുനീരും കൃപയോടുകൂടെ തൃക്കണ്‍പാര്‍ത്തു ഇവരെ പീഡകളുടെ സ്ഥലത്തില്‍ നിന്നും രക്ഷിച്ച് നിത്യാനന്ദ ഭാഗ്യം സമ്പൂര്‍ണ്ണമായി അനുഭവിക്കുന്നതിന് അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.