ശുദ്ധീകരാത്മാക്കളുടെ വണക്കമാസം പതിനെട്ടാം തീയതി
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും” എന്ന് ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്‍റെ അനുഗ്രഹവും ദയയും ലഭിച്ചാല്‍ പിന്നെ മറ്റെന്താണ് നമുക്കാവശ്യം. ദരിദ്രരോടും അഗതികളോടും ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ ആകുന്നു.
“അവന്‍ ദുഃഖശയ്യയെ പ്രാപിക്കുമ്പോള്‍ കര്‍ത്താവ് അവനെ സഹായിക്കുന്നു” എന്ന് നാല്‍പതാം സങ്കീര്‍ത്തനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള ദരിദ്രര്‍ക്ക് സഹായോപകാരങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവിടുത്തെ നന്മകള്‍ വാഗ്ദാനം ചെയ്തിരിക്കെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നവര്‍ക്കു അതിലും ഉപരിയായ അനുഗ്രഹവും കൃപയും ലഭിക്കുമെന്ന് ഉറപ്പായി പറയാവുന്നതാണ്.
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു സഹായോപകാരങ്ങള്‍ ചെയ്യുന്നതു സര്‍വ്വേശ്വരനും ദൈവപിതാവിനും മറ്റു മോക്ഷവാസികള്‍ക്കും വളരെ ഇഷ്ടപ്പെട്ട പുണ്യമാണെന്ന്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. മോക്ഷവാസികളെ കുറിച്ചു ചെയ്യപ്പെടുന്ന ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും വലിയ അനുഗ്രഹമാണ് നമുക്കു ലഭിക്കുക. ആകയാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ക്ക് ഈശോമിശിഹാ ആത്മീയവും ലൗകികവുമായ അനവധി നന്മകള്‍ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
അത് പോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ ഉപകാരികള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനു ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം നമ്മുടെ സകല പ്രവൃത്തികളെയും, സഹിക്കുന്ന കഷ്ടപ്പാടുകളെയും ഇവര്‍ക്കു വേണ്ടി സര്‍വ്വേശ്വരനു കാഴ്ച വയ്ക്കുകയെന്നതാണ്. ആകയാല്‍ നമ്മുടെ സ്വന്തം ഗുണത്തെ ഉദ്ദേശിച്ചെങ്കിലും ഈ ആത്മാക്കളുടെ നേരെയുള്ള ഭക്തി പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കേണ്ടതാകുന്നു.
ജപം
പിതാവായ ദൈവമേ, അങ്ങേ സ്നേഹകുമാരനും ഞങ്ങളുടെ രക്ഷകനുമായ ഈശോമിശിഹാ അനുഭവിച്ച പീഡകളെയും, കുരിശു മരണത്തേയും ചിന്തിയ തിരുരക്തത്തെയും കുറിച്ച് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പീഡന കാലയളവ് കുറച്ച് നല്‍കി അങ്ങേ സന്നിധാനത്തിലേക്ക് അവരെ വിളിക്കുവാന്‍ കൃപ ചെയ്തരുളണമെ.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.