പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനെട്ടാം തീയതി

“അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും” (എശയ്യ 7 : 14).

പരിശുദ്ധ മറിയത്തിന്റെ വണക്കമാസത്തില്‍ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നു. ദൈവീക പദ്ധതികളോട് സജീവമായി സഹകരിച്ച തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.

പരിശുദ്ധ കന്യകയുടെ കന്യാത്വം

ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു മാറ്റം കുറിച്ചു. ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. ഒരര്‍ത്ഥത്തില്‍ പ.കന്യകയുടെ കന്യാത്വമാണ് ലോകപരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്‍റെ ഉറവിടമായി. പ.കന്യകയുടെ കന്യാത്വത്തിന്‍റെ യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്. അനുവദനീയമായ ലൈംഗിക സുഖഭോഗങ്ങള്‍ പോലും പരിത്യജിച്ച് ആത്മശരീരവിശുദ്ധി ആജീവനാന്തം പാലിക്കുക എന്നതാണ് കന്യാത്വം കൊണ്ട് വിവക്ഷിക്കുന്നത്.

പ.കന്യക മിശിഹായെ ഗര്‍ഭം ധരിക്കുന്നതിനു മുമ്പും പരിശുദ്ധാത്മാവിനാല്‍ ഈശോയെ ഗര്‍ഭം ധരിച്ചതിനു ശേഷവും അവിടുത്തെ കന്യാത്വത്തിനു യാതൊരു ഭംഗവും സംഭവിച്ചില്ല എന്നുള്ളത് അപ്പസ്തോലിക കാലം മുതലുള്ള വിശ്വാസമായിരുന്നു. കണ്ടാലും, കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. അവന്‍ എമ്മാനുവേല്‍ എന്നു വിളിക്കപ്പെടും (എശയ്യ. 7:14) എന്നുള്ള എശയ്യ പ്രവാചകന്റെ പ്രവചനം ക്രിസ്തുവിന്‍റെ കന്യകയില്‍ നിന്നുള്ള ജനനത്തെ എടുത്തുകാണിക്കുന്നു.

വി.ലൂക്കാ സുവിശേഷകന്‍ മംഗലവാര്‍ത്തയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ദൈവദൂതന്‍ യൗസേപ്പ് എന്ന പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ പക്കലേയ്ക്കു അയയ്ക്കപ്പെട്ടു. (ലൂക്കാ 1:26) മേരി ദൂതനോടു പറഞ്ഞ വാക്കുകളും അത് വ്യക്തമാക്കുന്നുണ്ട്. ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എങ്ങനെ സംഭവിക്കും. ദൈവദൂതന്‍ ഉടന്‍ തന്നെ മേരിയുടെ സംശയ നിവാരണം വരുത്തി: “പരിശുദ്ധാത്മാവ് വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ നിന്നില്‍ നിന്ന്‍ പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് തന്നെയും അവരുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കപ്പെടുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ല” (ലൂക്കാ 1:34-37). ഇവിടെ സാധാരണ രീതിയില്‍ അസാധ്യമായ ഒന്നിന്‍റെ സാധ്യതയെപ്പറ്റി, അഥവാ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലുള്ള ഗര്‍ഭധാരണമാണ് ദൈവദൂതന്‍റെ വിവക്ഷ.

വി.മത്തായിയുടെ സുവിശേഷം ഇത് വ്യക്തമാക്കുന്നു. “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (വി.മത്തായി 1:18).

ഇന്നു ലൈംഗികാതിപ്രസരവാദവും ലൈംഗികാരാജകത്വവും ശക്തിപ്രാപിച്ചു വരുന്ന ഈ അവസരത്തില്‍ പ.കന്യകയുടെ മാതൃക നമുക്ക് ആത്മശരീരവിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ പ്രചോദനമരുളണം. ഓരോ ജീവിതാന്തസ്സിലുള്ളവരും അവരവരുടെ ജീവിതാന്തസ്സിനനുസരണമായ വിശുദ്ധി പാലിക്കണം. പ.കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ശുദ്ധത പാലിക്കുന്നവരെ പ.കന്യകയും ഈശോയും വളരെയധികം സ്നേഹിക്കുന്നുവെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സംഭവം

അയര്‍ലന്‍ഡിലെ വി.ബ്രിജിറ്റ് വളരെ സൗന്ദര്യവതിയായിരുന്നു. അവള്‍ പ.കന്യകയുടെ നേരെ അതിയായ ഭക്തിയുള്ളവളുമായിരുന്നു. ചെറുപ്പത്തിലെ തന്നെ അവള്‍ കന്യാവ്രതം വാഗ്ദാനം ചെയ്തു. പക്ഷേ മാതാപിതാക്കന്മാര്‍ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിച്ചു. ഒരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചു. ബ്രിജിറ്റ് കന്യാവ്രതം അര്‍പ്പിച്ചതുകൊണ്ട് വിവാഹത്തില്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല അവള്‍ക്ക് ഒരു രോഗം പിടിപെട്ട് അവളുടെ സൗന്ദര്യത്തിനു കോട്ടം സംഭവിച്ചു. ശുദ്ധതയോടുള്ള സ്നേഹം നിമിത്തം അവള്‍ തന്നെ മുഖം വിരൂപമാക്കി. തന്നിമിത്തം വിവാഹാലോചനകളെല്ലാം മാതാപിതാക്കന്മാര്‍ ഉപേക്ഷിച്ചു.

കുറെനാള്‍ കഴിഞ്ഞ് അത്ഭുതമെന്നു പറയട്ടെ അവളുടെ പൂര്‍വ സൗന്ദര്യം അവള്‍ക്കു ലഭിച്ചു. അവള്‍ പിന്നീട് പ.കന്യകയോടു ഏറ്റവും ഐക്യം പ്രാപിച്ചു. അതിനാല്‍ അയര്‍ലന്‍ഡിലെ മേരി എന്ന അപരാഭിദാനത്തിന് അവള്‍ അര്‍ഹയായി തീര്‍ന്നു. എല്ലാ വിശുദ്ധരും അവളുടെ ശുദ്ധത സംരക്ഷിക്കുന്നതിനായി പ.കന്യകയോടു അന്യാദൃശമായ ഭക്തി പ്രകടിപ്പിച്ചിരുന്നു. അവള്‍ കന്യകകളുടെ രാജ്ഞിയാണ്. പ.കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്.

പ്രാര്‍ത്ഥന

പ.കന്യകയെ, അങ്ങു അവിടുത്തെ കന്യാവ്രതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന്‍ അതിനെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കി. ഞങ്ങള്‍ ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. ഇന്ന് അനേകര്‍ ഞങ്ങളുടെ ആത്മനൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ. കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

 

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

 

സുകൃതജപം

കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

 

മേയ് മാസത്തില്‍ ദിവസേന ചൊല്ലാന്‍ മാര്‍പാപ്പാ നല്‍കിയ പ്രാര്‍ത്ഥന

ഓ മറിയമേ, രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ഈ യാത്രയില്‍ എപ്പോഴും അങ്ങ് പ്രകാശിക്കുന്നുവല്ലോ. കുരിശിന്‍ ചുവട്ടില്‍ യേശുവിന്റെ പീഡകളുമായി ഐക്യപ്പെട്ട് സ്ഥിരവിശ്വാസത്തോടെ നിലകൊണ്ട രോഗികളുടെ ആരോഗ്യമായ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങളെ തന്നെ ഭരമേല്‍പിക്കുന്നു.
റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവേ, ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഗലീലിയിലെ കാനായില്‍ അങ്ങ് ചെയ്തതു പോലെ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം അങ്ങ് നല്‍കുമെന്നും ഈ പരീക്ഷണത്തിന് ശേഷം്വ സന്തോഷവും ആഘോഷവും വീണ്ടും കൈവരുമെന്നും അമ്മേ, ഞങ്ങള്‍ അറിയുന്നു.
ദിവ്യസ്നേഹത്തിന്റെ മാതാവേ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് അനുരൂപരായിരിക്കാനും യേശു ഞങ്ങളോട് പറയുന്നത് ചെയ്യാനും ഞങ്ങളെ സഹായിക്കണമേ. കുരിശിലൂടെ ഞങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ ആന്ദനം നല്‍കുവാനായി യേശു ഞങ്ങളുടെ കഷ്ടപ്പാടുകള്‍ തന്റെ മേല്‍ ഏറ്റെടുക്കുകയും ഞങ്ങളുടെ ദുഖങ്ങളാല്‍ ഭാരപ്പെടുകയും ചെയ്തുവല്ലോ. ആമ്മേന്‍.
ഓ പരിശുദ്ധയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കരുതേ. എല്ലാ അപകടങ്ങളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തു പാലിക്കണമേ, മഹത്വപൂര്‍ണയും അനുഗ്രഹീതയുമായ കന്യകേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles