ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി മൂന്നാം തീയതി
ദാനത്തിന്‍റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്‍റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു ദാനം ചെയ്യുന്നത് അവര്‍ക്കും നമുക്കും ഒരുപോലെ പ്രയോജനകരമാകുന്നു.
ദാനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഏറെ പ്രയോജനകരമായതിനാല്‍ അത് തക്ക വിധത്തില്‍ ചെയ്യണം. മനുഷ്യന്‍ ചാവുദോഷത്തോടുകൂടെ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കുപകരിക്കുമോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്കുവേണ്ടി നിങ്ങള്‍ എതെങ്കിലുമൊരു പുണ്യപ്രവര്‍ത്തി ചെയ്‌വാന്‍ ഭാവിക്കുമ്പോള്‍ കുമ്പസാരിക്കാന്‍ സൗകര്യമില്ലാത്ത പക്ഷം ചെയ്തിരിക്കുന്ന പാപങ്ങളെപ്പറ്റി പൂര്‍ണ്ണമായി മനസ്താപപ്പെട്ടു കൊണ്ടെങ്കിലും നാം അത് ചെയ്യണം.
നീ ദാനം ചെയ്യുമ്പോള്‍ കപടഭക്തര്‍ തങ്ങള്‍ മനുഷ്യരാല്‍ സ്തുതിക്കപ്പെടുവാനായി ജപസ്ഥലങ്ങളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ നിന്‍റെ മുമ്പാകെ കുഴല്‍ വിളിക്കരുത്. അവര്‍ തങ്ങളുടെ പ്രതിഫലം പ്രാപിച്ചു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. “എന്നാല്‍ നീ ദാനം ചെയ്യുമ്പോള്‍ നിന്‍റെ വലതുകൈ അറിയരുത്. എന്നാല്‍ രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും” എന്ന്‍ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു.
ഓരോരുത്തരും അവനവന്‍റെ അവസ്ഥയ്ക്കും ശക്തിക്കും തക്കപോലെ ദാനം ചെയ്യണം. ഈ വിഷയത്തില്‍ വലിയ തോബിയാസ് തന്‍റെ മകനോട് ഉപദേശിച്ചതിങ്ങനെയാണ്. “എന്‍റെ മകനെ നിന്‍റെ ശക്തിക്കൊത്തവണ്ണം ദാനം ചെയ്യുക. നിനക്ക് അധികമുണ്ടെങ്കില്‍ അധികമായിട്ട് കൊടുക്കുക. കുറച്ചയുള്ളൂവെങ്കില്‍ അല്‍പമായിട്ടെങ്കിലും സന്തോഷത്തോടുകൂടെ നീ കൊടുക്കണം.” സഹോദരന്മാരെ നിങ്ങളും ആത്മാക്കളെക്കുറിച്ച് ദാനം ചെയ്യുമ്പോള്‍ ഇങ്ങനെയാണ് ചെയ്യേണ്ടത്.
ജപം
സര്‍വ്വ ശക്തനായ ദൈവമേ! അങ്ങേപ്പക്കല്‍ പ്രാര്‍ത്ഥിച്ചു വരുന്നവരെ എപ്പോഴും അങ്ങുന്ന് അനുഗ്രഹിക്കുന്നതിനാല്‍ ഞങ്ങളുടെ അപേക്ഷകള്‍ കൃപയോടുകൂടെ കേട്ടരുളണമേ.ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനോടു കൂടെയിരുന്നപ്പോള്‍ അങ്ങില്‍ വിശ്വസിച്ചു ശരണപ്പെട്ടു കൊണ്ട് മരിച്ചു. അതോര്‍ത്ത് അവര്‍ ചെയ്ത കുറ്റങ്ങളൊക്കെയും പൊറുത്തു അവരെ സ്വര്‍ഗ്ഗ രാജ്യത്തില്‍ ചേര്‍ത്തരുളണമെ. ആമ്മേന്‍.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.