ശുദ്ധീകരാത്മാക്കളുടെ വണക്കമാസം ആറാം തിയതി
ദൈവത്തെ കാണുവാനോ സ്നേഹിക്കുവാനോ അനുഭവിക്കുവാനോ ഉള്ള അപ്രാപ്തതയാണ് നരകവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഈ വേദന, മറ്റു വേദനകളെക്കാളും നൂറായിരം മടങ്ങു വലിയ വേദനയാണെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. അതേ സമയം ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കള്‍, തങ്ങള്‍ക്കു കല്‍പ്പിച്ചിരിക്കുന്ന പ്രായശ്ചിത്തകടം തീരും വരെയും ശക്തമായ വേദനയനുഭവിക്കുന്നു. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന ദൈവത്തെ കാണാതെയിരിക്കുന്നതാണ് അവര്‍ അനുഭവിക്കുന്ന ഏറ്റം വലിയ വേദന.
ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന മാതാപിതാക്കന്മാരെ അനേക വര്‍ഷമായിട്ട് കാണാതെയിരിക്കുന്ന മകന്‍ അവരുടെ പക്കലേക്കു പോകുന്ന വഴിക്ക് വല്ല തടസ്സവുമുണ്ടായാല്‍ എത്രയോ സങ്കടമനുഭവിക്കും? ഒരു രാജ്യത്തെ ഭരിക്കുന്നതിനായി ഒരാളെ വിളിക്കുമ്പോള്‍ ഏതെങ്കിലും പ്രതിബന്ധം മൂലം അവിടേക്ക് പോകുവാന്‍ പാടില്ലാതെ വന്നാല്‍ അവനുണ്ടാകുന്ന വ്യസനം എത്രയോ വലുതായിരിക്കും? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ സ്വയം ശപിക്കുന്നില്ലെങ്കിലും സ്വന്തം കഷ്ടാരിഷ്ടതകളുടെ കാരണം തങ്ങള്‍ തന്നെ ആകുന്നു എന്നുള്ള ബോധത്തോടു കൂടി അവര്‍ പ്രലപിക്കുന്നു.
നരകത്തില്‍ എന്നന്നേക്കും ദുഃഖമനുഭവിക്കുന്ന പാപികള്‍ക്കും തങ്ങളുടെ കഷ്ടപ്പാടിന്‍റെ കാരണം സ്വന്തം കുറ്റം മാത്രമാണെന്നുള്ള വിചാരം ഹൃദയത്തെ ഇടവിടാതെ കടിച്ചു തുളയ്ക്കുന്ന ഒരു പുഴുവിനെപ്പോലെ അവരെ പീഡിപ്പിക്കുന്നത് കൊണ്ടു അവര്‍ തങ്ങളെ തന്നെ ശപിക്കുന്നു. ഈ വിചാരം അവരനുഭവിക്കുന്ന വേദനകളെ എന്തുമാത്രം വര്‍ദ്ധിപ്പിക്കുമെന്നു പറയുവാന്‍ പ്രയാസം.
ജപം
അനന്ത കൃപാനിധിയായ ദൈവമേ! അങ്ങേ ദയയില്‍ ശരണപ്പെട്ടുകൊണ്ട് മരിച്ചവരുടെ ആത്മാക്കളെ കൃപാകടാക്ഷത്തോടുകൂടെ തൃക്കണ്‍പാര്‍ത്തു, പരിശുദ്ധ ബാലന്മാരെ അഗ്നിജ്വാലയില്‍ നിന്നു കാത്തു രക്ഷിച്ചതുപോലെ, ഈ ആത്മാക്കളെ ആശ്വസിപ്പിച്ചു നിത്യാനന്ദ ഭാഗ്യം കൊടുക്കുന്ന അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.