ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ആറാം തീയതി
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനു വളരെ എളുപ്പവും ഫലനിശ്ചയവുമുള്ള ഒരു മാര്‍ഗ്ഗം ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് അവയെ അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. ദണ്ഡവിമോചനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരിശിന്‍റെ വഴി. ഭക്തിയോടും ദൈവസ്നേഹത്തോടും പാപങ്ങളിന്മേല്‍ നേരായ മനസ്താപത്തോടുംകൂടി ‘കുരിശിന്റെ വഴി’ കഴിച്ചാല്‍ മാത്രമേ അതിന്‍റെ ഫലം പൂര്‍ണ്ണമായി പ്രാപിക്കുകയുള്ളൂ. നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളെപ്പറ്റി ധ്യാനിക്കുകയാണല്ലോ സുകൃത കൃത്യങ്ങളില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്.
കുരിശിന്റെ വഴി രണ്ടു വിധത്തില്‍ അനുഷ്ടിക്കാം. കുരിശിന്‍റെ വഴിയുടെ പതിനാലു സ്ഥലങ്ങള്‍ തക്കപോലെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങളില്‍ കൂട്ടമായിട്ടോ തനിച്ചോ ആ പതിനാലു സ്ഥലങ്ങളിലും ചില പ്രത്യേക ജപങ്ങള്‍ ചൊല്ലുകയാണ് ഒന്നാമത്തെ വിധം. രണ്ടാമത്തേത് ഈ കുരിശിന്‍റെ വഴി സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിലും അല്ലെങ്കില്‍ സ്ഥാപിക്കപ്പെട്ട ഇടങ്ങളില്‍ രോഗമോ, മറ്റു വല്ല കാരണമോ കൊണ്ട് പോകുവാന്‍ പാടില്ലാതെ വരുമ്പോഴും അധികാരമുള്ള പട്ടക്കാരനാല്‍ വാഴ്ത്തപ്പെട്ട കുരിശുരൂപം കൈയിലെടുത്തു കൊണ്ട് പ്രാര്‍ഥിക്കുക.
ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം ഭക്തസഭകളില്‍ ചേരുകയാകുന്നു. ഈശോയുടെ തിരുഹൃദയ സഭ, വ്യാകുലമാതാവിന്‍റെ സഭ, നന്മരണ സഭ ഇങ്ങനെ തിരുസഭയില്‍ അനവധി സഖ്യങ്ങളുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നിലോ രണ്ടിലോ ചേര്‍ന്ന്‍ അവയുടെ നിയമങ്ങള്‍ക്കൊത്ത വിധം ജീവിക്കുന്നതാണ് പല സഖ്യങ്ങളിലും കൂടി ഒന്നിന്‍റെയും ചട്ടങ്ങള്‍ ശരിയായി അനുസരിക്കാത്തതിനേക്കാള്‍ നല്ലത്. അനവധി ദണ്ഡവിമോചനങ്ങള്‍ ലഭിച്ച്, അവ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി കാഴ്ച വയ്ക്കുന്നതായാല്‍ അത് അവര്‍ക്ക് എത്രയോ ആശ്വാസമായിരിക്കും.
ജപം
കരുണാസമ്പൂര്‍ണ്ണനായ ദൈവമേ! മരണം പ്രാപിച്ച ഞങ്ങളുടെ പൂര്‍വ്വികന്മാരും സഹോദരന്മാരും ഈ ലോകത്തില്‍ ഇരുന്നപ്പോള്‍ സത്യവേദത്തില്‍ സ്ഥിരമായി ജീവിച്ചുവെന്നു കൃപയോടു കൂടി നിനച്ച് അവരുടെ ആത്മാക്കളെ ബന്ധനസ്ഥലമായ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നു മോചിച്ച് നിത്യസമാധാനം അവര്‍ക്കു നല്‍കിയരുളണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.