ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി
കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന്‍ സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌താല്‍ അവന്‍ അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് ഏറെക്കുറെ കടക്കാരാകുന്നു. ഈ കടം വീട്ടുന്നതിനുള്ള സ്വന്ത പുണ്യഫലങ്ങള്‍ എപ്പോഴും മതിയാവില്ല. ആകയാല്‍ നമ്മെയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളേയും സംബന്ധിച്ചിടത്തോളം ഈ കടം തിരുസഭയുടെ ഭണ്ഡാരത്തില്‍ നിന്നും എടുത്തു നമുക്കു വീട്ടാവുന്നതാണ്.
ഈ ഭണ്ഡാരം മിശിഹായുടെ അളവില്ലാത്തതും, ദൈവമാതാവിന്‍റെ അനവധിയും ശ്ലീഹന്മാരുടെയും വിശുദ്ധന്മാരുടെയും സ്വന്തം പുണ്യഫലങ്ങള്‍ കൊണ്ട് സംപൂര്‍ണ്ണമാകുന്നു. പുണ്യഫലങ്ങളെല്ലാം തിരുസഭയുടെ സ്വന്തമായിരിക്ക കൊണ്ട് അവ വിശ്വാസികള്‍ക്ക് യഥേഷ്ടം ഭാഗിച്ചു കൊടുക്കുന്നതിനു തിരുസഭയ്ക്ക് അധികാരമുണ്ട്. ഈ ഫലങ്ങളെയാണ് ദണ്ഡവിമോചനം എന്ന നാമത്തില്‍ നാം കൈക്കൊള്ളുന്നത്. ഇവ യഥായോഗ്യം കൈക്കൊള്ളുന്നതിനു താഴെപ്പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധാര്‍ഹങ്ങളാകുന്നു.
1. പൂര്‍ണ്ണപാപ വിമോചനം പാപത്താലുണ്ടാകുന്ന ആ നിത്യശിക്ഷയെ മുഴുവനും നിവാരണം ചെയ്യുന്നു. ഇതു വേണ്ടുംവണ്ണം കൈക്കൊണ്ടു മരിക്കുന്നവര്‍ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതാണ്. എന്നാല്‍ പൂര്‍ണ്ണദണ്ഡവിമോചനം മുഴുവനായി പ്രാപിക്കുക അത്ര എളുപ്പമല്ല. എന്തുകൊണ്ടെന്നാല്‍ അതിനു തക്ക ദൈവസ്നേഹവും കുറവില്ലാത്ത മനസ്താപവും അല്‍പ പാപങ്ങള്‍ പോലും വര്‍ജിക്കുവാനും നാം തയാറാകേണ്ടിയിരിക്കുന്നു.
2. പൂര്‍ണ്ണദണ്ഡവിമോചനം ഒരാള്‍ തനിക്കോ മറ്റേതെങ്കിലുമൊരാള്‍ക്കോ വേണ്ടി പ്രാപിക്കുന്നതിന് അയാള്‍ ചാവുദോഷം കൂടാതെ ദൈവേഷ്ടത്തിന് കീഴ് വഴങ്ങേണ്ടിയിരിക്കുന്നു. കല്പിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നിറവേറ്റിയാല്‍ മാത്രമേ ദണ്ഡവിമോചനം പ്രാപിക്കയുള്ളൂ.
3. ദണ്ഡവിമോചനം പ്രാപിക്കണമെന്ന അതിയായ ആഗ്രഹമില്ലെങ്കില്‍ അതു ലഭിക്കുന്നതല്ല. അതു കൊണ്ട് ഇന്നേ ദിവസം ദണ്ഡവിമോചനം പ്രാപിക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുകയും അവയെ എന്‍റെ പാപപരിഹാരത്തിനായിട്ടു അല്ലെങ്കില്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി ഞാന്‍ കാഴ്ച വയ്ക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുക. ഇങ്ങനെ ദിനംപ്രതി കാലത്തു നിയോഗം നവീകരിക്കുന്നത് ഉത്തമമാകുന്നു.
ജപം
എത്രയും മാധുര്യമുള്ള ഈശോയെ, ശുദ്ധീകരണ സ്ഥലത്തില്‍ സങ്കടപ്പെടുന്ന ആത്മാക്കളുടെ കൂടെ വീണ്ടു രക്ഷിക്കുന്നതിനാണല്ലോ അങ്ങ് മനുഷ്യനായി പിറന്ന് അവാച്യമായ പീഡകളൊക്കെയും അനുഭവിച്ചു കഠോരമരണം പ്രാപിച്ചത്. അതിനാല്‍ ഈ ആത്മാക്കളുടെ നിലവിളിയെ കേട്ടരുളേണമേ. അവര്‍ ചിന്തുന്ന കണ്ണുനീരുകളെ തൃക്കണ്‍ പാര്‍ക്കുകയും അങ്ങേ തിരുമരണത്തിന്‍റെ ഫലങ്ങളെക്കുറിച്ച് അവര്‍ തീര്‍ക്കേണ്ട പരിഹാരക്കടത്തില്‍ നിന്നു അവര്‍ക്കു മോചനം നല്‍കുകയും ചെയ്യണമേ. കരുണ നിറഞ്ഞ ഈശോയെ, അങ്ങേ തിരുരക്തം ആത്മാക്കളുടെമേല്‍ വീഴ്ത്തി അവരുടെ ഘോരമായ വേദനകളെ മായിക്കുകയും ചെയ്യേണമേ. ആമേന്‍
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.