‘വല്ലാര്‍പാടത്തമ്മയാണ് എന്നെ രക്ഷിച്ചത്’ ടൗട്ടെ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ട ഫ്രാന്‍സിസ് പറയുന്നു
വള്ളം മുങ്ങി കായലില്‍ ആഴ്ന്നു പോയ സ്ത്രീയെയും കുഞ്ഞിനെയും മൂന്നാം ദിവസം രക്ഷിച്ചതിന്റെ പേരിലാണ് വല്ലാര്‍പാടത്തമ്മയുടെ പ്രസിദ്ധി. ഇപ്പോഴിതാ വീണ്ടും ഒരു അത്ഭുതം. ടൗട്ടെ ചുഴലിക്കൊടുങ്കാറ്റില്‍ അകപ്പെട്ട് മുംബൈ കടലില്‍ മുങ്ങിയ ടഗ്ഗ് ബോട്ടില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എറണാകുളം അരൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.
‘വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥംകൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്. നടുക്കടലില്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു. ജീവന്‍ തിരിച്ചു ലഭിക്കുമെന്ന് കരുതിയില്ല. വല്ലാര്‍പാടത്തമ്മ എന്നെ കൈകളില്‍ വഹിച്ച് നേവിയുടെ കപ്പലിലേക്ക് എത്തിച്ചതുപോലെയാണ് തോന്നുന്നത്,’ ഫ്രാന്‍സിസ് വികാരഭരിതനായി പറയുന്നു. ചുഴലിക്കാട്ടില്‍പ്പെട്ട് ബാര്‍ജിനൊപ്പം അറബിക്കടലില്‍ മുങ്ങിയ ടഗ്ഗിലെ ചീഫ് എന്‍ജിനീയറാണ് ഫ്രാന്‍സിസ്.
13 പേരായിരുന്നു ടഗ്ഗില്‍ ജോലി ചെയ്തിരുന്നത്. ആറു മണിയോടെ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വെള്ളംകയറി. വൈകാതെ കപ്പല്‍ മുങ്ങി. ഫ്രാന്‍സിസും ബംഗാള്‍ സ്വദേശിയായ മറ്റൊരു ജോലിക്കാരനും ലൈഫ് റാഫ്റ്റില്‍ കയറിപ്പറ്റി. ലൈഫ് റാഫ്റ്റ് പഞ്ചറായിരുന്നു. കൂടെ വന്‍ തിരമാലകളും ശക്തമായ മഴയും 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും. ജീവന്‍ കിട്ടുമെന്ന് കരുതിയില്ല. അഞ്ചു മണിക്കൂറോളം കടലിലേക്ക് വീഴാതെ പിടിച്ചുനിന്നു.
ഒടുവില്‍ നാവികസേനയുടെ ഐ.എന്‍.എസ്. കൊല്‍ക്കത്ത എത്തിയതോടെയാണ് കപ്പലിലേക്ക് കയറാനായത്. അരൂരിലെ വീട്ടിലെത്തിയ ഇദ്ദേഹം ആദ്യം ചെയ്തതും കുടുംബസമേതമുള്ള പ്രാര്‍ത്ഥനയാണ്.
കുട്ടിക്കാലത്ത് കുളത്തില്‍വീണ് മരണത്തെ മുഖാമുഖം കണ്ട മറ്റൊരു അനുഭവവും ഫ്രാന്‍സിസിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥമാണ് മകനെ രക്ഷിച്ചതെന്ന് ഉറച്ചുവിശ്വസിച്ച അമ്മ ഫ്‌ളോറി സൈമണ്‍ അന്ന് തന്റെ മകനെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പണം നടത്തുകയായിരുന്നു. ഇപ്പോള്‍ അപകടം ഉണ്ടായ വിവരം അറിഞ്ഞപ്പോള്‍, വല്ലാര്‍പാടത്തമ്മ അവനെ കാത്തുരക്ഷിക്കും എന്നുതന്നെയായിരുന്നു അമ്മയുടെ വിശ്വാസം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.