പാപ്പായുടെ ഊർബി ഏത്ത് ഓർബി സന്ദേശവും ആശീർവ്വാദവും!

ഫ്രാൻസീസ് പാപ്പാ ഉയിർപ്പു ഞായറാഴ്‌ച രാവിലെ, പ്രാദേശികസമയം പത്തുമണിക്ക് വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ  പുഷ്പാലംകൃത ചത്വരത്തിൽ വിശുദ്ധ കർബ്ബാന അർപ്പിച്ചു. വിവിധ രാജ്യക്കാരായിരുന്ന പതിനായിരങ്ങൾ ഈ തിരുക്കർമ്മത്തിൽ പങ്കുകൊണ്ടു. ദിവ്യബലിയുടെ അവസാനം പാപ്പാ തിരുവസ്ത്രങ്ങൾ മാറിയതിനു ശേഷം പേപ്പൽ വാഹനത്തിൽ ജനങ്ങൾക്കിടയിലൂടെ നീങ്ങുകയും അവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് പാപ്പാ ബസിലിക്കയുടെ അങ്കണത്തിന് അഭിമുഖമായുള്ള മുകപ്പിലേക്കു പോകുകയും ആ മദ്ധ്യ ബാൽക്കണിയിൽ നിന്നുകൊണ്ട്, റോമാ നഗരത്തിനും ലോകത്തിനും എന്നർത്ഥമുള്ള “ഊർബി ഏത്ത് ഓർബി” (Urbi et Orbi) സന്ദേശവും, സഭ നിഷ്ക്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നേരിട്ടോ മാദ്ധ്യമങ്ങളിലൂടെയോ സ്വീകരിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രദാനം ചെയ്യുന്ന “ഊർബി ഏത്ത് ഓർബി” ആശീർവ്വാദവും നല്കുകയും ചെയ്തു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണി, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ആയപ്പോൾ മാർപ്പാപ്പാ ബസിലിക്കയുടെ മദ്ധ്യ ബാൽക്കണിയിൽ നിന്നുകൊണ്ട് “ഊർബി ഏത്ത് ഓർബി” സന്ദേശം നല്കി.

ഉയിർപ്പിൽ അമ്പരന്ന് ശിഷ്യന്മാർ 

പ്രിയ സഹോദരീസഹോദരന്മാരേ, ഉത്ഥാനത്തിരുന്നാൾ ആശംസകൾ!

ക്രൂശിതനായ യേശു ഉയിർത്തെഴുന്നേറ്റു! ഭയത്താലും ഉൽക്കടവ്യഥയാലും സ്വഭവനങ്ങളിൽ അടച്ചിരുന്ന് അവനെ ഓർത്തു വിലപിക്കുന്നവരുടെ ഇടയിലേക്ക് അവൻ വരുന്നു. അവൻ വന്ന് അവരോടു പറയുന്നു: “നിങ്ങൾക്ക് സമാധാനം!” (യോഹന്നാൻ 20:19). കൈയിലും കാലിലുമുള്ള ആണിപ്പഴുതുകളും പാർശ്വത്തിലുള്ള മുറിവും അവരെ കാണിക്കുന്നു: അത് ഒരു പ്രേതമല്ല, അത് അവൻതന്നെയാണ്, കുരിശിൽ മരിച്ച് കല്ലറയിൽ അടക്കംചെയ്യപ്പെട്ട അതേ യേശുവാണ്. ശിഷ്യന്മാരുടെ വിശ്വസിക്കാൻകഴിയാത്ത അവസ്ഥയിലുള്ള നോട്ടത്തിനു മുന്നിൽ, അവൻ ആവർത്തിക്കുന്നു: “നിങ്ങൾക്ക് സമാധാനം!” (യോഹന്നാൻ 20:21).

ഇന്ന് അമ്പരപ്പോടെ നമ്മളും 

യുദ്ധവേളയിലെ ഈ ഉയിർപ്പു ദിനത്തിൽ നമ്മുടെ നോട്ടങ്ങളും ആശങ്കാഭരിതമാണ്. ഏറെ നിണവും അക്രമവും നമ്മൾ കണ്ടു. നമ്മുടെ ഹൃദയങ്ങളും ഭയത്താലും തീവ്രദുഃഖത്താലും നിറഞ്ഞിരിക്കുന്നു, അതേസമയം നമ്മുടെ നിരവധി സഹോദരീസഹോദരന്മാർക്ക് ബോംബുകളിൽ നിന്ന് രക്ഷപ്പെടുന്നതിന് സ്വയം അടച്ചുപൂട്ടിയിരിക്കേണ്ടിവന്നു. യേശു സത്യമായും ഉയിർത്തെഴുന്നേറ്റു, അവൻ യഥാർത്ഥത്തിൽ മരണത്തെ ജയിച്ചു എന്ന് വിശ്വസിക്കാൻ നമ്മളും ബുദ്ധിമുട്ടുന്നു. അതൊരു മിഥ്യയാണോ? നമ്മുടെ ഭാവനയുടെ ഫലമാണോ?

ക്രിസ്തു ഉയിർത്തെഴുന്നേറ്റു- അതൊരു യാഥാർത്ഥ്യം

അല്ല, അതൊരു മായാദർശനമല്ല! ഇന്ന് പൂർവ്വോപരി, പൗരസ്ത്യ ക്രൈസ്തവന് ഏറ്റം പ്രിയങ്കരമായ ഉത്ഥാന പ്രഖ്യാപനം മുഴങ്ങുന്നു:”ക്രിസ്തു ഉയിർത്തെഴുന്നേറ്റു! അവൻ സത്യമായും ഉത്ഥാനം ചെയ്തു!”  അവസാനമില്ലാത്തതെന്ന പ്രതീതി ഉളവാക്കുന്ന ഒരു നോമ്പുകാലത്തിൻറെ അന്ത്യത്തിൽ എന്നത്തേക്കാളുമുപരി ഇന്ന് നമുക്ക് അവനെ ആവശ്യമുണ്ട്. കനത്ത അടയാളങ്ങൾ പതിച്ച രണ്ട് വർഷത്തെ മഹാമാരിയിൽ നിന്ന് നാം മുക്തമായിക്കൊണ്ടിരിക്കുന്നു. വിഭവങ്ങളും ശക്തികളും സംയോജിപ്പിച്ച്, കൈകോർത്ത് തുരങ്കത്തിൽ നിന്ന് പുറത്തുകടക്കേണ്ട സമയമായിരുന്നു അത്… എന്നാൽ നാം കാണിക്കുന്നത്, ആബേലിനെ ഒരു സഹോദരനായിട്ടല്ല പ്രത്യുത ഒരു  എതിരാളിയായി കാണുകയും അവനെ ഏങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന് ചിന്തിക്കുകയും ചെയ്യുന്ന കായേൻറെ അരൂപി ഇനിയും നമ്മിലുണ്ടെന്നും യേശുവിൻറെ ചൈതന്യം ഇനിയും നമ്മിലില്ലെന്നുമാണ്. സ്നേഹത്തിൻറെ വിജയത്തിൽ വിശ്വസിക്കാനും അനുരഞ്ജനത്തിൽ പ്രത്യാശ വയ്ക്കാനും നമുക്ക് ഉയിർത്തെഴുന്നേറ്റ ക്രൂശിതനെ ആവശ്യമാണ്. നമ്മുടെ ഇടയിൽ വന്ന് “നിങ്ങൾക്ക് സമാധാനം!” എന്ന് വീണ്ടും പറയുന്ന അവനെ എന്നത്തേക്കാളുപരി ഇന്ന് നമുക്ക് ആവശ്യമുണ്ട്.

സമാധാനം വിളംബരം ചെയ്യുന്നത് യേശു മാത്രം, അവൻ നമ്മുടെ മുറിവുകൾ പേറുന്നു

അവനു മാത്രമേ അതിനു കഴിയൂ. നമ്മോട് സമാധാനം വിളംബരം ചെയ്യാൻ ഇന്ന് അവന് മാത്രമേ അവകാശമുള്ളൂ. യേശു മാത്രം, കാരണം അവൻ മുറിവുകൾ, നമ്മുടെ മുറിവുകൾ പേറുന്നു. അവൻറെ ആ മുറിവുകൾ രണ്ടു കാരണങ്ങളാൽ നമ്മുടേതാണ്: അവ നമ്മുടേതാണ് കാരണം, നമ്മുടെ പാപങ്ങൾ, നമ്മുടെ ഹൃദയകാഠിന്യം, ഭ്രാതൃഹത്യാപരമായ വിദ്വേഷം എന്നിവയാൽ നാം അവനേല്പിച്ച മുറിവുകളാണ്. അവ നമ്മുടേതാണ്, കാരണം അവൻ നമുക്കുവേണ്ടി അവ പേറുന്നു, തൻറെ മഹത്വീകൃത ഗാത്രത്തിൽ നിന്ന് അവൻ അവ നീക്കിക്കളഞ്ഞില്ല, അവൻ അവ നിലനിർത്താനും എന്നേക്കും വഹിക്കാനും തിരുമനസ്സായി. അവ നമ്മോടുള്ള അവൻറെ സ്‌നേഹത്തിൻറെ മായിച്ചുകളയാനാവാത്ത മുദ്രയാണ്, സ്വർഗ്ഗസ്ഥനായ പിതാവ് അവ കാണുന്നതുവഴി നമ്മോടും ലോകം മുഴുവനോടും കരുണ കാണിക്കുന്നതിനു വേണ്ടിയുള്ള ശാശ്വതമായ ഒരു ഇടപെടലുമാണ്. ഉയിർത്തെഴുന്നേറ്റ യേശുവിൻറെ ശരീരത്തിലെ മുറിവുകൾ, നമുക്ക് സമാധാനം ഉണ്ടാകുന്നതിനും നാം സമാധാനത്തിൽ ആയിരിക്കുന്നതിനും നാം സമാധാനത്തിൽ ജീവിക്കുന്നതിനും വേണ്ടി, അവൻ സ്നേഹത്തിൻറെ ആയുധങ്ങളാൽ നമുക്കായി പോരാടി വിജയം വരിച്ച സമരത്തിൻറെ അടയാളമാണ്.

ക്രിസ്തു ശാന്തി നമ്മുടെ ജീവിതത്തിലേക്കു കടക്കട്ടെ

ആ മഹത്വീകൃത മുറിവുകളിലേക്ക് നോക്കുമ്പോൾ, നമ്മുടെ അവിശ്വസനീയമായ നയനങ്ങൾ തുറക്കുന്നു, നമ്മുടെ കഠിനമായ ഹൃദയങ്ങൾ പൊട്ടിത്തുറക്കുന്നു, “നിങ്ങൾക്ക് സമാധാനം!” – ഈ ഉത്ഥാനപ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. സഹോദരീസഹോദരന്മാരേ, ക്രിസ്തുവിൻറെ സമാധാനം നമ്മുടെ ജീവിതത്തിലും നമ്മുടെ ഭവനങ്ങളിലും നമ്മുടെ നാടുകളിലും പ്രവേശിക്കാൻ നമുക്ക് അനുവദിക്കാം!

നാടുകളിൽ ശാന്തി വാഴട്ടെ- ഉക്രയിനിൽ…….

പിച്ചിച്ചീന്തപ്പെട്ട, ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിൻറെ അക്രമവും നാശവും കൊണ്ട് ഇത്രമാത്രം കഠിനമായി പരീക്ഷിക്കപ്പെട്ട, യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട, ഉക്രൈയിന് സമാധാനം ഉണ്ടാകട്ടെ. കഷ്ടപ്പാടുകളുടെയും മരണത്തിൻറെയും ഈ ഭയാനകമായ രാത്രിയിൽ, എത്രയും വേഗം പ്രതീക്ഷയുടെ ഒരു പുതിയ പ്രഭാതം വിരിയട്ടെ! സമാധാനം തിരഞ്ഞെടുക്കുക. ജനങ്ങൾ വേദനിക്കുമ്പോൾ ശക്തിപ്രകടനം അവസാനിപ്പിക്കുക. ദയവുചെയ്ത്, നാം യുദ്ധത്തോട് ഇണങ്ങിച്ചേരരുത്,  മുകപ്പുകളിലും തെരുവീഥികളിലും നിന്ന് സമാധാനത്തിനായി മുറവിളികൂട്ടാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞാബദ്ധരാകാം! സമാധാനം! രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവർ ജനങ്ങളുടെ സമാധാനത്തിനായുള്ള രോദനം കേൾക്കുക. ഏതാണ്ട് എഴുപത് വർഷങ്ങൾക്ക് മുമ്പ് ശാസ്ത്രജ്ഞർ ഉന്നയിച്ച ആ അസ്വസ്ഥജനകമായ ചോദ്യം ശ്രദ്ധിക്കുക: “നമ്മൾ മനുഷ്യരാശിയെ ഇല്ലാതാക്കുമോ, അതോ മനുഷ്യരാശി യുദ്ധം ഉപേക്ഷിക്കുമോ?” (റസ്സൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ജൂലൈ 9, 1955).

ഉക്രൈയിൻകാരായ നിരവധിയായ ഇരകളെ, ദശലക്ഷക്കണക്കിന് അഭയാർത്ഥികളെയും നാടിനകത്ത് ചിതറപ്പെട്ടവരെയും വിഭജിത കുടുംബങ്ങളെയും ഒറ്റപ്പെട്ടുപോയ വൃദ്ധജനത്തെയും തകർന്ന ജീവിതങ്ങളെയും, നിലംപൊത്തിയ നഗരങ്ങളെയും എല്ലാം ഞാൻ എൻറെ ഹൃദയത്തിൽ പേറുന്നു. അനാഥരാക്കപ്പെട്ട, യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന കുട്ടികളുടെ നോട്ടം എൻറെ കണ്ണിലുണ്ട്. അവരെ നോക്കുമ്പോൾ അവരുടെ വേദനയുടെ നിലവിളി കേൾക്കാതിരിക്കാൻ കഴിയില്ല. ഒപ്പം ലോകമെമ്പാടും കഷ്ടപ്പെടുന്ന മറ്റനേകം കുട്ടികളുടെ: അതായത്, പട്ടിണിയോ പരിചരണത്തിൻറെ അഭാവമോ മൂലം മരിക്കുന്നവർ, പീഡനത്തിനും അക്രമത്തിനും ഇരയായവർ, ജനിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർ.

ജീവകാരുണ്യ പ്രവർത്തനത്തിനായി തുറക്കപ്പെടുന്ന ഹൃദയങ്ങൾ 

യുദ്ധം മൂലമുള്ള വേദനയോടൊപ്പംതന്നെ, യൂറോപ്പിലൂടനീളം കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുന്ന നിരവധി കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും തുറന്ന വാതിലുകൾ പോലെയുള്ള പ്രോത്സാഹജനകമായ അടയാളങ്ങളും ഉണ്ട്. ഈ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ, ചിലപ്പോൾ വളരെയധികം സ്വാർത്ഥതയാലും വ്യക്തിവാദത്താലും അധഃപതിച്ചിരിക്കുന്ന, സമൂഹങ്ങൾക്ക് അനുഗ്രഹമായി മാറട്ടെ,  ഒപ്പം എല്ലാവരേയും സ്വാഗതം ചെയ്യാൻ അവയെ സഹായിക്കുകയും ചെയ്യട്ടെ.

ലോകത്തിലെ പല പ്രദേശങ്ങളെയും ബാധിച്ചിരിക്കുന്നതും, നമുക്ക് മറക്കാൻ കഴിയാത്തതും അനഭിലഷണീയവുമായ പിരിമുറുക്കത്തിൻറെയും കഷ്ടപ്പാടുകളുടെയും വേദനയുടെയുമായ മറ്റ് സാഹചര്യങ്ങൾക്കിടയിലും യൂറോപ്പിലെ സംഘർഷം നമ്മെ കൂടുതൽ കരുതലുള്ളവരാക്കട്ടെ.

സമാധാനമെന്ന പ്രഥമ ഉത്തരവാദിത്വം 

പ്രിയ സഹോദരീ സഹോദരന്മാരേ, ഓരോ യുദ്ധവും മനുഷ്യരാശിയെ മുഴുവനും ബാധിക്കുന്ന അനന്തരഫലങ്ങൾ സംവഹിക്കുന്നു: ദുഃഖം മുതൽ അഭയാർത്ഥികളുടെ ദുരന്തവും, സാമ്പത്തിക – ഭക്ഷ്യ പ്രതിസന്ധിയും വരെ. നമുക്ക് ഇതിനകം തന്നെ അതിൻറെ അടയാളങ്ങൾ കാണാൻ കഴിയുന്നുണ്ട്. യുദ്ധത്തിൻറെ നീണ്ടുനില്ക്കുന്ന അടയാളങ്ങൾക്കും, അതുപോലെ തന്നെ, ജീവിതത്തിലെ വേദനാജനകമായ നിരവധി പരാജയങ്ങൾക്കും മുന്നിൽ, നമ്മൾ തിന്മയ്ക്കും അക്രമത്തിനും കീഴടങ്ങരുതെന്ന്, പാപത്തിൻറെയും ഭയത്തിൻറെയും മരണത്തിൻറെയും മേൽ വിജയം നേടിയ ക്രിസ്തു, നമ്മെ ഉദ്ബോധിപ്പിക്കുന്നു. സഹോദരീസഹോദരന്മാരേ, ക്രിസ്തുവിൻറെ സമാധാനം നമ്മെ കീഴടക്കട്ടെ! സമാധാനം സാദ്ധ്യമാണ്, സമാധാനം ഒരു കടമയാണ്, സമാധാനം എല്ലാവരുടെയും പ്രാഥമിക ഉത്തരവാദിത്വമാണ്!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles