ദൈവത്തിന്റെ വലംകൈയായ് ഉപ്പാണിയച്ചന്‍

ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ ദൈവം നിയോഗിച്ച പ്രവാചകനാണ് ഉപ്പാണിയച്ചന്‍. പത്തോ പതിനഞ്ചോ പേര്‍ മാത്രം പ്രാ ര്‍ത്ഥിക്കാന്‍ വന്നിരുന്ന ചിറ്റൂരിലെ ഒരു ചെറിയ പ്രാര്‍ത്ഥനാലയത്തില്‍ ദൈവം അയച്ച ദൂതനെ പോലെയാണ് വിശ്വാസികള്‍ സ്‌നേഹപൂര്‍വം ഉപ്പാണിയച്ചന്‍ എന്നു വിളിക്കുന്ന ഫാ. ജോസ് ഉപ്പാണി എത്തുന്നത.് അത് ചിറ്റൂരില്‍ പുതിയൊരു ആത്മീയ ചരിത്രത്തിന്റെ തുടക്കമായി. ഉപ്പാണിയച്ചന്‍ തുടക്കം കുറിച്ച ആന്തരീകസൗഖ്യ ധ്യാനങ്ങളും മരിയന്‍ ധ്യാനങ്ങളും യുവജന ധ്യാനങ്ങളും അനേകരെ ഇന്നും ക്രിസ്തുവിന്റെയും മാതാവിന്റെയും നന്മകളിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ഉപ്പാണിയച്ചന്റെ ദൈവാനുഭവത്തിലേക്ക് ഒരു എത്തിനോട്ടം.

സെമിനാരിക്കാലം ആശുപത്രിക്കാലം
എറണാകുളം-അങ്കമാലി അതിരൂപതയൂടെ അംഗമായ ഫാ. ജോസ് ഉപ്പാണി കടുത്ത പ്രതിസന്ധികളിലൂടെയാണ് തന്റെ സെമിനാരി പഠനകാലം കടന്നു പോയത്. വടവാതൂര്‍ സെമിനാരിയിലാണ് പഠനം നടത്തിയത്. പത്തു വര്‍ഷം നീണ്ട വൈദിക പരിശീലനകാലത്തിന്റെ പകുതിയും അദ്ദേഹം ആശുപത്രികളിലാണ് ചെലവഴിച്ചിരുന്നത്. വിട്ടു മാറാത്ത വയറു വേദന. ഭക്ഷണം നേരാം വണ്ണം കഴിക്കാനാവില്ലായിരുന്നു. ഗോതമ്പു പൊടി വെള്ളത്തില്‍ കലക്കിയുണ്ടാക്കുന്ന കുറുക്കായിരുന്നു, ഭക്ഷണം! കരിസ്മാറ്റിക് നവീകരണത്തോട് ഏറെ ഇഷ്ടമുണ്ടായിരുന്നെങ്കിലും സെമിനാരികളില്‍ ധ്യാനം നടക്കുമ്പോഴെല്ലാം അദ്ദേഹം ആശുപത്രിയിലായിരുന്നു!

എങ്കിലും കരിസ്മാറ്റിക്ക് ശൈലിയോട് ആഭുമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം വൈദികനായ ശേഷം ഇടവക ധ്യാനങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തു. സഹവികാരിയായി സേവനം ചെയ്യവേ ഞാറയ്ക്കല്‍ പള്ളിയിലാണ് അദ്ദേഹം ആദ്യമായി കരിസ്മാറ്റിക് ധ്യാനം സംഘടിപ്പിച്ചത്. പിന്നീട് അദ്ദേഹം സേവനം ചെയ്ത ഇടവകകളിലെല്ലാം മികച്ച ധ്യാനഗൂരുക്കന്‍മാരെ കൊണ്ടുവന്ന് ധ്യാനങ്ങള്‍ നടത്തി. ആദ്യാകാലങ്ങളില്‍ കേരള സര്‍വീസ് ടീം നേതൃത്വത്തെയാണ് അച്ചന്‍ ക്ഷണിച്ചിരുന്നത്. പ്രധാനിയായൊരു പ്രഭാഷകന്‍ ഫാ. ജോസ് പാലാട്ടി ആയിരുന്നു. പിന്നീട് പോട്ട ധ്യാനങ്ങളുടെ കാലഘട്ടമായി.

പോട്ടയില്‍ നിന്ന് പുതിയൊരു
ഉപ്പാണിയച്ചന്‍
ആ കാലത്താണ് ഉപ്പാണിയച്ചന് രോഗം കലശലായത്. പലവിധ രോഗങ്ങള്‍. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പോലും എഴുതിത്തള്ളി. ഒരു മാസത്തെ അവധിയെടുത്ത് ഉപ്പാണിയച്ചന്‍ പോട്ടയില്‍ ധ്യാനത്തില്‍ സംബന്ധിച്ചു. സത്യത്തില്‍ മരിക്കാന്‍ ഒരുങ്ങിയാണ് താന്‍ പോട്ടയില്‍ പോയതെന്ന് അച്ചന്‍ ഓര്‍ക്കുന്നു. എന്നാല്‍ അവിടെ വച്ച് ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. ആ ഒരു മാസം അച്ചന്റെ ജീവിതത്തിന്റെ നവോത്ഥാനമായിരുന്നു. തന്റെ പൗരോഹിത്യജീവിതം എങ്ങനെ ഫലപ്രദവും ദൈവജനത്തന് ഉപകാരപ്രദവുമാക്കി മാറ്റാം എന്ന ചിന്ത ഉപ്പാണിയച്ചന്റെ ആത്മാവില്‍ ഉണര്‍ന്നു. പൗരോഹിത്യത്തിന്റെ സാധ്യതകളെ കുറിച്ച് പുതിയ വെളിച്ചം അച്ചന് ലഭിച്ചത് പോട്ടയില്‍ നിന്നാണ്.

പനക്കലച്ചന്‍ നല്‍കിയ പ്രോത്സാഹനം ഉപ്പാണിയച്ചന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഒന്നും അറിയില്ലായിരുന്ന തന്നെ അദ്ദേഹം സ്‌റ്റേജില്‍ കയറി പ്രസംഗിക്കാന്‍ ഏല്‍പിച്ചു എന്ന് ഉപ്പാണിയച്ചന്റെ തന്നെ വാക്കുകള്‍. നമ്മുടെ കുരിശുകള്‍ എത്ര ഉപകാരപ്രദമാണ് എന്ന് അവിടെ വച്ച് അച്ചന് ബോധ്യമായി.

പോട്ടയില്‍ നിന്ന് പുതിയ ഊര്‍ജത്തോടെ മടങ്ങിയെത്തിയ ഉപ്പാണിയച്ചന്‍ ഇടവകകളില്‍ ധ്യാനിപ്പിക്കാന്‍ ആരംഭിച്ചു. രോഗങ്ങള്‍ അപ്രത്യക്ഷമായി. സെമിനാരിക്കാലത്തെ പത്തു കൊല്ലത്തോളം നല്ല ആഹാരം പോലും കഴിച്ചിട്ടില്ലാതിരുന്ന അച്ചന് എല്ലാ ആഹാരവും കഴിക്കാമെന്നായി. വിശ്രമമില്ലാത്ത ആത്മീയജീവിതത്തിന്റെ ആരംഭമായിരുന്നു, അത.് അങ്ങനെയിരിക്കെയായിരുന്നു, ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലേക്ക് പുതിയ നിയോഗവുമായി വിളിക്കപ്പെടുന്നത്. വചനം ഉള്ളിലെത്തുമ്പോള്‍ എല്ലാം രോഗങ്ങളും ശാരീരിക ദൗര്‍ബല്യവും മാറുന്നു എന്ന് തന്റെ വ്യക്തിപരമായ അനുഭവത്തിലൂടെ ഉപ്പാണിയച്ചന്‍ സാക്ഷ്യം നല്‍കുന്നു.

1994 മുതല്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്ത ഉപ്പാണിയച്ചന്‍ 2003 ല്‍ അധികാരികളുടെ താല്പര്യപ്രകാരം അമേരിക്കയില്‍ ഉപരിപഠനത്തിനായി പോയി. ഫ്രാന്‍സിസ്‌കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റൂബന്‍ഹില്‍ അച്ചന് പുതിയ അറിവുകളുടെയും ഉള്‍ക്കാഴ്ചകളുടെയും വേദിയായി. സ്‌കോട്ട് ഹാന്‍ തുടങ്ങിയ പ്രസിദ്ധരായ അധ്യാപകരുടെ കീഴില്‍ 3 വര്‍ഷം ദൈവശാസ്ത്രം പഠിച്ചു. വിശ്വസിക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ വ്യക്തത ലഭിച്ചു എന്നാണ് അച്ചന്‍ ഇക്കാലഘട്ടത്തെ കുറിച്ച് പറയുന്നത്. തുടര്‍ന്ന്, 5 കൊല്ലം ഇടവകകളില്‍ ശുശ്രൂഷ ചെയ്തു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം, കേരളത്തിലേക്ക് മടങ്ങിയ അച്ചനെ ദൈവനിയോഗം വീണ്ടും ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെത്തിച്ചു.

അഭിലാഷ് ഫ്രേസര്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles