ടോയ്‌ലറ്റ് സാഹിത്യത്തിന് പിന്നിൽ
നമ്മളിൽ പലരും ട്രെയിൻ യാത്ര നടത്തിയിട്ടുള്ളവരല്ലെ?
ഒരുപാടോർമകൾ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് നമുക്കുണ്ടാകും.
അതിൽ എന്നെ സ്പർശിച്ച
ഒന്നുരണ്ട് ചിന്തകൾ കുറിക്കട്ടെ:
“ജനലിനരികിലിരുന്ന് പുറം കാഴ്ചകൾ കണ്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്.
കേരളം കഴിയുന്നതേ എത്ര പെട്ടന്നാണ് പ്രകൃതിയിൽ മാറ്റം വരുന്നത്.
ഓരോ സ്റ്റേഷനിലും മാറിമാറി വരുന്ന യാത്രക്കാർ, കച്ചവടക്കാർ, യാചകർ…..
അങ്ങനെയങ്ങനെ വ്യത്യസ്തങ്ങളായ കാഴ്ചകൾ.
മനസിനെ നൊമ്പരപ്പെടുത്തിയ കാഴ്ചകളിലൊന്ന് റെയിൽവേ
സ്റ്റേഷനുകളുടെ ഓരം ചേർന്നുള്ള
ചേരികളിൽ, മനുഷ്യർ താമസിക്കുന്ന രംഗമാണ്. അങ്ങനെയും മനുഷ്യർ
കഴിയുന്നു എന്നറിയുമ്പോഴാണ്
നമ്മുടെ പരാതികളും പരിഭവങ്ങളും
അത്ര വലുതല്ല എന്ന് തോന്നിയത്.
ഏറ്റവും അറപ്പുളവാക്കിയത്
ട്രെയിനിലെ ടോയ്‌ലറ്റുകളാണ്.
മനുഷ്യന് എത്രമാത്രം
ജഡികനാകാൻ കഴിയും എന്നതിൻ്റെ തെളിവാണ് ടോയ്ലറ്റ് ഭിത്തികളിൽ വരച്ചിട്ടിരിക്കുന്ന അശ്ലീല ചിത്രങ്ങൾ.
ഞാൻ യാത്ര ചെയ്തിരുന്ന ബോഗിയിലെ ടോയ്ലറ്റിൽ മാത്രമായിരിക്കും
അങ്ങനെ വരച്ചിട്ടിരിക്കുന്നത്
എന്നാണ് ഞാനാദ്യം കരുതിയത്.
എന്നാൽ പിന്നീടുള്ള പല യാത്രകളിലും ടോയ്‌ലറ്റിൽ വരച്ചിട്ടിരിക്കുന്ന അശ്ലീലങ്ങൾ ധാരാളം കാണാനിടയായി.”
ഒരുവൻ്റെ ചിന്താഗതികൾ വൈകൃതമാകുമ്പോഴാണ് അവൻ്റെ പ്രവൃത്തികളും മോശമാകുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ ഫെയ്ക്ക് ഐഡികളുപയോഗിച്ച് സ്ത്രീകളെയും
ചില മത സമൂഹത്തിലെ നേതൃത്വത്തേയും പരിഹസിക്കുന്നവരുടെ മനോഭാവങ്ങളും ഇതിൽ നിന്നും വ്യത്യസ്തമല്ല.
അതുകൊണ്ടാണ് മനസും ചിന്താഗതികളും മാറേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ച് ക്രിസ്തുവും സൂചിപ്പിക്കുന്നത്.
ദൈവരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ വീണ്ടും ജനിക്കണമെന്നാണ് ക്രിസ്തു ഓർമപ്പെടുത്തുന്നത്.
മാത്രമല്ല,
മാംസത്തില്നിന്നു ജനിക്കുന്നതു മാംസവും; ആത്‌മാവില്നിന്നു ജനിക്കുന്നത് ആത്‌മാവുമാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു (Ref യോഹ 3 : 6)
ചിന്തയിലും മനസിലും തിന്മയുടെ
മാറാലകൾ കൂടു കൂട്ടിയിട്ടുണ്ടെങ്കിൽ
ഒന്നടിച്ചു തെളിക്കാൻ സമയമായെന്ന് സാരം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.