തുമ്പയിലെ മേരി മഗ്ദലീന്‍ പള്ളി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ കഥ
അഭിലാഷ് ഫ്രേസര്‍
ഇന്നലെ ഇന്ത്യയുടെ ചന്ദ്രയാന്‍ ബഹിരാകാശത്തേക്ക് പറന്നു പൊങ്ങിയപ്പോള്‍ കേരള ക്രൈസ്തവ സഭയ്ക്ക് ഒട്ടാകെ അഭിമാനിക്കാവുന്ന ഒരു സംഭവം നാം ഓര്‍ത്തെടുക്കണം. 1960 ലായിരുന്നു അത്. അക്കഥ ഇന്ത്യുടെ മുന്‍ പ്രസഡിന്റായിരുന്നു എ പി ജെ അബ്ദുള്‍ കലാം തന്റെ ആത്മകഥയായ വിംഗ്‌സ് ഓഫ് ഫയറില്‍ പറയുന്നുണ്ട്.
ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സ്ഥലം അന്വേഷിച്ച് ഇന്ത്യയുടെ രണ്ട് ശാസ്ത്രജ്ഞന്മാരാരയ ഡോ. ഹോമി ഭാഭയും പ്രഫ. വിക്രംം സാരാഭായിയും പല ഇടത്തും അലഞ്ഞു. അവസാനം അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത് തിരുവനന്തപുരത്തിനടുത്ത് തുമ്പ എന്ന ചെറിയ ഒരു മുക്കുവ ഗ്രാമവും. കാന്തിക ഭൂമധ്യരേഖയോടുള്ള സാമീപ്യമാണ് തുമ്പ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് പ്രചോദനമായത്.
അപ്പോള്‍ ഒരു പ്രശ്‌നം. ഈ പ്രദേശത്ത് പുരാതനമായ ഒരു കത്തോലിക്കാ പള്ളി സ്ഥിതി ചെയ്തിരുന്നു. വി. മേരി മഗ്ദലീന്‍ ദേവാലയം ആയിരുന്നു അത്. 1544 ല്‍ വി. ഫ്രാന്‍സിസ് സേവ്യര്‍ ഒരു ഷെഡ്ഡായി കെട്ടിയ പള്ളി പിന്നീട് ഈശോ സഭക്കാരുടെ നേതൃത്വത്തിലുള്ള പള്ളിയായി ഉയര്‍ന്നു. 1858 ലെ പേപ്പല്‍ തീരുമാനപ്രകാരം ഈ പള്ളി കൊച്ചി കത്തോലിക്കാ രൂപതയുടെ കീഴിലാക്കി.
പള്ളി പണിയുടെ കഥ പറയുമ്പോള്‍ പണി നടക്കുമ്പോള്‍ ഒരു ദിവസം വി. മറിയം മഗ്ദലേനയുടെ രൂപം തീരത്തേക്ക് ഒഴുകിയെത്തുന്നത് ചില മുക്കുവര്‍ കണ്ടു. അങ്ങനെയാണ് പള്ളിക്ക് മേരി മഗ്ദലീന്‍ പള്ളി എന്നു പേരു വന്നത്.
വിക്രം സാരാഭായി പല രാഷ്ട്രീയക്കാരെയും മറ്റു പ്രമുഖ നേതാക്കളെയും കണ്ട് ആ സ്ഥലം വിട്ടു കിട്ടാന്‍ ഉപായം തേടിയെങ്കിലും നാട്ടുകാരോട് ഇക്കാര്യം അവതരിപ്പിക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. അവസാനം അദ്ദേഹം തിരുവനന്തപുരം ബിഷപ്പിനെ കണ്ടു കാര്യം പറഞ്ഞു. റെവ. ഫാ. പീറ്റര്‍ ബെര്‍ണാഡ് പെരേര ആയിരുന്നു അന്നത്തെ ബിഷപ്പ്.
ബിഷപ്പ് കൃത്യമായ ഒരു മറുപടി പറയാതെ വരുന്ന ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് വരാന്‍ വിക്രം സാരാഭായിയോട് ആവശ്യപ്പെട്ടു. ആ കുര്‍ബാന മധ്യേ ഇക്കാര്യം അദ്ദേഹം ജനങ്ങളുടെ മുന്നില്‍ ഉണര്‍ത്തിക്കും.
ഞാറാഴ്ച കുര്‍ബാന. തടിച്ചു കൂടിയ വിശ്വാസികളുടെ മുന്നില്‍ മെത്രാന്‍ വിക്രം സാരാഭായിയുടെ ശാസ്ത്രീയ ദൗത്യത്തെ കുറിച്ച് വിശദീകരിച്ചു. ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി പള്ളി വിട്ടു കൊടുക്കാന്‍ തയ്യാറാണോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു.
അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ‘കുഞ്ഞുങ്ങളേ, ശാസ്ത്രം മനുഷ്യരാശിക്ക് നന്മയുളവാക്കുന്ന സത്യമാണ് അന്വേഷിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഞാനും ഈ നില്‍ക്കുന്ന പ്രസിദ്ധ ശാസ്ത്രജ്ഞനും ചെയ്യുന്നത് ഒരേ കാര്യമാണ്. ഞങ്ങള്‍ മനുഷ്യമനസ്സുകളിലേക്ക് സമാധാനം കൊണ്ടു വരാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ശാസ്്ത്രമായാലും മതമായാലും രണ്ടും ശ്രമിക്കുന്നത് മനുഷ്യവംശത്തിന് അനുഗ്രഹം കൊണ്ടുവരാനാണ്. പള്ളിയും നമ്മുടെ വീടുകളും ആറു മാസത്തിനുള്ളില്‍ മറ്റൊരിടത്ത് നിര്‍മിച്ചു തരും എന്ന് വിക്രം സാരാഭായി നമുക്ക് ഉറപ്പു നല്‍കുന്നു. മക്കളേ, നമുക്ക് ദൈവത്തിന്റെ വീടും എന്റെ വീടും നിങ്ങളുടെയെല്ലാവരുടെയും വീടുകളും ഈ മഹത്തായ ശാസ്ത്ര ദൗത്യത്തിനായി നല്‍കിക്കൂടേ?’
ഏതാനും നിമിഷം നിശബ്ദത പള്ളിയില്‍ തളം കെട്ടി കിടന്നു. അതിന് ശേഷം ഒരേ സ്വരത്തില്‍ ഒരു ശബ്ദം മുഴങ്ങി: ആമ്മേന്‍!
1962 ല്‍ തിരുവനന്തപുരം മെത്രാന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ദേവാലയം തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിനായി കൈമാറി. ബാക്കിയുള്ളത് ചരിത്രം!