മനുഷ്യ സ്നേഹി – വന്ദ്യനായ തിയോഫിനച്ചന്‍

ഈ ഭൂമിയില്‍ ഓരോ കാലത്തും ദൈവം വിരല്‍ തൊട്ടു അനുഗ്രഹിച്ചു വരുന്ന കുറെ മനുഷ്യ ജന്മങ്ങളുണ്ട്. വിശുദ്ധിയുടെ പാതയില്‍ ജീവിച്ചു ചുറ്റുമുള്ളവര്‍ക്ക് കരുണയുടെ വിളക്ക് മരങ്ങളായവര്‍. കേരളത്തിന്റെ മണ്ണിലും ജന്മം കൊണ്ടിട്ടുണ്ട് ജീവിതം കൊണ്ട് വിശുദ്ധരായ മനുഷ്യസ്‌നേഹികള്‍. ഏറണാകു ളം ജില്ലയിലെ പൊന്നുരുന്നിയില്‍ പ്രകാശം പോലെ ജീവിച്ച ഒരു മനുഷ്യ സ്നേഹി – വന്ദ്യനായ തിയോഫിനച്ചന്‍ !

ജനനവും ബാല്യകാലവും
കൊടുങ്ങലൂര്‍ നിന്നും അധികം ദൂരെയല്ലാതെ ഉള്ള കോട്ടപ്പുറത്തായിരുന്നു തിയോഫിനച്ചന്റെ ജനനം.1913 ജൂലായ് 20 ന് കോര അന്ന ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ആറാമനായി അദ്ദേഹം ജനിച്ചു. അവരുടെ ഇടവകയായ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പള്ളിയില്‍ വച്ചായിരുന്നു മാമ്മോദീസ നല്കിയതും ദൈവ നിയോഗം പോലെ മിഖായേല്‍ എന്ന പേര് കുഞ്ഞിനു നല്കിയതും. ഭാവിയില്‍ നിരാലംബരായ ധാരാളം മനുഷ്യ ജന്മങ്ങള്‍ക്ക് കാവല്‍ ആകുമെന്നുള്ള ഉള്‍വിളി ഉണ്ടായിരുന്നത് പോലെ. മിഖേലു കുട്ടി എന്ന വിളിപ്പേരില്‍ ആ കുഞ്ഞു വളര്‍ന്നു വന്നു.

ചെറുപ്പത്തിലെ തന്നെ തന്റെ സ്വഭാവത്തെയും ജീവിത ശൈലിയെയും സ്വാധീനിക്കാന്‍ പോരുന്ന ചുറ്റുവട്ടമായിരുന്നു മിഖേലു കുട്ടിക്കുണ്ടായിരുന്നത്. നന്മ നിറഞ്ഞ ആളുകളെ ആ ബാലന്‍ എപ്പോഴും കണ്ടുമുട്ടിയിരുന്നു. അപ്പച്ചനായ കോരയോടൊപ്പം ദിവസേന പള്ളിയില്‍ പോകുന്നതിനും നിത്യവും ദിവ്യ കാരുണ്യം സ്വീകരിക്കുന്നതിനും പിന്നീട് അള്‍ത്താര ബാലനായി പുരോഹിത ശുശ്രൂഷ ചെയ്യുന്നതിലേക്കും ആ ബാലന്റെ ജീവിതം വളര്‍ന്നു. ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ലാതെ ആ ജീവിതം ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ജാതിയോ അയിത്തമോ കൂടാതെ വിശന്നു വരുന്ന വന് ഭക്ഷണം കൊടുക്കുവാന്‍ ചെറിയ പ്രായത്തിലെ മിഖേലു കുട്ടി ശ്രദ്ധിച്ചിരുന്നു എന്നത് അതിശയകരമാണ് കാരണം അന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ അങ്ങനെ ആയിരുന്നല്ലോ. നന്മയുടെ ബോധനം ആരംഭിക്കേണ്ടത് വീട്ടില്‍ നിന്നും തന്നെയാണെന്ന് മനസിലാക്കി തരുന്നതായിരുന്നു മിഖേലുകുട്ടിക്ക് കിട്ടിയ ശിക്ഷണങ്ങളും.

സെമിനാരിയില്‍ ചേരണമെന്ന ആഗ്രഹം ആദ്യം അറിയിച്ചത് തന്റെ പ്രിയപ്പെട്ട ഏലിയാമ്മ ചേച്ചിയോടായിരുന്നു. ചേട്ടന്മാരെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കുവാന്‍ ചേച്ചിയെ ചട്ടം കെട്ടുകയും ചെയ്തു. വിവരമറിഞ്ഞ അപ്പച്ചന്‍ എതിര്‍ത്തൊന്നും പറയാതെ മകന്റെ ആഗ്രഹം സമ്മതിച്ചു. ഈ വിവരമറിഞ്ഞ് സന്തോഷിച്ചത് അവരുടെ ഇടവക വികാരിയായിരുന്ന ഡൊമിനിക് എട്ടുമാത്തുംപറമ്പിലച്ചന്‍ ആയിരുന്നു. അസാധാരണമായ സൗമ്യശീലവും വിനയവും പ്രായത്തില്‍ കവിഞ്ഞ പക്വതയും ഒക്കെ അവനില്‍ ദൈവ വിളിയുടെ അടയാളങ്ങളായി ദര്‍ശിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭാരതസഭയ്ക്ക് ഒരു മുതല്‍കൂട്ടായിരിക്കും നമ്മുടെ മിഖേലു കുട്ടി എന്ന് അദ്ദേഹം പ്രവചിച്ചത് എത്ര വാസ്തവമായി തീര്‍ന്നു എന്നാണ് പിന്‍ ചരിത്രം നമ്മളോട് വിളിച്ചു പറയുന്നത്.

സെമിനാരി കാലം
കോട്ടപ്പുറത്ത് നിന്നും വരാപ്പുഴ അതിരൂപതയുടെ സെമിനാരിയിലേക്ക് വരുമ്പോഴേക്കും മിഖേലു കുട്ടി എന്ന ബാലന്‍ കെ.ജി മൈക്കി ള്‍ എന്ന കൗമാരക്കാരനായി മാറിയിരുന്നു. പുരോഹിതനാകാനുള്ള അടങ്ങാത്ത ആഗ്രഹവും അഗ്‌നിയും നെഞ്ചിലേറ്റി കൊണ്ടാണ് എറണാകുളത്തെ സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കാന്‍ എത്തിയതും അവിടെ വച്ച് ആദ്ധ്യാത്മികമായി വളരെയേറെ ഗുണങ്ങള്‍ അദ്ദേഹം കൈവരിച്ചതും. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഫാദര്‍ ഫുള്‍ജെന്‍സുമായുള്ള അടുത്ത സൗഹൃദം ആരംഭിക്കുന്നതും ഈ പഠന കാലയളവിലാണ്. അക്കാദമിക് വിഷയങ്ങള്‍ക്ക് പുറമേ ഉള്ള പ്രവര്‍ത്തനങ്ങളിലും മൈക്കിള്‍ മിടുക്കനായിരുന്നുവെന്ന് റോക്കിയെന്ന ഫാദര്‍ ഫുള്‍ജെന്‍സ് സാക്ഷ്യപ്പെടുത്തുന്നു. സെമിനാരിയില്‍ വച്ചുള്ള വായന അദ്ദേഹത്തെ രൂപപ്പെടുത്തിയെടുത്തു എന്നുവേണം പറയാന്‍. മൈനര്‍ സെമിനാരി കാലത്ത് മൈക്കിള്‍ പരിചയപ്പെട്ട അന്നത്തെ യുവ വൈദികനായിരുന്ന ജോസഫ് അട്ടിപ്പേറ്റിയുമായുള്ള സൗഹൃദം അദ്ദേഹത്തിന് ആത്മ ധൈര്യം നല്‍കി. വീട്ടില്‍ നിന്നും വന്നുകൊണ്ടിരുന്ന സാരോപദേശങ്ങള്‍ നിറഞ്ഞ കത്തുകള്‍ക്കും വായനയില്‍ നിന്നും സ്വയം കണ്ടെടുക്കുന്ന അറിവുകളും മൈക്കിളിനെ പുരോഹിത ജീവിതത്തിന്റെ ആഴം കൂടുതല്‍ മനസിലാക്കാന്‍ ഉപകരിച്ചു .

വിളിക്കുളളിലെ ദൈവ വിളി
സഭയുടെ രൂപതാ സെമിനാരിയില്‍ പഠനം ആരംഭിച്ച മൈക്കിനെ കാത്തു പക്ഷെ ഉണ്ടായിരുന്നത് ഇടവകകളിലെ ജീവിതമായിരുന്നില്ല മറിച്ചു കപ്പൂച്ചിന്‍ ജീവിതത്തിന്റെ കടുത്ത സാധനകള്‍ ആയിരുന്നു. കപ്പൂച്ചിന്‍ സഭയില്‍ സന്ന്യാസ ജീവിതം ആരംഭിക്കാന്‍ തിരുമാനിച്ച വിവരം മൈക്കിളിന്റെ കുടുംബം വളരെ ദുഖത്തോടെയാണ് കേട്ടതെങ്കിലും മകന്റെ ആഗ്രഹത്തിന് അവരാരും എതിര് പറയാതെ ദൈവ ഹിതത്തിനു സമ്മതം മൂളി.

1933ലായിരുന്നു ബ്രദര്‍ മൈക്കിള്‍ സന്യാസവ്രതം സ്വീകരിച്ചതും തനിക്കുണ്ടായ ദൈവത്തിന്റെ വെളിപ്പെടുത്തല്‍ എന്നര്‍ത്ഥം വരുന്ന തിയോഫിന്‍ എന്ന പേര് സ്വീകരിച്ചതും. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ഗുരുവായിരുന്ന ജോസഫ് അട്ടിപ്പേറ്റി പിതാവ് മെത്രാപ്പോലീത്ത ആയി സ്ഥാനമേറ്റ അതെ വര്‍ഷം തന്നെ ആയിരുന്നു ബ്രദര്‍ തിയോഫിനിന്റെ പ്രഥമ വ്രത വാഗ്ദാനവും. തീവ്രമായ പഠനത്തിന്റെയും ധ്യാനത്തിന്റെയും നാളുകളായിരുന്നു തുടര്‍ന്ന് ബ്രദറിനെ കാത്തിരുന്നത്. നോവിഷ്യെറ്റു അടക്കം ഫോര്‍മേഷന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കി പ്രഥമ ബലിയര്‍പ്പണം നടന്നു. പൗരോഹിത്യ സ്വീകരണവും പ്രഥമ ബലിയര്‍പ്പണവും കഴിഞ്ഞെങ്കിലും തന്റെ കര്‍മ്മ രംഗത്തേക്ക് ഇറങ്ങി തിരിക്കാന്‍ തിയോഫിനച്ചന് പിന്നെയും ഒരു വര്‍ഷം കൂടെ കാത്തിരിക്കേണ്ടി വന്നു.

തിയോഫിനച്ചന്‍ എന്ന മനുഷ്യ സ്‌നേഹി
വൈദികനായതിനു ശേഷം വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ടിച്ചു. 1953 മുതല്‍ 1957 വരെ തൃശിനാപ്പള്ളിയിലെ അമലാ ശ്രമത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിലെ ആധ്യാന്മിക ചിന്തകള്‍ സര്‍ഗ്ഗപരമായി ഏറ്റവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതും ഈ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രഭാഷണങ്ങള്‍ പലതും എഴുതപ്പെട്ടത് ഇക്കാലത്താണ്. ഒരു പക്ഷെ ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം മനുഷ്യനെപ്പറ്റിയുള്ള ഒരു ദൈവാന്വേഷണം മലയാളത്തിലെ രചനകളില്‍ ആദ്യം കണ്ടു വരുന്നത് തിയോ ഫിനച്ചന്റെ കുറിപ്പുകളിലാണ്. കോട്ടഗിരിയിലെ വിദ്യാപീഠത്തിലെ പ്രൊഫസര്‍ ഉദ്യോഗവും അധികം നാള്‍ ഏറ്റെടുക്കാതെ അവിടെ അതിവിശാലമായ സെന്റ് മേരീസ് ഇടവകയുടെ വികാരിയായി തിയോഫിനച്ചനെ നിയമിച്ചു കൊണ്ടുള്ള ബിഷപ്പിന്റെ കത്തും അദ്ദേഹം നിരകാരിച്ചില്ല. അവിടത്തെ ജീവിതം അച്ചന്‍ അനുഭവവേദ്യമാക്കുകയും ചെയ്തു.

1958 കാലഘട്ടത്തിലാണ് തിയോഫിനച്ചനും മറ്റു കപ്പൂച്ചിന്‍ വൈദികരും എറണാകുളത്തെ വരവുകാട്ടെ സെമിത്തേരിയും വ്യാകുല മാതാവിന്റെ കപ്പേളയും നില്‍ക്കുന്ന രണ്ടര ഏക്കര്‍ സ്ഥലത്ത് പുതിയ ആശ്രമ സ്ഥാപനമെന്ന ലക്ഷ്യവുമായി എത്തി ചേരുന്നത്. അവിടെ സ്ഥാപിച്ച താല്‍കാലിക ആശ്രമം അട്ടിപ്പെറ്റി പിതാവിനാല്‍ ആശീര്‍വദിക്കപ്പെട്ടു. കപ്പൂച്ചിന്‍ സന്ന്യാസിമാരുടെ സാന്നിധ്യം വരവുകാട് നിവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. തങ്ങളുടെ ഏതു കാര്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന ഒരിടമായി കപ്പൂച്ചിന്‍ ആശ്രമം മാറുകയായിരുന്നു.

ആ സമയത്ത് തിയോഫിനച്ചന്‍ വഴി സംഭവിച്ച പല അത്ഭുതങ്ങളും നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്നതാണ് വിസ്മയം. അടുത്ത വര്‍ഷം പൊന്നുരുന്നി ആശ്രമത്തിനായുള്ള പണികള്‍ ആരംഭിച്ചിരുന്നു. സാമ്പത്തികമായി ഒത്തിരി ക്ലേശങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു ആ സമയം ആശ്രമ നിവാസികള്‍ക്ക്. ആശ്രമത്തിലെ അന്തേവാസികളുടെ ഭക്ഷണം പണിക്കാര്‍ക്കുള്ള കൂലി ഇവയെല്ലാം സമാഹരിക്കേണ്ടത് വളരെ ശ്രമമേറിയ ഒന്നായിരുന്നു. കക്ഷത്തിലൊരു ബാഗും കൈയിലൊരു കാലന്‍ കുടയുമായി ഭിക്ഷാടനം നടത്തിയിരുന്ന മനുഷ്യ സ്‌നേഹി. അച്ചന്റെ മധ്യ സ്ഥതയില്‍ പൊന്നുരുന്നിയില്‍ ധാരാളം പാവപ്പെട്ട മനുഷ്യര്‍ക്ക് ഉണ്ടായിട്ടുള്ള ദൈവാനുഗ്രഹങ്ങള്‍ നിരവധിയാണ്. 1965 മാര്‍ച്ച് എട്ടി നായിരുന്നു ആശ്രമ ദേവാലയം മെത്രാപ്പോലീത്ത ആശീര്‍വദിച്ചത്. അപ്പോഴേക്കും നഗര ഹൃദയമായി മാറി കഴിഞ്ഞ പൊന്നുരുന്നിയെന്ന നാടിന്റെ ആശ്രയങ്ങളില്‍ ഒന്നായി കഴിഞ്ഞിരുന്നു തിയോഫിനച്ചന്‍. ജീവിതം വലിയൊരു സഹനമാക്കി തീര്‍ത്ത ഒരു മനുഷ്യന്റെ ജീവിതം അവിടെ കടുത്ത ആത്മപരീക്ഷണങ്ങളിലൂടെ കടന്നുപോകാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

പൊന്നുരുന്നി ആശ്രമത്തിലെ ജീവിതത്തില്‍ തന്നെയാണ് അദ്ദേഹത്തിന് പ്രമേഹത്തിന്റെ അസുഖവും ജീവിതാവസാനം വരെ ഉണങ്ങാത്ത ഒരു മുറിവും വലതു കാല്‍ വണ്ണയില്‍ വന്നതും. എന്നും സന്ധ്യകളില്‍ സ്വയമേ ഇന്‍സുലിന്‍ എടുക്കുന്നതിനുള്ള സൂചി സ്പിരിറ്റ് ലാമ്പില്‍ ആണ് നശീകരണം നടത്തി ഇഞ്ചക്ഷന്‍ ചെയ്യുന്നതിനു പുറമേ തനിക്ക് പരിചിതമായ ചികിത്സാമുറകള്‍ ഉപയോഗിച്ച് കാലിലെ മുറിവിനെ അദ്ദേഹം പരിപാലിച്ചു പോന്നു. ആശ്രമത്തിലെ മറ്റു കപ്പൂച്ചിന്‍ സഹോദരരും പാലിച്ചിരുന്നത് പോലെ ശരീര ദണ്ഡനം ശീലിച്ചിരുന്നു. ഒരിക്കലും തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ചോ രോഗാവസ്ഥകളെ കുറിച്ചോ അദ്ദേഹം ആകുലപ്പെട്ടിരുന്നില്ല.
നാട്ടുകാരുടെ വല്യച്ചനായി ഇക്കാലയളവില്‍ അദ്ദേഹം മാറിയിരുന്നു.

എന്നും മേലധി കാരികള്‍ക്ക് മുന്‍പില്‍ വിധേയപ്പെട്ടു മാത്രം ജീവിക്കുന്നതിലെ ആനന്ദം അദേഹം തിരിച്ചറിഞ്ഞിരുന്നു. സന്യാസ ജീവിതത്തിന്റെ മുഖ മുദ്രകളില്‍ ഒന്നായ ഭവന സന്ദര്‍ശനങ്ങള്‍ നട ത്തിയിരുന്നതില്‍ ഒരു മുടക്കവും വരുത്തിയിരുന്നില്ല. അനുസരണം പാലിക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന മനസ് ഇന്നത്തെ തലമുറകള്‍ ക്ക് എത്ര ഉദാത്തമായ മാതൃകയാണ്.

ചങ്ങല പൊട്ടിച്ചു വന്ന ഭ്രാന്തനെ ഉള്‍പ്പെടെ കലഹം മൂലം അകന്നു കഴിഞ്ഞിരുന്നവര്‍ പ്രത്യേകിച്ചും കുടുംബാംഗങ്ങള്‍ ഒക്കെ അച്ചന്റെ പ്രാര്‍ത്ഥനയാല്‍ സമാധാനം പ്രാപിച്ചിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന അന്ധ വിശ്വാസങ്ങള്‍ ക്രിസ്ത്യാനികളുടെ ഇടയിലും നില നിന്നിരുന്നു. ആ ധാരണകളെ ഒക്കെ അച്ചന്‍ തന്റെ മധ്യസ്ഥത വഴി കുടുംബങ്ങളില്‍ നിന്നും അകറ്റിയിരുന്നു. പൗരോഹിത്യ രജത ജൂബിലിക്ക് ശേഷമുള്ള വര്‍ഷങ്ങള്‍ തിയോഫിനച്ചനെ സംബന്ധിച്ചിടത്തോളം ആകുലതകളു ടെതായിരുന്നു.

മരണം വന്നു വിളിച്ച ദിവസം
തിയോഫിനച്ചന്‍ ക്ഷീണിതനായിരുന്നു. ശരീരത്തിന്റെ നിര്‍ജ്ജലീകരണം അച്ഛനെ അവശനാക്കി. വളരെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും സീരിയസ് ആയതിനാല്‍ രോഗീലേപനം നല്‍കുകയും ചെയ്തു. രാത്രി ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞു കാണും. തിയോഫിനച്ചന്‍ തന്റെ പ്രിയ നാട്ടിലേക്കു യാത്രയായി. ആശ്രമ ദേവാലയത്തില്‍ ഒരുക്കിയ ശവമഞ്ചത്തില്‍ ശരീരം കിടത്തി. മരണ വിവരമറിഞ്ഞ് ധാരാളം ആളുകള്‍ പ്രത്യേകിച്ചു പൊന്നുരുന്നി നിവാസികള്‍ ആ രാത്രിയില്‍ ആശ്രമത്തിനു ചുറ്റും തടിച്ചു കൂടി.

ആശ്രമത്തിനു അന്ന് സെമിത്തേരി ഇല്ലാതിരുന്നതിനാല്‍ ആ രാത്രികൊണ്ടു തന്നെ സെമിത്തേരിക്കു അനുവാദം കിട്ടുകയും കല്ലറ പണിയുകയും ചെയ്തു. പവിത്രമായ ആ സ്‌നേഹ സമാധിക്കു മുന്‍പ് മീതെ കറുത്തൊരു മാര്‍ബിള്‍ പാളി കൂടി പിന്നീട് ഉയര്‍ത്തി വച്ചു… അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ‘വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കൈയിട്ടു പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മ്മ യോഗി തിയോഫിനച്ചന്‍ ഇവിടെ വീണ്ടും മനുഷ്യനെ കാത്തിരിക്കുന്നു.’ ആരുടെയൊക്കെയോ തീവ്രവേദനകളുടെ ചൂടും ചൂരുമുള്ള സത്യസന്ധമായ വാക്കുകള്‍.

തിയോഫിനച്ചന്റെ മധ്യസ്ഥതയില്‍ ഇപ്പോഴും ആളുകള്‍ ദൈവാനുഗ്രഹം തേടുന്നു. അച്ചന്റെ 50ാം ചരമ വാര്‍ഷികം ആചരിക്കുന്ന ഈ ഏപ്രില്‍ മാസം ദൈവദാസനായ അദ്ദേഹത്തിന്റെ മധ്യസ്ഥം നമുക്കും യാചിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles