മധ്യസ്ഥ പ്രാര്‍ത്ഥന കൊണ്ടുള്ള ഗുണങ്ങള്‍
നമ്മില്‍ പലര്‍ക്കും ഒരു സംശയമുണ്ടാകാം. ദൈവത്തിന് നമ്മുടെ എല്ലാ കാര്യങ്ങളും അറിയാമെങ്കില്‍ പിന്നെ നമ്മള് എന്തിനാണ് മറ്റുള്ളവരുടെ മധ്യപ്രാര്ത്ഥന ആവശ്യപ്പെടുന്നത്?
പ്രാര്‍ത്ഥന ദൈവത്തില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാനുള്ള മാന്ത്രിക വിദ്യയൊന്നുമല്ല. ഈശോ തന്നെ പ്രാര്‍ത്ഥനയെ കുറിച്ച് വ്യക്തമായി നമ്മോട് പറയുന്നു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെ പോലെ അതിഭാഷണം ചെയ്യരുത്. അതിഭാഷണം ചെയ്യുന്നതു കൊണ്ട് അവരുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ വിചാരിക്കുന്നു’ (മത്താ. 6.7).
സത്യത്തില്‍ പ്രാര്‍ത്ഥന കൊണ്ട് ദൈവത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. പ്രാര്‍ത്ഥന നമ്മെയാണ് മാറ്റുന്നത്. അതു കൊണ്ടാണ് പൗലോസ് പറയുന്നത്, നിങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍ എന്ന് (തെസ. 5. 17). നാം നിരന്തരം ദൈവത്തിലേക്ക് തിരിയണം, അവിടുത്തെ സന്നിധിയില്‍ നമ്മുടെ ഉള്ളം തുറന്നുവയ്ക്കണം, അവിടുത്തെ കേള്‍ക്കണം, നമ്മെയും നമ്മുടെ കുടുംബത്തിലുള്ളവരെയും ദൈവത്തിന് സമര്‍പ്പിക്കണം, അവിടുത്തെ ഹിതത്തിന് നമ്മെ തന്നെ തുറന്നു കൊടുക്കണം.
നാം പ്രാര്‍ത്ഥിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ദൈവം സന്തോഷിക്കുന്നു. ദൈവം നമുക്കു നല്കുന്ന സമ്മാനങ്ങളേക്കാള്‍ നാം വിലമതിക്കേണ്ടത് ദൈവത്തെയാണ് എന്ന് കുരിശിന്റെ വി. യോഹന്നാന് പറയുന്നു. യേശു പറയുന്നത് ശ്രദ്ധിക്കുക: ആദ്യം നിങ്ങള്‍ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം നിങ്ങള്‍ക്കു കുട്ടിച്ചേര്ക്കപ്പെടും’ (മത്താ. 6.33).
നമുക്ക് പല കാര്യങ്ങള്‍ ദൈവത്തോട് ചോദിക്കാനും പറയാനും സാധിക്കും. ആഗോള പ്രശ്നങ്ങള്‍ മുതല്‍ നമ്മുടെ ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ വരെ നമുക്ക് ദൈവവുമായി സംസാരിക്കാന്‍ സാധിക്കും. എന്തു തന്നെയായാലും അത് ദൈവമഹത്വവുമായി ബന്ധപ്പെട്ടതായിരിക്കണം എന്നു മാത്രം.
അവിടുത്തെ ഹിതം നിറവേറട്ടെ! എന്നതാണ് ദൈവം നമുക്ക് നല്കുന്ന പ്രാര്‍ത്ഥന. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സാരവും അതുതന്നെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.