ആ പെട്ടിക്കുള്ളിൽ എന്തായിരുന്നു?
ഒരു കഥ പറയാം. വിഭാര്യനായ ഒരാള്‍ക്ക് നാല് വയസ്സുകാരിയായ ഒരു മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യമായ ജോലിയൊന്നും ഇല്ലാതിരുന്ന അയാള്‍ സാമ്പത്തികമായ ഞെരുക്കത്തിലായിരുന്നെങ്കിലും കിട്ടുന്ന കാശിന് മദ്യം കഴിക്കുമായിരുന്നു. അങ്ങനെയൊരു ദിവസം വീട്ടില്‍ വരുമ്പോള്‍ കുഞ്ഞ് താന്‍ വാങ്ങിവച്ചിരുന്ന വര്‍ണക്കടലാസുകള്‍ വെട്ടി ഒട്ടിച്ച് ഒരു പെട്ടി ഉണ്ടാക്കുകയാണ്. അയാള്‍ക്ക് അത് കണ്ട് ദേഷ്യം വന്നു. പണമില്ലാത്ത നേരത്ത് അനാവശ്യമായി വര്‍ണക്കടലാസുകള്‍ പാഴാക്കി എന്നു പറഞ്ഞ് അയാള്‍ കുഞ്ഞിനെ നന്നായി വഴക്കു പറഞ്ഞു.
കുഞ്ഞിന് നന്നായി സങ്കടം വന്നെങ്കിലും അവള്‍ മറുത്തൊന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ തന്റെ പിറന്നാളാണെന്ന് അയാള്‍ മറന്നു പോയിരുന്നു. അയാള്‍ രാവിലെ ഉണരുമ്പോള്‍ കുഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അതാ മുന്നില്‍ നില്‍ക്കുന്നു. അവളുടെ കൈയിലുണ്ട് വര്‍ണക്കടലാസു കൊണ്ട് ഉണ്ടാക്കിയ ആ പെട്ടി. അവള്‍ അത് പപ്പയുടെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി തുറന്നു നോക്കിയപ്പോള്‍ അയാള്‍ക്ക് വളരെ ദേഷ്യം വന്നു. അതില്‍ ഒന്നുമുണ്ടായിരുന്നില്ല. ശൂന്യമായ പെട്ടി കൊണ്ടു വന്നു തന്നതിന് അയാള്‍ അവളെ വീണ്ടും ശകാരിച്ചു. അപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: പപ്പാ, അതില്‍ നിറയെ എന്റെ ഉമ്മകളാണ്. ആ പെട്ടി നിറയെ പപ്പായ്ക്കുള്ള ഉമ്മകള്‍ കൊണ്ട് ഞാന്‍ നിറച്ചു വച്ചിരിക്കുകയാണ്. ഹാപ്പി ബര്‍ത്ത്‌ഡേ പപ്പാ! അയാള്‍ ആ നിമിഷം തകര്‍ന്നു പോയി. അയാള്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ചു മുത്തങ്ങള്‍ കൊണ്ടു മൂടി.
ദൈവം മനുഷ്യര്‍ക്കായി നിറച്ചു വച്ച മുത്തങ്ങളുടെ പെട്ടിയാണ് ബൈബിള്‍ – ദൈവവചനം. നാം പലപ്പോഴും അത് തുറക്കാതെ പോകുകയും അതില്‍ നിറഞ്ഞിരിക്കുന്ന ദൈവസ്‌നേഹമാകുന്ന മുത്തങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നു.
അതുപോലെ, കുടുംബജീവിതം മുഴുവന്‍ ഇതു പോലെ പെട്ടെന്ന് കാണാന്‍ കഴിയാത്ത ഉമ്മകളാണ്. അത് കണ്ടെടുക്കുന്നതിലാണ് ദാമ്പത്യജീവിതത്തിന്റെ വിജയം. പങ്കാളിയുടെ മനസ്സ് മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മള്‍ കാണുന്നതായിരിക്കില്ല മനസ്സിലുള്ളത്. ഉള്ളിലുള്ള സങ്കടം ചോദിച്ചു മനസ്സിലാക്കുന്നതിലും സാന്ത്വനപ്പെടുത്തുന്നതുമാണ് മിടുക്ക്. അതു പോലെ ഉള്ളിലുള്ള സ്‌നേഹം എപ്പോഴും ഒരു പോലെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഈ സ്‌നേഹം ചിലപ്പോഴെങ്കിലും നാം മനസിലാക്കി എടുക്കണം. അപ്പോള്‍ കുടുംബജീവിതവും ബന്ധങ്ങളും മധുരതരമാകും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.