പരിശുദ്ധാത്മാവ് സര്‍വശക്തിയോടെ എഴുന്നള്ളി വരുന്നു (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

പെന്തക്കുസ്താ തിരുനാള്‍ സുവിശേഷ സന്ദേശം

പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന് തിരുസഭയ്ക്ക് ആരംഭം കുറിക്കുന്ന തിരുനാളാണ് പെന്തക്കുസ്ത തിരുനാള്‍. യേശുവിന്റെ ദൗത്യത്തിന്റെ ഫലം കൊയ്യാന്‍ ദൈവം തെരഞ്ഞെടുത്ത് യഹൂദരുടെ കൊയ്ത്തുല്‌സവമായ പെന്തക്കുസ്താ തിരുനാളാണ്. ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും എത്തിയ 3000 പേരാണ് പെന്തക്കുസ്താ ദിനത്തില്‍ വിശ്വാസം സ്വീകരിച്ചത്. അതേ സമയം തന്നെ പെന്തക്കുസ്ത തിരുനാള്‍ മറ്റൊരു കാര്യം കൂടി അനുസ്മരിപ്പിക്കുന്നു. ഇസ്രായേല്‍ക്കാര്‍ ഈജിപ്ത് വിട്ടു പോന്ന പെസഹായുടെ അമ്പതാം ദിവസം സീനായ് മലയില്‍ വച്ച് ദൈവം അവരുമായി ഉടമ്പടി സ്ഥാപിച്ച സംഭവത്തെ. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ വാസമാകുവാനായി പരിശുദ്ധാത്മാവ് എഴുന്നള്ളി വരുമ്പോള്‍ അന്ത്യ അത്താഴ വേളയില്‍ യേശു സ്ഥാപിച്ച പുതിയ ഉടമ്പടി സ്ഥീരീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

ബൈബിള്‍ വായന
അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2. 1 – 13

“പന്തക്കുസ്താ ദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടി ഇരിക്കുകയായിരുന്നു. കൊടുങ്കാറ്റ് അടിക്കുന്നത് പോലുള്ള ഉള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നും ഉണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീട് മുഴുവന്‍ അവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങള്‍ ഓരോരുത്തരുടെയും മേല്‍ മേല്‍ വന്നു നില്‍ക്കുന്നതായി നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവ് കൊടുത്ത ഭാഷാവരം അനുസരിച്ച് അവര്‍ വിവിധ ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. ആകാശത്തിന്‍ കീഴുള്ള സകല ജനപദങ്ങളില്‍ നിന്ന് വന്ന ഭക്തരായ യഹൂദര്‍ ജറുസലേമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങള്‍ ഓരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്മാര്‍ സംസാരിക്കുന്നത് കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു. ഈ സംസാരിക്കുന്നവര്‍ എല്ലാം യഹൂദരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നത് എങ്ങനെ? പാര്‍ത്തിയക്കാരും മേദിയക്കാരും എലാമിയക്കാരും മെസപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിസ്തിലും കിറേനെയിലും ലിബിയാ പ്രേദേശങ്ങളിലും നിവസിക്കുന്നവരും റോമില്‍ നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാവരും ദൈവത്തിന്റെ അത്ഭുതപ്രവര്‍ത്തികള്‍ അവര്‍ വിവരിക്കുന്നത് നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ. ഇതിന്റെയെല്ലാം അര്‍ത്ഥമെന്ത്? എന്ന് പരസ്പരം ചോദിച്ചു കൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. എന്നാല്‍ മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു. പുതുവീഞ്ഞ് കുടിച്ച് അവര്‍ക്ക് ലഹരി പിടിച്ചിരിക്കുകയാണ്.”

വിചിന്തനം

ഇസ്രായേല്‍ക്കാരുടെ പ്രധാന തിരുനാളുകള്‍ ഇവയാണ്. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍, ആദ്യഫലങ്ങളുടെ തിരുനാള്‍, ആഴ്ചകളുടെ തിരുനാള്‍ (പെന്തക്കുസ്താ), കാഹളത്തിരുനാള്‍, പാപ പരിഹാരത്തിരുനാള്‍, കൂടാരത്തിരുനാള്‍. ബാബിലോണിയന്‍ പ്രവാസത്തിന് ശേഷം കൂടുതല്‍ തിരുനാളുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയില്‍ മൂന്ന് തീര്‍ത്ഥാടന തിരുനാളുകളുണ്ട്. പെസഹ, പെന്തക്കുസ്താ, കൂടാരത്തിരുനാള്‍.

ആഴ്ചകളുടെ തിരനാള്‍ എന്ന് അറിയപ്പെടുന്ന പെന്തക്കുസ്താ തിരുനാള്‍ ലേവായരുടെ പുസ്തകം 23. 15 22 വരെയുള്ള ഭാഗങ്ങളില്‍ ദൈവം നില്‍കിയ അനുശാനപ്രകാരമാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യഫലങ്ങളുടെ തിരനാള്‍ മുതല്‍ ഏഴ് ആഴ്ചകള്‍ ഗോതമ്പ് കാഴ്ചയായി അര്‍പ്പിച്ചു കൊണ്ട് ഇസ്രായേല്‍ ജനം പെന്തക്കുസ്താ തിരുനാള്‍ ആചരിക്കണം. ഇസ്രായേല്‍ക്കാരെയും വിജാതീയരെയും പ്രതിനിധീകരിക്കുന്ന രണ്ട് പുളിപ്പുള്ള അപ്പവും അവയോടൊപ്പം ഒരു വയസ്സുള്ള കുഞ്ഞാടിന്റെ ദഹന ബലിയും ഒരു കാളയും രണ്ട് മുട്ടാടുകളും ഒരു കോലാടിന്റെ പാപപരിഹാരബലിയും രണ്ട് ആ്ട്ടിന്‍കുട്ടികളെ സമാധാന ബലിയും അര്‍പ്പിച്ചിരുന്നു. (ലേവ. 23. 18).

സീനായ് മലയിലെ 50 ാം ദിവസത്തെ സംഭവവും യേശുവിന്റെ പെസഹാ ദിന ബലിയുടെ 50ാം ദിവസം പരിശുദ്ധാ്ത്മാവ് എഴുന്നള്ളി വന്നതും തമ്മില്‍ സമാന്തരമായ ബന്ധിപ്പിക്കാവുന്നതാണ്.

സീനായില്‍ ദൈവം പത്ത് കല്പനകള്‍ നല്‍കിയതും പരിശുദ്ധാത്മാവ് വന്നതും പെസഹാ കഴിഞ്ഞ് 50ാം ദിവസമാണ്.
സീനായ് മലയില്‍ സംഭവിച്ച അസാധാരണ സംഭവങ്ങളും പെന്തക്കുസ്താ ദിവസം നടന്ന കാര്യങ്ങളും അത്ഭുതകരങ്ങളായിരുന്നു. സീനായില്‍ ഇടിവെട്ടും മിന്നലും ഉണ്ടായി. (പുറ 19.16). പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ കൊടുങ്കാറ്റ് അടിക്കുന്നതു പോലുള്ള സ്വരമുണ്ടാവുകയും തീനാവായി ആത്മാവ് വരികയും ചെയ്തു. (അപ്പ. 2. 24).

ദൈവം സീനായ് മലയില്‍ വച്ച് തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന് കല്‍പനകള്‍ നല്‍കി. പെന്തക്കസ്താ ദിവസം ദൈവജനത്തിന്റെ ഗുരുവായി പരിശുദ്ധാത്മാവ് എത്തി. ആത്മാവ് വന്ന് നിങ്ങളെ എല്ലാം പഠിപ്പിക്കും എന്ന് യേശു പറയുന്നുണ്ട്. (യോഹ. 14. 26).

രണ്ടു കല്‍ഫലകങ്ങളിലാണ് സീനായ് മലയില്‍ വച്ച് നിയമം എഴുതിയിരുന്നത്. പുതിയ നിയമം പരിശുദ്ധാത്മാവ് ഓരോ ്മനുഷ്യരുടെയും ഹൃദയങ്ങളിലാണ് എഴുതുന്നത്. പത്രോസ് പ്രസംഗിച്ചപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി എന്ന് പറയുന്നുണ്ട് (അപ്പ. 2. 37).

സീനായ് മലയില്‍ ദൈവം തന്റെ ജനത്തിന്റെ കൂടെ വസിക്കാന്‍ ഇറങ്ങി വന്നു. മേഘത്തൂണായും അഗ്‌നിത്തൂണായും അവിടുന്ന് അവര്‍ക്കൊപ്പം സഞ്ചരിച്ചു. (പുറ. 13. 2123). ദൈവം അവരുടെ മധ്യേ കൂടാരത്തില്‍ വസിച്ചു. പിന്നെ ദേവാലയത്തിലും വസിച്ചു. എന്നാല്‍ ബാബിലോണിയന്‍ പ്രവാസത്തിന് മുമ്പ് ഈ ദൈവസാന്നിധ്യം അവര്‍ക്ക് നഷ്ടമായി.
എന്നാല്‍ യേശുവിന്റെ മനുഷ്യാവതാരത്തോടെ ആ ദൈവസാന്നിധ്യം മടങ്ങി വന്നു. അതിനു ശേഷം പരിശുദ്ധാത്മാവിലൂടെ ഓരോ ക്രൈസ്തവന്റെ ഹൃദയത്തിലും ദൈവസാന്നിധ്യം നിറഞ്ഞു.

രണ്ടു സംഭവങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പുതിയൊരു സമൂഹം രൂപപ്പെടുന്നതിന് കാരണമായി. പുറപ്പാടിലൂടെ ഇസ്രായേല്‍ ദേശം രൂപപ്പെട്ടപ്പോള്‍ പെന്തക്കുസ്ത ദിനത്തില്‍ ക്രിസ്തീയ സമൂഹം രൂപമെടുത്തു.

ദൈവം മോശയ്ക്ക് കല്പന ചെയ്തനേരത്ത് സ്വര്‍ണക്കാളയെ ആരാധിച്ച 3000 ഇസ്രായേല്‍ക്കാര്‍ കൊല്ലപ്പെട്ടു. (പുറ 32. 2528). എന്നാല്‍, പെന്തക്കുസ്താ ദിവസം 3000 പേര്‍ മാനസാന്തരത്തിലൂടെ വീണ്ടെടുക്കപ്പെട്ടു.

പരിശുദ്ധാത്മാവ് വന്നപ്പോള്‍ ശക്തമായ ഒരു കാറ്റിന്റെ ശബ്ദം കേട്ടു എന്ന് ബൈബിള്‍ വിവരിക്കുന്നുണ്ട്. ആ സമയം സ്വാഭാവികമായൊരു കാറ്റിന്റെ സമയമല്ലാതിരുന്നതിനാല്‍ അത് പ്രകൃത്യതീതമായ ഒരു പ്രതിഭാസമായിരുന്നു എന്ന് അനുമാനിക്കണം. ആകാശത്തു നിന്നാണ് ആ കാറ്റു വിശീയത്. ആകാശമെന്നാല്‍ സ്വര്‍ഗം എന്നാണര്‍ത്ഥം. അതായത് പരിശുദ്ധാത്മാവ് സ്വര്‍ഗത്തില്‍ നിന്നും എഴുന്നള്ളി വന്നു.

പരിശുദ്ധാത്മാവ് ആ മുറിയില്‍ വന്ന് അപ്പോസ്തലന്മാരെടും അവിടെ കുടിയിരുന്ന എല്ലാവരുടയും മേല്‍ നിറഞ്ഞു എന്ന് ബൈബിള്‍ പറയുന്നു. ദേവാലയത്തില്‍ വച്ചല്ല ഒരു വീട്ടില്‍ വച്ചാണ് ആത്മാവ് ആത്മാവ് വന്നത്. സഭ വിശ്വാസികളുടെ സമൂഹമാണ് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുകയാണ് ഇവിടെ.

അതിനു ശേഷം തീനാവുകളുടെ രൂപത്തില്‍ പരിശുദ്ധാത്മാവ് എല്ലാവരുടെയും മേല്‍ വന്നു നിന്നു. ബൈബിളില്‍ പല സന്ദര്‍ഭത്തില്‍ ദൈവം അഗ്നിയായി വരുന്നതായി നാം വായിക്കുന്നു. മോശയ്ക്ക് എരിയുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവം പ്രത്യക്ഷപ്പെടുന്നുണ്ട് (പുറ. 3.2). അഗ്നിത്തൂണായി ദൈവം ഇസ്രയേല്‍ക്കാരോടൊപ്പം മരുഭൂമിയിലൂടെ സഞ്ചരിക്കുന്നുണ്ട്. (പുറ. 19. 18).

അഗ്നിയുടെ രൂപത്തില്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവരാന്‍ ചില കാരണങ്ങളുണ്ട്. അഗ്നി ശുദ്ധമാണ്. അത് ചൂടും വെളിച്ചവും പകരുന്നു. ലോഹങ്ങളെ ശുദ്ധീകരിക്കാന്‍ അഗ്നിക്ക് സാധിക്കും. ലോഹങ്ങള്‍ക്ക് ഇഷ്ടമുള്ള വിധത്തില്‍ രൂപമാറ്റം വരുത്താന്‍ തീയ്ക്ക് സാധിക്കും. നമ്മിലെ പാപത്തിന്റെ അശുദ്ധികളെ നീക്കാന്‍ ആത്മാവിന് കഴിയും. നമ്മുടെ മനസ്സിനെ സുവിശേഷ സത്യങ്ങളാല്‍ പ്രകാശിപ്പിക്കാന്‍ തീയ്ക്ക് സാധിക്കും. ദൈവരാജ്യത്തിനു വേണ്ടി തീക്ഷണതയോടെ പ്രവര്‍ത്തിക്കാന്‍ അത് നമ്മെ ശക്തിപ്പെടുത്തും. ഒരു വ്യക്തിയെ പരിശുദ്ധാത്മാവ് നവീകരിക്കും. ‘അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് നിന്നില്‍ ആവസിക്കും. നീ മറ്റൊരു മനുഷ്യനായി മാറും’ (1 സാമു.10. 6).

അവര്‍ പല ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. യേശു തന്നെ സുവിശേഷത്തില്‍ ഇതിനെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ‘വിശ്വസിക്കുന്നവരില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ പിശാചുക്കളെ പുറത്താക്കും, പുതിയ ഭാഷകള്‍ സംസാരിക്കും’ (മര്‍ക്കോ 16. 17). ഇതിന് മൂന്ന് അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. 1. ബൈബിളിനെ കുറിച്ച് ആഴത്തിലുള്ള ധാരണയോടെ അവര്‍ക്ക് സംസാരിക്കാന്‍ കഴിയും. 2. അവര്‍ പഠിച്ചിട്ടില്ലാത്ത ഭാഷകളില്‍ അവര്‍ക്ക് സംസാരിക്കാന്‍ സാധിക്കും. 3. അവരുടെ ഭാഷ അറിയില്ലാത്ത ശ്രോതാക്കള്‍ക്ക് അവര്‍ പറയുന്നത് മനസ്സിലാകുന്നു.

ഈ അത്ഭുതം ബാബേല്‍ ഗോപുരത്തില്‍ സംഭവിച്ചതിന്റെ നേര്‍ വിപരീതമായിരുന്നു. ബാബിലില്‍ എല്ലാവരും ഒരു ഭാഷ സംസാരിക്കുന്നവരായിരുന്നു. എന്നാല്‍ ദൈവത്തോട് മത്സരിക്കാന്‍ വേണ്ടി അവര്‍ ഗോപുരം പണിതപ്പോള്‍ ദൈവം അവരുടെ ഭാഷകള്‍ ചിതറിച്ചു. പെന്തക്കുസ്ത ദിവസം അവിടെ കൂടിയിരുന്നവര്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരായിരുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ എല്ലാവരും ഒന്നായി. എല്ലാവര്‍ക്കും അപ്പോസ്തലന്മാരുടെ ഭാഷ മനസ്സിലായി.

സന്ദേശം

ഓരോ അപ്പസ്്‌തോലന്റെയും മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നെങ്കിലും അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരുമിച്ച് കൂടിയിരിക്കുന്നപ്പോഴാണ് പരിശുദ്ധാത്മാവ് വന്നത്. വ്യക്തിപരമായ പ്രാര്‍ത്ഥനയോടൊപ്പം സമൂഹപ്രാര്‍ത്ഥനയും ആവശ്യമാണ്.

നമ്മുടെ ഈ ലോക ജീവിതം ഒരു തീര്‍ത്ഥയാത്രയാണ്. ഈ യാത്രാവേളയില്‍ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെ സന്ദര്‍ശിക്കാനും വി. കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും നാം സമയം കണ്ടെത്തണം.

ഇടവകയില്‍ മാത്രമല്ല, നമ്മുടെ കുടുംബങ്ങളിലും ദൈവസാന്നിധ്യമുണ്ട്. ദൈവനാമത്തില്‍ നാം കുടുംബത്തില്‍ ഒത്തു ചേരണം.

ജ്ഞാനസ്‌നാനത്തില്‍ മാത്രമല്ല, സ്ഥൈര്യലേപനത്തിലും നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നുണ്ട്. ്ക്രിസ്തുവിന്റെ രക്ഷാദൂത് പ്രഘോഷിക്കാന്‍ നമുക്ക് ശക്തി നല്‍കുന്നത് ഇതാണ്.

ബൈബിള്‍ വായിച്ച് നമ്മുടെ മനസ്സിനെ പ്രകാശപൂര്‍ണമാക്കണം. നമ്മുടെ വ്യക്തിത്വം സുവിശേഷത്തിന് ചേരുന്ന വിധത്തിലുള്ളതാക്കണം എന്ന് പ്രാര്‍ത്ഥിക്കണം.

ലോകത്തില്‍ ഒരു ഭാഷയേയുള്ളൂ. അത് സ്‌നേഹത്തിന്റെ ഭാഷയാണ്. നമുക്കു ദൈവം നല്‍കിയിരിക്കുന്നതൊന്നും നമുക്ക് മാത്രമായി ഉപയോഗിക്കാനുള്ളതല്ല. മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്. ഈ പങ്കുവയ്ക്കുന്ന സ്‌നേഹം പരിശുദ്ധാത്മാവിന്റെ ദാനമാണ്.

പ്രാര്‍ത്ഥന

ദൈവമായ പരിശുദ്ധാത്മാവേ

സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന ശിഷ്യന്മാരുടെ മേല്‍ എഴുന്നള്ളി വന്ന് ശ്ലീഹാന്മാരെ ശക്തപ്പെടുത്തിയതു പോലെ ഞങ്ങളെയും അവിടുന്ന് ശക്തിപ്പെടുത്തണമേ. കത്തോലിക്കാ തിരുസഭയെയും ഞങ്ങളുടെ പിതാവായ ഫ്രാന്‍സിസ് പാപ്പായെയും എല്ലാ മെത്രാന്മാരെയും വൈദികരെയും അങ്ങയുടെ വരദാനങ്ങളാല്‍ നിറയിക്കുകയും അഭിഷേകം ചെയ്യുകയും ചെയ്യണമേ. വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടി ഞങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ബുദ്ധിയെ തെളിക്കണമേ. ഇന്ന് ലോകത്തെ ആകമാനം കഷ്ടതയിലാഴ്ത്തിയിരിക്കുന്ന കോവിഡ് മഹാമാരിയെ ശമിപ്പിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles