പരിശുദ്ധ അമ്മ കണ്ണീര്‍ പൊഴിക്കുന്നത് എന്തു കൊണ്ട്?
ഈ കാലഘട്ടത്തിൽ പ്രത്യേകമായി കഴിഞ്ഞ ഒരു 20 വർഷക്കാലത്തിനിടയിൽ പരിശുദ്ധ മറിയത്തിന്റെ രൂപങ്ങളും ഫോട്ടോകളും കണ്ണീർ പൊഴിക്കുന്നതായി കാണപ്പെടുന്നു. ലോകത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും നിന്ന് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കണ്ണുനീർ പരിശോധിച്ചതിൽ നിന്ന് ഒലിവ് എണ്ണയിൽ പ്രത്യേക സുഗന്ധം കലർത്തിയതോ യഥാർത്ഥ മനുഷ്യക്കണ്ണുനീരോ രക്തമോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ശേഖരിച്ച് വിശ്വാസപൂർവ്വം ഉപയോഗിച്ചപ്പോൾ രോഗ സൗഖ്യങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ രക്തകണ്ണുനീർ പരിശോധിച്ചപ്പോൾ O ഗ്രൂപ്പിൽ പെട്ട രക്തം ആണെന്നാണ് കണ്ടെത്തിയത്.
എന്തിനുവേണ്ടിയാണ് മാതാവ് കരയുന്നത് എന്ന് ചിന്തിച്ച തന്റെ വിശുദ്ധരായ വൈദികർക്ക് പലപല കാരണങ്ങൾ കണ്ടെത്താനായി. മനുഷ്യകുലം ഇതുവരെ കടന്നുപോകാത്ത വലിയ ദുരിതങ്ങളിലൂടെയും രോഗങ്ങളിലൂടെയും കടന്നുപോകുമ്പോൾ ആശ്വാസം നൽകാൻ രോഗസൗഖ്യത്തിനായാണ് മാതാവിന്റെ ഈ സഹതാപ കണ്ണുനീർ എന്ന് ഒരു വിഭാഗം പറയുന്നു.
എന്നാൽ പാപം ചെയ്യുന്ന കാര്യത്തിൽ വളരെയധികം മുന്നോട്ടുപോയ മനുഷ്യർക്ക് സംഭവിക്കാൻ പോകുന്ന ആത്മനാശം ഓർത്ത് പാപബോധം ഉണ്ടാകാനാണ് അമ്മ കരയുന്നത് എന്ന് വേറെ ഒരു വിഭാഗം പറയുന്നു.
ചില സ്ഥലങ്ങളിൽ ചില വിശുദ്ധ വ്യക്തികൾക്ക് നൽകിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് ഗർഭഛിദ്രം മൂലം മരണമടയുന്ന കുഞ്ഞുങ്ങളെ ഓർത്താണ് കരയുന്നത് എന്നും മനുഷ്യർ ചെയ്തുകൂട്ടുന്ന ഘോര പാപങ്ങൾക്ക് വരാനിരിക്കുന്ന ദൈവകോപത്തിന്റെ ശിക്ഷകൾ ഓർത്തിട്ടാണ് മാതാവ് കരയുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
രക്ത കണ്ണീർ പൊഴിക്കുന്ന മാതാവിന്റെ രൂപങ്ങളും ഫോട്ടോകളും നോക്കിയാൽ റോസാമിസ്റ്റിക്ക മാതാവിന്റെതാണ് കൂടുതലായി കാണുന്നത്. പ്രാർത്ഥന, സഹനം, പ്രായശ്ചിത്തം എന്ന മൂന്ന് റോസാപ്പൂക്കളേന്തി നിൽക്കുന്ന പരിശുദ്ധ അമ്മയുടെ രൂപം ആയതിനാൽ പാപങ്ങൾ ഓർത്ത് പശ്ചാത്തപിച്ച് പ്രായശ്ചിത്തവും പ്രാർത്ഥനയും സഹനങ്ങളുടെ സ്വീകരണവും വഴി നവീകരിക്കപ്പെടാൻ ഉള്ള ആഹ്വാനം ആണെന്ന് ഊഹിക്കാം.
ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യപ്പെടാതെ ഭൗതികമായ ജീവിത വ്യഗ്രതകളിൽ മുഴുകി ജീവിച്ച് തന്റെ മക്കൾ ആത്മാവു നഷ്ടപ്പെടുത്തുന്നതിനെ ഓർത്ത് അമ്മ അത്യന്തം ദുഃഖിക്കുന്നു. ഈ ഭൂമിയിലെ ജീവിതം മാത്രം ലക്ഷ്യം വച്ച് ജീവിക്കുന്നവർ അതിനായി എന്തു പാപം ചെയ്യാനും മടിക്കുന്നില്ല. ഇങ്ങനെ നശിക്കുന്ന മക്കളെയോർത്ത് അമ്മയ്ക്ക് എങ്ങനെ കരയാതിരിക്കാൻ ആകും? മക്കളുടെ നന്മ ആഗ്രഹിക്കുന്ന ഏതൊരു നല്ല അമ്മയെയും പോലെ പരിശുദ്ധ അമ്മയും കരയുകയാണ്.മക്കളെ, തിരിച്ചു വരൂ…
നമുക്ക് ഓരോരുത്തർക്കും നമ്മുടെ ജീവിതം ക്രമീകരിക്കാം. നമ്മുടെ അമ്മയുടെ കണ്ണുനീർ തുടയ്ക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.