സീറോമലബാര്‍സഭയുടെ കുര്‍ബാനതക്‌സയില്‍ വരുത്തിയ മാറ്റങ്ങള്‍ അറിയാം
നമ്മുടെ പിതാവായ മാർ തോമ്മാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർസഭയുടെ കുർബാന. നിലവിലുണ്ടായിരുന്ന നമ്മുടെ കുർബാന ക്രമത്തിൽ 1599 ലെ ഉദയംപേരൂർ സൂനഹദോസ് മാറ്റങ്ങൾ വരുത്തുകയുണ്ടായി.
അതിനുശേഷവും കുർബാന തക്സയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 1962 ൽ പുനരുദ്ധരിച്ചു മലയാളത്തിൽ പ്രസിദ്ധീകരിച്ച കുർബാനക്രമം 1968ൽ ഏതാനും ഭേദഗതികളോടെ നവീകരിക്കുകയും പരീക്ഷാണർഥം ഉപയോഗിക്കാൻ റോമിൽനിന്നു അനുവാദം ലഭിക്കുകയും ചെയ്തു. നമ്മുടെ തക്സയിൽ വേണ്ട മാറ്റങ്ങൾ വരുത്തി കുർബാനക്രമം പ്രസിദ്ധീകരിക്കാൻ 1980 ൽ റോമിൽനിന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ രൂപപ്പെടുത്തിയ തക്സയ്ക്ക് 1985 ഡിസംബർ 19ന് പൗരസ്ത്യ തിരുസംഘത്തി ന്റെ അംഗീകാരം ലഭിക്കയും 1986 ഫെബ്രുവരി 8-ാം തീയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്ത് അൽഫോൻസാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കർമങ്ങളോടനുബന്ധിച്ചു റാസ കുർബാനയർപ്പിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഘോഷപൂർവകമായ ക്രമത്തിനും സാധാരണ ക്രമത്തിനും 1989 ഏപ്രിൽ 3ന് പൗരസ്ത്യ തിരു സംഘത്തിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. അഞ്ചു വർഷത്തേക്ക് നല്കപ്പെട്ട ഈ കുർബാന തക്സിയിൽ അതിനിടെ മാറ്റങ്ങൾ വരുത്തരുതെ ന്നും നിർദ്ദേശമുണ്ടായിരുന്നു.
1996 ൽ പ്രസിദ്ധീകരിച്ച Instruction for Applying the Liturgical Prescriptions of the Code of Canons of the Eastern Churches എന്ന രേഖയുടെ വെളിച്ചത്തിൽ കുർബാനയുടെ നവീകരണത്തെക്കുറിച്ചു വീണ്ടും ചർച്ചകളും പഠനങ്ങളും നടക്കുകയുണ്ടായി. വിശുദ്ധ കുർബാന ഏകീകൃത രൂപത്തിൽ അർപ്പിക്കാൻ 1999 ലെ സിനഡ് തീരുമാനിച്ചു: വിശുദ്ധ കുർബാനയുടെ ആരംഭംമുതൽ അനാഫൊറവരെയുള്ള ഭാഗം ജനാഭിമുഖമായും, അനാഫൊറ മുതൽ വിശുദ്ധ കുർബാന സ്വീകരണം ഉൾപ്പെടെയുള്ള ഭാഗം അൾത്താരാഭിമുഖമായും, വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷമുള്ളഭാഗം ജനാഭിമുഖമായും നടത്തേണ്ടതാണ് (VII Session Synod, November 15-20, 1999). ഈ തീരുമാനത്തിന് 1999 ഡിസംബർ 17 തീയതി ചില നിർദേശങ്ങളോടുകൂടി പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരം ലഭിക്കുകയും ഇതു 2000 ജൂലൈ 3 ന് നടപ്പിലാക്കുകയും ചെയ്തു. എല്ലാ രൂപതകളും ഈ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് 2009 ആഗസ്റ്റിലെ സിനഡ് ഓർമിപ്പിച്ചു.
ഈശോയുടെ മനുഷ്യാവതാരവും പരസ്യജീവിതവും അനുസ്മരിക്കുന്ന വചന ശുശ്രുഷവേളയിൽ കാർമികൻ ജനാഭിമുഖമായി നില്ക്കുന്നത് ദൈവശാസ്ത്രപരമായി അർഥമുള്ളതാണ്. അവതരിച്ച വചനമായ മിശിഹാ തന്റെ ശുശൂഷ നിർവഹിച്ചത് ജനങ്ങൾക്കിടയിലാണ് (യോഹ 1:14). അതിനാൽ, വചന ശുശ്രൂഷ ജനാഭിമുഖമായി നിർവഹിക്കുന്നതു പ്രസക്തമാണ്. അതോടൊപ്പം, കൂദാശഭാഗം (അനാഫൊറ) മുതൽ പരിശുദ്ധകുർബാനസ്വീകരണം ഉൾപ്പെടെയുള്ള ഭാഗത്തു കാർമികൻ ബലിപീഠത്തിനഭിമുഖമായി നില്ക്കുന്നത് ഉത്ഥിതനായ മിശിഹായെ പ്രതീക്ഷിച്ച് കിഴക്കോട്ട് തിരിഞ്ഞ് പ്രാർഥിക്കുന്നതിനെ സൂചിപ്പിക്കുന്നു. കിഴക്കോട്ട് തിരിയുകയെന്നാൽ കർത്താവിങ്കലേക്ക് തിരിയുകയെന്നാണർഥമാക്കുന്നത്. മിശിഹായുടെ മഹത്ത്വപൂർണമായ ആഗമനംവരെ (മത്താ 24:27) തീർഥാടക സമൂഹത്തെ പ്രാർഥനയിലൂടെയും, ആരാധനയിലൂടെയും നയിക്കുകയെന്നതാണ് കാർമികന്റെ കടമ. വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തുന്നു.
2013 ആഗസ്റ്റ് മാസത്തിലെ സിനഡ് വി. കുർബാനയുടെ നവീകരണവുമായി മുന്നോട്ടു പോകാൻ ലിറ്റർജി കമ്മീഷനോട് നിർദ്ദേശിച്ചു. അതനുസരിച്ച്, 2014 ജനുവരിയിലെ സിനഡ് എല്ലാ മെത്രാന്മാരോടും നവീകരണം സംബന്ധിച്ച നിർദ്ദേശങ്ങൾ ലിറ്റർജി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടു. ആ നിർദ്ദേശങ്ങളെല്ലാം ലിറ്റർജി കമ്മീഷൻ ക്രോഡീകരിച്ച് 2015 ആഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു.
ലഭിച്ച എല്ലാ നിർദ്ദേശങ്ങളും പഠിച്ച്, അവയിൽ രൂപതകളിൽ നിന്നും പൊതുവായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവ കണ്ടെത്തി അവ സിനഡിൽ അവതരിപ്പിക്കാൻ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, ലിറ്റർജികമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ, കൂടാതെ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ
ജോർജ്ജ് പുന്നക്കോട്ടിൽ, മാർ തോമസ് ചക്യത്ത് എന്നിവരടങ്ങിയ മെത്രാന്മാരുടെ ഒരു സ്പെഷ്യൽ കമ്മറ്റിയെ സിനഡ് തിരഞ്ഞെടുത്തു.
പൊതുവായി കണ്ടെത്തിയ നിർദ്ദേശങ്ങൾക്കനുസരണം തക്സയിൽ മാറ്റം വരുത്താനുള്ള സിനഡ് നിർദ്ദേശമനുസരിച്ച് സ്പെഷ്യൽ കമ്മറ്റി ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി. കുർബാനതക്സ് നവീകരണത്തെ സംബന്ധിച്ച് എല്ലാ രൂപതകളിലെയും വൈദികരുടെ പ്രതിനിധികളും സന്യസ്ത അല്മായ പ്രതിനിധികളും ദൈവശാസ്ത്ര ആരാധനക്രമ പണ്ഡിതരും ഉൾക്കൊള്ളുന്ന സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി ചർച്ചചെയ്ത് അഭിപ്രായങ്ങൾ സമർപ്പിക്കുകയുണ്ടായി. 2017 ജനുവരിയിലെ സി നഡ് ആവശ്യപ്പെട്ടതനുസരിച്ച് സെൻട്രൽ ലിറ്റർ ജിക്കൽ കമ്മറ്റി വീണ്ടും ചർച്ചചെയ്ത് അഭിപ്രായങ്ങൾ സമാഹരിക്കുകയുണ്ടായി. ഇതിന്റെയെല്ലാം വെളിച്ചത്തിൽ ഒരു ഡ്രാഫ്റ്റ് 2017 ആഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു. സിനഡിൽനിന്നു ലഭിച്ച നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സ്പെഷ്യൽ കമ്മറ്റി ഡാഫ്റ്റിൽ വേണ്ട മാറ്റങ്ങൾ വരുത്തി. ഇങ്ങനെ നവീകരിച്ച ഡ്രാഫ്റ്റ് 2019 ജനുവരിയിലെ സിനഡിൽ അവതരിപ്പിച്ചു പഠനവിധേയമാക്കി. സിനഡിൽനിന്നു ലഭിച്ച നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി സ്പെഷ്യൽ കമ്മറ്റി ഡ്രാഫ്റ്റിൽ ആവശ്യമായഭേദഗതികൾ വരുത്തി. വീണ്ടും എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ അവ നല്കാനായി ഈ ഡ്രാഫ്റ്റ്എ ല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. ലഭിച്ച നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സ്പെഷ്യൽ കമ്മറ്റി ആവശ്യമായ തിരുത്തലുകൾ ഡ്രാഫ്റ്റിൽ വരുത്തുകയുണ്ടായി. ഇതുവരെയുള്ള പഠനങ്ങളുടേയും നിർദ്ദേശങ്ങളുടേയും വെളിച്ച
ത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ഡ്രാഫ്റ്റ് 2020 ജനുവരിയിലെ സിനഡിൽ (Session xxviii)
അവതരിപ്പിച്ചു. സിനഡ് ചില ഭേദഗതികളോടെ ഡ്രാഫ്റ്റ് അംഗീകരിക്കുകയും, റോമിൽ നിന്നുള്ള അംഗീകാരത്തിനായി കുർബാന തക്സ് അയയ്ക്കാൻ നിർദേശിക്കയും ചെയ്തു. വീണ്ടും സ്പെഷ്യൽ കമ്മറ്റി മേജർ ആർച്ച് ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടി കുർബാന തക്സ അന്തിമമായി പരിശോധിച്ചു. അതിനുശേഷം, 2020 ജൂലൈ 10ന് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി കുർബാന തക്സ മേജർ ആർച്ച് ബിഷപ്പ് റോമിലേക്ക് അയച്ചു കൊടുത്തു. ഇതിനു മറുപ ടിയായി, പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കോൺഗ്രിഗേഷൻ കുർബാനതക്സ് അംഗീകരിച്ചു (Prot. N. 248/ 2004, 09, June 2021), കല്പന പുറപ്പെടുവിച്ചു. ഏകീകൃതരൂപത്തിൽ കുർബാന അർപ്പിക്കാനുള്ള 1999 സിനഡു തീരുമാനം എല്ലാവരും സ്വീകരിക്കണമെന്നും നവീകരിച്ച കുർബാനക്രമം താമസംവിനാ നടപ്പിലാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ 2021 ജൂലൈ 3 നു സീറോമലബാർ സഭാസമൂഹത്തോടു ആഹ്വാനം ചെയ്തുകൊണ്ടു മേജർ ആർച്ചുബിഷപ്പിനു കത്തയച്ചു. നവീകരിച്ച് കുർബാനകമം നടപ്പിലാവുന്നതോടുകൂടി സഭയിൽ കൂടുതൽ ഐക്യവും നന്മയും ഉണ്ടാകുമെന്ന് നമുക്കു പ്രത്യാശിക്കാം.
സീറോമലബാർ കുർബാനക്രമത്തെ സംബന്ധിക്കുന്ന പൊതുനിർദേശങ്ങൾ:
1. “വലത്ത്’, “ഇടത്ത്’ എന്ന പ്രയോഗം പുനർനിർണയിച്ചിരിക്കുന്നു. ബലിപീഠത്തിലേക്ക് നോക്കിനില്ക്കുന്ന ആരാധനാസമൂഹത്തിന്റെ “വലത്ത്’, “ഇടത്ത്’ എന്ന അർഥത്തിലാണ് ഈ കുർബാനപ്പുസ്തകത്തിലെ (തക്സയിലെ) ക്രമവിധികളിൽ “വലത്ത്’, “ഇടത്ത്’ എന്ന പ്രയോഗങ്ങൾ മനസ്സിലാക്കേണ്ടത് (പൊതു നിർദേശങ്ങൾ, നമ്പർ, 7).
2. സർവാധിപനാം, സുവിശേഷപ്രദക്ഷിണം, സ്ഥാപനവിവരണം, റൂഹാക്ഷണം, തിരുവോസ്തി ഉയർത്തൽ എന്നീ സന്ദർഭങ്ങളിൽ മണിയടിക്കാവുന്നതാണ്. വിഭജനശുശ്രൂഷയ്ക്ക മുമ്പായി കാർമികൻ തിരുവോസ്തി ഉയർത്തുന്നവേളയിൽ ധൂപിക്കുകയും ചെയ്യാവുന്നതാണ് (പൊതുനിർദേശങ്ങൾ, നമ്പർ, 18).
3. നിർദ്ദിഷ്ടപ്രാർഥനകൾ ചൊല്ലി അപ്പവും വീഞ്ഞും ബേസ്സുകളിൽ ഒരുക്കാനും ഒരുക്കിയവ ബലിപീഠത്തിലേക്കു സംവഹിക്കാനും ഡീക്കൻപട്ടമെങ്കിലും ഉള്ളവർക്കേ അനുവാദമുള്ളൂ. എന്നാൽ പ്രാർഥനകൾ ചൊല്ലി അപ്പവും വീഞ്ഞും പ്രതിഷ്ഠിക്കുന്നത് സഹകാർമികനോ കാർമികനോ ആയിരിക്കണം
(പൊതുനിർദേശങ്ങൾ, നമ്പർ, 19).
4. കാർമികൻ സമൂഹത്തെ കുരിശടയാളത്തിൽ ആശീർവദിക്കുമ്പോൾ സമൂഹം തങ്ങളുടെമേൽ കുരിശടയാളം വരയ്ക്കുന്നു(പൊതുനിർദേശങ്ങൾ, നമ്പർ, 21).
5. ഒന്നാം ഗ്ഹാന്ത (പ്രണാമജപം) കാർമികൻ കുനിഞ്ഞുനിന്ന് കരങ്ങൾ കൂട്ടിപ്പിടിച്ചു ചൊല്ലുന്നു. മറ്റ് ഗ്ഹാന്തകൾ കരങ്ങൾ കൂപ്പിപ്പിടിച്ചുകൊണ്ടോ, കുനിഞ്ഞുനിന്ന് ഇരുകരങ്ങളും മുകളിലേക്ക് തുറന്നുപിടിച്ചുകൊണ്ടോ ചൊ ല്ലാവുന്നതാണ് (പൊതുനിർദേശങ്ങൾ, നമ്പർ, 23)
6. ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പുള്ള “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ കാർമികനും സമൂഹത്തിനും കൈകൾ ഉയർത്തി ചൊല്ലാവുന്നതാണ് (പൊതുനിർദേശങ്ങൾ, നമ്പർ, 24). ആഘോഷപൂർവകമായകുർബാനയ്ക്കും സാധാരണകുർബാനയ്ക്കുമുള്ള പ്രത്യേക നിർദേശങ്ങൾ
7. സാധാരണ കുർബാനയിൽ കാർമികന്റെ പ്രാർഥനാഭ്യർത്ഥന ഒരു പ്രാവശ്യം നടത്തിയാലും മതി (പ്രത്യേക നിർദേശങ്ങൾ, നമ്പർ,15). വലത്തുകൈനീട്ടി കമഴ്ത്തിപ്പിടിച്ചുകൊണ്ടു സമാപനപ്രാർഥന (ഹൂത്താമ്മ) ചൊല്ലാവുന്ന
താണ്. എല്ലാ ജനങ്ങളുടെയും മേൽ കുരിശട യാളം വരച്ചുകൊണ്ടാണ് സമാപനാശീർവാദം നൽകേണ്ടത് (പ്രത്യേക നിർദേശങ്ങൾ, നമ്പർ, 18)
കുർബാനയുടെ പ്രാർഥനകളിൽ വരുത്തിയ പ്രധാനമാറ്റങ്ങൾ
9. അത്യുന്നതമാം എന്ന ഗീതത്തിന്റെ പ്രത്യുത്തരത്തചന്റെ “ഭൂമിയിലെങ്ങും’ എന്നത് “ഭൂമിയിലെന്നും’ എന്നാക്കി (ഗദ്യരൂപത്തിലുള്ളതുപോലെയാക്കി). എന്നേക്കുമുള്ള ശാന്തിയും സമാധാനവുമാണ് ഇവിടെ ആശംസിക്കുന്നത്. സുറിയാനി ഭാഷയിലും കാലത്തെ സൂചിപ്പിക്കുന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
10. “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന
കാനോനയോടുകൂടി ആരംഭിക്കുന്ന “സ്വർഗ സ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥനാരൂപം മാത്രം തക്സയിൽ ചേർത്തിരിക്കുന്നു.
“പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി’ എന്നു തുടങ്ങിയുള്ള ഭാഗം ഐച്ഛികമാക്കിയിരിക്കുന്നു.
“ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ’ എന്നത് “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ’ എന്നാക്കിയിരിക്കുന്നു.
“ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്നത് “ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ’ എന്നു മാറ്റിയിട്ടുണ്ട്. (“ഉൾപ്പെടുത്തരുതേ’ എന്നുപറയുമ്പോൾ ദൈവമാണ് “നമ്മെ പ്രലോഭന’ത്തിൽ ഉൾപ്പെടുത്തുന്നത് എന്നു സംശയം ഉണ്ടാകാം. മറിച്ച്, പ്രലോഭനങ്ങൾ ഉണ്ടായാലും അവയിൽ വീഴാൻ ഇടയാകരുതേ’ എന്നാണ് പ്രാർഥനയിലെ ഈ ഭേദഗതികൊണ്ട് വിവക്ഷിക്കുന്നത്).
11. തിരുനാളുകൾ പ്രാധാന്യമനുസരിച്ച് മൂന്നു ഗണങ്ങളായി തിരിച്ചിരിക്കുന്നു. മാറാനായ (കർത്താവിന്റെ) തിരുനാളുകൾ, പ്രധാനപ്പെട്ട തിരുനാളുകൾ, സാധാരണ തിരുനാളുകൾ എന്നിവയാണവ. അതനുസരിച്ചാണ് ആ ദിവസങ്ങളിലെ വായനകൾ ക്രമീകരിച്ചിരിക്കുന്നത്.
കർത്താവിന്റെ തിരുനാളുകളും രക്ഷാചരിത്രത്തിലെ പ്രധാനസംഭവങ്ങൾ അനുസ്മരിക്കുന്ന തിരുനാളുകളും ഒന്നാം ഗണത്തിൽ പെടുത്തിയിരിക്കുന്നു. ആ ദിവസങ്ങളിൽ തിരുനാളുകളുടെ വായനകൾ (പ്രഘോഷണങ്ങൾ) ആദ്യം നല്കിയിരിക്കുന്നു.
പ്രധാനപ്പെട്ട തിരുനാളുകളെ രണ്ടാം ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു (ഉദാ. മാതാവിന്റെ അമലോത്ഭവം, മാർ തോമാശ്ലീഹായുടെ ദുക്സാന).
സാധാരണ തിരുനാളുകളെ പൗരസ്ത്യ പാരമ്പര്യമനുസരിച്ചുള്ളവ, പൊതുവായവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
കർത്താവിന്റെ തിരുനാളുകളിലും പ്രധാനതിരുനാളുകളിലും കാർമികൻ ചൊല്ലുന്ന “ഞങ്ങളുടെ കർത്താവായ ദൈവമേ’ എന്നു തുടങ്ങുന്ന ആദ്യത്തെ പ്രാർഥനയിൽ “വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നവരെ’ എന്നുള്ളത് “ഏറ്റുപറയുകയും ചെയ്യുന്ന ഞങ്ങളെ’ എന്നാക്കി. അതുപോലെ തന്നെ, “ഈ പരിഹാരരഹസ്യങ്ങൾ അവർ വിശുദ്ധിയോടെ പരികർമ്മം ചെയ്യട്ടെ’ എന്നത് “ഈ പരിഹാര രഹസ്യങ്ങൾ ഞങ്ങൾ വിശുദ്ധിയോടെ പരികർമ്മം ചെയ്യട്ടെ’ എന്നും, “അവർ അങ്ങേക്കു പുരോഹിത ശുശ്രൂഷ ചെയ്യട്ടെ’ എന്നത് “ഞങ്ങൾ അങ്ങേക്കു പുരോഹിത ശുശ്രൂഷ ചെയ്യട്ടെ’ എന്നും മാറ്റിയിട്ടുണ്ട്. അപ്രകാരം ഈ പ്രാർഥനയെ കൂടുതൽ വ്യക്തിപരമാക്കിയിരിക്കുന്നു.
13. ബൈബിളിന്റെ സുറിയാനി പരിഭാഷയായ പ്ശീത്തയിൽനിന്നുള്ള സങ്കീർത്തനങ്ങളുടെ സിനഡ് അംഗീകരിച്ച മലയാളവിവർത്തനമാണ് കുർബാന തക്സയിലെ സങ്കീർത്തനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. 15-ാംസങ്കീർത്തനത്തിന്റെ രണ്ടു ഗീതരൂപങ്ങൾ കൊടുത്തിട്ടുണ്ട് (1. “ആരുവസിക്കും നാഥാ, നിൻ’ 2. “നിൻ ഗേഹത്തിൽ വാഴുന്നതിനോ…’).
14, ഞായറാഴ്ചകൾക്കും സാധാരണ തിരുനാളുകൾക്കും വേണ്ടിയുള്ള ഓനീസാ ദ്കടേയ്ക്ക് മുമ്പുള്ള പ്രാർഥനയിൽ “അങ്ങു സ്നേഹപൂർവ്വം സ്ഥാപിച്ച പവിത്രീകരിക്കുന്ന മദ്ബഹയുടെ മുമ്പിൽ’ എന്നത് “അങ്ങു സ്നേഹപൂർവ്വം സ്ഥാപിച്ചതും പവിത്രീകരിക്കുന്നതുമായ മദ്ബഹയുടെ മുമ്പിൽ’ എന്നു മാറ്റിയിരിക്കുന്നു.
15. “സർവ്വാധിപനാം’ എന്ന ഗീതത്തിന്റെ സമയത്ത് മദ്ബഹ ധൂപിച്ചശേഷം ദൈവാലയത്തിന്റെ പ്രധാന കവാടംവരെ ധൂപാർപ്പണം നടത്തുന്നത് ഉചിതമായിരിക്കുമെന്ന നിർദ്ദേശം കർമവിധിയിൽ കൂട്ടിചേർത്തിരിക്കുന്നു. ദൈവാലയം മുഴുവനെയും സമൂഹത്തെയും ധൂപിക്കുന്നതിനെയാണ് ഇത് അർഥമാക്കുന്നത്.
16. “സർവ്വാധിപനാം കർത്താവേ, നിന്നെ വണങ്ങിനമിക്കുന്നു’ എന്നത് മാറ്റി “സർവ്വാധിപനാം കർത്താവേ, നിൻ സ്തുതി ഞങ്ങൾ പാടുന്നു’ എന്ന് പദ്യരൂപത്തിൽ തിരുത്തിയിട്ടുണ്ട്. കാരണം, വണക്കം വിശുദ്ധർക്കും സ്തുതിയും ആരാധനയും ദൈവത്തിനുമാണല്ലോ നലന്നത്. കൂടാതെ, ഈ മാറ്റം “സകലത്തിന്റെയും നാഥാ നിന്നെ ഞങ്ങൾ സ്തുതിക്കുന്നു’ എന്ന ഗദ്യരൂപത്തോടു കൂടുതൽ വിശ്വസ്തവുമാണ്.
17. പരിപാവനാം എന്ന ഗീതത്തിൽ “നിൻ കൃപഞങ്ങൾക്കേകണമേ’ എന്നത് “കാരുണ്യം നീ ചൊരിയണമേ’ എന്നാക്കി. “പരിശുദ്ധനായ ദൈവമേ’ എന്ന ഗദ്യരൂപത്തിൽ ‘ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ’ എന്നത് “ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ’ എന്നാക്കി. കാരണം, “റഹ്മേ’ എന്ന സുറിയാനിപദം സൂചിപ്പിക്കുന്നത് കർത്താവിന്റെ കരുണയെയാണ്. കൃപയെ സൂചിപ്പിക്കുന്ന തെബുസ് എന്ന പദം തശുദ്ധകീർത്തനഭാഗത്ത് സുറിയാനി തക്സയിൽ ഉപയോഗിച്ചിട്ടില്ല. “ദാവീദിന്റെ പുത്രാ എന്നിൽ കരുണയുണ്ടാകണമേ’ എന്നാണ് അന്ധനായ ബർതിമേയൂസ് അപേക്ഷിക്കുന്നത് (മർക്കോ 10 : 48).
18. വിശുദ്ധഗ്രന്ഥവായനകൾക്കുമുമ്പ് ശുശ്രൂഷി കാർമികന്റെ ആശീർവ്വാദം യാചിക്കുമ്പോൾ “ഗുരോ ആശീർവ്വദിക്കണമേ’ എന്നത് “കർത്താവേ ആശീർവ്വദിക്കണമേ’ എന്നാക്കിയിട്ടുണ്ട്. ഇതാണ് മൂലരൂപത്തോടു കൂടുതൽ വിശ്വസ്തമായിരിക്കുന്നത്. കാർമികൻ കർത്താവിനെ പ്രതിനിധാനം ചെയ്യുന്നു എന്നും കർത്താവിന്റെ ആശീർവ്വാദമാണ് ഇവിടെ യാചിക്കുന്നതെന്നും ഈ മാറ്റം കൂടുതൽ വ്യക്തമാക്കുന്നു. “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന കാർമികന്റെ ആശീർവാദത്തിന്റെ “നിന്നെ’ എന്ന പദം ഒഴിവാക്കി “ദൈവം അനുഗ്രഹിക്കട്ടെ’ എന്നാക്കിയിരിക്കുന്നു.
19. “പകീർത്തനം ആലപിക്കാനായി നിങ്ങൾ എഴുന്നേല്ക്കുവിൻ’ എന്ന ശുശൂഷിയുടെ ആഹ്വാനം ഐച്ഛികമായി ബ്രാക്കറ്റിലാണ് പുതിയ തക്സയിൽ കൊടുത്തിരിക്കുന്നത്. ഇരുന്നശേഷം പ്രകീർത്തനത്തിനായി വീണ്ടും എഴുന്നേല്ക്കുകയും ഉടൻതന്നെ ലേഖനവായനയുടെ സമയത്തു ഇരിക്കുകയുംചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ ആഹ്വാനം ഐച്ഛികമാക്കിയിരിക്കുന്നത്. “അംബരമനവരതം’ എന്ന പ്രകീർത്തനം കാർമികനും ശുശ്രൂഷിയും സമൂഹവും പാടുന്നത്, അഞ്ചു ഖണ്ഡങ്ങൾക്കുപകരം നാലായി കുറച്ചിരിക്കുന്നു.
20. “സർവജ്ഞനായ ഭരണകർത്താവും’ എന്നപ്രാർഥന ഐച്ഛികമായി ബ്രാക്കറ്റിലാണ് ചേർത്തിരിക്കുന്നത്. കാരണം, “അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം’ എന്ന പ്രാർഥനയാണ് വിശുദ്ധഗ്രന്ഥ വായനകളോട് കൂടുതൽ ചേർന്നുപോകുന്നത്.
21, ഹല്ലേലുയ്യാഗീതത്തിന്റെ (സൂമാറ) സ്ഥാനം ലേഖന വായനയ്ക്കുശേഷം ഉടനെയായിരുന്നു. എന്നാൽ റാസയുടെ പുതിയകമത്തിൽ, ഹല്ലേലുയ്യാഗീതം പാടുന്നത് സുവിശേഷ വായനയ്ക്കു മുമ്പുള്ള തുർഗാമയെത്തുടർന്നാക്കിയിരിക്കുന്നു. തന്മൂലം, ആഘോഷപൂർവകമായി സുവിശേഷപ്രദക്ഷിണം ബേമ്മയിലേക്കു നടത്താൻ സാധിക്കും
22. കാറോസൂസകളുടെ പൊതുവായ പ്രത്യുത്തരം, “കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ’ എന്നതിനുപകരം “കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ’ എന്നാക്കി. കാരണം, റഹ്മേ എന്ന സുറിയാനിപദം സൂചിപ്പിക്കുന്നത് കർത്താവിന്റെ കരുണയെയാണ്. “കരുണ’ എന്ന പദമാണു സുറിയാനി മൂലത്തോടു കൂടുതൽ വിശ്വസ്തമായിരിക്കുന്നത്.
23. പിറവിക്കാലത്തെ കാറോസൂസയിൽ “ഞങ്ങൾഅങ്ങയെ സ്തുതിക്കുന്നു’ എന്നും പള്ളിക്കൂദാശക്കാലത്തെ കാറോസൂസയിൽ “നിന്റെ മഹത്ത്വത്തിൽ ഞങ്ങളെ പങ്കുകാരാക്കണമേ’ എന്നും മരിച്ചവർക്കുവേണ്ടിയുള്ള കാറോസൂസയിൽ “കർത്താവേ നിന്നോടു ഞങ്ങൾ യാചിക്കുന്നു’ എന്നുമുള്ള പ്രത്യുത്തരം നിലനിറുത്തിയിട്ടുണ്ട്.
24. ഓനീസാ ദ്റാസേയുടെ രണ്ടാം ഭാഗത്ത രണ്ടാം പാദത്തിലെ, “വിജയംവരിച്ച നീതിമാന്മാരുടേയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണയോടുകൂടെ നമ്മുടെ പിതാവായ മാർ തോമ്മാശ്ലീഹായുടെ ഓർമവിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ എന്നതുമാറ്റി, “നമ്മുടെ പിതാവായ മാർ തോമ്മാശ്ലീഹായുടെ ഓർമയോടുകൂടെ വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കലുണ്ടാകട്ടെ’ എന്നാക്കി. ഈ മാറ്റത്തിലൂടെ തോമ്മാശ്ലീഹായുടെ ഓർമയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നതോടൊപ്പം സുറിയാനി മൂലത്തോടു കൂടുതൽ വിശ്വസ്ത പുലർത്താനും സാധിക്കും.
25. വിശ്വാസപ്രമാണം കഴിഞ്ഞ് ശുശ്രൂഷി ചൊല്ലുന്ന കാറോസൂസ പ്രാർഥനയിൽ “പാതിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ,’ എന്നത് “പാതിയാർക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ’ എന്നു തിരുത്തിയിരിക്കുന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുള്ള നമ്മുടെ സഭയിൽ ഈ മാറ്റം കൂടുതൽ പ്രസക്തമാണല്ലൊ.
26. കാർമികന്റെ സഹായാഭ്യർഥനയുടെ പ്രത്യുത്തരത്തിൽ ” തന്റെ അഭീഷ്ടം നിറവേറ്റാൻ നമ്മെ ശക്തരാക്കട്ടെ’ എന്നത് ” തന്റെ അഭീഷ്ടം നിറവേറ്റാൻ അങ്ങയെ ശക്തനാക്കട്ടെ’ എന്നു തിരുത്തിയിരിക്കുന്നു. കാരണം, ഈ സമയം സമൂഹം ഒന്നുചേർന്ന് കാർമികനുവേണ്ടിയാണ് പ്രാർഥിക്കുന്നത്.
27. അനാഫൊറക്ക് “കൃതജ്ഞതാസ്തോത്ര പ്രാർഥന’ എന്ന പേരിനു പകരം “കൂദാശക്രമം’ എന്നു മാറ്റിയിരിക്കുന്നു. മാർ അദ്ദായിയുടെയും മാർ മാറിയുടെയും അനാഫൊറ ഒന്നാമത്തെ കൂദാശകമം എന്നും മാർ തിയദോറിന്റേത് രണ്ടാമത്തെ കൂദാശകമം എന്നും മാർ നെസ്തോറിയസിന്റേത് മൂന്നാമത്തെ കൂദാശക്രമം എന്നും ചേർത്തിരിക്കുന്നു.
28. ഒന്നാമത്തെ കൂദാശകമം (മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശ) ഓശാന ഞായർ കഴിഞ്ഞുള്ള തിങ്കൾ മുതൽ പള്ളിക്കൂദാശക്കാലം അവസാനം വരെ ഉപയോഗിക്കുന്നു; രണ്ടാമത്തെ കൂദാശക്രമം (മാർ തെയദോറിന്റെ കൂദാശ) മംഗളവാർത്തക്കാലം ഒന്നാം ഞായർ മുതൽ ഓശാന ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും മൂന്നാമത്തെ കൂദാശകമം (മാർ നെസ്തോറിയസിന്റെ കൂദാശ) ദനഹാ, വിശുദ്ധ യോഹന്നാൻ മാദാനയുടെ വെള്ളി, ഗ്രീക്ക് മല്പാന്മാരുടെ ഓർമ, മൂന്നു നോമ്പിലെ ബുധൻ, പെസഹാ വ്യാഴം എന്നീ അഞ്ച് ദിവസങ്ങളിലും ഉപയോഗിക്കുന്നു. എന്നാൽ, നിർദിഷ്ട അവസരങ്ങളെക്കൂടാതെ മറ്റുദിവസങ്ങളിലും ഈ മൂന്നു കൂദാശകമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
29. സമാധാനം നല്കുന്നതിനു മുമ്പുള്ള ശുശ്രൂഷിയുടെ ആഹ്വാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. “നിങ്ങൾ സമാധാനം ആശംസിക്കുവിൻ’ എന്നതിനു പകരമായി “നിങ്ങൾ സമാധാനം നല്കുവിൻ’ എന്നാക്കി.
സമൂഹം പരസ്പരം സമാധാനം ആശംസിക്കുകയല്ല ചെയ്യുന്നത്. “മിശിഹായാണ് നമ്മുടെ സമാധാനം’ (എഫേ 2:14) എന്ന് ഏറ്റുപറഞ്ഞുകൊണ്ടു ബലിപീഠത്തിൽനിന്നു സ്വീകരിച്ച സമാധാനം കാർമികൻ ശുശ്രൂഷിക്കു നല്കുന്നു. ശുശൂഷികളുടെ കരങ്ങളിൽനിന്ന് സമൂഹത്തിലുള്ളവർ സ്വീകരിക്കുകയും ഒരാൾ മറ്റൊരാൾക്കു പങ്കുവയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, കർത്താവിൽ നിന്നു സ്വീകരിച്ച സമാധാനത്തിൽ എല്ലാവരും പങ്കുചേരുന്നു.
30. മൂന്നാം പ്രണാമജപത്തിന്റെ ആരംഭത്തിൽ “കർത്താവായ ദൈവമേ, സ്വർഗീയഗണങ്ങളോടു കൂടെ’ എന്നത് “കർത്താവായ ദൈവമേ, ഈ സ്വർഗീയഗണങ്ങളോടുകൂടെ’ എന്നു തിരുത്തിയിരിക്കുന്നു. കാരണം, ഇതിനുമുമ്പുള്ള “പരിശുദ്ധൻ’ എന്ന ഗീതത്തിൽ സ്വർഗത്തിൽ മാലാഖമാർ ദൈവത്തെ ഒന്നുചേർന്ന് ഉദ്ഘോഷിക്കുന്നതാണ് നമ്മൾ അനുസ്മരിച്ചത്. ഇതേ സ്വർഗീയഗണങ്ങളോടു കൂടെയാണു നമ്മളും കൃതഞ്ജതയർപ്പിക്കുന്നതെന്ന് ‘ഈ’ എന്ന പദം കൂട്ടിച്ചേർത്തതിലൂടെ അർഥമാക്കുന്നു. ഈ കൂദാശ കമത്തിന്റെ സുറിയാനിയിലുള്ള മൂലരൂപത്തിലും രണ്ടാമത്തെയും മൂന്നാമത്തെയും കൂദാശകമങ്ങളിലും ഇങ്ങനെതന്നെയാണ് കാണുന്നത്.
31. നിലവിൽ ഉപയോഗത്തിലിരിക്കുന്ന മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശ ക്രമത്തിലെ മൂന്നാം പ്രണാമജപത്തിലുള്ള “അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും എന്നുതുടങ്ങി നിയമത്തിനു വിധേയനാവുകയും’ എന്നു വരെയുള്ള ഭാഗം മാർതോറിയസിന്റെ കൂദാശകമത്തിൽനിന്നു കൂട്ടിച്ചേർത്തതാണ്. തന്മൂലം, നവീകരിച്ച തക്സയിൽ ഈ ഭാഗം ഒഴിവാക്കിയിരിക്കുന്നു. ഒന്നാമത്തെ കൂദാശകമത്തിലെ മൂന്നാം പ്രണാമ ജപത്തിൽ കർത്താവിന്റെ രക്ഷാകരസംഭവങ്ങളെ ഓരോന്നും എടുത്തു പറയാതെ രക്ഷാകര രഹസ്യങ്ങളുടെ ഫലമായി നമുക്കു ലഭിച്ച അനുഗ്രഹങ്ങളെപ്രതി നന്ദിപറയുകയും പെസഹാരഹസ്യത്തെ മുഴുവനായി അനുസ്മരിക്കയും അനുഷ്ഠിക്കുകയുമാണു ചെയ്യുന്നത്. ഇപ്രകാരം, ഒന്നാമത്തെ കൂദാശ്രക്രമത്തിലെ മൂന്നാം പ്രണാമജപത്തിന്റെ തനതാന്മകതയുംസവിശേഷതകളും കൂടുതൽ വ്യക്തമാകുന്നു.
32. മൂന്നാം പ്രണാമജപത്തിന്റെ ആദ്യഭാഗത്തും ചെറിയ ഭേദഗതികൾ വരുത്തിയിരിക്കുന്നു: “കർത്താവായ ദൈവമേഅങ്ങയുടെ പ്രിയപുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ, എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.’ “നീ ഞങ്ങളോടു കല്പിച്ചതുപോലെ എന്നുള്ളത് “അങ്ങയുടെ പ്രിയപുത്രൻ ഞങ്ങളോടു കല്പിച്ചതു പോലെ’ എന്നാക്കി. കാരണം ഈ പ്രാർഥനയും തുടർന്നുള്ള ഭാഗവും പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുള്ളതാണ്. “എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു’ എന്നതിലെ “എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ ഒരുമിച്ചുകൂടി എന്നഭാഗം 1989 തക്സയിലെ മൂന്നാം പ്രണാമജപത്തിന്റെ രണ്ടാംഭാഗത്തുനിന്നും എടുത്തതാണ്.
33. സ്ഥാപനവിവരണത്തിന്റെ രണ്ടാം ഭാഗത്ത് “പുതിയ ഉടമ്പടിയിലെ എന്റെ രക്തമാകുന്നു’ എന്നത് മൂലത്തോടു കൂടുതൽ വിശ്വസ്തമാകാനായി “പുതിയ ഉടമ്പടിയുടെ എന്റെ രക്തമാകുന്നു’ എന്നു തിരുത്തിയിട്ടുണ്ട്.
34. മദ്ധ്യസ്ഥപ്രാർഥനയുടെ ആരംഭത്തിൽ മാർപ്പാപ്പാക്കുള്ള വിശേഷണം “പ്രധാനാചാര്യനും സാർവതികസഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ’ എന്നതുമാറ്റി “സാർവ്വത്രികസഭയുടെ പിതാവും തലവനുമായ’
എന്നാക്കി.
“വേണ്ടിയും’ എന്ന പ്രയോഗം മദ്ധ്യസ്ഥപ്രാർഥനയിൽ അത്യാവശ്യമായിടങ്ങളിൽ മാത്രമാക്കിക്കുറച്ചു.
മദ്ധ്യസ്ഥപ്രാർഥനയിൽ ”
പുരോഹിതന്മാർ’ എന്നതിനുശേഷം “മ്ശംശാനമാർ’ എന്നതും കൂട്ടിചേർത്തു. കാരണം, മ്ശംശാനമാരും മെത്രാന്മാർ, പുരോഹിതന്മാർ, എന്നിവരോടൊപ്പം ശുശ്രൂഷാപൗരാഹിത്യത്തിൽ പങ്കുചേരുന്നവരാണ്.
സമൂഹബലിയിൽ മദ്ധ്യസ്ഥപ്രാർഥനയുടെ അവസാന ഭാഗത്ത് “ഈ ജനത്തിനുവേണ്ടിയും അയോഗ്യനായ എനിക്കുവേണ്ടിയും’ എന്നതിനുപകരം “ഈ ജനത്തിനുവേണ്ടിയും അയോഗ്യരായ ഞങ്ങൾക്കുവേണ്ടിയും’ എന്നു മാറ്റി ചൊല്ലാവുന്നതാണ് എന്നു പൊതുനിർദേശത്തിൽ ചേർത്തിരിക്കുന്നു. സമൂഹബലിയിൽ കാർമികന്റെ സഹായാ
ഭ്യർഥനയിൽ ” എന്റെ സഹോദരരേ, ഈ കുർബാന എന്റെ കരങ്ങൾവഴി പൂർത്തിയാകുവാൻ നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കുവിൻ’ എന്നതിനുപകരം ” എന്റെ സഹോദരരേ, ഈകുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാകുവാൻ നിങ്ങൾ പ്രാർഥിക്കുവിൻ’ എന്നുമാറ്റിചൊല്ലാവുന്നതാണെന്ന് പൊതുനിർദേശത്തിൽ ചേർത്തിരിക്കുന്നു. ഇവിടെ “എനിക്കുവേണ്ടി’ എന്ന് പറയുന്നില്ല. ഇപ്രകാരം, പ്രാർഥന ചോദിക്കുന്നതും സമൂഹം പ്രാർഥിക്കുന്നതും കാർമികനു വേണ്ടി മാത്രമല്ല സഹകാർമികർക്കു വേണ്ടിയുമാണ് എന്ന് മനസ്സിലാക്കാനാവുന്നതാണ്. മിശിഹായുടെ പ്രതിനിധിയായ കാർമികന്റെ കരങ്ങളിലൂടെയാണ് ദിവ്യരഹസ്യങ്ങൾ അനുഷ്ഠിക്കപ്പെടുന്നത് എന്നതുകൊണ്ട് “ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാകുവാൻ’ എന്നാണ് സമൂഹബലിയിലും ചൊല്ലുന്നത്.
35. നാലാം പ്രണാമജപത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടി ഏതാനും ഭാഗങ്ങൾ ഐച്ഛികമായി ധ പ കൊടുത്തിരിക്കുന്നു. ഈ ഓർമയാചരണത്തിൽ ദൈവമാതാവായ കന്യകാമറിയത്തിന്റെയും … തിരുസന്നിധിയിൽ സംപ്രീതി കണ്ടെത്തിയ നീതിമാന്മാരും വിശുദ്ധരുമായ പിതാക്കന്മാരുടെയും പാവനസ്മരണ ‘കൃപയാൽ സംജാതമാക്കണമേ’ എന്നഭാഗം ഐച്ഛികമാക്കിയിരിക്കുന്നു. ദൈവമാതാവായ കന്യകാമറിയത്തിന്റെയും “നീതിമാന്മാരുടേയും മകുടം ചൂടിയ രക്തസാക്ഷികളുടേയും സ്മരണയും ഓനീസാദ്റാസെയുടെ വ്യതിയാന വിധേയമല്ലാത്ത രണ്ടാം ഭാഗത്ത് വരികയുണ്ടായല്ലോ.
“പ്രവാചകന്മാർ, ശ്ലീഹന്മാർ, രക്തസാക്ഷികൾ, വന്ദകന്മാർ, വേദപാരംഗതന്മാർ, മെത്രാന്മാർ, പുരോഹിതന്മാർ, മ്ശംശാനമാർ എന്നിവർക്കും എന്ന ഭാഗവും ഐച്ഛികമാക്കിയിരിക്കുന്നു. വിശ്വാസപ്രമാണം കഴിഞ്ഞുളള ശുശ്രൂ
ഷിയുടെ കാറോസൂസ പ്രാർഥനയുടെ രണ്ടാം ഭാഗത്ത് “എല്ലാ പ്രവാചകന്മാരെയും ശ്ലീഹന്മാരെയും രക്തസാക്ഷികളെയും വന്ദകരെയും ഓർമിക്കുവിൻ’ എന്ന പ്രാർഥനയുണ്ട്. കൂടാതെ അവിടെ “മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ, പുരോഹിതർ, ശുശ്രൂഷികൾ എന്നിവരുടേയും’ ഓർമയാചരിച്ചുകൊണ്ടുള്ള പ്രാർഥനയുണ്ട്.
“എളിയവരും ബലഹീനരും ക്ലേശിതരുമായ ഈ ദാസരും’ അങ്ങയുടെ നാമത്തിൽ ഒരുമിച്ചുകൂടി ഇപ്പോൾ തിരുസന്നിധിയിൽ നില്ക്കുന്നു’ എന്നതും ഐച്ഛികമാണ്. എന്തുകൊണ്ടെന്നാൽ, ഈ ആശയം ഉൾക്കൊള്ളുന്ന പ്രാർഥന മൂന്നാം പ്രണാമജപത്തിന്റെ ആദ്യ ഭാഗത്തു കാണാം: “എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അങ്ങയുടെ നാമത്തിൽ ഒരുമിച്ചു കൂടി. ഈ രഹസ്യം തിരുസ്സന്നിധിയിൽ അർപ്പിക്കുന്നു.’
“ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്ന് ജീവദായകമായ സുവിശേഷംവഴി… എല്ലാ മനുഷ്യരും അറിയട്ടെ’ എന്നുവരെയുള്ള പ്രാർഥന “ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്ന് ജീവദായകമായ സുവിശേഷം വഴി പ്രവാചകന്മാർ, ശ്ലീഹന്മാർ, രക്തസാക്ഷികൾ, വന്ദകന്മാർ, വേദപാരംഗതന്മാർ, മെത്രാന്മാർ, പുരോഹിതന്മാർ, മ്ശംശാനമാർ എന്നിവർക്കും പ. വിശുദ്ധ മാമ്മോദീസായുടെ സജീവവും ജീവദായകവു
മായ അടയാളത്താൽ മുദ്രിതരും + പരിശുദ്ധ കത്തോലിക്കാസഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമ്മല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചെന്നും എല്ലാ മനുഷ്യരും അറിയട്ടെ എന്നാക്കിയിട്ടുണ്ട്.
36. “നിങ്ങൾ നിശ്ശബ്ദരായി ആദരപൂർവ്വം പ്രാർഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.’ എന്ന ശുശൂഷിയുടെ ആഹ്വാനം “കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ’ എന്ന പുരോഹിതന്റെ പ്രാർഥനക്കു മുമ്പാക്കിയിട്ടുണ്ട്. സമൂഹം ഈ ആഹ്വാനം ശ്രവിച്ചു കൂടുതൽ ശ്രദ്ധയോടും ഭക്തിയോടുംകൂടെ പങ്കെടുക്കാനും ഭംഗംവരാതെ റൂഹാക്ഷപ്രാർഥന ചൊല്ലാനും വേണ്ടിയാണിത്.
37. അനുരഞ്ജനശുശ്രൂഷയിലെ ധൂപാർപ്പണസമയത്ത് കാർമികൻ ചൊല്ലുന്ന പ്രാർഥനകളുടെ അവസാനഭാഗത്ത് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശുശൂഷിയുടെ മേലുള്ള പ്രാർഥന “ഈ ശുശൂഷിയെ സുഗന്ധപൂരിതനാക്കണമേ’ എന്നത് “ഈ ശുശൂഷിയെ വിശുദ്ധിയുടെ പരിമളത്താൽ പൂരിതനാക്കണമേ’ എന്നാക്കിയിരിക്കുന്നു. അതുപോലെ, ജനങ്ങളുടെ മേലുളള പ്രാർഥനയും “ഈ ജനത്തെ വിശുദ്ധിയുടെ പരിമളത്താൽ പൂരിതരാക്കണമേ’ എന്നാക്കി. ബലിപീഠത്തിന്മേലുള്ള പ്രാർഥനയിൽ “തിരുശ്ശരീരരക്തങ്ങളെ സുഗന്ധപൂരിതമാക്കണമേ’ എന്നതു ഒരേ ശൈലിയിലാക്കാൻ”പരിമളപൂരിതമാക്കണമേ’ എന്നു മാറ്റിയിരിക്കുന്നു.
38. കർത്താവിന്റെ തിരുനാളുകൾക്കും പ്രധാനതിരുനാളുകൾക്കുമുള്ള സമൂഹത്തിന്റെ കൃതജ്ഞതാ പ്രാർഥനയും (തെശ്ബൊഹ്ത്ത) അതിന്റെ ഗീതവും പുതുതായി ചേർത്തിട്ടുണ്ട്. അതുപോലെ ഞായറാഴ്ചയ്ക്കും ഓർമതിരുനാളുകൾക്കുമായി ഉണ്ടായിരുന്ന ഗീതവും അനുബന്ധത്തിൽ നിന്നെടുത്ത് പ്രാർഥനയ്ക്കു മുമ്പായി കൊടുത്തിരിക്കുന്നു.
39. കുർബാനയിലെഏതാനും ഗീതങ്ങളും പ്രാർഥനകളും സുറിയാനി ഭാഷയിൽത്തന്നെ തക്സയുടെ അനുബന്ധം മൂന്നിൽ കൊടുത്തിരിക്കുന്നു.
40. കുർബാനയുടെ റാസ തക്സയിൽ നവീകരിച്ച പ്രോപിയഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാപിയായിൽ “സുപ്ലെമെന്തും മിതേരിയോരും’ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള പ്രാർ ഥനകളോടൊപ്പം പുതുതായി രൂപപ്പെടുത്തിയ പ്രാരംഭപാർഥന, കാറോസൂസ, കുർബാന സ്വീകരണത്തിനുശേഷമുള്ള കൃതജ്ഞതാ പ്രാർഥനകൾ, ഹുത്താമ എന്നിവയും ചേർത്തിരിക്കുന്നു.
41. പാപിയഭാഗത്തെ പ്രാർഥനകളിൽ ഭാഷാപരമായ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയിട്ടുണ്ട്. നല്കപ്പെട്ട മർമീസയിൽ നിന്ന് അ നുയോജ്യമായ സങ്കീർത്തന ഭാഗങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. സങ്കീർത്തനങ്ങൾക്ക് പ്ശീത്താ വിവർത്തനമാണ് ഉപയോഗിച്ചിരിക്കുന്നത്. മദ്ബഹഗീതം, പ്രകീർത്തനം (ശൂറായ), ഹല്ലേലൂയ്യാഗീതം (സൂമാറ), ദിവ്യരഹസ്യഗീതം (ഓനീസാ ദ്റാസേ), ദിവ്യകാരുണ്യഗീതം (ഓനീസാദ് വേമ്മ), അനുഗീതം (ഓനീസാദ് വാണേ) എന്നീ ഗീതങ്ങളെല്ലാം “സുപ്തമെന്തും മിതേരിയോരും’ എന്ന ഉറവിട്ര ഗ്രന്ഥത്തോടു വിശ്വസ്തത പുലർത്തുന്നു.
42. “കർത്താവിന്റെ സജീവമായ സ്ലീവായാൽ നിങ്ങളെല്ലാവരും മുദിതരും സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും’ എന്ന് ചൊല്ലിക്കൊണ്ട് ആശീർവ്വദിക്കുന്ന വിധത്തിലാണ് ഹുത്താമ്മ പ്രാർഥനകളെല്ലാം തന്നെ കൊടുത്തിരിക്കുന്നത്. ഹുത്താമ്മ എന്ന വാക്കിനർഥം “മുദ്രവയ്ക്കൽ’ എന്നാണല്ലൊ. കാർമികൻ സമൂഹത്തെ കുരിശാകൃതിയിൽ ആശീർവ്വദിച്ചുകൊണ്ട് സ്ലീവായാൽ മുദ്രിതരാക്കുകയും കർത്താവിന്റെ സംരക്ഷണത്തിന് ഭരമേല്പിക്കയും ചെയ്യുന്നു.
43. ആരാധനക്രമ കാലങ്ങളനുസരിച്ചുള്ള പ്രോപ്രിയ പ്രാർഥനകൾക്കുശേഷം (മംഗളവാർത്ത പള്ളിക്കൂദാശ) കർത്താവിന്റെ തിരുനാളുകളുടെയും പ്രധാനതിരുനാളുകളുടെയുംവിശുദ്ധരുടെ തിരുനാൾ, മൂന്ന് നോമ്പ്, മരിച്ചവരുടെ ഓർമ മുതലായ ദിവസങ്ങളുടെയും പ്രാർഥനകൾ തക്സായിൽ ചേർത്തിരിക്കുന്നു. ദനഹാത്തിരുനാളും പന്തക്കുസ്താ തിരുനാളുംകൂടി കർത്താവിന്റെ തിരുനാളുകളുടെ കൂടെ പുതുതായി ചേർത്തിരിക്കുന്നു. നമ്മുടെ സഭയിലെ നാലു വിശുദ്ധരുടെയും തിരുനാളുകൾക്കുള്ള പോപിയയും ചേർത്തിട്ടുണ്ട്.
ആരാധനക്രമകമ്മീഷൻ
മൗണ്ട് സെന്റ് തോമസ്
കാക്കനാട്.