കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപത ഉദ്ഘാടനം ചെയ്തു; പ്രഥമ മെത്രാനും സ്ഥാനമേറ്റു.
ടൊറന്റോ: മിസിസാഗ ഇനി മുതല്‍ സീറോ മലബാര്‍ രൂപത. കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപതയാണ് മിസിസാഗ. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ വച്ച് നടന്ന ആഘോഷമായ ചടങ്ങളില്‍ രൂപതുയടെ ഔദ്യോഗിക ഉദ്ഘാടനവും പ്രഥമ മെത്രാന് മാര്‍ കല്ലുവേലിന്റെ സ്ഥാനാരോഹണവും നടന്നു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ഭാരതത്തിനു പുറത്ത് സീറോ മലബാർ സഭയുടെ നാലാമത്തെ രൂപതയാണിത്.
അജപാലകരും ആത്മീയ ശുശ്രൂഷകരും യേശുക്രിസ്തുവിന്റെ മാതൃകയാകണം പിന്തുടരേണ്ടതെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാരുണ്യപ്രവൃത്തികളിലും അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനുമെല്ലാമാകണം മുൻഗണന. ക്രിസ്തുവിനെപ്പോലെ സഹനത്തിന്റെ ജീവിതത്തിനായാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാനഡയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആർച്ച്ബിഷപ് ലൂയിജി ബൊണാസി, ടൊറന്റോ ആർച്ച്ബിഷപ് കർദിനാൾ തോമസ് കോളിൻസ്, കനേഡിയൻ ബിഷപ്സ് കോണ്‍ഫറൻസ് വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. റിച്ചാർഡ് ഗാനൻ, കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, കാനഡയിലെ കൽദായ ബിഷപ് ബവായ് സോറോ, കിങ്സ്റ്റണ്‍ ആർച്ച്ബിഷപ് മിഷേൽ മുൽഹാൾ, എഡ്മിന്റനിലെ യുക്രേനിയൻ ബിഷപ് ഡേവിഡ് മോട്ടിയക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പതിനെട്ടു മിഷൻ സെന്ററുകളും ഏതാനും വൈദികരുമെന്ന നിലയിൽനിന്ന് സ്വന്തമായി നാലു ദേവാലയങ്ങൾ ഉൾപ്പെടെ അൻപതിലേറെ ആരാധനാസമൂഹങ്ങളും ഇരുപത്തഞ്ചിലേറെ വൈദികരും പത്തിലേറെ സന്യസ്തരും ആറു സെമിനാരി വിദ്യാർഥികളുമെന്ന നിലയിലേക്കു മിസിസാഗ രൂപതയെ എത്തിച്ചതിൽ മാർ ജോസ് കല്ലുവേലിലിനെ പേപ്പൽ പ്രതിനിധി ലൂയിജി ബൊണാസിയും കർദിനാൾ തോമസ് കോളിൻസും അഭിനന്ദിച്ചു. സുവിശേഷവത്കരണം ഉറപ്പാക്കുന്നതിനായി വിശ്വാസികളെല്ലാവരും മിഷനറിമാരായി മാറണമെന്നും മറുപടി പ്രസംഗത്തിൽ മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി.
രൂപതാ ഉദ്ഘാടന ചടങ്ങിൽ വികാരി ജനറൽ മോണ്‍. സെബാസ്റ്റ്യൻ അരീക്കാട്ട്, ചാൻസലർ ഫാ. ജോണ്‍ മൈലംവേലിൽ, ഫിനാൻസ് ഓഫീസർ ഫാ. ജേക്കബ് എടക്കളത്തൂർ, ഫാ. ഡാരിസ് മൂലയിൽ, എബി അലറിക്, ഡോ. സാബു ജോർജ്, ജനറൽ കണ്‍വീനർമാരായ സോണി കയാനിയിൽ, ജോസഫ് അക്കരപട്ടിയാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.