നിങ്ങളുടെ ദുഖം സന്തോഷമായി മാറും! (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഉയിര്‍പ്പ് നാലാം ഞായര്‍ സുവിശേഷ സന്ദേശം

യോഹന്നാന്റെ സുവിശേഷത്തില്‍ യേശു തന്റെ ശിഷ്യന്മാരോട് ദൈവശാസ്ത്ര രഹസ്യങ്ങളും വരാനിരിക്കുന്ന സംഭവങ്ങളും വെളിപ്പെടുത്തി കൊടുക്കുന്ന സുദീര്‍ഘമായ ദൈവശാസ്ത്ര പ്രഭാഷണമുണ്ട്. വരാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ബോധ്യമുള്ളവരാകുന്നതിനു വേണ്ടിയും നിത്യസമ്മാനത്തിനായി യത്‌നിക്കുന്നതിനും വേണ്ടി അവരെ ഒരുക്കുക എന്നതായിരുന്നു യേശുവിന്റെ ഉദ്ധേശ്യം. തന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും ലഭിക്കും എന്ന് ഈശോ ഉറപ്പു നല്‍കുകയും ചെയ്യുന്നു.

 

ബൈബിള്‍ വായന
യോഹ. 16: 16-24

“അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. അപ്പോള്‍ അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു. അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. ഞാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നു എന്നും അവന്‍ നമ്മോട് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അവര്‍: അല്പസമയം എന്നതു കൊണ്ട് അവന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്ന് നമുക്കറിഞ്ഞു കൂട. ഇക്കാര്യം അവര്‍ തന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കി യേശു അവരോട് പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്ന് ഞാന്‍ പറഞ്ഞതിനെ പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ? സത്യം സത്യമായി ഞാന്‍ പറയുന്നു, നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഖിതരാകും. എന്നാല്‍ നിങ്ങളുടെ ദുഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതു കൊണ്ട് അവള്‍ക്ക് ദുഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതു കൊണ്ട് സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല. അതു പോലെ ഇപ്പോള്‍ നിങ്ങളും ദുഖിതരാണ്. എ്ന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്ത് കളയുകയുമില്ല. അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യമായ ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് നല്‍കും. ഇതു വരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാകുകയും ചെയ്യും.”

സുവിശേഷ വിചിന്തനം

യേശു തന്റെ പീഡാനുഭവത്തിന് സര്‍വാത്മനാ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിലും തന്റെ ശിഷ്യന്മാരെ അതെല്ലാം അഭിമൂഖീകരിക്കേണ്ടതിന് ഒരുക്കേണ്ടത് ആവശ്യമായിരുന്നു. ഈ അന്ത്യ അത്താഴത്തിന് ശേഷം താന്‍ പിടിക്കപ്പെടുമെന്നും സഹനങ്ങള്‍ കടന്ന് മരണം വരിക്കുമെന്ന് യേശു അറിഞ്ഞിരുന്നു. അതിനാലാണ് അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ കാണുകയില്ല എന്ന് യേശു ശിഷ്യന്മാരോട് പറയുന്നത്.

എന്നാല്‍ വീണ്ടും അല്പ സമയം കൂടി കഴിഞ്ഞാല്‍ നിങ്ങളെന്നെ കാണും എന്നു കൂടി യേശു വ്യക്തമായി പറയുന്നുണ്ട്. തന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം താന്‍ മടങ്ങി വരും എന്ന് യേശു ശിഷ്യന്മാര്‍ക്ക് ഉറപ്പ് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, യേശുവിന് എന്തു സംഭവിക്കും എന്ന് ശിഷ്യന്മാര്‍ക്ക് വ്യക്തമാകുന്നില്ല. യേശു എവിടെയോ പോയ ശേഷം മടങ്ങി വരും എന്ന് മാത്രമാണ് അവര്‍ മനസ്സിലാക്കുന്നത്.

യേശുവിന്റെ ഈ മടങ്ങി വരവിന് മൂന്ന് അര്‍ത്ഥതലങ്ങളുണ്ട്:

1. മരിച്ചുയിര്‍ത്ത ശേഷം യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടും. 40 ദിവസം അവര്‍ക്ക് യേശുവിനെ കാണാന്‍ ഭാഗ്യമുണ്ടാകും.

2. പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ യേശു അയക്കുകയും അവര്‍ യേശുവിന്റെ സജീവമായ സാന്നിധ്യം അതിലൂടെ അനുഭവിക്കുകയും ചെയ്യും.

3. യേശുവിന്റെ രണ്ടാം വരവ്.

അല്പസമയം എന്ന വാക്ക് ഏഴ് തവണ ഇവിടെ ഉപയോഗിക്കുന്നുണ്ട്. ഇത് ശിഷ്യന്മാര്‍ക്ക് സമാശ്വാസം നല്‍കാന്‍ വേണ്ടിയാണ്. അവരുടെ ഹൃദയം ദുഖം നിറഞ്ഞവയായിരുന്നു (16.6) എന്ന് സുവിശേഷം വ്യക്തമാക്കുന്നുണ്ട്.

എന്താണ് ഈ അല്പസമയം എന്ന് ശിഷ്യന്മാര്‍ ചോദിക്കുമ്പോള്‍ യേശു വ്യക്തമായി പറയുന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും.നിങ്ങള്‍ ദുഖിതരാകും. എന്നാല്‍ നിങ്ങളുടെ ദുഖം സന്തോഷമായി മാറും.

ശിഷ്യന്മാരുടെ ദുഖത്തിന് പല കാരണങ്ങളുണ്ട്. ഗത്സെമെന്‍ തോട്ടത്തില്‍ ഗുരുവിനോടൊപ്പം ഉണര്‍ന്നിരിക്കാന്‍ കഴിയാത്ത വിധം ക്ഷീണിതരായതും, യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതും, യേശുവിന്റെ അറസ്്റ്റും, വിചാരണയും പീഡാനുഭവങ്ങളും കുരിശുമരണവുമെല്ലാം അവരെ അത്യന്തം ദുഖഭരിതരാക്കും.

അതേ സമയം ലോകം സന്തോഷിക്കും. യേശുവിന്റെ ശത്രുക്കളും അവരുടെ അനുയായികളും സന്തോഷിക്കും. യേശുവിന് ഓശാന പാടിയവരെ യേശുവിന് എതിരെ തിരിക്കുന്നതില്‍ യഹൂദ നേതാക്കള്‍ വിജയം കണ്ടിരുന്നു. യേശുവിനെ ക്രൂശിക്കണം എന്ന് ആഗ്രഹിച്ചവരെല്ലാവരും അവിടുത്തെ അപമാനകരവും വേദനാപൂര്‍ണവുമായ രക്തസാക്ഷിത്വത്തില്‍ സന്തോഷച്ചവരാണ്.

എന്നാല്‍ ഈ ദുഖം സന്തോഷമായി മാറും എന്ന് യേശു ശിഷ്യന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. യേശു വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നത് കാണുമ്പോള്‍ അവരുടെ ദുഖം സന്തോഷമായി മാറും. യേശു തന്റെ ഉത്ഥാനത്തെ കുറച്ച് നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അക്കാര്യം അന്നേരം ശിഷ്യന്മാരുടെ മനസ്സില്‍ വന്നില്ല.

സന്തോഷമായി മാറുന്ന ദുഖത്തോട് ഉപമിക്കുവാന്‍ യേശു ഉപയോഗിക്കുന്ന ഉപമ പ്രസവവേദനയാണ്. ബൈബിളില്‍ ഈ ഉപമ പലവട്ടം ഉപയോഗിച്ചിട്ടുണ്ട്. ‘കര്‍ത്താവേ, ഗര്‍ഭിണി പ്രസവം അടുക്കുമ്പോള്‍ വേദനിച്ചു കരയുന്നതു പോലെ ഞങ്ങള്‍ അങ്ങേയ്ക്കു വേണ്ടി വേദനിച്ചു കരഞ്ഞു’ (ഏശയ്യ 26: 17). സമയമാകുന്നതിനു മുമ്പ് അവള്‍ പ്രസവിച്ചു. പ്രസവവേദന ഉണ്ടാകുന്നതിനു മുമ്പു തന്നെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു (ഏശയ്യ. 66. 7)

കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ അതുവരെയുണ്ടായ വേദനയെല്ലാം അമ്മ മറക്കുന്നു. അതു പോലെയുള്ള ്അനുഭവമാണ് ശിഷ്യന്മാരുടെ കാര്യത്തിലും ഉണ്ടാകാന്‍ പോകുന്നത് എന്ന് യേശു അവരെ സമാശ്വസിപ്പിക്കുകയാണ്.

ആരും ആ സന്തോഷം നിങ്ങളില്‍ നിന്ന് എടുത്തു കളയുകയില്ല എന്ന് യേശു പറയുന്നു. പറുദീസയില്‍ വച്ച് ആദവും ഹവ്വയും അനുഭവിച്ചിരുന്ന സന്തോഷം സാത്താന്‍ എടുത്തു കളഞ്ഞു. പാപം ചെയ്യാന്‍ പ്രേരണ നല്‍കി കൊണ്ട് ദൈവമക്കളുടെ ഹൃദയത്തില്‍ നിന്ന് ദൈവികമായ ആനന്ദം എടുത്തു കളയാന്‍ സാത്താനും അവന്റെ കൂട്ടാളികളും നിരന്തരം പരിശ്രമിക്കുകയാണ്. എന്നാല്‍ യേശുവിന്റെ രണ്ടാം വരവോടെ ആദ്യത്തെ ആനന്ദം തിരികെ ലഭിക്കുകയും സാത്താന്റെ ഭരണം അവസാനിക്കുകയും ചെയ്യും. പിന്നീട് സാത്താന് ദൈവമക്കളായ മനുഷ്യനെ പ്രലോഭിപ്പിക്കാനോ ആ സന്തോഷം എടുത്തു മാറ്റാനോ സാധിക്കുകയില്ല.

അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. യേശുവിന്റെ പരസ്യജീവിതകാലത്ത് ശിഷ്യന്മാര്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു. യേശുവിന്റെ പഠനങ്ങളും ആശയങ്ങളും അവരെ സംശയാലുക്കളാക്കിയിരുന്നു. യേശുവിന്റെ ഉയിര്‍പ്പിന് ശേഷവും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. എന്നാല്‍ പെന്തക്കൂസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിഞ്ഞതോടെ അവരുടെ എല്ലാ സംശയങ്ങളും തീര്‍ന്നു. പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും അവരെ പഠിപ്പിച്ചു.

നമ്മുടെ പ്രാര്‍ത്ഥനകള്‍ യേശുവിന്റെ നാമത്തില്‍ പിതാവിനോടാണ് ചോദിക്കുന്നത്. പിതാവും പുത്രനും തമ്മിലുള്ള ഗാഢമായ ഐക്യമാണ് ഇവിടെ യേശു വെളിപ്പെടുത്തുന്നത്. നാം യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മധ്യസ്ഥനായി നാം യേശുവിനെ അംഗീകരിക്കുകയാണ്. പാപികളായ നാം നേരിട്ട് പിതാവിനോട് ചോദിക്കാന്‍ അനര്‍ഹരാണ്. എന്നാല്‍ യോഗ്യനായ പുത്രനായ യേശു വഴി നമുക്ക് പിതാവിനോട് പ്രാര്‍ത്ഥിക്കാം.

യേശുവിന്റെ നാമത്തില്‍ ചോദിക്കണമെങ്കില്‍ ആദ്യം നാം അവിടുത്തെ വിശ്വസിക്കുകയും അവിടുത്തെ കല്‍പനകള്‍ പാലിക്കുകയും വേണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവഹിതപ്രകാരം ആയിരിക്കണം. ‘അവന്റെ ഇഷ്ടത്തിന് അനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍ അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ്’ (1 യോഹ. 5. 14)

ദൈവഹിതം നമ്മുടെ ജീവിതത്തില്‍ നിറവേറാന്‍ വേണ്ടി നാം പരിശ്രമിക്കുമ്പോള്‍ അത് നല്‍കപ്പെടുകയും നമുക്ക് നിത്യമായ ആനന്ദം ലഭിക്കുകയും ചെയ്യും. ലൗകിക നേട്ടങ്ങള്‍ കൊണ്ടുള്ള സന്തോഷം താല്ക്കാലികമാണ്. കാലം മാറുമ്പോള്‍ അതും മാറും. എന്നാല്‍ സ്വര്‍ഗീയ സന്തോഷം ശാശ്വതമാണ്.

സന്ദേശം

നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങള്‍, പ്രത്യേകിച്ച് സഭാശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നവ, ശാശ്വതമല്ല. നമ്മുടെ പ്രയാസങ്ങള്‍ ദൈവം കൂടുതല്‍ മെച്ചപ്പെട്ട പരിഹാരങ്ങള്‍ നല്‍കും.

നമ്മുടെ ശുശ്രൂഷകളില്‍ ഉണ്ടാകുന്ന പരാജയങ്ങളില്‍ നിരാശരാകരുത്. യേശു പോലും പരാജയങ്ങളെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വിജയം അവിടത്തെ കാത്തു നിന്നു. അതു പോലെ നാം യേശുവിനെ പിന്‍ചെല്ലുമ്പോള്‍ നമുക്കു വേണ്ടിയും വിജയം കാത്തു നില്‍ക്കും.

ശിഷ്യന്മാര്‍ക്ക് ആദ്യം എല്ലാ കാര്യങ്ങളും മനസ്ലിലായില്ല. എന്നാല്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ എല്ലാ കാര്യങ്ങളും അവര്‍ മനസ്സിലാക്കി. നമുക്ക് പാവനാത്മാവിനാല്‍ നയിക്കപ്പെടാം.

പാപികളുടെ വളര്‍ച്ചയും വിജയവും കണ്ട് നമുക്ക് അസൂയ വേണ്ട. നമ്മുടെ ലക്ഷ്യം ഈ ലോക സന്തോഷങ്ങള്‍ക്കപ്പുറമായിരിക്കണം.

നീതിക്കു വേണ്ടി പ്രയത്‌നിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന പ്രയാസങ്ങള്‍ താല്ക്കാലികമാണ്. യേശുവില്‍ വിജയം നേടിക്കഴിയുമ്പോള്‍ അവയെല്ലാം നിസാരമായി മാറും.

യേശുവിന്റെ നാമത്തില്‍ ദൈവഹിതപ്രകാരം എന്തും ചോദിക്കാനുള്ള വരം ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്.

പ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ

ലോകം ഇന്ന് അതിതീവ്രമായ കോവിഡ് ആക്രമണത്തിലൂടെ കടന്നു പോകുകയാണ്. അനേകം പേര്‍ ദുരിതം അനുഭവിക്കുകയും ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങളുടെ ദുഖം സന്തോഷമായി മാറും എന്നരുളിച്ചെയ്ത അവിടുത്തെ വചനങ്ങളിലാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ കഷ്ടാവസ്ഥ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. സൗഖ്യത്തിന്റെ കരസ്പര്‍ശവുമായി അങ്ങ് ഇറങ്ങി വരേണമേ. സമൃദ്ധ ജീവന്‍ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles