ആരാണ് ക്രിസ്തുവിന്റെ ഇടത്തുഭാഗത്തും വലതുഭാഗത്തും ഇരിക്കുക? (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

(നോമ്പുകാലം മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം)

നോമ്പുകാലം എന്നാല്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലും മരണത്തിലും മഹത്വപൂര്‍ണായ ഉത്ഥാനത്തിലും പങ്കാളികളാകാനുള്ള ഒരുക്കത്തിന്റെ ദിനങ്ങളാണ്. തന്റെ സഹനമരണങ്ങളെ കുറിച്ച് പല തവണ യേശു മുന്‍കൂട്ടി പ്രവചിക്കുന്നുണ്ട്. ഇന്നത്തെ വായനയില്‍ നാം വായിച്ച് ധ്യാനിക്കുന്നത് തന്റെ പീഢകളെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള യേശുവിന്റെ മൂന്നാമത്തെ പ്രവചനമാണ്. ശിഷ്യന്‍ സേവകനായിരിക്കേണ്ടതിന്റെ ആവശ്യതയെ കുറിച്ചും പറയുന്നു.

ബൈബിള്‍ വായന
(മത്തായി 20: 17 – 28)

“യേശു തന്റെ പന്ത്രണ്ടു പേരെ മാത്രം കൂട്ടിക്കൊണ്ട് ജരുസലേമിലേക്ക് യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ വച്ച് അരുളിച്ചെയ്തു: ഇതാ! നമ്മള്‍ ജറുസലേമിലേക്ക് പോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞര്‍ക്കും ഏല്‍പിക്കപ്പെടും. അവര്‍ അവനെ മരണത്തിന് വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. അപ്പോള്‍ സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരോടു കൂടെ വന്ന് അവന്റെ മുന്നില്‍ യാചനാപൂര്‍വം പ്രണമിച്ചു. അവന്‍ അവളോട് ചോദിച്ചു: നിനക്ക് എന്താണ് വേണ്ടത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്റെ വലതു ഭാഗത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിന് കല്പിക്കണമേ. യേശു മറുപടിനല്‍കി: നിങ്ങള്‍ ചോദിക്കുന്നത് എന്തൊണെന്ന് നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് കഴിയും. അവന്‍ അവരോട് പറഞ്ഞു: എന്റെ പാനപാത്രം നിങ്ങള്‍ തീര്‍ച്ചയായും കുടിക്കും. എന്നാല്‍ എന്റെ വലത്തു വശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം തരേണ്ടത് ഞാനല്ല. അത് എന്റെ പിതാവ് ആര്‍ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നോ അവര്‍ക്കുള്ളതാണ്. ഇതു കേട്ടപ്പോള്‍ ബാക്കി പത്തു പേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷം തോന്നി. എന്നാല്‍ യേശു അവരെ അടുത്തു വിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കശള്‍ അവരുടെ മേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും പ്രമാണികള്‍ അവരുടെ മേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനും ആയിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു തന്നെ.”

സുവിശേഷ വിചിന്തനം

ജെറുസലേമിലേക്ക് തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും കൊണ്ടു പോകും വഴിയാണ് യേശു തന്റെ സഹനമരണങ്ങളെ കുറിച്ച് പറയുന്നത്. ജറുസലേം ഒരു ഉയര്‍ന്ന മലയുടെ മുകളില്‍ പണിതുയര്‍ത്തപ്പെട്ട നഗരമാണ്. സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തിലാണ് ജറുസലേം. അബ്രാഹിനോട് സ്വന്തം മകനായ ഇസഹാക്കിനെ ബലി അര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടത് ഇവിടെ വച്ചാണ്. അതിന്റെ അര്‍ത്ഥം യേശു മല കയറിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് പറയുന്നത് എന്നാണ്. ജറുസലേമിലേക്ക് കയറുക എന്നതിന് ആത്മീയമായ ഒരു അര്‍ത്ഥവുമുണ്ട്. അത് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.

ആ യാത്രയില്‍ ശിഷ്യന്മാര്‍ ഭയചകിതരായിരുന്നു. പന്ത്രണ്ടു പേരെ മാത്രം മാറ്റി നിര്‍ത്തിയാണ് തനിക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ യേശു വെളിപ്പെടുത്തുന്നത്. ജറുസലേമിലേക്ക് പോകാന്‍ സത്യത്തില്‍ ശിഷ്യന്മാര്‍ക്ക് ഭയമായിരുന്നു. കാരണം, അവിടെ വച്ച് യേശുവിന് എന്തോ അപകടം വരുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍ തന്റെ ആത്മബലിക്കായി യേശു തീരുമാനിച്ചുറച്ചിരുന്നു.

സ്വയം മനുഷ്യപുത്രന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് യേശു തന്റെ സംഭാഷണം ആരംഭിക്കുന്നത്. മനുഷ്യപുത്രന്‍ എന്ന വാക്കിന് മനുഷ്യന്‍ എന്നാണ് അര്‍ത്ഥം (എസെക്കിയേല്‍ 2; 1) എന്നാല്‍ ദാനിയേലിന്റെ പുസ്തകത്തില്‍ ആ വാക്കിന് അര്‍ത്ഥം മാറുന്നു. സ്വര്‍ഗത്തിലെ മേഘങ്ങളില്‍ നിന്ന് എഴുന്നള്ളി വരുന്ന ദൈവിക സ്വഭാവമുള്ള മനുഷ്യപുത്രനെ കുറിച്ച് ദാനിയേലിന് ദര്‍ശനമുണ്ടാകുന്നു (ദാനിയേല്‍ 7: 13).

പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞര്‍ക്കും ഏല്‍പിക്കപ്പെടും എന്ന് യേശു പറയുന്നു. ജറുസലേമിലെ യഹൂദസമൂഹത്തിന്റെ നേതാക്കന്മാരായ 71 പേരടങ്ങുന്ന സെന്‍ഹെദ്രീനെ കുറിച്ചാണ് യേശു പറയുന്നത്. യഹൂദരുടെ സുപ്രീം കോടതിയായിരുന്നു സെന്‍ഹെദ്രിന്‍. എന്നാല്‍ അതിന്റെ മേല്‍ റോമാ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്നു.

തന്റെ ഇഹലോകജീവിതത്തിന്റെ അവസാനത്തില്‍ തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യേശുവിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. താന്‍ വിജാതീയര്‍ക്ക് ഏല്പിച്ചു കൊടുക്കപ്പെടുകയും ചാട്ടവാറിന് അടിക്കപ്പെടുകയും കരുശില്‍ തറയ്ക്കപ്പെടുകയും എന്നാല്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും എന്ന് യേശു പ്രവചിക്കുന്നു.

യേശുവിന്റെ ഉയിര്‍പ്പ് പരിശുദ്ധ ത്രിത്വത്തിന്റെ പ്രവര്‍ത്തിയാണ്. ബൈബിള്‍ പ്രകാരം യേശുവിന്റെ ഉത്ഥാനത്തില്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികള്‍ക്കു പങ്കുണ്ട്. ക്രിസ്തു പിതാവിന്റെ മഹത്വത്താല്‍ മരിച്ചവരില്‍ നിന്ന് ഉയര്‍പിക്കപ്പെട്ടു എന്ന് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ വി. പൗലോസ് പറയുന്നു. (6: 4). ദൈവാത്മാവാണ് യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്‍പിച്ചതെന്ന് റോമ 8: 11 ലും പത്രോസിന്റെ ഒന്നാം ലേഖനം 3: 18 ലും പറയുന്നു.

മൂന്നാം ദിവസം എന്ന് പറയുമ്പോള്‍ അതിന് കൃത്യം 72 മണിക്കൂര്‍ എന്നര്‍ത്ഥമില്ല. യേശുവിന്റെ കാലത്ത് ഒരു ദിവസത്തിന്റെ ഭാഗത്തെയും ദിവസമായി തന്നെ ഗണിച്ചിരുന്നു. യേശുവിന്റെ മരണം സംഭവിച്ചത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ്. 6 മണിക്ക് മുമ്പേ ശവസംസ്‌കാരം നടന്നു. അത് ഒരു ദിവസമാണ് കണക്കാക്കും. ശനിയാഴ്ച രണ്ടാം ദിവസം. ഞായറാഴ്ച സൂര്യോദയത്തിന് മുമ്പുള്ള സമയം മൂന്നാം ദിവസമായും കണക്കാക്കും.

അപ്പോഴാണ് സെബദീപുത്രന്മാരുടെ അമ്മ യേശുവിനെ സമീപിച്ച് തന്റെ രണ്ടു മക്കളെയും യേശുവിന്റെ ഇടത്തും വലത്തും ഇരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നത്. മര്‍ക്കോസിന്റെ സുവിശേഷത്തിലും നാം ഇത് കാണുന്നു. മക്കള്‍ പറഞ്ഞിട്ടാകണം അമ്മ മക്കള്‍ക്കു വേണ്ടി ഈ അര്‍ത്ഥന വയ്ക്കുന്നത്. ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായത്തില്‍ ഈ അമ്മ മറിയത്തിന്റെ സഹോദരിയായ സലോമിയാണ്. അവര്‍ യേശുവിന്റെ പക്കല്‍ ഒരു അമ്മായിയുടെ സ്വാതന്ത്ര്യം എടുക്കുകയാണ്.

എന്നാല്‍ യേശുവിന്റെ രാജ്യം എന്നതിന്റെ ശരിയായ അര്‍ത്ഥം മറ്റൊന്നാണ് എന്ന് ശിഷ്യന്മാര്‍ പിന്നീടാണ് മനസ്സിലാക്കുന്നത്. അവര്‍ കരുതിയിരുന്നത് രാജ്യം എന്നു പറയുന്നത് ദാവീദിന്റെ രാജ്യം പോലെ ഭൗമിക രാജ്യമാണ് എന്നാണ്. അവര്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മത്സരിക്കുകയാണ്. അപ്പസ്‌തോലന്മാരില്‍ പ്രമാണിമാരാകാന്‍ യാക്കോബും യോഹന്നാനും ആഗ്രഹിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം യേശു തന്റെ സഹനമരണങ്ങളെ കുറിച്ച് പറയുമ്പോഴും അപ്പോസ്തലന്മാര്‍ ലൗകികരാജ്യത്തെ കുറിച്ചാണ് ചി്ന്തിച്ചത് എന്നാണ്. ഇതായിരുന്നു പരിശുദ്ധാത്മാവ് വരുന്നതിന് മുമ്പ് അവരുടെ അവസ്ഥ.

നിങ്ങള്‍ ചോദിക്കുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം നിങ്ങള്‍ക്ക് കുടിക്കാന്‍ സാധിക്കുമോ എന്നാണ് യേശു ചോദിക്കുന്നത്. പാനപാത്രം ബൈബിള്‍ പശ്ചാത്തലത്തില്‍ ജീവന്റെ പ്രതീകമാണ്. എന്റെ പാനപാത്രം ദൈവം നിറയ്ക്കുന്നു (സങ്കീര്‍. 11: 6) . ദൈവം നല്‍കുന്ന അനുഗ്രഹത്തെ കുറിച്ച് 23 ാം സങ്കീര്‍ത്തനത്തില്‍ പറയുന്നു. ഫറവോയുടെ പാനപാത്രവാഹകനെ കുറിച്ച് പഴയനിയമത്തില്‍ പറയുന്നുണ്ട്.

യേശു ഉദ്ദേശിച്ചത്, താന്‍ കുടിക്കാന്‍ പോകുന്ന കയ്പുനീരിനെ കുറിച്ചാണ്. യഹൂദവിവാഹങ്ങളില്‍ വരനും വധുവും വീഞ്ഞു പങ്കിട്ടു പാനം ചെയ്തിരുന്നു. സുഖത്തിലും ദുഖത്തിലും ഒരുമിച്ച് പങ്കുചേരും എന്നതിന്റെ പ്രതീകമാണ് അത്. ആ അര്‍ത്ഥത്തിലാണ് യേശു ചോദിക്കുന്നത്, നിങ്ങള്‍ക്ക് എന്റെ സഹനങ്ങളില്‍ പങ്കുപറ്റാന്‍ സാധിക്കുമോ എന്ന്. അവര്‍ നിശ്ചയമായും അത് കുടിക്കും എന്ന്് യേശു പറയുമ്പോള്‍ അവിടുന്ന് ഒരു പ്രവചനം നടത്തുകയായിരുന്നു. അപ്പോസ്തലന്മാരില്‍ ആദ്യം കൊല്ലപ്പെട്ടത് യാക്കോബായിരുന്നു. 44 എഡിയില്‍ ഹെറോദ് ്അഗ്രിപ്പയുടെ കാലത്ത് യാക്കോബ് വാളിനിരയായി മരിച്ചു. യാക്കോബിന്റെ ഇളയ സഹോദരനായ യോഹന്നാന്‍ ആകട്ടെ ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തിളച്ച എണ്ണയില്‍ എറിയപ്പെട്ടു. എന്നാല്‍ ദൈവിക ഇടപെടലാല്‍ അദ്ദേഹത്തിന് ക്ഷതമേറ്റില്ല. അതിനു ശേഷം അദ്ദേഹം പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു.

യേശു പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കാതിരുന്ന മറ്റ് ശി്ഷ്യന്മാര്‍ക്ക് ആ രണ്ടു സഹോദരന്മാരോട് അസൂയ തോന്നി എന്ന് ബൈബിള്‍ പറയുന്നു. അപ്പോസ്തലന്മാര്‍ ആദ്യമൊക്കെ എല്ലാ കാര്യങ്ങളും ലൗകികമായ അര്‍ത്ഥത്തിലാണ് കണ്ടിരുന്നത്. അവര്‍ തങ്ങളെക്കാള്‍ കേമന്മാരായി തീരുമോ എന്ന് അവര്‍ ആകുലപ്പെട്ടു. ഈ സന്ദര്‍ഭം എന്താണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ അര്‍ത്ഥം എന്ന് ശിഷ്യന്മാരെ പഠിപ്പിച്ചു കൊടുക്കാന്‍ യേശു ഉപയോഗിക്കുന്നു. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ സേവകനും ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അടിമയും ആകണം എന്ന പുതിയ പാഠമാണ് യേശു നല്‍കിയത്.

സന്ദേശം

യഹൂദമതത്തിന്റെ കേന്ദ്രമായ ജറൂസലേമിലേക്കാണ് യേശു പോയത്. ആ സ്ഥലം പില്‍ക്കാലത്ത് ദൈവമക്കളുടെ കേന്ദ്രമായി മാറി. നമ്മുടെ ആത്മീയ യാത്ര നമ്മുടെ ഇടവക പള്ളി വഴി ദൈവത്തിലേക്കാണ്. ഈ യാത്ര അര്‍ത്ഥവത്താക്കാന്‍ ഈ നോമ്പുകാലം നമ്മെ അനുസ്മരിപ്പിക്കുന്നു.

താന്‍ നേരിടാനിരിക്കുന്ന സഹനങ്ങളെ കുറിച്ച് യേശുവിന് നേരത്തെ തന്നെ നല്ല ധാരണ ഉണ്ടായിരുന്നു. അതോടൊപ്പം ഉയിര്‍പ്പിനെ കുറിച്ചും അവിടുത്തേക്ക് ഉറപ്പായിരുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹതാശരാകാതെ മുന്നോട്ടു പോകാന്‍ ഓരോ മിഷണറിക്കും ക്രൈസ്തവനും പ്രാര്‍ത്ഥന ആവശ്യമുണ്ട്.

സലോമി ചെയ്തു പോലെ ആവശ്യങ്ങള്‍ ചോദിക്കുന്നത് മാത്രമല്ല പ്രാര്‍ത്ഥന. ദൈവാരാധനയും ദൈവരാജ്യത്തിനു വേണ്ടിയുള്ള ആത്മാര്‍പ്പണവും പ്രാര്‍ത്ഥനയാണ്.

ഓരോ വിശുദ്ധ കുര്‍ബാനയിലും നാം യേശുവിന്റെ പാനപാത്രത്തില്‍ പങ്കാളികളാവുകയാണ്. അവിടുത്തോടൊപ്പം അവിടുത്തെ സഹനത്തിലും ആനന്ദത്തിലും ദൈവരാജ്യത്തിനു വേണ്ടി പങ്കു പറ്റണം നമ്മള്‍.

ക്രിസ്തീയ നേതൃത്വം സേവനമാണ്. ക്രൈസ്തവരായ നാം ഓരോരുത്തരും ദൈവത്തിന്റെയും ദൈവജനത്തിന്റെയും ദാസന്മാരും ശുശ്രൂഷകരും ആയി കരുതണം.

പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ,

അവിടുത്തെ ഇടത്തും വലത്തും ഇരിക്കാനുള്ള അവകാശം തന്റെ പുത്രന്മാര്‍ക്ക് ഉണ്ടാകുന്നതിന് വേണ്ടി സെബദീപുത്രന്മാരുടെ അമ്മ അങ്ങയെ സമീപിച്ചപ്പോള്‍ അങ്ങ് അവളെ യഥാര്‍ത്ഥ മഹത്വത്തെ കുറിച്ച് ബോധ്യമാക്കിയല്ലോ. ഞങ്ങളും പലപ്പോഴും ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി അങ്ങയെ സമീപിക്കുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥ മഹത്വം പ്രാപിക്കണമെങ്കില്‍ അങ്ങയുടെ പാനപാത്രം ഞങ്ങളും കുടിക്കണം എന്ന് അങ്ങ് വ്യക്തമാക്കുന്നു. അങ്ങയുടെ കുരിശിന്റെ മാര്‍ഗത്തിലൂടെ ഉത്ഥാനത്തിന്റെ മഹത്വം പ്രാപിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles